Tuesday, August 21, 2012

മാഷച്ഛൻ - പിതൃ സ്നേഹത്തിന് ഇങ്ങനെയും ഒരു മാനം.

1992ലായിരുന്നു ഞങ്ങളുടെ വിവാഹം. സുഭാഷ് ചേട്ടന്റെ നാട്ടിലെ ഒട്ടനവധി പേരെ വിവാഹ നാൾ തന്നെ വൈകുന്നേരം നടന്ന ചായ സൽക്കാര വേളയിൽ പരിചയപ്പെടാനിടയായി. എന്നാൽ ഞാന്‍ വളരെ വൈകിയാണ് ഹേമപ്രഭ ടീച്ചറെ പരിചയപ്പെട്ടത്.  ഒരു വിവാഹ സൽക്കാര വേളയിൽ മുനമ്പത്ത്  വച്ച്. ആയിടക്കായിരുന്നു അവരുടെ ഏക മകന്‍  മനോജിന്റെ (ഞങ്ങളുടെയൊക്കെ അമ്പാടി, ബ്ലോഗർമാരുടെ നിരക്ഷരൻ) വിവാഹം കഴിഞ്ഞത്. മരുമകൾ ഗീതയെക്കുറിച്ച് ആ അമ്മ വാചാലയായി. മകന്റെ വിവാഹ ഫോട്ടോയില്‍ ഒരെണ്ണം എന്നെ കാട്ടിത്തന്നു.  മുഖശ്രീയുള്ള പെൺകുട്ടി. ഞാൻ അതെക്കുറിച്ചു പറഞ്ഞപ്പോൾ ഐശ്വര്യം തുളുമ്പുന്ന ഹേമപ്രഭാടീച്ചറിന്റെ മുഖം സന്തോഷംകൊണ്ടു വിടർന്നു. ഇത്തിരി നേരം കൊണ്ടു ഒത്തിരി വർത്തമാനം പറഞ്ഞു അവർ. മുനമ്പത്തെ വീട്ടിലേയ്ക്ക് മോളു വരണം എന്നും പറഞ്ഞു.

അക്കാലത്ത് കോട്ടയത്ത് പത്ര പ്രവർത്തകയായി ജോലി നോക്കിയിരുന്നതിനാൽ എനിക്ക് ചെറായിയിൽ വന്നു നിൽക്കാൻ സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് മുനമ്പത്തും പോകാനായില്ല. എങ്കിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലെ പല ചടങ്ങുകളിലും പിന്നെയും ഞങ്ങൾ കണ്ടുമുട്ടി. റിട്ടയേർഡ് എ.ഇ.ഒ രവീന്ദ്രൻ മാഷിന്റെ ഭാര്യ, അദ്ധ്യാപികമാരായ നീതയുടെയും ബിന്ദു(സുനീത) വിന്റെയും എഞ്ചിനീയറായ മനോജിന്റെ(അമ്പാടി) യും അമ്മ എന്ന നിലയിൽ ഈ മുൻ കായികാദ്ധ്യാപിക ഒരുപാടു വിശേഷങ്ങൾ അന്നൊക്കെ എന്നോടു കൈ മാറുമായിരുന്നു. സുഭാഷ്  ചേട്ടന്റെ കുടുംബവുമായി അടുത്തബന്ധം ടീച്ചറിന്റെ കുടുംബത്തിനും മാഷിന്റെ കുടുംബത്തിനുമുണ്ടായിരുന്നു എങ്കിലും അത്തരമൊരു ബന്ധമല്ലായിരുന്നു, ഞങ്ങളും അവരുമായുണ്ടായിരുന്നത്. ചേട്ടന്‍  പണ്ടു മുതൽക്കേ ടീച്ചറേ എന്നു വിളിച്ചിരുന്നത് അറിയുമെങ്കിലും ഞാനവരെ എപ്പോഴോ അമ്മയെന്നു വിളിച്ചു തുടങ്ങിയിരുന്നു. ആ അമ്മ പിന്നീട് ഞങ്ങളുടെ ചെറായി വീട്ടിൽ വന്നത് സുഭാഷ് ചേട്ടന്റെ അമ്മ മരിച്ച സമയത്താണ്. ഒരുപാടു സമയം എന്റെ അടുത്തിരുന്നിട്ടാണ് ആ അമ്മ അന്നു പോയത്. മനോജിനെ ഞാൻ ആദ്യമായി കണ്ടതും അന്നാണെന്നു തോന്നുന്നു.

