Tuesday, August 21, 2012

മാഷച്ഛൻ - പിതൃ സ്നേഹത്തിന് ഇങ്ങനെയും ഒരു മാനം.

1992ലായിരുന്നു ഞങ്ങളുടെ വിവാഹം. സുഭാഷ് ചേട്ടന്റെ നാട്ടിലെ ഒട്ടനവധി പേരെ വിവാഹ നാൾ തന്നെ വൈകുന്നേരം നടന്ന ചായ സൽക്കാര വേളയിൽ പരിചയപ്പെടാനിടയായി. എന്നാൽ ഞാന്‍ വളരെ വൈകിയാണ് ഹേമപ്രഭ ടീച്ചറെ പരിചയപ്പെട്ടത്.  ഒരു വിവാഹ സൽക്കാര വേളയിൽ മുനമ്പത്ത്  വച്ച്. ആയിടക്കായിരുന്നു അവരുടെ ഏക മകന്‍  മനോജിന്റെ (ഞങ്ങളുടെയൊക്കെ അമ്പാടി, ബ്ലോഗർമാരുടെ നിരക്ഷരൻ) വിവാഹം കഴിഞ്ഞത്. മരുമകൾ ഗീതയെക്കുറിച്ച് ആ അമ്മ വാചാലയായി. മകന്റെ വിവാഹ ഫോട്ടോയില്‍ ഒരെണ്ണം എന്നെ കാട്ടിത്തന്നു.  മുഖശ്രീയുള്ള പെൺകുട്ടി. ഞാൻ അതെക്കുറിച്ചു പറഞ്ഞപ്പോൾ ഐശ്വര്യം തുളുമ്പുന്ന ഹേമപ്രഭാടീച്ചറിന്റെ മുഖം സന്തോഷംകൊണ്ടു വിടർന്നു. ഇത്തിരി നേരം കൊണ്ടു ഒത്തിരി വർത്തമാനം പറഞ്ഞു അവർ. മുനമ്പത്തെ വീട്ടിലേയ്ക്ക് മോളു വരണം എന്നും പറഞ്ഞു.

അക്കാലത്ത് കോട്ടയത്ത് പത്ര പ്രവർത്തകയായി ജോലി നോക്കിയിരുന്നതിനാൽ എനിക്ക് ചെറായിയിൽ വന്നു നിൽക്കാൻ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് മുനമ്പത്തും പോകാനായില്ല. എങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലെ പല ചടങ്ങുകളിലും പിന്നെയും ഞങ്ങൾ കണ്ടുമുട്ടി. റിട്ടയേർഡ് എ.ഇ.ഒ രവീന്ദ്രൻ മാഷിന്റെ ഭാര്യ, അദ്ധ്യാപികമാരായ നീതയുടെയും ബിന്ദു(സുനീത) വിന്റെയും എഞ്ചിനീയറായ മനോജിന്റെ(അമ്പാടി) യും അമ്മ എന്ന നിലയിൽ ഈ മുൻ കായികാദ്ധ്യാപിക ഒരുപാടു വിശേഷങ്ങൾ അന്നൊക്കെ എന്നോടു കൈ മാറുമായിരുന്നു. സുഭാഷ്  ചേട്ടന്റെ കുടുംബവുമായി അടുത്തബന്ധം ടീച്ചറിന്റെ കുടുംബത്തിനും മാഷിന്റെ കുടുംബത്തിനുമുണ്ടായിരുന്നു എങ്കിലും അത്തരമൊരു ബന്ധമല്ലായിരുന്നു, ഞങ്ങളും അവരുമായുണ്ടായിരുന്നത്. ചേട്ടന്‍  പണ്ടു മുതൽക്കേ ടീച്ചറേ എന്നു വിളിച്ചിരുന്നത് അറിയുമെങ്കിലും ഞാനവരെ എപ്പോഴോ അമ്മയെന്നു വിളിച്ചു തുടങ്ങിയിരുന്നു. ആ അമ്മ പിന്നീട് ഞങ്ങളുടെ ചെറായി വീട്ടിൽ വന്നത് സുഭാഷ് ചേട്ടന്റെ അമ്മ മരിച്ച സമയത്താണ്. ഒരുപാടു സമയം എന്റെ അടുത്തിരുന്നിട്ടാണ് ആ അമ്മ അന്നു പോയത്. മനോജിനെ ഞാൻ ആദ്യമായി കണ്ടതും അന്നാണെന്നു തോന്നുന്നു.

മുനമ്പത്തെ പോണത്തു വീട്ടിൽ ഞാൻ ആദ്യമായി പോയത് 2000ൽ ആണ്. സുഭാഷ് ചേട്ടൻ രവീന്ദ്രൻ മാഷ് എന്നു വിളിയ്ക്കുന്ന എന്റെ മാഷച്ഛനെയും നീതയെയുമൊക്കെ അടുത്തു പരിചയപ്പെട്ടതും അപ്പോഴാണ്. എനിയ്ക്ക് ആ വീട്ടിലെ എല്ലാവരോടും ഇഷ്ടമായി. നീതയുടെ മകൻ ബബിലു (തേജസ് കൃഷ്ണ) അടക്കമുള്ളവരെ.  ചെറായിയിൽ നിന്നും മുനമ്പത്തേയ്ക്കു 6കിലോ മീറ്റർ ദൂരമുണ്ടെങ്കിലും വാരാന്ത്യത്തിൽ നേരേ മുനമ്പത്തെത്തി അത്താഴം കഴിഞ്ഞു ചെറായിയിൽ പോവാൻ എനിയ്ക്ക് ഇഷ്ടമായിരുന്നു. സുഭാഷ് ചേട്ടനു നല്ല മിന്‍കറിയോ ചിക്കനോ ഒക്കെ ലഭിക്കുമ്പോൾ വെജിറ്റേറിയനായ എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ അമ്മയും നീതയും കരുതി വയ്ക്കുമായിരുന്നു. സ്നേഹനിധിയായ അച്ഛന്റെ നേതൃത്വത്തിലുള്ള അത്താഴം സത്യത്തിൽ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പിന്നെപ്പിന്നെ ആ വിട്ടിലെ അത്താഴം എന്റെ ദൌര്‍ബല്യമായി മാറി. ചെറായിയിലേയ്ക്കു വാരാന്ത്യത്തിൽ എത്തിയിരുന്ന കണ്ണനും മുനമ്പത്തെ അപ്പൂപ്പനെയും അമ്മൂമ്മയെയും നീതാന്റിയെയും ബബിലുച്ചേട്ടനെയും വല്യ ഇഷ്ടമായിരുന്നു. കോട്ടയത്തെ വീട്ടിൽ സുലഭമായി കിട്ടാത്ത കടൽ മത്സ്യങ്ങളും ഞണ്ടും കട്ടിൽ ഫിഷുമൊക്കെ കണ്ണൻ വൈവിദ്ധ്യമാർന്ന രുചികളിൽ ആസ്വദിച്ചതും ഇവിടെനിന്നു തന്നെ. അത്താഴം കഴിഞ്ഞല്ലോ. ഇനി വീട്ടിൽ പോയി കിടന്നാൽ മതിയല്ലോ! അവിടെയാണെങ്കിൽ കാത്തിരിയ്ക്കാൻ ആരുമില്ല താനും. ഒരു പക്ഷെ സുഭാഷ് ചെട്ടന്റെ മാതാപിതാക്കൾ ഇല്ലാത്തതു കാരണം ഞാൻ ഈ അച്ഛനമ്മമാരുടെ സാന്നിദ്ധ്യം വല്ലാതെ ഇഷ്ടപ്പെട്ടു കാണും. ഒരുപാടു നേരം അങ്ങനെ മുനമ്പത്തെ വീട്ടിൽ കഴിച്ചു കൂട്ടിയിട്ടേ ചെറായിയിലേയ്ക്കു പോകൂ. രവീന്ദ്രൻ മാഷിനു പ്രായാധിക്യത്താൽ അല്പം കേൾവിക്കുറവുണ്ട്. അധികം സംസാരമില്ല. ആ കണ്ണുകളിൽ എപ്പോഴും സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്നു. 

കൊച്ചുമകൾ നേഹയ്ക്കൊപ്പം മാഷച്ഛൻ
ബിന്ദുവിനെ വിളിക്കുന്നതു പോലെ അച്ഛൻ എന്നെ കോട്ടയത്തേയ്ക്കു വിളിച്ചു സ്നേഹം പറയാറുണ്ട്. ഇടയ്ക്കെപ്പോഴോ അച്ഛൻ ഒരു മൊബൈൽ ഫോൺ വാങ്ങി. മക്കൾക്കെല്ലാം ആ നമ്പര്‍ വിളിച്ചു കൊടുത്തപ്പോൾ എനിയ്ക്കും  തന്നു. എന്നിട്ടു പറഞ്ഞു  “എന്നെ ഈ നമ്പറിൽ മോള് വിളിക്കരുത്, ഞാൻ കേട്ടെന്നു വരില്ല. ഇങ്ങോട്ടുള്ള വിളി ലാന്റ് ഫോണിൽ മതി. ആരെങ്കിലും വിളിച്ചു തരുമല്ലോ. അച്ഛന്റെ വിളി രണ്ടാഴ്ചയിൽ ഒന്നെങ്കിലും വന്നിരുന്നു. എന്റെ അച്ഛനെയും അമ്മയെയും പ്രത്യേകം വിളിച്ച് ക്ഷേമം അന്വേഷിക്കാനും അദ്ദേഹം ഉത്സാഹം കാട്ടിയിരുന്നു. കണ്ണനും അപ്പൂപ്പന്റെ സ്പെഷ്യൽ വിളികളുണ്ടായിരുന്നു. ബിന്ദുവിന്റെ മകൾ പൊന്നുവിനെ വിളിക്കുമ്പോഴൊക്കെ അച്ഛൻ കണ്ണനെയും വിളിച്ചിരുന്നു. പഠിത്തക്കാര്യത്തിനു വേണ്ട ഉപദേശങ്ങൾ നൽകലാവും അത്. പരീക്ഷക്കാലങ്ങളിലും ഉണ്ട് പ്രത്യേകം വിളി.

ഞാനും കണ്ണനും ഓണത്തിനും വിഷുവിനും ചെറായിയിൽ പോകുമ്പോഴാവും സുഭാഷ് ചേട്ടന്റെ ചേട്ടന്മാരുടെ കുടുംബാംഗങ്ങളുമായി ഒരുമിച്ചൊരു ദിവസം കൂടുന്നത്. എങ്കിലും ഞങ്ങൾ മുനമ്പത്ത് പോകാൻ സമയം കണ്ടെത്തിയിരുന്നു. വിഷു നാളിലായിരുന്നു, മാഷച്ഛന്റെ പിറന്നാൾ. അന്നു കോട്ടയത്തേയ്ക്ക് എന്റെ അച്ഛനമ്മമാരെ വിളിക്കുന്നതിനൊപ്പം മാഷച്ഛനെയും വിളിച്ചിരുന്നു. തിരിച്ചു കോട്ടയത്തേയ്ക്കു പോരും മുൻപ് തമ്മിൽ കാണുകയും ചെയ്യും. അമ്പാടി അബുദാബിയിലും ഗീത എറണാകുളത്തും യു.കെ. യിലുമൊക്കെയായിരുന്നെങ്കിലും നേഹമോളോടൊത്ത് യാത്ര പോകുമ്പോൾ കോട്ടയത്തു വരാനും ശ്രമിച്ചിരുന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം സന്തോഷം പകർന്നിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്റെ ഭർതൃ ഗൃഹത്തിലെ ഏറ്റം അടുത്ത ബന്ധുക്കളുടെ ഗണത്തിലെ ഒന്നാം നിരയിലേക്കെത്തി, ഈ കുടുംബം. അമ്മ അക്ഷരശ്ലോകം ചൊല്ലും. ഞങ്ങൾ എല്ലാവരും ചിലപ്പോൾ കവിതയും പാട്ടുമൊക്കെ പാടി കുറച്ചു സമയം ചെലവഴിച്ചിരുന്നു.

