Saturday, September 13, 2008

റമ്പാച്ചന്‍ : മറക്കാനാവാത്തവര്‍-6


എണ്‍പതുകളുടെ അവസാനം, ഞാന്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു.
പല ഷാപ്പു സമരങ്ങളിലും സന്ദര്‍ശകയായി. അന്നൊക്കെ സമരം നയിച്ചിരുന്നത് അധികവും സ്ത്രീകളായിരുന്നു. പാമ്പാടിയിലെ പി.സി.യോഹന്നാന്‍ റമ്പാനെ ഞാനാദ്യമായിക്കാണുന്നത് , അത്തരം ഒരു സമരപ്പന്തലിലാണ്.
കറുത്ത ളോഹയും, കറുത്ത തലമുണ്ടുമിട്ട ആ താടിക്കാരന്‍ പാതിരിയോട് എനിക്ക് വലിയ ബഹുമാനം തോന്നി. സമരപ്പന്തലില്‍ മുദ്രാവാക്യം വിളിക്കുന്ന അമ്മമാരേയും കുഞ്ഞുങ്ങളേയും ആശ്വസിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.പിന്നീട് 93-ല്‍ ഞാനുള്‍പ്പെടെ ഏറ്റെടുത്ത ഒരു സമരത്തില്‍ നിത്യ സന്ദര്‍ശ്കകനായി റമ്പാച്ചന്‍. പരിചയപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം.
ഹൃദ്യമായ പെരുമാറ്റം. സമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ആദ്ധ്യാത്മികാ‍ചാര്യനുമൊക്കെയായിരുന്ന റമ്പാച്ചന്‍ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു.
കോട്ടയം പട്ടണത്തില്‍ നിന്നും കെ.കെ.റോഡിലൂടെ പതിനാറ് കിലോമിറ്റര്‍ യാത്ര ചെയ്താല്‍ പാമ്പാടിയിലെത്താം. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ ആലാമ്പള്ളി. വലത്തോട്ട്, കറുകച്ചാല്‍ റൂട്ടില്‍ കുറച്ചുപോയി വീണ്ടും വലത്തോട്ട് മൂന്നു കിലൊമീറ്റര്‍ പിന്നിട്ടാല്‍ മനോഹരമായ ഒരു കുന്നു കാണാം. പൊത്തന്‍പുറം കുന്ന്.പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലെ വിശുദ്ധനായ പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ,പ്രകൃതി രമണീയമായ പ്രദേശം. തന്റെ പതിനാലാമത്തെ വയസ്സില്‍ പാമ്പാടിത്തിരുമേനിയുടെ മുഖ്യ ശിഷ്യനാവാന്‍ യോഗം ലഭിച്ച വ്യക്തിയാണ് റമ്പാച്ചന്‍. പാമ്പാടിത്തിരുമേനി അവസാനമായി വൈദിക പട്ടം നല്‍കിയതും റമ്പാച്ചനാണത്രേ. പതിറ്റാണ്ടുകളോളം ഗുരുവിന്റെ വാത്സല്യമേറ്റു വാങ്ങിയ റമ്പാച്ചന്‍ അവസാനകാലത്ത് തിരുമേനിയെ രാവും പകലും പരിചരിച്ചു. പമ്പാടിത്തിരുമേനിയുടെ അന്ത്യം വരെ ആ പരിചരണം തുടര്‍ന്നു.
ഗുരുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയാണ് യോഹന്നാന്‍ എന്ന വൈദികന്‍ പിന്നെ ജീവിച്ചത്. പമ്പാടിത്തിരുമേനിയുടെ മരണത്തിന്റെ മുപ്പതാം നാള്‍ അഭയഭവന്‍ എന്ന അനാഥാലയം രൂപംകൊണ്ടു. ഇന്നവിടെ 65 അന്തേവാസികളുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ച്, ദാനമായി ലഭിക്കുന്ന നെല്ല് തലച്ചുമടേ കൊണ്ടുവന്നാണ് ഈ വൈദികന്‍ അന്നൊക്കെ അന്തേവാസികളെ പോറ്റിയത്. കുട്ടികള്‍ക്കു വേണ്ടി ആശാഭവന്‍ പിന്നീട് രൂപംകൊണ്ടു.