മുനമ്പത്തെ പോണത്തു വീട്ടിൽ ഞാൻ ആദ്യമായി പോയത് 2000ൽ ആണ്. സുഭാഷ് ചേട്ടൻ രവീന്ദ്രൻ മാഷ് എന്നു വിളിയ്ക്കുന്ന എന്റെ മാഷച്ഛനെയും നീതയെയുമൊക്കെ അടുത്തു പരിചയപ്പെട്ടതും അപ്പോഴാണ്. എനിയ്ക്ക് ആ വീട്ടിലെ എല്ലാവരോടും ഇഷ്ടമായി. നീതയുടെ മകൻ ബബിലു (തേജസ് കൃഷ്ണ) അടക്കമുള്ളവരെ.  ചെറായിയിൽ നിന്നും മുനമ്പത്തേയ്ക്കു 6കിലോ മീറ്റർ ദൂരമുണ്ടെങ്കിലും വാരാന്ത്യത്തിൽ നേരേ മുനമ്പത്തെത്തി അത്താഴം കഴിഞ്ഞു ചെറായിയിൽ പോവാൻ എനിയ്ക്ക് ഇഷ്ടമായിരുന്നു. സുഭാഷ് ചേട്ടനു നല്ല മിന്‍കറിയോ ചിക്കനോ ഒക്കെ ലഭിക്കുമ്പോൾ വെജിറ്റേറിയനായ എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ അമ്മയും നീതയും കരുതി വയ്ക്കുമായിരുന്നു. സ്നേഹനിധിയായ അച്ഛന്റെ നേതൃത്വത്തിലുള്ള അത്താഴം സത്യത്തിൽ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പിന്നെപ്പിന്നെ ആ വിട്ടിലെ അത്താഴം എന്റെ ദൌര്‍ബല്യമായി മാറി. ചെറായിയിലേയ്ക്കു വാരാന്ത്യത്തിൽ എത്തിയിരുന്ന കണ്ണനും മുനമ്പത്തെ അപ്പൂപ്പനെയും അമ്മൂമ്മയെയും നീതാന്റിയെയും ബബിലുച്ചേട്ടനെയും വല്യ ഇഷ്ടമായിരുന്നു. കോട്ടയത്തെ വീട്ടിൽ സുലഭമായി കിട്ടാത്ത കടൽ മത്സ്യങ്ങളും ഞണ്ടും കട്ടിൽ ഫിഷുമൊക്കെ കണ്ണൻ വൈവിദ്ധ്യമാർന്ന രുചികളിൽ ആസ്വദിച്ചതും ഇവിടെനിന്നു തന്നെ. അത്താഴം കഴിഞ്ഞല്ലോ. ഇനി വീട്ടിൽ പോയി കിടന്നാൽ മതിയല്ലോ! അവിടെയാണെങ്കിൽ കാത്തിരിയ്ക്കാൻ ആരുമില്ല താനും. ഒരു പക്ഷെ സുഭാഷ് ചെട്ടന്റെ മാതാപിതാക്കൾ ഇല്ലാത്തതു കാരണം ഞാൻ ഈ അച്ഛനമ്മമാരുടെ സാന്നിദ്ധ്യം വല്ലാതെ ഇഷ്ടപ്പെട്ടു കാണും. ഒരുപാടു നേരം അങ്ങനെ മുനമ്പത്തെ വീട്ടിൽ കഴിച്ചു കൂട്ടിയിട്ടേ ചെറായിയിലേയ്ക്കു പോകൂ. രവീന്ദ്രൻ മാഷിനു പ്രായാധിക്യത്താൽ അല്പം കേൾവിക്കുറവുണ്ട്. അധികം സംസാരമില്ല. ആ കണ്ണുകളിൽ എപ്പോഴും സ്നേഹം നിറഞ്ഞു തുളുമ്പിയിരുന്നു. 