നീതയുടെയും ബിന്ദുവിന്റെയും കുടുംബത്തിനൊപ്പം മക്കളുടെ ഒഴിവുകാലത്ത് ഞങ്ങൾ യാത്ര പോവാൻ ശ്രമിച്ചിരുന്നു. ബിന്ദുവിന്റെ ഭർത്താവ് ഡോ. വത്സലനും ഞങ്ങളോടൊപ്പം യാത്ര പോരാൻ സന്തോഷമായിരുന്നു. നീതയും മകൻ ബബിലുവും അടുത്ത് എപ്പോഴും വേണമെന്നു നിർബന്ധമായിരുന്നു അച്ഛന്. ഉല്ലാസ യാത്രകൾക്കായി അവർക്കു വേണ്ടി എപ്പോഴും അനുവാദം ചോദിച്ചിരുന്നത് ഞാനായിരുന്നു. അടുത്ത് ചെന്ന് നയപരമായി ചോദിക്കുമ്പോൾ അനുവാദം നൽകും. ചില വേളകളിൽ ഇത്തരം അനുവാദങ്ങൾക്കായി നീത എനിയ്ക്കുവേണ്ടി കാത്തിരുന്നിരുന്നു.

കോട്ടയത്തെ എന്റെ വീട്ടിലും മറ്റും പോവാനും ഇഷ്ടമായിരുന്നു നീതയ്ക്കും അമ്മയ്ക്കും. നീതയാവട്ടെ പരീക്ഷാ പേപ്പർ വാല്യുവേഷന് കോട്ടയത്തെക്കു ചോയ്സ് വച്ച്, അച്ഛന്റെ അനുവാദത്തോടെ എന്നോടൊപ്പം നിന്നിരുന്നു.

ഞാൻ ഏറ്റുമാനൂരെ വീട് സഹോദരന് നൽകി കുമാരനല്ലൂരിൽ വീട് വാങ്ങിയപ്പോൾ മുതൽ അച്ഛൻ അവിടം സന്ദർശിക്കാൻ തിടുക്കം കൂട്ടി. ഒരുനാൾ വന്നു. പതിനായിരം രൂപയ്യുടെ ചെക്ക് തന്നിട്ടു പറഞ്ഞു,
എന്തു വാങ്ങണം എന്ന് അച്ഛനറിയില്ല, മോൾക്കിഷ്ടമുള്ളത് വാങ്ങാനാ, എന്ന്.

സുഭാഷ് ചേട്ടനും, മാഷച്ഛനും മറ്റൊരു ബന്ധുകൂടിയായ പുഷ്പൻ ചേട്ടനും വലിയ സുഹൃത് ബന്ധം പുലർത്തിയിരുന്നു. ചേട്ടനെന്നെ കോട്ടയത്തെയ്ക്കു വിളിക്കുമ്പോൾ ഞങ്ങളുടെ സംസാരത്തിൽ കടന്നു വരുന്ന രണ്ടു പേരാണ് മാഷച്ഛനും പുഷ്പൻ ചേട്ടനും. അച്ഛനെന്നു പറഞ്ഞാൽ മനസ്സിലാകില്ലെന്നോർത്താണ്, ഞാൻ ചേട്ടനോട് മാഷച്ഛൻ എന്നു പറഞ്ഞു തുടങ്ങിയത്. ഈ മൂവർ സംഘത്തിനിടയില്‍  ഇണക്കവും പിണക്കവും ഒക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അച്ഛനും പുഷ്പൻ ചേട്ടനും തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ സുഭാഷ് ചേട്ടനായിരുന്നു, മദ്ധ്യസ്ഥൻ. പക്ഷേ, അവരുടെ സ്നേഹ ബന്ധം സുദൃഢമായിരുന്നു താനും.

ഒരു ദിവസം മുനമ്പത്തെ വീട്ടിലിരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു, എനിയ്ക്ക് മൂന്നു പെണ്മക്കളുണ്ടെന്ന്(എന്നെക്കൂടെ കൂട്ടി). എന്റെ കണ്ണൂകൾ നിറഞ്ഞു പോയി. ഞാനറിയാതെ അച്ഛനെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയ നിമിഷങ്ങളായിരുന്നു, അത്.  ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹം പകർന്നു തരുന്ന ആ പിതാവ് ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും എന്നെ വിളിച്ചു തുടങ്ങി. ഈ സ്നേഹമൊക്കെ അറിഞ്ഞാവാം, അച്ഛന്റെ ഇളയമകൾ ബിന്ദു (മലപ്പുറത്ത് ടീച്ചർ, താമസം ഗുരുവായൂരിൽ) എന്നെ കൊച്ചേച്ചി എന്നു വിളിച്ചു തുടങ്ങി. ഞാനില്ലാത്തപ്പോൾ കോട്ടയത്തെ വീട്ടിൽ വിളിച്ച് എന്റെ അച്ഛന്റെയും അമ്മയുടേയും ക്ഷേമം അന്വേഷിക്കും. 2004-ൽ ഞാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ കോട്ടയം പൌരാവലി എനിയ്ക്ക് യാത്രയയപ്പ് നൽകി. ആ ചടങ്ങിൽ പങ്കെടുക്കാൻ ആരോഗ്യം വക വയ്ക്കാതെ അച്ഛനും കോട്ടയം വരെ എത്തിയത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. ബിന്ദുവിന്റെ മകൾ പൊന്നുവിനെ ഗുരുവായൂരേക്ക്  വിളിക്കുമ്പോലെ തന്നെ  കോട്ടയത്തേയ്ക്കു വിളിച്ച് എന്റെ കണ്ണന്റെ വിശേഷങ്ങൾ അച്ഛൻ തിരക്കുമായിരുന്നു.

ചിലപ്പോൾ മുനമ്പത്തെത്തുമ്പോൾ അച്ഛൻ വളരെ അസ്വസ്ഥനായിരിക്കുന്നത് കാണാമായിരുന്നു. നീതയും ബിന്ദുവും അച്ഛനോടു ബഹുമാനപൂര്‍വ്വം അല്പം അകലം പാലിച്ചിരുന്നത്  അറിയാമായിരുന്നു എങ്കിലും, ഞാൻ അടുത്ത് ചെന്ന് കുശലം ചോദിക്കും. എന്തെങ്കിലുമൊക്കെ പറഞ്ഞ് ചിരിപ്പിക്കും. യുക്തിവാദിയായ അച്ഛന്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ വാചാലനായിരുന്നു. അച്ഛന്റെ മുറിയിലെ മേശയുടെ മുകളിലുള്ള ചില്ലിനു കീഴെ അദ്ദേഹം  മക്കളുടേയും പേരക്കിടാങ്ങളുടേയും ഭാര്യയുടേയുമൊക്കെ പഴയ ചിത്രങ്ങൾ സൂക്ഷിച്ചിരുന്നത് എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. പുറമേ അവരോടൊന്നും അത്ര വലിയ സ്നേഹം പ്രകടിപ്പിക്കാത്ത ആ അച്ഛന്റെ മനസ്സ് ഇരമ്പുന്ന ഒരു കടലാണെന്ന് എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലതൊക്കെ അദ്ദേഹം തന്റെ ഡയറിയില്‍ കുറിക്കുമായിരുന്നു. തന്റെ മുറിയിലേക്ക് വിളിച്ചിരുത്തി എന്നെയും സുഭാഷ് ചേട്ടനെയും ചില കുറിപ്പുകള്‍ കാട്ടിത്തന്നിരുന്നു. തന്റെ കുടുംബാംഗങ്ങളോടുള്ള സ്നേഹവും കരുതലും മാഷച്ഛന്‍ ആ ഡയറിക്കുറിപ്പുകളില്‍ ഒളിപ്പിച്ചു വച്ചിരുന്നു.

ഞാനും സുഭാഷ് ചേട്ടനും ഒരു ലക്ഷ്യവും വയ്ക്കാതെ ഇങ്ങനെ പൊതുപ്രവർത്തനം നടത്തുന്നതിൽ ചിലപ്പോഴൊക്കെ മാഷച്ഛൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാലം മാറിയതിനാൽ ഇത്തരം പൊതുപ്രവർത്തനം തുടരുക ദുഷ്കരമാണെന്നായിരുന്നു, അദ്ദേഹത്തിന്റെ പക്ഷം.

ഒട്ടും മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്ന മാഷച്ഛൻ ലളിത ജീവിതം നയിച്ചിരുന്നു. കണ്ണിന്റെ തിമിര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം ഒരു മെഡിക്കൽ ക്യാമ്പിനെ ആശ്രയിച്ച് അരവിന്ദ് ആശുപത്രിയിൽ പരാശ്രയമില്ലാതെ പോയത് കുടുംബാംഗങ്ങൾക്കെല്ലാം ആശങ്കയുണ്ടാക്കിയിരുന്നു.

കഴിഞ്ഞ മാർച്ചിൽ എനിയ്ക്ക് അട്ടപ്പാടിയിൽ പോകേണ്ടിവന്നു. ഞങ്ങൾ കുടുംബ സുഹൃത്തായ ഡോ .അനീനും കുടുംബവുമായി പോവാൻ തീരുമാനിച്ചു. അന്നു വൈകുന്നേരം അച്ഛനു സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞു. ഞങ്ങള്‍  പിറ്റേന്നു തിരിച്ചു വരും വഴി പറവൂരെ സ്വകാര്യ ആശുപത്രിയിൽ കയറി. മാഷച്ഛൻ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. അമ്പാടിയായിരുന്നു, അച്ഛനെ പരിചരിക്കാന്‍ നിന്നിരുന്നത്. അകത്ത് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. മാഷച്ഛന്‍ കിടക്കുന്നതു ചില്ലു ജനാലയിലൂടെ ഞങ്ങൾ കണ്ടു. അമ്പാടി  വെളിയിലിരുന്നു പുസ്തകം വായിക്കുന്നുണ്ടായിരുന്നു. അമ്പാടിയോട് ഞങ്ങള്‍ ഒരുപാടു നേരം  വർത്തമാനംപറഞ്ഞു. മാഷച്ഛന്‍  മാത്രമായിരുന്നു, ഞങ്ങളുടെ വിഷയം. രാത്രിയിൽ തന്നെ ഞങ്ങൾ പോന്നു. കോട്ടയത്തുനിന്നും അടുത്തദിവസം വിണ്ടും ഞാൻ ആശുപത്രിയിലെത്തി. മാഷച്ഛൻ ക്ഷീണിതനായിരുന്നു. എങ്കിലും പ്രസന്ന വദനനായിരുന്നു. മുനമ്പത്തെ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്. ഞാനും സുഭാഷ്‌  ചേട്ടനും  ഒരുപാടു നേരം അവിടെയിരുന്നു. മാഷച്ഛൻ പല വിഷയങ്ങളും സംസാരിച്ചു. മക്കളെക്കുറിച്ച്, പേരക്കിടാങ്ങളെക്കുറിച്ച്, ഞങ്ങളുടെ മകൻ കണ്ണനെക്കുറിച്ച്, ഞങ്ങളുടെ രണ്ടു പേരുടേയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാവിയെക്കുറിച്ച്, ഇടത് വലത് പക്ഷങ്ങളെക്കുറിച്ച്... എല്ലാം.... ആരോടും  നേരിട്ട് സ്നേഹം പ്രകടിപ്പിക്കാത്ത, അദ്ദേഹത്തിന്റെ മനസ്സു നിറയെ സ്നേഹമായിരുന്നു. സ്നേഹിക്കുന്നവരോടെല്ലാം ഇത്രയധികം കരുതലുണ്ടോ എന്നു തോന്നിപ്പോയ നിമിഷങ്ങൾ. അന്നുതന്നെ ഞാന്‍ കോട്ടയത്തേക്ക് തിരികെ പോയി.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അച്ഛന്‍ എല്ലാവരെയും വിട്ട് യാത്രയായി. കേവലം പത്ത് വര്‍ഷം  കൊണ്ട് എനിക്കൊരുപാട് സ്നേഹം പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട മാഷച്ഛന്‍ !    ഇപ്പോഴും ഞങ്ങള്‍ മുനമ്പത്തെ പോണത്ത് വീട്ടില്‍ പോകാറുണ്ട്. അവിടത്തെ അമ്മയും മക്കളുമൊരുമിച്ചു ഭക്ഷണം കഴിക്കാറുമുണ്ട്‌. പക്ഷേ മാഷച്ഛനില്ലാത്ത ഊണ്  മേശ എന്നെ - അല്ല ഞങ്ങളെ എല്ലാവരെയും വേദനിപ്പിക്കുന്നു.