ഐ.ടി.സി, പാമ്പാടി കെ.ജി.കോളജ്, ബി.എം.എം.സ്കൂള്‍ എന്നിവയും റമ്പാച്ചന്‍ തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളാണ്. ഏറ്റവും ഒടുവില്‍, എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ആശാകിരണ്‍.
കേരളത്തിലെ അനാഥാലയങ്ങളുടെ ഏകോപനസമിതിയായ ഓള്‍ കേരളാ ഓര്‍ഫനേജ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് റമ്പാച്ചനാണ്. ഇതൊന്നും അദ്ദേഹം ഭൂഷണമാക്കുന്നില്ല, എന്നു മാത്രമല്ല, അവകാശ സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കും താനും.
ആദ്ധ്യാത്മിക സ്ഥാനമാനങ്ങള്‍ക്കു പോലും വടംവലി നടക്കുന്ന ഈ മണ്ണില്‍ , മെത്രാന്‍ പദവിയോ മറ്റ് ആദ്ധ്യാത്മിക സ്ഥാനമാനങ്ങളോ സ്വപ്നത്തില്‍ പോലും ഇദ്ദേഹം ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. നേരം വെളുത്താലുടനേ, പൊത്തന്‍ പുറത്തെ സ്ഥാപനങ്ങളിലെ അന്തേവാസികളെ ആശ്വസിപ്പിക്കുക, അവര്‍ക്ക് പ്രതീക്ഷ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതനാണ് റമ്പാച്ചന്‍.
സഹായം തേടി വരുന്നവരെ ഒരിക്കല്‍ പോലും വെറുംകയ്യോടെ മടക്കാത്ത ദാനശീലനായിരുന്നു റമ്പാച്ചന്‍. ഒരു പൊതുവേദിയില്‍, ഒരു വിധവയുടെ ദയനീയസ്ഥിതിയെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചതിന്റെ പിറ്റേന്ന്, എന്നെക്കൂടി കൂട്ടി, ആ വിധവയ്ക്ക് സഹായം എത്തിക്കാന്‍ റമ്പാച്ചന്‍ തുനിഞ്ഞപ്പോള്‍ വിധവയോടൊപ്പം എന്റെ മനസ്സും കൃതാര്‍ത്ഥമായി. ഇങ്ങനെ എത്രയെത്ര പാവങ്ങളെ സഹായിക്കന്‍ അദ്ദേഹത്തിനു കഴിഞ്ഞു! ഉള്ളവനോടു വാങ്ങി, കിട്ടിയതിനു രസീതും, കൊടുത്തതിനു കണക്കും വച്ച്,
നൂറ് ശതമാനം സത്യസന്ധത തെളിയിച്ച് നീങ്ങിയ മഹാന്‍. അഭിനവ സന്യാസി സമൂഹത്തിലെ വേറിട്ട വ്യക്തിത്വം, അതായിരുന്നു റമ്പാച്ചന്‍.
സന്യാസിമാരും വൈദികരും സുഖലോലുപരെന്നു പറയുന്നതിന്നപവാദമായിരുന്നു, യോഹന്നാന്‍ റമ്പാന്‍. ദയറാപ്പള്ളിയോടനുബന്ധിച്ചുള്ള കൊച്ചു വീട്ടിലെ ഏറ്റവും ചെറിയ മുറികളിലൊന്നില്‍ ഏറ്റം ദരിദ്രനായാണ് റമ്പാച്ചന്‍ ജീവിച്ചത്. പള്ളി, പൊതുജന സേവനം, സഭാപ്രവര്‍ത്തനം, വിദ്യാലയ നടത്തിപ്പ്, രോഗീ സന്ദര്‍ശനം തുടങ്ങിയ ജോലികളില്‍ കര്‍മ്മനിരതനായിരുന്ന ആ വൈദികന്‍ രാവേറെച്ചെല്ലും വരെ ഉറക്കമിളച്ചും വെളുപ്പിനെ നാലിനെഴുന്നേറ്റും പുതിയ വൈദിക തലമുറക്കു മാതൃകയായി. തിരുവോണനാളിലും ആ പതിവ് ആവര്‍ത്തിച്ചു. അവിട്ടത്തിലെ പ്രഭാതം അദ്ദേഹത്തെ ഉണര്‍ത്താന്‍ അനുവദിച്ചില്ലെന്നു മാത്രം.
എല്ലാറ്റിന്റെയും വിപണനം പോലെ ഭക്തിയെയും വിപണിയിലെത്തിക്കാന്‍ മടിയില്ലാത്ത ഈ കൊച്ചു കേരളത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ റമ്പാച്ചനെ നമ്മുടെ ആളുകള്‍ വേണ്ടവിധത്തില്‍ അറിയാതെ പോയതും അദ്ദേഹത്തിന്റെ നന്മകൊണ്ട് തന്നെ.