കൊച്ചുമകൾ നേഹയ്ക്കൊപ്പം മാഷച്ഛൻ
ബിന്ദുവിനെ വിളിക്കുന്നതു പോലെ അച്ഛൻ എന്നെ കോട്ടയത്തേയ്ക്കു വിളിച്ചു സ്നേഹം പറയാറുണ്ട്. ഇടയ്ക്കെപ്പോഴോ അച്ഛൻ ഒരു മൊബൈൽ ഫോൺ വാങ്ങി. മക്കൾക്കെല്ലാം ആ നമ്പര്‍ വിളിച്ചു കൊടുത്തപ്പോൾ എനിയ്ക്കും  തന്നു. എന്നിട്ടു പറഞ്ഞു  “എന്നെ ഈ നമ്പറിൽ മോള് വിളിക്കരുത്, ഞാൻ കേട്ടെന്നു വരില്ല. ഇങ്ങോട്ടുള്ള വിളി ലാന്റ് ഫോണിൽ മതി. ആരെങ്കിലും വിളിച്ചു തരുമല്ലോ. അച്ഛന്റെ വിളി രണ്ടാഴ്ചയിൽ ഒന്നെങ്കിലും വന്നിരുന്നു. എന്റെ അച്ഛനെയും അമ്മയെയും പ്രത്യേകം വിളിച്ച് ക്ഷേമം അന്വേഷിക്കാനും അദ്ദേഹം ഉത്സാഹം കാട്ടിയിരുന്നു. കണ്ണനും അപ്പൂപ്പന്റെ സ്പെഷ്യൽ വിളികളുണ്ടായിരുന്നു. ബിന്ദുവിന്റെ മകൾ പൊന്നുവിനെ വിളിക്കുമ്പോഴൊക്കെ അച്ഛൻ കണ്ണനെയും വിളിച്ചിരുന്നു. പഠിത്തക്കാര്യത്തിനു വേണ്ട ഉപദേശങ്ങൾ നൽകലാവും അത്. പരീക്ഷക്കാലങ്ങളിലും ഉണ്ട് പ്രത്യേകം വിളി.

ഞാനും കണ്ണനും ഓണത്തിനും വിഷുവിനും ചെറായിയിൽ പോകുമ്പോഴാവും സുഭാഷ് ചേട്ടന്റെ ചേട്ടന്മാരുടെ കുടുംബാംഗങ്ങളുമായി ഒരുമിച്ചൊരു ദിവസം കൂടുന്നത്. എങ്കിലും ഞങ്ങൾ മുനമ്പത്ത് പോകാൻ സമയം കണ്ടെത്തിയിരുന്നു. വിഷു നാളിലായിരുന്നു, മാഷച്ഛന്റെ പിറന്നാൾ. അന്നു കോട്ടയത്തേയ്ക്ക് എന്റെ അച്ഛനമ്മമാരെ വിളിക്കുന്നതിനൊപ്പം മാഷച്ഛനെയും വിളിച്ചിരുന്നു. തിരിച്ചു കോട്ടയത്തേയ്ക്കു പോരും മുൻപ് തമ്മിൽ കാണുകയും ചെയ്യും. അമ്പാടി അബുദാബിയിലും ഗീത എറണാകുളത്തും യു.കെ. യിലുമൊക്കെയായിരുന്നെങ്കിലും നേഹമോളോടൊത്ത് യാത്ര പോകുമ്പോൾ കോട്ടയത്തു വരാനും ശ്രമിച്ചിരുന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം സന്തോഷം പകർന്നിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എന്റെ ഭർതൃ ഗൃഹത്തിലെ ഏറ്റം അടുത്ത ബന്ധുക്കളുടെ ഗണത്തിലെ ഒന്നാം നിരയിലേക്കെത്തി, ഈ കുടുംബം. അമ്മ അക്ഷരശ്ലോകം ചൊല്ലും. ഞങ്ങൾ എല്ലാവരും ചിലപ്പോൾ കവിതയും പാട്ടുമൊക്കെ പാടി കുറച്ചു സമയം ചെലവഴിച്ചിരുന്നു.

നീതയുടെയും ബിന്ദുവിന്റെയും കുടുംബത്തിനൊപ്പം മക്കളുടെ ഒഴിവുകാലത്ത് ഞങ്ങൾ യാത്ര പോവാൻ ശ്രമിച്ചിരുന്നു. ബിന്ദുവിന്റെ ഭർത്താവ് ഡോ. വത്സലനും ഞങ്ങളോടൊപ്പം യാത്ര പോരാൻ സന്തോഷമായിരുന്നു. നീതയും മകൻ ബബിലുവും അടുത്ത് എപ്പോഴും വേണമെന്നു നിർബന്ധമായിരുന്നു അച്ഛന്. ഉല്ലാസ യാത്രകൾക്കായി അവർക്കു വേണ്ടി എപ്പോഴും അനുവാദം ചോദിച്ചിരുന്നത് ഞാനായിരുന്നു. അടുത്ത് ചെന്ന് നയപരമായി ചോദിക്കുമ്പോൾ അനുവാദം നൽകും. ചില വേളകളിൽ ഇത്തരം അനുവാദങ്ങൾക്കായി നീത എനിയ്ക്കുവേണ്ടി കാത്തിരുന്നിരുന്നു.