Monday, August 10, 2009

പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.

ഇന്നലെ(ഞായർ) എനിയ്ക്ക് മൂവാറ്റുപുഴയ്ക്കടുത്ത് പട്ടിമറ്റത്തും മുളന്തുരുത്തിയിലും ഓരോ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. വണ്ടിയോടിക്കാൻ അനിയൻ(ജോസഫ്) ഇല്ല. അതുകൊണ്ടുതന്നെ കസിൻ മഹേഷിനെ കൂട്ടി തനിയെ കാറോടിച്ചു പോകാൻ തീരുമാനിച്ചു. 9.30നു വണ്ടിയെടുത്തു മുന്നോട്ടുനീങ്ങിയപ്പോളാണ് അറിയുന്നത്. പിൻ ചക്രങ്ങളിലൊന്നു പഞ്ചർ. ഇനി ശരിയാക്കി, ഞാൻ എത്തുമ്പോൾ വൈകും . സംഘാടകരോടു വിളിച്ചു പറഞ്ഞ് കുമാരനല്ലൂരിൽ നിന്നും ബസ്സിൽ മൂവാറ്റുപുഴയെത്തി. അവിടുന്നു അവർ തന്നെ എന്നെ പട്ടിമറ്റത്തെത്തിച്ചു, പിന്നെ മുളംതുരുത്തിയിലേയ്ക്കും. തിരിച്ചു പോവാൻ ഒരു പ്രൈവറ്റ്(ലിമിറ്റഡ് സ്റ്റോപ്പ്) ബസ് കിട്ടി.പാട്ടുകേട്ടും കാഴ്ചകൾ കണ്ടും തലയോലപ്പറമ്പിൽ എത്തി. അവിടെനിന്നും ഒരമ്മയും മകനും കയറി. അവർ മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ അമ്മ! എന്റെ മനസ്സ് തേങ്ങി. എന്റെ മനസ്സിൽ ഒരു നൊമ്പരത്തിപ്പൂവായി എത്രയോ കാലമായി ഞാൻ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന ആ പഴയ പാവാടക്കാരി.
ഞാൻ പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ഞങ്ങളുടെ നാട്ടിലെല്ലാം പാട്ടായ ഒരു സംഭവം. നാട്ടിലെ പ്രശസ്തമായ ഒരു സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഒരാൺകുട്ടിയ്ക്കു ജന്മം നൽകി. പത്രവാർത്തയെക്കാൾ വിശദമായി ഈ വർത്തമാനം അയൽഗ്രാമങ്ങളിലെല്ലാം പ്രചരിപ്പിക്കപ്പെട്ടു.ഞങ്ങൾ പോകുന്ന ക്ഷേത്രത്തിനടുത്താണവളുടെ വീടെന്നും ജീവിതപ്രാരാബ്ദങ്ങളുള്ള മാതാപിതാക്കളുടെ മകളാണവളെന്നുമൊക്കെയുള്ള വാർത്ത എനിയ്ക്കും ലഭിച്ചു. പഠിപ്പെല്ലാം കഴിഞ്ഞ് ഞാൻ കുറച്ചുകാലം അദ്ധ്യാപികയായി ജോലിനോക്കിയത് അവളുടെ വീടിനടുത്ത്.ഒരുനാൾ പത്തുപതിനെട്ടുവയസ്സുള്ള ഒരു പാവാടക്കാരി ഒരു അഞ്ചു വയസ്സുകാരനോടൊപ്പം കളിച്ചു ചിരിച്ചു നടന്നു പോകുന്നതുകണ്ട് എന്റെ ഒരു സഹപ്രവർത്തകയാണു പറഞ്ഞു തന്നത്.”അന്നൊരു ഏഴാംക്ലാസ്സുകാരി ഒരു കുഞ്ഞിനെ പ്രസവിച്ചതോർക്കുന്നില്ലേ. ആകുട്ടിയാ ഇവൾ”
കറുത്തതെങ്കിലും ഐശ്വര്യമുള്ള മുഖം! ഞാൻ പകച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു. പിന്നെ ആ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വേഗം കടന്നു പോയി. ഞാൻ ബസ്സിറങ്ങി നടക്കുമ്പോൾ കളിക്കൂട്ടുകാരെപ്പോലെ പറ്റിച്ചേർന്നു നടക്കുന്ന ആ അമ്മയെയും മകനെയും കാണുക പതിവായി. ഒരുനാൾ അവനെ പള്ളിക്കൂടത്തിലേയ്ക്ക് അയക്കാനായി അവൾ ആദ്യമായി പോയപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി. അവൾ പതിവുപോലെ ചിരിച്ചു, ഞാനും. ഞാൻ ആ മോനോടു കിന്നാരം പറഞ്ഞു.
അവൾ എന്നോടു മടികൂടാതെ സംസാരിച്ചു തുടങ്ങി. അവൾക്ക് ഒരാങ്ങളയുണ്ട്. ഇടയ്ക്കെപ്പോഴോ മറ്റൊരു ദുരന്തം! അവളുടെ അമ്മ ഷോക്കടിച്ചു മരിച്ചു. പ്രായമായ, രോഗാതുരനായ അച്ഛൻ. അവൾ വീട്ടുജോലികൾക്കും മറ്റും പോയിത്തുടങ്ങി. വർഷങ്ങൾ കടന്നു പോയി . ഞാൻ മറ്റൊരു പഠനത്തിനായി കുറച്ചുകാലം വഴിമാറി സഞ്ചരിച്ചു. അവളെ കാണാനവസ്സരമില്ലാതായി.
പിന്നൊരുനാൾ കണ്ടപ്പോൾ ഒരുപാട് വർത്തമാനം പറഞ്ഞു, അവൾ. അവളുടെ അച്ഛനും യാത്രയായിരുന്നു. അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണത്രേ അവളും മകനും.
പിന്നൊരുനാൾ ഒരു ചെറുപ്പക്കരനോടൊപ്പം ഞാനവളെ കണ്ടു. അവൾ എന്നെക്കണ്ടയുടൻ ഓടി അടുത്തു വന്നു. ഇങ്ങേരിപ്പോൾ ഞങ്ങളെ അന്വേഷിക്കുന്നുണ്ട്. ആരുമില്ലാത്ത ഒരാളാ. പാവമാ.
മോനെക്കുറിച്ചു ഞാൻ അന്വേഷിച്ചു. “അവൻ നന്നായി പഠിക്കുന്നുണ്ട്. അവൾ ചിരിച്ചു, എന്നത്തേയും പോലെ.
എന്റെ അമ്മ പട്ടണത്തിൽ പോകും വഴി കണ്ടാലും അവൾ ഓടിയെത്തി എന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ്, മകൻ കണ്ണനും ഉണ്ടായിക്കഴിഞ്ഞൊരുനാൾ ഞാനവളെ അമ്പലനടയിൽ കണ്ടു.
കൂലിപ്പണിയൊക്കെ ചെയ്തു ജീവിയ്ക്കുന്നു. ബന്ധുക്കൾ സഹായിക്കും. മോൻ നന്നായി പഠിക്കുന്നുണ്ട്, അതാണാശ്വാസം, അന്നു കണ്ട കൂട്ടുകാരൻ അധികം വൈകാതെ പിരിഞ്ഞു പോയി, എന്നൊക്കെ അവൾ പറഞ്ഞു. എനിയ്ക്ക് ഒരുപാടു വിഷമം തോന്നി.യൌവ്വനം എത്തിനോക്കിയപ്പോഴെ ഇരുത്തം വന്നവളെപ്പോലെ അവൾ സംസാരിക്കുന്നതായിത്തോന്നി.
പിന്നെപ്പിന്നെ, എനിയ്ക്ക് അവൾ സഞ്ചരിയ്ക്കുന്ന വഴിയിലൂടെയുള്ള യാത്ര തീരെ ഇല്ലെന്നായി. പത്തുപന്ത്രണ്ടു കൊല്ലത്തിനിടെ എപ്പോഴോ ഒരിയ്ക്കൽ വഴിയോരത്ത് ഞാനവളെ ഒരിയ്ക്കൽ മിന്നായം പോലെ കണ്ടു. ഞാൻ വണ്ടിയിലായിരുന്നു.മിണ്ടാനായില്ല.
രാവിലെ കാറിന്റെ ടയർ പഞ്ചറായത് ഈ നൊമ്പരത്തിപ്പൂവിനെ കാണാൻ വേണ്ടി മാത്രമായിരുന്നോ എന്റീശ്വരാ!
പിന്നിലിരുന്ന ഞാൻ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു. അവൾ മോനെ മടിയിലിരുത്തി,എന്നോടു സഹകരിച്ചു. എനിയ്ക്കു കുമാരനല്ലൂരിലും അവൾക്ക് ഏറ്റുമാനൂരിലുമായിരുന്നു ഇറങ്ങേണ്ടത്. എങ്കിലും തലയോലപ്പറമ്പു മുതൽ ഏറ്റുമാനൂരു വരെ ഞങ്ങൾ ഒരുപാട് വർത്തമാനം പറഞ്ഞു.
“മൂത്ത മകൻ?”(പേരു ഞാൻ മറന്നിട്ടില്ല)
“അവൻ പഠിച്ചു മിടുക്കനായി, ജോലിയും കിട്ടി. കല്യാണവും കഴിഞ്ഞു”
“മരുമകൾ”
“അവൾക്കും ജോലിയുണ്ട്.”
മകൻ നല്ല നിലയിലായതും കാറും വീടും വാങ്ങിയതുമൊക്കെ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. വിവാഹത്തിനു മുൻപ് മോൻ എനിയ്ക്കൊരു സാരി കൊണ്ടു തന്നെങ്കിലും വിവാഹത്തിനു ക്ഷണിച്ചില്ലെന്നു പറഞ്ഞപ്പോൾ അവളുടെ നിയന്ത്രണം വിട്ടു.
“അന്നു ഞാൻ ഞെക്കിക്കൊല്ലാഞ്ഞതിന്റെ സമ്മാനം”
പറഞ്ഞു കഴിഞ്ഞ് അതല്പം കടന്നു പോയി എന്നവൾക്കും തോന്നിയോ ആവോ.
ഇപ്പോൾ അവൾക്ക് ഭർത്താവും ഒരു മകളും ഈ കൊച്ചുമോനും ഉണ്ട്. കൂലിവേലക്കാരനായ ഭർത്താവ് പൊന്നു പോലെ നോക്കുമെന്നു പറഞ്ഞപ്പോൾ അവളുടെ മിഴികളിലെ ശോകം മാഞ്ഞുപോയി.
ഇളയ കുട്ടികളും നന്നായി പഠിക്കുമത്രേ.
കല്യാണത്തിനു കൊണ്ടുപോയില്ലെങ്കിലും മകൻ ഇടയ്ക്കൊക്കെ അന്വേഷിക്കും. ഇപ്പോൾ താമസ്സിക്കുന്ന വീട് ശരിയാക്കിത്തന്നതും അവനാ. എളേത്തുങ്ങളോടും അവനിഷ്ടമാ. എന്നു പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു.
തനിയ്ക്കിപ്പോൾ നടുവേദനയാണെന്നും ജോലിചെയ്യാനാവില്ലെന്നും, ചികിത്സയ്ക്കു നല്ലൊരു തുക വേണ്ടി വരുമെന്നുമൊക്കെപ്പറഞ്ഞ്, പിന്നെയവൾ നെടുവീർപ്പിട്ടു. ഒറ്റയ്ക്കു യാത്ര ചെയ്യാൻ പോലും പറ്റുന്നില്ല. ഒരു സഹായം തേടി പോയതാണ്, ചികിത്സാ ചിലവിന്.
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്റെ ഫോൺ നമ്പർ അവൾ എഴുതി വാങ്ങി. അവളെ ബന്ധപ്പെടാൻ ഒരു നമ്പർ ചോദിച്ചെങ്കിലും അവൾക്ക് അയൽ വീട്ടിലെ നമ്പർ ഓർമ്മയില്ലായിരുന്നു.