Monday, September 8, 2008

അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5




ഡോ. കമലാസനന്‍ പിള്ളയെ ഞാന്‍ പരിചയപ്പെട്ടത്, രണ്ട് മാസം മുമ്പ് വയനാട്ടില്‍ നടന്ന ഒരു ജൈവകൃഷി ക്യാമ്പില്‍ വച്ചാണ്. ‘അസോള-ജൈവകൃഷിക്കൊരു മാതൃക’ എന്ന വിഷയം കൈകാര്യം ചെയ്യാനെത്തിയതാണദ്ദേഹം. വിരസമായേക്കാവുന്ന ഒരു വിഷയം. ഇരുന്നൂറ് പ്രതിനിധികളെ വിസ്മയിപ്പിച്ചുകൊണ്ട് ഡോ. കമലാസനന്‍ പിള്ള താരമായി. അദ്ദേഹത്തിന് വിഷയത്തോടുള്ള താല്പര്യം പലരിലും അസൂയയുളവാക്കുവാനുതകും വിധമായിരുന്നു.. ഈ ഭൂമി മലയാളത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാന്‍ അത്ഭുതപ്പെട്ടു.
രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുര്യോഗങ്ങളെക്കുറിച്ചു സൂചിപ്പിച്ച ശേഷം ‘അസോള’യെക്കുറിച്ചായി സംസാരം. അസോള പശുവിനു തീറ്റിയായിക്കൊടുക്കുന്ന ഒരുതരം പായലാണെന്നായിരുന്നു എന്റെ വിചാരം. അത് വെള്ളത്തിലല്ലേ കാണുന്നത്. ബിരുദത്തിന് സസ്യശാസ്ത്രം എടുത്തെന്നു പറഞ്ഞിട്ടെന്താ? അസോളയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലല്ലോ . എന്റെ ചിന്ത കാടു കയറാന്‍ തുടങ്ങുമ്പോള്‍ ഡോ. കമലാസനന്‍ പിള്ള കൂടുതല്‍ വാചാലനായി.
അസോള കാഴ്ചക്കു പായല്‍ പോലിരിക്കുമെങ്കിലും ഇതൊരുതരം പന്നല്‍ച്ചെടി(Fern) ആണ്. ഈ വാക്ക്
ഗ്രീക്ക് ഭാഷയിലെ അസോ(Aso), ഒളിയ (Ollya) എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രേ ഉണ്ടായത്. അര്‍ഥം യഥാക്രമം ഉണക്കുക, നശിക്കുക. അസോള എന്നാല്‍ ഉണങ്ങുമ്പോള്‍ നശിച്ചു പോകുന്നതെന്നര്‍ത്ഥം. 1783ല്‍ ജെ. ബി ലാമാര്‍ക്ക് ഈ ചെടിക്ക് അസോള എന്നു പേരിട്ടു. ഒരു ജൈവ വളമെന്ന നിലയില്‍ അസോളച്ചെടി വളര്‍ത്താന്‍ തുടങ്ങിയത് വിയറ്റ്നാംകാരാണ്.1957ല്‍ ലവാന്‍ എന്ന ഗ്രാമത്തില്‍. ഡോ.കമലാസനന്‍പിള്ള അസോളയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയീരിക്കുന്നു. അസോളയുടെ നിറം, അസോളയുടെ മണം, അതിന്റെ ഗുണഗണങ്ങള്‍, എല്ലാമെല്ലാം.
ആടുമാടുകള്‍ക്കു മാത്രമല്ല കോഴിക്കും താറാവിനുമൊക്കെ ഇതു അത്യുത്തമമായ തീറ്റിയാണത്രേ. അസോള കൊടുത്താല്‍ പാലും മുട്ടയുമൊക്കെ കാണക്കാണെ വര്‍ദ്ധിക്കുമത്രെ. അസോളയുടെ രുചി പശുക്കള്‍ക്ക് ഏറെ പ്രിയമാണ്. ‘ശ്ശോ, ഒരു പശുവായി ജനിച്ചില്ലല്ലോ.’ എന്നു നിരാശപ്പെടുത്തുന്ന പോലെ , കൊതിപ്പിക്കുന്ന വിവരണം. പക്ഷേ, അങ്ങനെ ആരെങ്കിലും ചിന്തിച്ചെങ്കില്‍ അവര്‍ക്കെല്ലാം പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട്, അദ്ദേഹം പിന്നീടെപ്പോഴോ പറഞ്ഞു. ‘ അസോള നന്നായി കഴുകിയാല്‍ നമുക്കും തിന്നാം, പച്ചക്കും, വേവിച്ചും ഒക്കെയാവാം. എനിക്കതങ്ങ് ‘ക്ഷ’പിടിച്ചു.

