
എണ്‍പതുകളുടെ അവസാനം, ഞാന്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു.
പല ഷാപ്പു സമരങ്ങളിലും സന്ദര്‍ശകയായി. അന്നൊക്കെ സമരം നയിച്ചിരുന്നത് അധികവും സ്ത്രീകളായിരുന്നു. പാമ്പാടിയിലെ പി.സി.യോഹന്നാന് റമ്പാനെ ഞാനാദ്യമായിക്കാണുന്നത് , അത്തരം ഒരു സമരപ്പന്തലിലാണ്.
കറുത്ത ളോഹയും, കറുത്ത തലമുണ്ടുമിട്ട ആ താടിക്കാരന് പാതിരിയോട് എനിക്ക് വലിയ ബഹുമാനം തോന്നി. സമരപ്പന്തലില്‍ മുദ്രാവാക്യം വിളിക്കുന്ന അമ്മമാരേയും കുഞ്ഞുങ്ങളേയും ആശ്വസിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.പിന്നീട് 93-ല്‍ ഞാനുള്‍പ്പെടെ ഏറ്റെടുത്ത ഒരു സമരത്തില്‍ നിത്യ സന്ദര്‍ശ്കകനായി റമ്പാച്ചന്. പരിചയപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം.
ഹൃദ്യമായ പെരുമാറ്റം. സമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ആദ്ധ്യാത്മികാചാര്യനുമൊക്കെയായിരുന്ന റമ്പാച്ചന് ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു.
കോട്ടയം പട്ടണത്തില്‍ നിന്നും കെ.കെ.റോഡിലൂടെ പതിനാറ് കിലോമിറ്റര്‍ യാത്ര ചെയ്താല്‍ പാമ്പാടിയിലെത്താം. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ ആലാമ്പള്ളി. വലത്തോട്ട്, കറുകച്ചാല്‍ റൂട്ടില്‍ കുറച്ചുപോയി വീണ്ടും വലത്തോട്ട് മൂന്നു കിലൊമീറ്റര് പിന്നിട്ടാല്‍ മനോഹരമായ ഒരു കുന്നു കാണാം. പൊത്തന്‍പുറം കുന്ന്.പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലെ വിശുദ്ധനായ പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ,പ്രകൃതി രമണീയമായ പ്രദേശം. തന്റെ പതിനാലാമത്തെ വയസ്സില്‍ പാമ്പാടിത്തിരുമേനിയുടെ മുഖ്യ ശിഷ്യനാവാന്‍ യോഗം ലഭിച്ച വ്യക്തിയാണ് റമ്പാച്ചന്. പാമ്പാടിത്തിരുമേനി അവസാനമായി വൈദിക പട്ടം നല്കിയതും റമ്പാച്ചനാണത്രേ. പതിറ്റാണ്ടുകളോളം ഗുരുവിന്റെ വാത്സല്യമേറ്റു വാങ്ങിയ റമ്പാച്ചന് അവസാനകാലത്ത് തിരുമേനിയെ രാവും പകലും പരിചരിച്ചു. പമ്പാടിത്തിരുമേനിയുടെ അന്ത്യം വരെ ആ പരിചരണം തുടര്‍ന്നു.
ഗുരുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയാണ് യോഹന്നാന് എന്ന വൈദികന് പിന്നെ ജീവിച്ചത്. പമ്പാടിത്തിരുമേനിയുടെ മരണത്തിന്റെ മുപ്പതാം നാള് അഭയഭവന് എന്ന അനാഥാലയം രൂപംകൊണ്ടു. ഇന്നവിടെ 65 അന്തേവാസികളുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ച്, ദാനമായി ലഭിക്കുന്ന നെല്ല് തലച്ചുമടേ കൊണ്ടുവന്നാണ് ഈ വൈദികന് അന്നൊക്കെ അന്തേവാസികളെ പോറ്റിയത്. കുട്ടികള്‍ക്കു വേണ്ടി ആശാഭവന് പിന്നീട് രൂപംകൊണ്ടു.
ഐ.ടി.സി, പാമ്പാടി കെ.ജി.കോളജ്, ബി.എം.എം.സ്കൂള്‍ എന്നിവയും റമ്പാച്ചന് തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളാണ്. ഏറ്റവും ഒടുവില്‍, എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ആശാകിരണ്‍.