ഏറ്റുമാനൂരെത്താറായി. ഞങ്ങൾ വർത്തമാനത്തിൽ മുഴുകിയപ്പോൾ പെട്ടിപ്പുറത്തെ സീറ്റിലിരഇപ്പുറപ്പിച്ച് വഴിയോരക്കാഴ്ച്ചകൾ ആസ്വദിക്കുന്ന ആ കൊച്ചു മിടുക്കനെ ഞാൻ ശ്രദ്ധിച്ചു. പണ്ട് ഞാൻ അവന്റെ അമ്മയെ കൂടെക്കൂടെ കാണുമ്പോൾ അവന്റെ ചേട്ടൻ എന്നെ ഇങ്ങനെ നോക്കിയിരുന്നു. ഞാൻ എന്റെ ബാഗിൽ പരതി. അവനു കൊടുക്കാൻ പറ്റിയ ഒരു പുസ്തകം പോലും അതിലില്ല. ഞാൻ ഇന്നു പങ്കെടുത്ത സെമിനാറിന്റെ ഫയലുകളും എഴുത്തുപുസ്തകവും ബാഗിൽക്കിടന്ന ഒരു പേനയുമെടുത്ത് ഞാനവന്റെ നേരേ നീട്ടി.
വേണ്ട എന്ന് അവൻ തലയാട്ടി.
വാങ്ങാൻ അവന്റെ അമ്മ നിർബന്ധിച്ചു.
ബസ്സു നിർത്തി, അവർ ഇറങ്ങിയപ്പോൾ എന്റെ മനസ്സിന്റെ എവിടെയോ ഒരു നീറ്റൽ. ഇപ്പോഴും ഇതെഴുതുമ്പോഴും അതിനൊരു കുറവുമില്ല.
മുപ്പത്തെട്ടോ മുപ്പത്തൊൻപതോ വയസ്സ്...
അതിനിടെ ഒരുപാടു സഹിച്ചവൾ. ഒന്നുമറിയാത്ത പ്രായത്തിൽ.. എട്ടും പൊട്ടും തിരിയാത്ത ഒരു പാവപ്പെട്ട പെൺകുട്ടിയ്ക്ക് മാതൃത്വമേറ്റെടുക്കേണ്ടി വരിക, സ്ത്രീ പ്രശ്നങ്ങളിൽ ഇന്നത്തെപ്പോലെ ഇടപെടലില്ലാത്തതിനാൽ ഇല്ലായ്മകളോടും ആക്ഷേപങ്ങളോടും വിധിയോടുമൊക്കെ പൊരുതി ഒരു ജീവിതം. ഇന്നലത്തെ ബസ് യാത്രയിൽ അവൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.
“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”
രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!

Monday, May 11, 2009

മറക്കാനാവാത്തവര്‍-13എന്റെ സ്വീറ്റ് 92“ഹലോ ലതികമോളാണോ”
“ആരാ, എന്റെ സ്വീറ്റ് 92 ആണോ?”
“പിന്നെ അല്ലാതാരാ ഈ പാതിരായ്ക്ക് വിളിയ്ക്കുക”
കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ഇടയ്ക്കിടെ എന്നെ രാത്രി വളരെ വൈകി വിളിയ്ക്കുന്ന ഈ അമ്മയെ ഞാന്‍ സ്വീറ്റ് 92 എന്നാണിപ്പോള്‍ വിളിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വീറ്റ് 91 എന്നും അതിനു മുന്‍പ് സ്വീറ്റ് 90 എന്നും വിളിച്ചിരുന്നു. ഈ അമ്മയ്യുടെ പേര് തങ്കം ജേക്കബ് എന്നാണ്.
ഒറ്റയ്ക്കൊരു വീട്ടില്‍ താമസിയ്ക്കുന്ന ഒരു വൃദ്ധയെന്ന നിലയിലല്ല ഈ അമ്മ എന്നെ വൈകി വിളിയ്ക്കുന്നത്. എന്റെ എല്ലാ തിരക്കും കഴിഞ്ഞ്, കൂടുതല്‍ സംസാരിയ്ക്കുന്നതിനു വേണ്ടിയാണ്.അയ്മനത്തു പോയാല്‍ ഈ അമ്മയെ സ്ന്ദര്‍ശിക്കാന്‍ ഞാനും ശ്രമിയ്ക്കാറുണ്ട്.
ഗാന്ധിജിയെ കാണാന്‍ മുംബൈയിലെ ബിര്‍ളാ മന്ദിരത്തില്‍ പോയിരുന്നതിനെക്കുറിച്ച് അമ്മയെന്നോട് പറഞ്ഞത് ഇത്തരമൊരു ടെലിഫോണ്‍ സംഭാഷണത്തിലാണ്. ബിര്‍ളായുടെ പുത്രി, ശാന്തി ബിര്‍ളാ തന്റെ വിദ്യാര്‍ത്ഥിനിയായിരുന്നപ്പൊള്‍ സഹാദ്ധ്യാപികമാരുമായി കൂടെക്കൂടെ ഗാന്ധിജിയെക്കാണാന്‍ പോയിരുന്നത്രേ.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃ, കെ .എം‍. മുന്‍ഷി, ഡോ.എസ്. രാധാകൃഷ്ണന്‍, മഹാകവി രവീന്ദ്രനാഥ് ടാഗോര്‍, സരോജിനി നായിഡു, സക്കീര്‍ ഹുസ്സൈന്‍, രാജഗോപാലാചാരി, ജെ.സി ബോസ്, ഇന്ദിരാ ഗാന്ധി, പനമ്പള്ളി ഗോവിന്ദമേനോന്‍ തുടങ്ങിയ പ്രഗല്‍ഭമതികളുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിഈ അമ്മ പറയുന്നു.
ഇവര്‍ ഇപ്പോള്‍ താമസ്സിക്കുന്നത് അയ്മനം(അരുന്ധതീ റോയ് ഫെയിം) ഗ്രാമത്തിലെ പാണ്ഡവത്ത് കുന്നങ്കേരില്‍ വീട്ടിലാണ്. കാര്‍ഡമം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പരേതനായ ഡോ. കെ.ടി ജേക്കബിന്റെ ഭാര്യയാണ് ഇവര്‍. മുംബൈലെയും കുല്‍ക്കട്ടയിലെയും പ്രശസ്തമായ സ്കൂളുകളിലും കോളജുകളിലും ജോലിനോക്കിയ ഇവര്‍ വിരമിക്കുമ്പോള്‍ കല്‍ക്കട്ട ഗവ:വിമന്‍സ് കോളജില്‍ അദ്ധ്യാപികയായിരുന്നു.മകന്‍ രഞ്ജിത്തിന് ബാംഗ്ലൂരില്‍ ബിസിനസ്സാണ്. മകള്‍ ഷീല അമേരിക്കയില്‍ പരിസ്തിതി സംരക്ഷണ വകുപ്പില്‍ ജോലി നോക്കുന്നു.
എനിയ്ക്ക് ഈ അമ്മയോട് ഇത്ര അടുപ്പം തോന്നാന്‍ കാരണമെന്തെന്നോ? നമ്മുടെ നാട്ടിലെ വൃദ്ധമാതാപിതാക്കള്‍ ഏകാന്തതയെ ഭയപ്പെടുമ്പോള്‍ ഈ അമ്മ ഒറ്റയ്ക്കുള്ള ജീവിതം (ആഗ്രഹിച്ചതല്ലെങ്കിലും) നന്നായി ആസ്വദിക്കുന്നു. 1994-ല്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ കുറച്ചുനാള്‍ മകളോടൊപ്പം അമേരിക്കയില്‍ താമസ്സമാക്കിയെങ്കിലും തങ്കം ജേക്കബ് നാട്ടിലേയ്ക്കു പോന്നു. 1996-ല്‍ വീണ് തുടയെല്ലൊടിഞ്ഞതോടെ വാക്കറില്ലാതെ നടക്കാനാവാത്ത സ്ഥിതിയിലായി. ഇപ്പോള്‍ തങ്കം ജേക്കബ് സ്വന്തം നാട്ടില്‍ അറിയപ്പെടുന്നതു തന്നെ കാലൊടിഞ്ഞ അമ്മച്ചി എന്നാണ്.പകല്‍ ഒരു അയല്‍ക്കാരി സഹായത്തിനെത്തും.
സ്വീറ്റ് 92 ന്റെ ഇഷ്ട വിനോദംഎഴുത്തും വായനയുമാണ്. വായിക്കുന്നതൊക്കെ കുറിച്ചു വയ്ക്കും. ഇടയ്ക്കിടയ്ക്ക് പ്രാര്‍ത്ഥനയ്ക്കും ധാരാളം സമയം നീക്കി വയ്ക്കുന്ന ഈ അമ്മയ്ക്ക് പകലുറക്കമില്ല.ചെറുപ്പത്തിലേ നാടു വിട്ട് അന്യ ദേശങ്ങളിലായിരുന്നതിനാല്‍ എഴുത്തെല്ലാം ഇം ഗ്ലീഷിലാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഭരണാധിപന്മാര്‍ക്കും ഈ അമ്മ കത്തെഴുതാറുണ്ട്. ശ്രീ.വാജ് പേയ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ മുതിര്‍ന്ന പൌരന്മാരുടെ ട്രെയിന്‍ യാത്രാ ആനുകൂല്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. കാലവിളംബമെന്യേ ഫലമുണ്ടായി. പൊതുക്കാര്യത്തിനു വേണ്ടിയുള്ള അമ്മയുടെ കത്തെഴുത്ത് ഇന്നും തുടരുന്നു. പ്രാദേശികം മുതല്‍ ദേശീയം വരെയുള്ള വിഷയങ്ങള്‍ ഈ അമ്മയുടെ തൂലികയ്ക്ക് വിഷയമാകാറുണ്ട്.
കോലഞ്ചേരി മഴുവന്നൂര്‍ ഗ്രാമത്തിലെ മാടപ്പറമ്പില്‍ വീട്ടിലെ പത്തുമക്കളിലൊരുവളായി ജനിച്ച അമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ തീരില്ല.ഇടക്കിടയ്ക്കു ചോദിയ്ക്കും കൊച്ചിനു സമയമുണ്ടോ എന്ന്. റിസേര്‍ച്ചിന് ഗൈഡായിരുന്ന അദ്ധ്യാപകനുമായി ഏഴു വര്‍ഷം നീണ്ട പ്രണയം, വിവാഹം.. എല്ലാം ഈ അമ്മ മണി മണിയായി പറഞ്ഞു ചിരിയ്ക്കും. ആരോടും പരിഭവമില്ല. ആരുടേയും ദോഷം പറയാറുമില്ല. സന്തോഷം മാത്രം.

സാധുക്കള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യാനും ഇവര്‍ മുന്‍പന്തിയിലഉണ്ട്‍. സന്ദര്‍ശകര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പര്യാപ്തമായ ഉത്സാഹം ഈ അമ്മയുടെ കൈയില്‍ എപ്പോഴുമുണ്ട്. മാധവിക്കുട്ടി(കമലാ സുരയ്യ)യും മേരി റോയിയും അടക്കം പല മേഖലയിലുമുള്ള വ്യക്തിത്വങ്ങള്‍ ഇവര്‍ക്ക് സുഹൃത്തുക്കളാണ്.അരുന്ധതീ റോയ് അയ്മനത്തു വന്നാല്‍ ബന്ധു കൂടിയായ തങ്കം ജേക്കബിനെ കാണാനെത്തും.
ആരോഗ്യം വക വയ്ക്കാതെ തന്നെ ഈ അമ്മ യാത്ര ചെയ്യാറുമുണ്ട്. അടുത്ത മാസം ആറു ദിവസത്തെയ്ക്ക് മകളുടെ മകള്‍ വരുന്നതും കാത്തിരിയ്ക്കുകയാണ് ഈ മുത്തശ്സി. കൂട്ടുകൂടി യാത്ര ചെയ്യാന്‍.അതേ തങ്കം ജേക്കബിന് ജൂലൈ 22നു 93 തികയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

Tuesday, May 5, 2009

മറക്കാനാവാത്തവര്‍ 11 - മറിയക്കുട്ടിയമ്മ.