കോട്ടയത്തെ എന്റെ വീട്ടിലും മറ്റും പോവാനും ഇഷ്ടമായിരുന്നു നീതയ്ക്കും അമ്മയ്ക്കും. നീതയാവട്ടെ പരീക്ഷാ പേപ്പർ വാല്യുവേഷന് കോട്ടയത്തെക്കു ചോയ്സ് വച്ച്, അച്ഛന്റെ അനുവാദത്തോടെ എന്നോടൊപ്പം നിന്നിരുന്നു.

ഞാൻ ഏറ്റുമാനൂരെ വീട് സഹോദരന് നൽകി കുമാരനല്ലൂരിൽ വീട് വാങ്ങിയപ്പോൾ മുതൽ അച്ഛൻ അവിടം സന്ദർശിക്കാൻ തിടുക്കം കൂട്ടി. ഒരുനാൾ വന്നു. പതിനായിരം രൂപയ്യുടെ ചെക്ക് തന്നിട്ടു പറഞ്ഞു,
എന്തു വാങ്ങണം എന്ന് അച്ഛനറിയില്ല, മോൾക്കിഷ്ടമുള്ളത് വാങ്ങാനാ, എന്ന്.

സുഭാഷ് ചേട്ടനും, മാഷച്ഛനും മറ്റൊരു ബന്ധുകൂടിയായ പുഷ്പൻ ചേട്ടനും വലിയ സുഹൃത് ബന്ധം പുലർത്തിയിരുന്നു. ചേട്ടനെന്നെ കോട്ടയത്തെയ്ക്കു വിളിക്കുമ്പോൾ ഞങ്ങളുടെ സംസാരത്തിൽ കടന്നു വരുന്ന രണ്ടു പേരാണ് മാഷച്ഛനും പുഷ്പൻ ചേട്ടനും. അച്ഛനെന്നു പറഞ്ഞാൽ മനസ്സിലാകില്ലെന്നോർത്താണ്, ഞാൻ ചേട്ടനോട് മാഷച്ഛൻ എന്നു പറഞ്ഞു തുടങ്ങിയത്. ഈ മൂവർ സംഘത്തിനിടയില്‍  ഇണക്കവും പിണക്കവും ഒക്കെ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അച്ഛനും പുഷ്പൻ ചേട്ടനും തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാൽ സുഭാഷ് ചേട്ടനായിരുന്നു, മദ്ധ്യസ്ഥൻ. പക്ഷേ, അവരുടെ സ്നേഹ ബന്ധം സുദൃഢമായിരുന്നു താനും.

ഒരു ദിവസം മുനമ്പത്തെ വീട്ടിലിരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛൻ പറഞ്ഞു, എനിയ്ക്ക് മൂന്നു പെണ്മക്കളുണ്ടെന്ന്(എന്നെക്കൂടെ കൂട്ടി). എന്റെ കണ്ണൂകൾ നിറഞ്ഞു പോയി. ഞാനറിയാതെ അച്ഛനെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയ നിമിഷങ്ങളായിരുന്നു, അത്.  ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹം പകർന്നു തരുന്ന ആ പിതാവ് ആഴ്ചയിൽ ഒരിയ്ക്കലെങ്കിലും എന്നെ വിളിച്ചു തുടങ്ങി. ഈ സ്നേഹമൊക്കെ അറിഞ്ഞാവാം, അച്ഛന്റെ ഇളയമകൾ ബിന്ദു (മലപ്പുറത്ത് ടീച്ചർ, താമസം ഗുരുവായൂരിൽ) എന്നെ കൊച്ചേച്ചി എന്നു വിളിച്ചു തുടങ്ങി. ഞാനില്ലാത്തപ്പോൾ കോട്ടയത്തെ വീട്ടിൽ വിളിച്ച് എന്റെ അച്ഛന്റെയും അമ്മയുടേയും ക്ഷേമം അന്വേഷിക്കും. 2004-ൽ ഞാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ കോട്ടയം പൌരാവലി എനിയ്ക്ക് യാത്രയയപ്പ് നൽകി. ആ ചടങ്ങിൽ പങ്കെടുക്കാൻ ആരോഗ്യം വക വയ്ക്കാതെ അച്ഛനും കോട്ടയം വരെ എത്തിയത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. ബിന്ദുവിന്റെ മകൾ പൊന്നുവിനെ ഗുരുവായൂരേക്ക്  വിളിക്കുമ്പോലെ തന്നെ  കോട്ടയത്തേയ്ക്കു വിളിച്ച് എന്റെ കണ്ണന്റെ വിശേഷങ്ങൾ അച്ഛൻ തിരക്കുമായിരുന്നു.