ജൈവ കൃഷിക്കാര്‍ക്ക് പ്രതീക്ഷയായ ഒരു സസ്യം നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തതില്‍
ഡോ. കമലാസനന്‍ പിള്ളയ്ക്കുള്ള പങ്ക് നിസ്തുലമാണ്. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനും ബയോഗാസ് ഉല്പാദനത്തിനും എന്നു വേണ്ട, എല്ലാറ്റിനും അസോളയ്ക്ക് തനതായ പങ്കുണ്ടത്രേ. അസോളക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം നല്‍കിയതും പിള്ളതന്നെ.

കമലാസനന്‍ പിള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അസോളയുമായുള്ള ചങ്ങാത്തം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. ‍ ജലാശയങ്ങളില്‍ പണ്ട് ധാരാളമായി കണ്ടിരുന്ന അസോള കാലഹരണപ്പെട്ടു പോവാതിരിക്കനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അസോള എവിടെക്കണ്ടാലും ശേഖരിച്ച്, വളര്‍ത്താനും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.


സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണങ്ങളുമൊക്കെ
നടത്തിയെങ്കിലും ഇടയ്ക്ക്, ജീവിതത്തിന്റെ രണ്ടട്ടവും കൂട്ടിമുട്ടിക്കാന്‍ മദ്രാസ് ഫെര്‍ട്ടലൈസേര്‍സിലെ ജോലി ,പി.എച്ച്.ഡി.യ്ക്കു ശേഷം കേരളാ യൂണിവേഴ്സിറ്റിയിലെ ഫാം ഇന്‍ ചാര്‍ജ്- ഉദ്യോഗം എല്ലാം പരീക്ഷിച്ചു. എന്നാലും, കമലാസനന്‍ പിള്ളയുടെ ചിന്ത എന്നും അസോളയെക്കുറിച്ചായിരുന്നു.
വീട്ടില്‍ പണ്ട് പിതാവ് വളര്‍ത്തിയിരുന്ന പശുവിന് അസോള, തീറ്റിയായി നല്‍കിയതും പാലിന്റെ അളവ്
കാലവിളംബമെന്യേ വര്‍ദ്ധിച്ചതുമൊക്കെ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ ഡോ.പിള്ള പറഞ്ഞു.
ഇന്ന് ജൈവ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും അസോള അന്യമല്ല. ഈ പരിചയപ്പെടുത്തലിനും പിള്ള സ്പര്‍ശമുണ്ട്. നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും മലയാളികള്‍ക്ക് അസോള പരിചയപ്പെടുത്താന്‍ ഡോ.പിള്ള നന്നായി പരിശ്രമിച്ചു.