റിയക്കുട്ടിയമ്മ എന്റെ നാട്ടുകാരിയാണ്. ഏറ്റുമാനൂരെ എന്റെ തറവാടിനടുത്താണ് മറിയക്കുട്ടിയമ്മയുടെ വീട്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ എല്ലാ ഞായറാഴ്ചയും ഞാന്‍ മറിയക്കുട്ടിയമ്മയെ കാണും. എന്റെ വീടിന്റെ മുറ്റത്തോ, പറമ്പിലോ ഞാന്‍ നില്‍ക്കുമ്പോഴാവും കത്രിച്ചേടത്തി(മറിയക്കുട്ടിയമ്മയുടെ അനുജത്തി) യും മറിയക്കുട്ടിയമ്മയുംവെട്ടിമുകള്‍ പള്ളിയില്‍ പോവുന്നത്. എന്നെ വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ചേ മറിയക്കുട്ടിയമ്മ പോവൂ. ഞാന്‍ ആദ്യമായി വര്‍ത്തമാനം പറഞ്ഞ, എന്നോട് കൂടുതല്‍ അടുപ്പം കാണിച്ച കുണുക്കിട്ട, ആദ്യത്തെ വനിത മറിയക്കുട്ടിയമ്മയാണെന്നു തോന്നുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന അമ്മമാരുടെ ഒരു നിര തന്നെ കാണാമായിരുന്നു. അടുക്കിട്ട് ഉടുത്ത മുണ്ടും, ചട്ടയും, ഞൊറിഞ്ഞുടുത്ത കവിണിയുമൊക്കെ എനിയ്ക്കന്ന് കൌതുകമായിരുന്നു. താഴത്തേടത്തെ തങ്കച്ചന്റെ അമ്മച്ചി(മറ്റൊരു അയല്‍ക്കാരി) പാലു തരാന്‍ വരുമ്പോള്‍ ഞാനും പ്രിയച്ചേച്ചിയും അടുക്കിട്ട് മുണ്ടുടുക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കുമായിരുന്നു. വീട്ടില്‍ പിന്നെ ‘അടുക്കിന്റെ ’ പരീക്ഷണങ്ങളായിരുന്നു. പക്ഷേ, ഒരിയ്ക്കലും ഞങ്ങള്‍ക്ക് നന്നായി അടുക്കിട്ട് മുണ്ടുടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
നെടിയകാലായിലെ മറിയാമ്മപ്പെമ്പിളയും എല്ലാദിവസവും വീട്ടില്‍ വന്ന് കഞ്ഞി കുടിച്ചിരുന്ന കത്രിയും കുട്ടിക്കിടാത്തിയുമൊക്കെ അടുക്കിട്ട് മുണ്ടുടുത്തിരുന്നവരായിരുന്നു എങ്കിലും മറിയക്കുട്ടിയമ്മയാണ് എന്റെ
മനസ്സിലെ ക്രൈസ്തവ വനിതയുടെ ഉദാത്ത മാതൃക. കൈയ്യില്‍ കൊന്തയും പിടിച്ച് പള്ളിയിലേയ്ക്ക് പോകുന്ന മറിയക്കുട്ടിയമ്മയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. എന്നോടും നല്ല വാത്സല്യം കാട്ടിയിരുന്നു, മറിയക്കുട്ടിയമ്മ.
ഞങ്ങളുടെ റേഷന്‍ കടയുടെ തൊട്ടടുത്തായിരുന്നു, മറിയക്കുട്ടിയമ്മയുടെ വീട്. ഞാനും പ്രിയച്ചേച്ചിയും പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ അപ്പുച്ചേട്ടന്റെ റേഷന്‍ കടയില്‍ പോകുമ്പോള്‍ മറിയക്കുട്ടിയമ്മയെ കാണും . അവര്‍ ഞങ്ങളെ കണ്ടാല്‍ ഓടി വന്ന് കുശലം ചോദിക്കും.
അമ്മയുടെ വിശേഷം, അനുജന്റെയും അച്ഛന്റെയും വിശേഷങ്ങള്‍,ആറുമാനൂരെ എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വീട്ടു വിശേഷങ്ങള്‍...എല്ലാം. രാവിലെ കാപ്പിയ്ക്കു കഴിച്ച പലഹാരം മുതല്‍ ഉച്ചയ്ക്ക് ചോറിനു കൂട്ടിയ കറികള്‍ വരെ മറിയക്കുട്ടിയമ്മയ്ക്ക് അറിയണമായിരുന്നു. പത്തു മിനിറ്റ് അങ്ങനെ പോയി ,യാത്ര തുടരുമ്പോള്‍ ചേച്ചി “ ഇന്നു അമ്മേടെ കയ്യീന്ന് നമുക്ക് നല്ലതു കിട്ടും, നീയിങ്ങനെ കാണുന്നവരോടെല്ലാം- പറന്നുപോകുന്ന കാക്കയോടു വരെ വര്‍ത്തമാനം പറഞ്ഞങ്ങനെ നിന്നിട്ടാ”. “ പാവം ആ മറിയക്കുട്ടിയമ്മയാ സമയം കളഞ്ഞത് ,സാരമില്ല .”എന്നു ഞാന്‍ ചേച്ചിയെ ആശ്വസിപ്പിക്കും.
എന്നെ ‘ചക്കി’ എന്നു വിളിച്ച് കളിയാക്കിയിരുന്ന റേഷന്‍ കടക്കാരന്‍ അപ്പൂച്ചേട്ടന്‍ ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ‘ചക്കി വക’ എന്ന് എഴുതിയത് എന്റെ പരിഭവം കാണാനായിരുന്നു. കുട്ടിയായ എനിയ്ക്ക് അത് അപമാനമായി തോന്നിയതും ഞാന്‍ കരഞ്ഞതും “ഈ അപ്പുപ്പിള്ളാച്ചനു വട്ടാ, മക്കളു വിഷമിക്കണ്ടാ ” എന്നു പറഞ്ഞ് മറിയക്കുട്ടിയമ്മ എന്നെ ചിരിപ്പിച്ചു പറഞ്ഞയച്ചതും ഞാന്‍ ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു.
കാലം കടന്നു പോയപ്പോള്‍ ‘ അരിതലച്ച‘’ലെ (അങ്ങനെയാണവരുടെ വീട്ടുപേര്) മറിയക്കുട്ടിയമ്മയെ കാണാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഓട്ടോ റിക്ഷയും മറ്റും വന്നതോടെ എല്ലാവരും അതിലായി യാത്ര. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മറിയക്കുട്ടിയമ്മ വല്ലപ്പോഴും പള്ളിയില്‍ പോയാലായി. പിന്നീട് പള്ളിക്കുന്നേല്‍ പള്ളി പണിതതോടെ മറിയക്കുട്ടിയമ്മയും കൂട്ടരും ഞങ്ങളുടെ വാതില്‍ക്കലൂടെ പോവാതായി.അപൂര്‍വം ചില അവസരങ്ങളില്‍ ഏറ്റുമാനൂര്‍ക്കു നടന്നു പോകുന്ന മറിയക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടില്‍ കയറിയിരുന്നു.കാലം കടന്നു പോയപ്പോള്‍ ഞങ്ങളാരും റേഷന്‍ കടയില്‍ പോകാതായി. വീടിന്റെ തെക്കേ ഭാഗത്തേയ്ക്കു അധികം യാത്രകളുമില്ല. വല്ല മരണ വീടുകളിലും മറ്റുമാണ് നാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്നത്.അങ്ങനെ വല്ലപ്പോഴും മറിയക്കുട്ടിയമ്മയെ കണ്ടാലായി.
പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് , ഒരു പ്രമുഖ ദിനപ്പത്രത്തില്‍ നമ്മുടെ മറിയക്കുട്ടിയമ്മയുടെ ചിത്രത്തോടെ ഒരു ബോക്സ് വാര്‍ത്ത. ബസ്സില്‍ കയറാത്ത മറിയക്കുട്ടിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അപ്പോഴാണ് ഞങ്ങളൊക്കെ ഈ വിവരം അറിയുന്നത്. മറിയക്കുട്ടിയമ്മ ബസ്സില്‍ കയറില്ല. കാറിലും യാത്ര ഇല്ലേയില്ല. വാഹനയാത്ര മറിയക്കുട്ടിയമ്മയ്ക്ക് രോഗവും ക്ലേശവും വരുത്തിവയ്ക്കുമത്രേ. അതിനാല്‍ എത്ര ദൂരെ പോകേണ്ടിവന്നാലും വച്ചുപിടിച്ച് നടക്കാനാണ് മറിയക്കുട്ടിയമ്മയ്ക്ക് ഇഷ്ടം.

കുടയും ചൂടി നടന്നു പൊകുന്ന മറിയക്കുട്ടിയമ്മയുടെ ചിത്രം പത്രത്തില്‍ കണ്ടപ്പോള്‍ എനിയ്ക്ക് അഭിമാനം തോന്നി. ഞാന്‍ മറിയക്കുട്ടിയമ്മയെവീട്ടില്‍ ചെന്നു കണ്ട്, കൈയ്യോടെ അഭിനന്ദിച്ചു. അവരുടെ സന്തോഷം ഞാനിന്നും ഓര്‍ക്കുന്നു. മറ്റു ചില പ്രസിദ്ധീകരണങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഒരു വാഹനത്തിലും കയറാതെ, നടന്നു നടന്ന്, കിലോമീറ്ററുകള്‍ താണ്ടി,നമ്മുടെ മറിയക്കുട്ടിയമ്മ
മധ്യ തിരുവിതാംകൂറിലെ ഒട്ടു മിയ്ക്ക പള്ളികളിലും , തന്റെ ബന്ധു വീടുകളിലും ഇങ്ങനെ പോയിരുന്നു.

ഇന്ന് മറിയക്കുട്ടിയമ്മ ജീവിച്ചിരിപ്പില്ല. അഞ്ചാറു കൊല്ലമായി , മറിയക്കുട്ടിയമ്മ യാത്രയായിട്ട്. പക്ഷേ, ഇന്നും ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അടുക്കിട്ട് മുണ്ടുടുത്ത, കവിണി ഞൊറിഞ്ഞുടുത്ത, കാതില്‍ കുണുക്കിട്ട... എന്റെ പ്രിയപ്പെട്ട മറിയക്കുട്ടിയമ്മ. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്ത് മറിയക്കുട്ടിയമ്മയിപ്പോള്‍ ഏതെങ്കിലും പള്ളിയിലെ കുര്‍ബാന കൂടാന്‍ നടപ്പിനു വേഗം കൂട്ടുകയാവും.