കേരളത്തിലെ അനാഥാലയങ്ങളുടെ ഏകോപനസമിതിയായ ഓള് കേരളാ ഓര്‍ഫനേജ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് റമ്പാച്ചനാണ്. ഇതൊന്നും അദ്ദേഹം ഭൂഷണമാക്കുന്നില്ല, എന്നു മാത്രമല്ല, അവകാശ സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കും താനും.
ആദ്ധ്യാത്മിക സ്ഥാനമാനങ്ങള്‍ക്കു പോലും വടംവലി നടക്കുന്ന ഈ മണ്ണില്‍ , മെത്രാന് പദവിയോ മറ്റ് ആദ്ധ്യാത്മിക സ്ഥാനമാനങ്ങളോ സ്വപ്നത്തില്‍ പോലും ഇദ്ദേഹം ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. നേരം വെളുത്താലുടനേ, പൊത്തന്‍ പുറത്തെ സ്ഥാപനങ്ങളിലെ അന്തേവാസികളെ ആശ്വസിപ്പിക്കുക, അവര്‍ക്ക് പ്രതീക്ഷ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതനാണ് റമ്പാച്ചന്.
സഹായം തേടി വരുന്നവരെ ഒരിക്കല്‍ പോലും വെറുംകയ്യോടെ മടക്കാത്ത ദാനശീലനായിരുന്നു റമ്പാച്ചന്. ഒരു പൊതുവേദിയില്‍, ഒരു വിധവയുടെ ദയനീയസ്ഥിതിയെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചതിന്റെ പിറ്റേന്ന്, എന്നെക്കൂടി കൂട്ടി, ആ വിധവയ്ക്ക് സഹായം എത്തിക്കാന്‍ റമ്പാച്ചന് തുനിഞ്ഞപ്പോള്‍ വിധവയോടൊപ്പം എന്റെ മനസ്സും കൃതാര്‍ത്ഥമായി. ഇങ്ങനെ എത്രയെത്ര പാവങ്ങളെ സഹായിക്കന് അദ്ദേഹത്തിനു കഴിഞ്ഞു! ഉള്ളവനോടു വാങ്ങി, കിട്ടിയതിനു രസീതും, കൊടുത്തതിനു കണക്കും വച്ച്,
നൂറ് ശതമാനം സത്യസന്ധത തെളിയിച്ച് നീങ്ങിയ മഹാന്. അഭിനവ സന്യാസി സമൂഹത്തിലെ വേറിട്ട വ്യക്തിത്വം, അതായിരുന്നു റമ്പാച്ചന്.
സന്യാസിമാരും വൈദികരും സുഖലോലുപരെന്നു പറയുന്നതിന്നപവാദമായിരുന്നു, യോഹന്നാന് റമ്പാന്. ദയറാപ്പള്ളിയോടനുബന്ധിച്ചുള്ള കൊച്ചു വീട്ടിലെ ഏറ്റവും ചെറിയ മുറികളിലൊന്നില്‍ ഏറ്റം ദരിദ്രനായാണ് റമ്പാച്ചന് ജീവിച്ചത്. പള്ളി, പൊതുജന സേവനം, സഭാപ്രവര്‍ത്തനം, വിദ്യാലയ നടത്തിപ്പ്, രോഗീ സന്ദര്‍ശനം തുടങ്ങിയ ജോലികളില്‍ കര്‍മ്മനിരതനായിരുന്ന ആ വൈദികന് രാവേറെച്ചെല്ലും വരെ ഉറക്കമിളച്ചും വെളുപ്പിനെ നാലിനെഴുന്നേറ്റും പുതിയ വൈദിക തലമുറക്കു മാതൃകയായി. തിരുവോണനാളിലും ആ പതിവ് ആവര്‍ത്തിച്ചു. അവിട്ടത്തിലെ പ്രഭാതം അദ്ദേഹത്തെ ഉണര്‍ത്താന്‍ അനുവദിച്ചില്ലെന്നു മാത്രം.
എല്ലാറ്റിന്റെയും വിപണനം പോലെ ഭക്തിയെയും വിപണിയിലെത്തിക്കാന്‍ മടിയില്ലാത്ത ഈ കൊച്ചു കേരളത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ റമ്പാച്ചനെ നമ്മുടെ ആളുകള്‍ വേണ്ടവിധത്തില്‍ അറിയാതെ പോയതും അദ്ദേഹത്തിന്റെ നന്മകൊണ്ട് തന്നെ.