അസോളയുടെ സന്തത സഹചാരിയായ ഡോ. പിള്ള , കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നാര്‍ഡപ്പ് (NARDEP) ടെക്നോളജി റിസോര്‍സ് സെന്ററിലാണ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഗവേഷണത്തിലൂടെ അസോള ഒരു കാലിത്തീറ്റയെന്ന നിലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.
പിറ്റേന്നു കാലത്ത് അസോള വളര്‍ത്തുന്ന വിധം അദ്ദേഹം ക്യാമ്പംഗങ്ങളെ കാട്ടിക്കൊടുത്തു. കുഴി കുത്തി, അതിനു മുകളില്‍ സില്പാളിന്‍ ഷീറ്റ് വിരിച്ച് അതില്‍ അസോളക്കൃഷിക്കു വേണ്ട ബെഡ്ഡ് തയ്യാറാക്കാനും അതില്‍ അസോളയിടാനും അതാ ഡോ പിള്ള തന്നെ മുന്നില്‍. ഒടുവില്‍, ‘ഇനി ഏഴു ദിവസം കഴിഞ്ഞാല്‍ ഇതില്‍ നിന്നും അസോള വാരിയെടുക്കാം’ എന്നു പറഞ്ഞ് മണ്ണും ചാണകവും പുരണ്ട കൈകള്‍ കഴുകുമ്പോള്‍ ഡോ. പിള്ളയുടെ മുഖത്ത് സംതൃപ്തി. ആ ചിരി കണ്ടു നിന്നവരിലേക്കും പകര്‍ന്നു.
ചെയ്യുന്ന ജോലിയോടും, പറയുന്ന കാര്യങ്ങളോടും ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള ഒരാള്‍.. എനിക്കു മാത്രമല്ല ആക്യാമ്പിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും കമലാസനന്‍ പിള്ളയെക്കുറിച്ച് അങ്ങനെ തന്നെ
തോന്നി.
ഇന്റെര്‍നെറ്റില്‍ ഡോ.കമലാസനന്‍പിള്ളയുടെ പ്രബന്ധങ്ങള്‍ കണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാനുള്ള മനസികാവസ്ഥയിലല്ലത്രേ അദ്ദേഹം. കന്യാകുമാരിയിലെ കര്‍ഷകര്‍, കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജൈവ കര്‍ഷകരും ക്ഷീര കര്‍ഷകരും അസോളയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടട്ടെ. കമലാസനന്‍ പിള്ള ആശിക്കുന്നു.
ക്ഷീര വികസന വകുപ്പും നാര്‍ഡപ്പും സഹകരിച്ചുള്ള ഒരു പദ്ധതി ഇപ്പോള്‍ കേരളമൊട്ടാകെ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്‍പതിനായിരത്തോളം അസോള കര്‍ഷകരുണ്ടത്രേ. പിള്ളയ്ക്കു വരുന്ന കത്തുകളും, ഇ-മെയിലുലളും ഫോണുമൊക്കെ നാനാതുറയിലുമുള്ള കര്‍ഷകരുടേതും ഗവേഷണ വിദ്യാര്‍ത്ഥികളുടേതുമാണ്.സസ്യശാസ്ത്രത്തില്‍ ഗ്ഗവേഷണം നടത്തുന്നവര്‍ക്ക് ഒരത്താണിയാണിദ്ദേഹം. കുട്ടികള്‍ ഈ അദ്ധ്യാപകനെ അസോള സാറെന്നു വിളിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം ഈ അപര നാമമാണെന്ന് പിള്ള പറയുന്നു.അസോളയുടെ കാര്യം പറയുമ്പോള്‍ പിള്ള പൂര്‍വാധികം വിനീതനാവുന്നു.
“അസോളയില്ലായിരുന്നെങ്കില്‍, ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല, അസോളയാണെനിക്കെല്ലാം”
ഭാര്യ വസന്തകുമാരി,വിദ്യാര്‍ത്ഥികളായ മക്കള്‍ ശിവകുമാര്‍,ലക്ഷ്മി,എന്നിവര്‍ക്കൊപ്പം അസോളയെയും മനസ്സില്‍ തൊട്ട് സ്നേഹിക്കാന്‍ കമലാസനന്‍ പിള്ളയ്ക്കു കഴിയുന്നു. താനെഴുതിയ പുസ്തകത്തിന് പിള്ള പേരു കൊടുത്തിരിക്കുന്നത് ‘അസോള- അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച’ എന്നാണ്. ഇങ്ങനെയൊരു വ്യത്യസ്തനായ പിള്ളയെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യണം. അല്ലെങ്കിലും, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും ഈ തിരിച്ചറിവ് ഉണ്ടാവുക തന്നെ ചെയ്യും. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന, ഡോ.കമലാസനന്‍ പിള്ള അതിനര്‍ഹനാണ്.