Monday, February 16, 2009

മറക്കാനാവാത്തവര്‍-10. അഡ്വ.കുമരകംശങ്കുണ്ണിമേനോന്‍

കോട്ടയം വാര്‍ത്തയുടെ മൊബൈല്‍ സന്ദേശം ഏഴാം തിയതി(ഫെബ്രു: 7) രാവിലെ എനിയ്ക്കും ലഭിച്ചു. അഡ്വ. കുമരകം ശങ്കുണ്ണി മേനോന്‍ അന്തരിച്ചു. വിളിച്ച് അന്വേഷിച്ചപ്പോള്‍ വൈകിട്ട് 5 നു സംസ്കാരം നടക്കുമെന്നറിഞ്ഞു. പിന്നീടും പലരും വിളിച്ചു പറഞ്ഞു, ശങ്കുണ്ണിമേനോന്‍സാര്‍ മരിച്ചു എന്ന്. ഞാനും അപ്പോള്‍ഈ ദു:ഖ വാര്‍ത്ത പലരെയും വിളിച്ചറിയിച്ചു.
പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി..... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലേയ്ക്ക് ജനപ്രവാഹം. രാവിലെയാണ് മരിച്ചതെങ്കിലും വൈകിട്ടു തന്നെ സംസ്കാര ചടങ്ങ് നടന്നു.
മൃതശരീരം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെക്കാണാന്‍ അകത്തേയ്ക്കു ചെന്നു.
ശ്രീമതി ഇന്ദു. ബി.നായരോടും( വനിതയുടെ മുന്‍ എഡിറ്റര്‍) തന്റെ പെണ്‍ മക്കളോടുമായി ഓരോന്നു പറഞ്ഞു കരയുകയാണ് അവര്‍.
പതിനാറു വയസ്സില്‍ മേനോന്‍സാറിന്റെ നിഴലായി കൂടിയതാണ്. “ഞാന്‍ ഈ എഴുപതാം കാലത്തും വിളിക്കും മോളേ, എന്റെ ഉണ്ണിച്ചേട്ടനെ... ഉണ്ണിച്ചേട്ടാ, ഉണ്ണിച്ചേട്ടാ.....”. ഒരു വേള അവര്‍ മകളെ വിളിച്ചു ചോദിക്കുന്നതു കേട്ടു, “ അമ്മ ഇന്ന് എവിടെ കിടക്കും മോളേ?”. അസുഖം അദ്ദേഹത്തെ നേരത്തെ ബാധിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതം മൂലമുള്ള ആ വേര്‍പാട് ശ്രീമതി അമ്മിണിയെ (രാജ ലക്ഷ്മി മേനോന്‍) വല്ലാതെ ഉലച്ചു കളഞ്ഞു. വാര്‍ദ്ധക്യമായല്‍ ഒരുമിച്ചുള്ള യാത്രയും ഒരു മുറിയിലുള്ള കിടപ്പുമൊന്നും വലിയ കാര്യമാക്കാത്ത ദമ്പതികള്‍ക്ക് അപവദമായിരുന്നു, ഈ മാതൃകാ ദമ്പതികള്‍.
രഞ്ജിനി സംഗീത സഭയുടെ സംഗീത പരിപാടികള്‍ കേള്‍ക്കാനും, കഥകളി കാണാനും മറ്റും ശങ്കുണ്ണി മേനോന്‍ സാറിന്റെ സഹചാരിയായി അമ്മിണിയമ്മയും ഉണ്ടായിരുന്നു. കലാകാരന്മാരും കേരളത്തിലെ പഴയകാല നേതാക്കളടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുമൊക്കെ ആ അമ്മ വച്ച ഭക്ഷണം കഴിക്കാനിഷ്ടപ്പെട്ടിരുന്നു എന്നും കേട്ടിട്ടുണ്ട്.
കുമരകത്തെ മേനോന്‍ വീട്ടിലെ വിശേഷങ്ങളും ശങ്കുണ്ണിമേനോന്റെ പ്രാഗല്‍ഭ്യത്തെക്കുറിച്ചുമൊക്കെ
ചെറിയ പ്രായത്തിലേ, ഞാന്‍ കേട്ടിരുന്നത് എന്റെ അച്ഛന്റെ കുഞ്ഞമ്മായി(അമ്മിണിയമ്മായി) പറഞ്ഞാണ്. അവരുടെ കസിന്‍ ആയിരുന്നു, ശങ്കുണ്ണി മേനോന്‍ സാര്‍. അടുത്ത കാലത്ത് അദ്ദേഹം
സമകാലിക മലയാളം വാരികയില്‍ എഴുതിത്തുടങ്ങിയ ‘വഴിത്തിരിവുകള്‍’ എന്ന ഓര്‍മ്മക്കുറിപ്പ് വായിച്ചും മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ കഴിഞ്ഞു . എന്തേ ഇതൊക്കെ ഇദ്ദേഹം നേരത്തേ എഴുതാഞ്ഞത് എന്ന്, വഴിത്തിരിവിന്റെ ഓരോ ലക്കവും വായിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട് .പിന്നീട് അനുശോചന സമ്മേളനത്തില്‍ മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അയവിറക്കിയത് ഇപ്പോഴത്തെ കുമരകം പഞ്ചായത്തു പ്രസിഡന്റ് ശ്രീ.ജി.സി. ദാമോദരനായിരുന്നു.

രണ്ടു പതിറ്റാണ്ടായി ശങ്കുണ്ണി മേനോന്‍ സാറിനെ എനിയ്ക്കും നന്നായി അറിയാമായിരുന്നു. തലയെടുപ്പുള്ള ഒരു നേതാവായല്ല അദ്ദേഹം എന്നോടു പെരുമാറിയിരുന്നത്. പൊതു വേദികളും സദസ്സുകളുമൊക്കെ പങ്കിടുമ്പോള്‍, നല്‍കുന്ന പ്രോത്സാഹനങ്ങളും നല്ല വാക്കുകളും ഞാന്‍ എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ തറവാട്ടില്‍ താമസിച്ച്, . ഹൈസ്കൂളില്‍ പോയിരുന്നപ്പോള്‍ രണ്ടു വര്‍ഷം കേവലം രണ്ട് മുണ്ടും ഷര്‍ട്ടും മാത്രം ഉപയോഗിച്ചിരുന്ന ഉണ്ണിച്ചേട്ടനെക്കുറിച്ച്, ആറുമാനൂരോ പരിസരത്തോ പാര്‍ട്ടി യോഗങ്ങള്‍ക്കു വരുമ്പോള്‍ സുഹൃത്തുക്കളുമായി പെങ്ങളുടെ വീട്ടില്‍ ചായ കഴിക്കാനെത്തുന്ന ആങ്ങളയെക്കുറിച്ച്- കുഞ്ഞമ്മായി പറഞ്ഞ നല്ല വാക്കുകള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. വക്കീല്‍ വേഷത്തില്‍ കളക്ട്രേറ്റ് അങ്കണത്തിന്റെ ഓരം ചേര്‍ന്ന് കോടതിയിലേയ്ക്ക് തലയെടുപ്പോടെ നടന്നു നീങ്ങുന്ന മേനോന്‍സാറിനെ ബഹുമാനപുരസ്സരം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കാണുമ്പോഴൊക്കെ കുശലം പറഞ്ഞിരുന്ന അദ്ദേഹത്തിന്, രാഷ്ടീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് ഏറെപ്പറയാനുണ്ടായിരുന്നു. കലയും സാഹിത്യവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. മരണത്തിന്റെ തലേന്നും മേനോന്‍ സാര്‍ കോടതിയില്‍ പോയിരുന്നു .ഒരുപാട് സ്നേഹിതരും , ശിഷ്യ ഗണങ്ങളും കക്ഷികളും ഉണ്ടായിരുന്ന , കര്‍മ്മ നിരതനായ ആ പ്രതിഭയെ മരണം മാടി വിളിച്ചുകൊണ്ട് പോയപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം പ്രസ്ഥാനത്തില്‍ എല്ല്
ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യരുടെ ഒരു പ്രവാഹമായിരുന്നു. മേനോന്‍സാറുമായുണ്ടായിരുന്ന പരിചയത്തെക്കുറിച്ച് പലരും വാചാലരായി. മുനിസിപ്പല്‍ ശ്മശാനത്തില്‍ മതാചാരപ്രകാരമുള്ള ചടങ്ങുകളൊന്നുമില്ലാതെ, ആ ഭൌതിക ശരീരം ഓര്‍മ്മയായി. എങ്കിലും തലയെടുപ്പുള്ള, വക്കീല്‍ വേഷ ധാരിയായ മേനോന്‍സാര്‍ എന്റെ മനസ്സില്‍ മറക്കാനാവാതെ നിലകൊള്ളുകതന്നെ ചെയ്യും

Saturday, February 7, 2009

മറക്കാനാവാത്തവര്‍- 9. വല്യമ്മച്ചി.

ന്റെ അമ്മയുടെ അമ്മയെ ഞങ്ങള്‍ വല്യമ്മച്ചി എന്നാണ്. വിളിച്ചിരുന്നത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ എണ്‍പത്തി നാലാം വയസ്സിലാണ് വല്യമ്മച്ചി മരിച്ചത്.
എങ്കിലും വല്യമ്മച്ചിയുടെ ഓര്‍മ്മകള്‍ മരിയ്ക്കുന്നില്ല.
അമ്മയുടെ തറവാട്ടില്‍,കൊച്ചുപേരമ്മ(ഈയിടെ അന്തരിച്ച എന്റെ അമ്മുപ്പേരമ്മ) യുടെ
കൂടെയാണ്, വല്യമ്മച്ചി താമസിച്ചിരുന്നത്.
ഇടയ്ക്കൊക്കെ വല്യമ്മച്ചി ഞങ്ങളുടെ വീട്ടില്‍ തങ്ങും.
പശുക്കളെ വളര്‍ത്തിയും പാലു കറന്ന് കൊടുത്തും
ആരോഗ്യമുള്ള കാലത്തോളം പണിയെടുത്തിരുന്നു, വല്യമ്മച്ചി.
ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്ക് വരുമ്പോള്‍ പരിപ്പുവടയോ ഉഴുന്നു വടയോ കൊണ്ടുവന്നിരുന്നു.
വെള്ള മുണ്ടും മാറു മറയ്ക്കാന്‍ ഒരു വലിയ രണ്ടാം മുണ്ടും. ഇതായിരുന്നു വല്യമ്മച്ചിയുടെ വേഷം. വല്യമ്മച്ചിയുടെ തൂങ്ങിക്കിടക്കുന്ന അമ്മിഞ്ഞയും കാതും ഞങ്ങള്‍
കുട്ടികള്‍ക്ക് അല്‍ഭുതക്കാഴ്ചയായിരുന്നു.
കുരീക്കാട്ടിലെ പാറുവമ്മൂമ്മയ്ക്കും കേശവപ്പണിയ്ക്കന്റെ അമ്മയ്ക്കും വല്യമ്മച്ചിയെപ്പോലെ അര്‍ദ്ധ നഗ്ന വേഷമായിരുന്നു. പക്ഷേ ബോഡീസും ബ്ലൌസും ധരിച്ചിരുന്ന
സ്തീകളെക്കാള്‍ സുന്ദരമായി വലിയ തോര്‍ത്തുമുണ്ടുകൊണ്ട്
അവരെല്ലാവരും മാറു മറച്ചിരുന്നു.
അലക്കുകാരന്‍ മാധവന്‍ സുന്ദരമായി അലക്കിത്തേച്ചു
കൊണ്ടുവരുന്ന മുണ്ടും തോര്‍ത്തും ഒന്ന് ഉടച്ചിട്ടേ
വല്യമ്മച്ചി ഉടുക്കൂ. അത്ര പത്രാസൊന്നും തനിയ്ക്കു വേണ്ട എന്നു പറയും.
ഞങ്ങള്‍ അന്നു താമസിച്ചിരുന്ന
ചെറിയ ഓടു വീട്ടില്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍
മൂന്നു കുട്ടികളും അച്ഛനും അമ്മയും കിടന്നിരുന്നത്.
പിന്നില്‍ നെടു നീളത്തിലുള്ള അടുക്കള മുറിയില്‍ കുറുകെ
ഒരു അരിപ്പെട്ടിയുണ്ടായിരുന്നു. അതിന്റെ മുകളില്‍
ഒരു പായ വിരിച്ചായിരുന്നു, വല്യമ്മച്ചിയുടെ കിടപ്പ്.
അച്ഛനോ മറ്റു പുരുഷന്മാരോ ഇരിയ്ക്കുന്നിടത്തേയ്ക്ക് വരിക
പോലുമില്ലായിരുന്നു വല്യമ്മച്ചി. സദാ സമയവും അടുക്കളയുടെ
ഒരു മൂലയിലിരുന്ന് ജോലി ചെയ്യും. അന്ന് ഞങ്ങളുടെ
പറമ്പില്‍ ഒരു വരിയ്ക്കപ്ലാവുണ്ടായിരുന്നു. അതില്‍ വിരിയുന്ന
ചക്കകള്‍ അസാധാരണമായ വലുപ്പമുള്ളവയായിരുന്നു.
ആരെക്കൊണ്ടെങ്കിലും ചക്ക പറിപ്പിച്ച്,
വല്യമ്മച്ചി തന്നെ അത് ചെറു കഷണങ്ങളാക്കും. നാലിലൊന്നോ,
എട്ടിലൊന്നോ ആക്കിയ കഷണങ്ങള്‍ അയല്പക്കത്തെ വീടുകളില്‍
എത്തിക്കുന്നത്, എന്റെയും ചേച്ചിയുടെയും ജോലിയായിരുന്നു.
വടക്കേതിലെ കല്യാണിയമ്മയും നെടിയകാലായിലെ മേരിച്ചേച്ചിയുമൊക്കെ ചക്കയുടെ കഷണം കാണുമ്പോഴേ ചോദിക്കും. “പാപ്പിയമ്മ വന്നിട്ടുണ്ടല്ലേ” എന്ന്.

വല്യമ്മച്ചി ഏതു ജോലി ചെയ്യുന്നതു കാണാനും ഒരു കലയുണ്ടായിരുന്നു.
ചക്ക വെട്ടുമ്പോള്‍ തന്നെ മടല്‍
പശുവിനു കൊടുക്കാന്‍ പരുവത്തില്‍ നുറുക്കിയിടും.
ഓരോ ചുളയും ഒരുക്കുമ്പോള്‍ കുരുവിന്റെ പാട കളയും .
പാടയും ചകിണിയും ഒരു ഭാഗത്ത്, കുരു ഒരിടത്ത്, ഒരുക്കിയ ചുള വേറൊരിടത്ത്.
എല്ലാത്തിനും ഒരു അടുക്കും ചിട്ടയും.
വല്യമ്മച്ചി ഒരുക്കിക്കൊടുത്ത്, അമ്മയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്
ഉണ്ടാക്കുന്ന ചക്കപ്പുഴുക്കിന്റെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.
കപ്പ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും
പറിച്ച് അയല്‍ക്കാര്‍ക്കൊക്കെ വിതരണം ചെയ്യാന്‍ വല്യമ്മച്ചിയ്ക്ക് ഇഷ്ടമായിരുന്നു.
കടയില്‍ നിന്നും വാങ്ങുന്ന പച്ചക്കറിയിനങ്ങളോട് വല്യമ്മച്ചിയ്ക്ക്
ഒരു മമതയുമില്ലായിരുന്നു. വല്യമ്മച്ചി വരുമ്പോള്‍
താളു തോരന്‍, ചേമ്പു പുളിങ്കറി, ചേനത്തീയല്‍, ചേന മെഴുക്കുപുരട്ടി, ചിരയവിയല്‍, ചീരത്തോരന്‍,ചക്കക്കുരൂം മാങ്ങയും, ചക്കക്കുരു തോരന്‍, മെഴുക്കു പുരട്ടി, കൂഞ്ഞില്‍തോരന്‍,ഇടിച്ചക്കത്തോരന്‍, വാഴയ്ക്കാത്തോരന്‍, മാങ്ങാക്കിച്ചടി.....
തുടങ്ങിയ നമ്മുടെ സ്വന്തം വീട്ടിലെ അസംസ്കൃത വിഭവങ്ങളുടെ കറികള്‍ മാറി മാറി അനുഭവിച്ചിരുന്നു. കറിയ്ക്കൊരുക്കുന്നതിലൂടെ അതി രാവിലെ തന്നെ
വല്യമ്മച്ചി ഉച്ചയ്ക്ക് എന്തു കറിയാണെന്നു പ്രഖ്യാപിയ്ക്കും.
വീട്ടില്‍ പശുവും ആടുമൊക്കെ ഉള്ള സമയമാണന്ന്.
അതുങ്ങള്‍ക്ക് കിറു കൃത്യ സമയത്ത് പിണ്ണാക്ക്,
പുളിയരി കുറുക്കിയത്, വൈക്കോല്‍, പ്ലാവില, പുല്ല് എന്നിവ കിട്ടുന്നതും
വല്യമ്മച്ചി വരുമ്പോളാവും.

പെണ്‍ കുട്ടികള്‍ അടുക്കും ചിട്ടയുമായി ജോലി ചെയ്യണം,
ഒരു ഉള്ളി പൊളിച്ചാല്‍ അതിന്റെ തൊലി എടുത്തു കളഞ്ഞിട്ടു വേണം
അടുത്ത ജോലിയ്ക്കു പോകാന്‍. രാവിലെ എഴുന്നേറ്റിട്ടല്ല, എന്തുണ്ടാക്കണമെന്നു ചിന്തിയ്ക്കേണ്ടത്. തലേന്നാള്‍ ഒക്കെ നിശ്ചയിച്ചു വയ്ക്കണം.രാത്രി എത്ര വൈകിയാലും ഊണു കഴിഞ്ഞ് പാത്രങ്ങള്‍ മുഴുവന്‍ കഴുകി, അടുക്കള വൃത്തിയായി അടിച്ചു തുടച്ചിടണം.
എല്ലാ പണികളും വല്യമ്മച്ചിയുടെ നിയന്ത്രണത്തില്‍ തന്നെ പൂര്‍ത്തിയാക്കുമ്പോള്‍ ചേച്ചിയോടും എന്നോടും പറയും.
“മകളേ, പ്രിയേ.. വല്യമ്മച്ചിയോടു പിണക്കം തോന്നരുത്,
ഒരു തേങ്ങകൂടി പൊതിച്ചിട്ടാല്‍ രാവിലെ നിങ്ങടെ അമ്മയ്ക്ക് ജോലി എളുപ്പമാവും.
ലതീ, മക്കള്‍ക്ക് പറ്റുമെങ്കില്‍ ആചേരയില്‍ (വിറകിടാനുള്ള മച്ച്) കയറി രണ്ട് വിറകെടുത്ത് കൊത്തിക്കീറി യിട്ടിട്ട് പോയി കിടന്നോളൂ. നിങ്ങടെ അമ്മയ്ക്ക് അല്ലെങ്കില്‍ രാവിലെ കഷ്ടപ്പാടാകും”.
“ഈ വല്യമ്മച്ചീടെ ഒരു കാര്യം” എന്നു പറഞ്ഞ് ഞാനും
ചേച്ചിയും എല്ലാം അനുസരിയ്ക്കും.
അപ്പോഴേയ്ക്കും വല്യമ്മച്ചി പായ വിരിച്ചു തുടങ്ങും.
പിന്നെ ഒരു ചെറിയ ജോലിയുണ്ട്.
വല്യമ്മച്ചിയുടെ കാല്‍ മുട്ടുകളില്‍ കുഴമ്പിട്ടു കൊടുക്കല്‍.
അതു കഴിഞ്ഞാല്‍ ഒരുമ്മയും ഒരനുഗ്രഹവും.
“ഇനിയെന്റെ മക്കളു പോയി കിടന്നോളിന്‍ ”എന്നൊരുനിര്‍ദ്ദേശവും.

ഞങ്ങളെ വല്യമ്മച്ചി ഒരിയ്ക്കലും വഴക്കു പറഞ്ഞിരുന്നില്ല.
പക്ഷേ, വീട്ടില്‍ വരുമ്പോഴൊക്കെ അടുക്കളയാകുന്ന
സാമ്രാജ്യത്തിന്റെ ഒരു കോണിലിരുന്ന്, കിരീടമോ ചെങ്കോലോ
ഇല്ലാതെ ഞങ്ങളുടെ വല്യമ്മച്ചി എന്നെയും ചേച്ചിയെയും നീറ്റിലും നിലയ്ക്കും നിര്‍ത്താതെ പണിയെടുപ്പിച്ചിരുന്നു.
സുസ്മേര വദനയായി, ഞങ്ങളെ പുകഴ്തിയും പ്രോത്സാഹിപ്പിച്ചും വല്യമ്മച്ചി ഞങ്ങളെ ഓരോരോവീട്ടു ജോലികള്‍ ഏല്പിച്ചുകൊണ്ടേയിരുന്നു.
കണ്ണിമാങ്ങാ അച്ചാറിടാനും കപ്പ ഉണക്കാനും (വെള്ളുകപ്പ, ഉപ്പേരിക്കപ്പ, അവലുകപ്പ, വറ്റല്‍ - അങ്ങനെ വിവിധയിനം ഉണക്കുണ്ടായിരുന്നു)ചക്കപ്പഴം വരട്ടാനുമൊക്കെ വല്യമ്മച്ചീടെ സാന്നിദ്ധ്യം അമ്മയും ഞങ്ങളും ഇഷ്ടപ്പെട്ടിരുന്നു.

വല്യമ്മച്ചി വിശേഷം പറഞ്ഞാല്‍ തീരില്ല.
എം. എ രണ്ടാം വര്‍ഷം ഞാന്‍ ഹോസ്റ്റലിലായിരുന്നു താമസം.
എല്ലാ വെള്ളിയാഴ്ചയും വീട്ടില്‍ വരും.
ഒരു വെള്ളിയാഴ്ച വന്നപ്പോള്‍ വല്യമ്മച്ചി തീരെ സുഖമില്ലാതെ
കുഞ്ഞമ്മാവന്റെ വീട്ടിലാണെന്നറിഞ്ഞു.
എന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ല.
ചെന്നു കണ്ടപ്പോള്‍ വിഷമം തോന്നി. വല്യമ്മച്ചിയ്ക്ക് എഴുന്നേല്‍ക്കാനാവില്ല.
മുഖത്തെ പ്രസരിപ്പ് കുറഞ്ഞു.
കുറച്ചുനാള്‍ അങ്ങനെ കിടന്നു.കുഞ്ഞമ്മാവനും അമ്മായിയും മൂന്ന് ആണ്മക്കളുമാണവിടെയുള്ളത്.
രോഗ ശയ്യയിലായ വല്യമ്മച്ചിയെ പരിചരിക്കാന്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ചേച്ചിയും,
ശനിയും ഞായറും, ഞാനും പൊയ്ക്കൊണ്ടിരുന്നു.
മലിന വസ്ത്രങ്ങളൊക്കെ മാറ്റി തുടച്ച് കിടത്തുമ്പോള്‍വേദന കടിച്ചമര്‍ത്തിയും
വല്യമ്മച്ചി ചിരിയ്ക്കുമായിരുന്നു.

കാഴ്ചമങ്ങിയ കണ്ണുകള്‍ ഞങ്ങളുടെ കൈകള്‍ക്കു വേണ്ടി പരതും.
കയ്യ് പിടിച്ച് ഉമ്മ തരാനുള്ള പരതലാണത്.....
ഒരു തിങ്കളാഴ്ച ഞാന്‍ കോളജിലേയ്ക്ക് പോവാനൊരുങ്ങിയപ്പോള്‍ വല്യമ്മച്ചിയ്ക്ക് അസുഖം കൂടുതലാണെന്നറിഞ്ഞു.
ഓടിയെത്തിയപ്പോള്‍ മുതിര്‍ന്നവരൊക്കെ പറഞ്ഞു, സാരമില്ലെന്ന്.
വല്യമ്മച്ചിയും എന്നെ ആശ്വസിപ്പിച്ചു.
“മക്കള്‍ പൊയ്ക്കോ. ഇന്ന് ഹോസ്റ്റലില്‍ തങ്ങാതെ വന്നാല്‍ മതി.”
ഹോസ്റ്റലില്‍ തങ്ങാതെ ഞാന്‍ വീടെത്തിയപ്പോഴേയ്ക്കും വല്യമ്മച്ചി യാത്രയായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഞങ്ങളൊക്കെ ജനിയ്ക്കും മുന്‍പേ യാത്രയായ അപ്പൂപ്പന്റെ അടുത്തേയ്ക്ക്...

Saturday, January 24, 2009

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി.

“സജ്ജനങ്ങളെ കാണുന്നനേരത്ത് [malliyoor+sankaran+namoothiri.com]
ലജ്ജകൂടാതെ വീണു നമിക്കണം.”

പൂന്താനത്തിന്റെ‘ ജ്ഞാനപ്പാന’യിലെ ഈ വരികള്‍ മനസ്സില്‍
പണ്ടേ പതിഞ്ഞതിനാലാവാം
മള്ളിയൂര്‍ തിരുമേനിയെ കൂടുതല്‍ പരിചയപ്പെടാനുള്ള
അവസരം ഞാന്‍ നഷ്ടപ്പെടുത്താതിരുന്നത്.
കോട്ടയം ജില്ലയിലുള്ള കുറുപ്പുന്തറയ്ക്കടുത്തുള്ള
മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം തൊണ്ണൂറുകളുടെ
ആദ്യം മുതലാണ് ഇത്ര പ്രസിദ്ധമായിത്തുടങ്ങിയത്.
ഭരണാധികാരികളും സമൂഹത്തിന്റെ വിവിധ തുറകളിലെ
പ്രശസ്തരും അടക്കം ആയിരങ്ങള്‍ ഈ ക്ഷേത്രത്തിലെ
ചടങ്ങുകളിലും മറ്റും ഭാഗഭാക്കാകാന്‍ തുടങ്ങി.
ഗണേശ ദര്‍ശനത്തിനും പൂജാദി കര്‍മ്മങ്ങള്‍ക്കും ഒപ്പം പ്രാധാന്യത്തോടെ
അവരെല്ലാവരും മറ്റൊരു കാര്യം കൂടി ആഗ്രഹിച്ചിരുന്നു.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെഒരു നോക്കു കാണുക
എന്നതു മാത്രമായിരുന്നു അത്.
ഒരു കുളിര്‍തെന്നലേല്‍ക്കും പോലെ,
പച്ചപ്പാടത്തേയ്ക്കോ കടലലകളിലേയ്ക്കോ കായല്‍പ്പരപ്പിലേയ്ക്കോ
ആകാശനീലിമയിലേയ്ക്കോ കണ്ണും നട്ടിരിക്കും പോലെ,
ശാന്തി പകരുന്നതാണാ പുണ്യാത്മാവുമായി ചിലവഴിക്കുന്ന നിമിഷങ്ങള്‍.
അതുകൊണ്ടാവാം വന്നുപോയവരൊക്കെ മള്ളിയൂരിനെ കാണാന്‍ വീണ്ടും വരുന്നത്.
എണ്‍പതുകളുടെ അവസാന പകുതിയില്‍
സമാന്തര വിദ്യാഭ്യാസരംഗത്ത് കുറച്ചുകാലം പ്രവര്‍ത്തിച്ചപ്പോള്‍
മള്ളിയൂരിന്റെ ഇളയ പുത്രന്‍ ദിവാകരന്‍ നമ്പൂതിരി എന്റെ വിദ്യാര്‍ത്ഥിയായിരുന്നു.
പിന്നീട് 1991ല്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പരിപാടികള്‍ മള്ളിയൂരില്‍ ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചപ്പോള്‍,
ദിവാകരന്‍ നമ്പൂതിരിയുടെ പ്രത്യേക ക്ഷണം ലഭിച്ചതും അന്നു മുതല്‍
മള്ളിയൂരില്‍ ഇടയ്ക്കൊക്കെ പോകാനായതും എന്നെ അവിടവുമായി കൂടുതല്‍ അടുപ്പിച്ചു.
നിരവധി തവണ ഭാഗവത ഹംസത്തിന്റെ
ശാന്ത സുന്ദരമായ സംഭാഷണം കേട്ട് മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്.
ഇന്നിപ്പോള്‍ ആരോഗ്യം സംസാരത്തിന് തടസ്സമാണ്. കഴിഞ്ഞ മാസം ഞാന്‍
അവിടെച്ചെന്നപ്പോള്‍ അളന്നും തൂക്കിയുമായിരുന്നു സംസാരം.
എങ്കിലും അസുഖത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു.

ഇല്ലത്തെ ദാരിദ്ര്യത്തെക്കുറിച്ചും, ഭാഗവതപാരായണത്തിലേയ്ക്കു വന്ന
വഴിയെക്കുറിച്ചുമൊക്കെ തിരുമേനി തന്നെ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.

ബാല്യം മുതലേ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്ന ഒരു ബാലനായിരുന്നത്രേ ശങ്കരന്‍ .
അദ്ദേഹത്തിന്റെ ഇല്ലത്ത് അക്കാലത്ത് വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.
കൊച്ചു ശങ്കരനാകട്ടെ, രോഗമൊഴിഞ്ഞ കാലം അന്യമായിരുന്നു.
പൂജാദി കാര്യങ്ങള്‍ അഭ്യസിച്ച ശേഷം ശങ്കരന്‍,
ശാന്തിയ്ക്ക് കോഴിക്കോട്ട് പോയി. രോഗം ശങ്കരനെ വല്ലാതെ അലട്ടി.
വൈദ്യന്‍ മരുന്നിനൊപ്പം സൂര്യ നമസ്കാരത്തിന് നിര്‍ദ്ദേശിച്ചു.
അന്നുമുതലിങ്ങോട്ട് ശങ്കരന്‍ നമ്പൂതിരി പരിധിയില്ലാതെ നമസ്ക്കാര കര്‍മ്മം നടത്തി.
അടുത്ത കാലത്ത് രോഗം കലശലായപ്പോഴാണ് ഈ പതിവു മുടങ്ങിയത്.
അമ്മയാണ് ശങ്കരനെ ഗുരുവായൂരപ്പ സേവയ്ക്ക് നിര്‍ദ്ദേശിച്ചത്.
അമ്മയുടെ സമ്പാദ്യമായിരുന്ന ഒരു രൂപ മകന് നല്‍കി.
അതുമായി ശങ്കരന്‍ യാത്ര തുടങ്ങി.
വഴിക്ക് അമ്മയുടെ അമ്മാത്തു നിന്ന് ഒരു രൂപ കിട്ടി.
മൂവാറ്റുപുഴ വരെ നടന്നു. ചെറിയമ്മയുടെ സഹോദരി രണ്ട് രൂപ കൊടുത്തു.
ശങ്കരന്‍ ഒരുവിധത്തില്‍ ഗുരുവായൂരെത്തി.
ബ്രഹ്മശ്രീ പടപ്പ നമ്പൂതിരിയില്‍ നിന്നാണ് ശങ്കരന് ഭാഗവതോപദേശം ലഭിച്ചത്.
സ്വന്തമായി ഒരു ഭാഗവതം ഇല്ല എന്ന വിഷമത്തിലായി ശങ്കരന്‍.
ഗുരുവായൂരപ്പന്റെ മഹാ ഭക്തയായിരുന്ന അമ്മ്യാര് ശങ്കരന് ഭാഗവതം കൊടുത്തുവിട്ടു.

അറിവു നേടി തിരിച്ചെത്തിയ ശങ്കരന്‍ രോഗിയായ അമ്മയെ പരിചരിച്ചു.
അമ്മയ്ക്ക് ഭഗവല്‍ കഥകള്‍ പറഞ്ഞു കൊടുത്തു.
അമ്മയുടെ വേര്‍പാട്, നിരന്തരമായുണ്ടായ അസുഖങ്ങള്‍ - ഒന്നും ശങ്കരനെ തളര്‍ത്തിയില്ല.
സൂര്യ നമസ്കാരം മുടക്കിയില്ല, ഭാഗവത പാരായണവും.

ഭാര്യ സുഭദ്ര അന്തര്‍ജ്ജനം ഇന്നു ജീവിച്ചിരിപ്പില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍
ഒരു ആഘോഷം നടക്കുന്ന സമയത്താണ്, മള്ളിയൂരിന്റെ പ്രിയ പത്നി സുഭദ്ര അന്തര്‍ജ്ജനം കുളിക്കടവില്‍ വീണ് മരിച്ചത്.
നാലുമക്കള്‍. ആണ്‍ മക്കള്‍ രണ്ടു പേരും ഇന്ന് ഭാഗവത ഹംസത്തിന്റെ പാത പിന്‍ തുടര്‍ന്ന്, ഭഗവത്സേവയില്‍ മുഴുകി കഴിയുന്നു.
ഒരുകാലത്ത് ജീര്‍ണ്ണാവസ്ഥയിലെത്തിയ മള്ളിയൂര്‍ ക്ഷേത്രം
ഇന്ന് ഭക്തജനങ്ങളുടെയും സജ്ജനങ്ങളുടെയും സഹായത്താല്‍ പുതുക്കി പണിതിരിക്കുന്നു
അടുത്ത കാലത്ത് ഒരു ഭക്തന്‍, തിരുമേനിയ്ക്ക് താമസിക്കാനായി നല്ലൊരു വീട് പണിതു കൊടുക്കുകയുണ്ടായി. പണത്തിനും പ്രതാപത്തിനുമൊന്നും യാതൊരു വിലയും
കല്പിക്കാത്ത ഈ കൃഷ്ണ ഭക്തനെ ഒരു നോക്കു കാണാനും
ഒന്നു നമസ്കരിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും
ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് മണ്ഡലവ്രതക്കാലത്ത് ശബരിമലയില്‍ പോകുന്നവര്‍.
കഴിഞ്ഞ വെള്ളിയാഴ്ച(ജനുവരി 23) മള്ളിയൂരിന് എണ്‍പത്തെട്ടു വയസ്സായി.
കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയടക്കമുള്ള വിശിഷ്ട വ്യക്തികള്‍
എത്തിയിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ തന്നെയിതൊന്നും
ബാധിക്കുന്നില്ല എന്ന മട്ടില്‍ സുസ്മേര വദനനായി,
അനാരോഗ്യത്തെ അവഗണിച്ച് മള്ളിയൂര്‍ വേദിയിലിരിപ്പുണ്ടായിരുന്നു.
ആഘോഷങ്ങളില്‍പങ്കെടുത്ത് അവിടെ നില്‍ക്കാനുള്ള
ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അന്ന് എന്നെ സമയം അതിനൊന്നും
അനുവദിച്ചിരുന്നില്ല . ഒരു പിടി പൂക്കള്‍ നല്‍കി, പാദ നമസ്കാരം ചെയ്യുമ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.
എന്റെ കണ്ണുകളിലാ ദൃഷ്ടികള്‍ പതിഞ്ഞു.
സ്നേഹവും വാത്സല്യവും നിറഞ്ഞ നോട്ടം.
ഈപുണ്യാത്മാവു ജീവിച്ചിരിക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം!
ഞാന്‍ മനസ്സിലോര്‍ത്തു.”ഊണ് കഴിഞ്ഞു പോകാം” ഞാന്‍ പോവാനിറങ്ങുന്നതു കണ്ട് പലരും പറഞ്ഞു. “അല്പം തിടുക്കമുണ്ട് ”.തിരുമേനിയുടെ പേരക്കിടാവ് ജിഷ്ണുവിനോട് യാത്ര പറഞ്ഞ്,
ഞാന്‍ പുറത്തേയ്ക്കിറങ്ങി.
ഭാഗവത പാരായണ വൈദഗ്ദ്ധ്യം കൊണ്ട്,‘ ഭാഗവത ഹംസം’ എന്ന
വിളിപ്പേര് സ്മ്പാദിച്ച മള്ളിയൂര്‍തിരുമേനിയെ
ഒരു നോക്കു കാണാന്‍ നൂറു കണക്കിനാളുകളപ്പോഴും
അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ജീവിത ക്ലേശങ്ങളെ അതിജീവിച്ച് വിദ്യ നേടിയ ആ മഹാനെ കണ്ട് കാണിക്കയര്‍പ്പിക്കാന്‍
ആളുകള്‍ ഇന്ന് മത്സരിക്കുന്നു.
മള്ളിയൂര്‍ തിരുമേനിയ്ക്ക് ചെമ്പു തുട്ടും വെള്ളിത്തുട്ടും ആകര്‍ഷണ വസ്തുക്കളേയല്ല.
മഹാ പണ്ഡിതനും നല്ലൊരു കവിയുമായ
മള്ളിയൂര്‍ തിരുമേനി ഈ ജന്മം മുഴുവന്‍ ഭാഗവതമയമാക്കി.
“...................................................................................................
...................................................................................................
ഇഹത്തിലും പരത്തിലുമൊരുപോലെ സുഖം നല്‍കും
മഹത്തരമായവിത്തം വിദ്യതാനല്ലോ.
ചെമ്പു തുട്ടും വെള്ളിത്തുട്ടും നേടിവച്ചു സുഖത്തിന്റെ
പിന്‍പെയോടി മേടിയ്ക്കുന്നു ദു:ഖത്തെ മര്‍ത്ത്യന്‍
കുന്നു പോലെ പണം കൂട്ടിയതിന്മീതെയിരുന്നാലും
കുന്നിപോലും കുറയില്ല ദാരിദ്ര്യദു:ഖം.
ഒരുകുന്നുകൂടിയിതേവിധമൊന്നു ചമയ്ക്കേണം
തരമെങ്കില്‍ മരിയ്ക്കും മുന്‍പൊന്നുകൂടിയും
ഇതേവിധം മനോരാജ്യം കരേറുന്ന കാലത്തുണ്ടോ
മതിയതില്‍ സുഖലേശം മനുജനോര്‍ത്താല്‍?
.........................................................................
.........................................................................”
(മള്ളിയൂരിന്റെ ‘സൂക്തിമഞ്ജരിയില്‍ നിന്ന്)