ചിലപ്പോൾ മുനമ്പത്തെത്തുമ്പോൾ അച്ഛൻ വളരെ അസ്വസ്ഥനായിരിക്കുന്നത് കാണാമായിരുന്നു. നീതയും ബിന്ദുവും അച്ഛനോടു ബഹുമാനപൂര്‍വ്വം അല്പം അകലം പാലിച്ചിരുന്നത്  അറിയാമായിരുന്നു എങ്കിലും, ഞാൻ അടുത്ത് ചെന്ന് കുശലം ചോദിക്കും. എന്തെങ്കിലുമൊക്കെ പറഞ്ഞ് ചിരിപ്പിക്കും. യുക്തിവാദിയായ അച്ഛന്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ വാചാലനായിരുന്നു. അച്ഛന്റെ മുറിയിലെ മേശയുടെ മുകളിലുള്ള ചില്ലിനു കീഴെ അദ്ദേഹം  മക്കളുടേയും പേരക്കിടാങ്ങളുടേയും ഭാര്യയുടേയുമൊക്കെ പഴയ ചിത്രങ്ങൾ സൂക്ഷിച്ചിരുന്നത് എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. പുറമേ അവരോടൊന്നും അത്ര വലിയ സ്നേഹം പ്രകടിപ്പിക്കാത്ത ആ അച്ഛന്റെ മനസ്സ് ഇരമ്പുന്ന ഒരു കടലാണെന്ന് എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലതൊക്കെ അദ്ദേഹം തന്റെ ഡയറിയില്‍ കുറിക്കുമായിരുന്നു. തന്റെ മുറിയിലേക്ക് വിളിച്ചിരുത്തി എന്നെയും സുഭാഷ് ചേട്ടനെയും ചില കുറിപ്പുകള്‍ കാട്ടിത്തന്നിരുന്നു. തന്റെ കുടുംബാംഗങ്ങളോടുള്ള സ്നേഹവും കരുതലും മാഷച്ഛന്‍ ആ ഡയറിക്കുറിപ്പുകളില്‍ ഒളിപ്പിച്ചു വച്ചിരുന്നു.

ഞാനും സുഭാഷ് ചേട്ടനും ഒരു ലക്ഷ്യവും വയ്ക്കാതെ ഇങ്ങനെ പൊതുപ്രവർത്തനം നടത്തുന്നതിൽ ചിലപ്പോഴൊക്കെ മാഷച്ഛൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കാലം മാറിയതിനാൽ ഇത്തരം പൊതുപ്രവർത്തനം തുടരുക ദുഷ്കരമാണെന്നായിരുന്നു, അദ്ദേഹത്തിന്റെ പക്ഷം.

ഒട്ടും മോശമല്ലാത്ത സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്ന മാഷച്ഛൻ ലളിത ജീവിതം നയിച്ചിരുന്നു. കണ്ണിന്റെ തിമിര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം ഒരു മെഡിക്കൽ ക്യാമ്പിനെ ആശ്രയിച്ച് അരവിന്ദ് ആശുപത്രിയിൽ പരാശ്രയമില്ലാതെ പോയത് കുടുംബാംഗങ്ങൾക്കെല്ലാം ആശങ്കയുണ്ടാക്കിയിരുന്നു.

കഴിഞ്ഞ മാർച്ചിൽ എനിയ്ക്ക് അട്ടപ്പാടിയിൽ പോകേണ്ടിവന്നു. ഞങ്ങൾ കുടുംബ സുഹൃത്തായ ഡോ .അനീനും കുടുംബവുമായി പോവാൻ തീരുമാനിച്ചു. അന്നു വൈകുന്നേരം അച്ഛനു സുഖമില്ലാതെ ആശുപത്രിയിലാണെന്നറിഞ്ഞു. ഞങ്ങള്‍  പിറ്റേന്നു തിരിച്ചു വരും വഴി പറവൂരെ സ്വകാര്യ ആശുപത്രിയിൽ കയറി. മാഷച്ഛൻ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. അമ്പാടിയായിരുന്നു, അച്ഛനെ പരിചരിക്കാന്‍ നിന്നിരുന്നത്. അകത്ത് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. മാഷച്ഛന്‍ കിടക്കുന്നതു ചില്ലു ജനാലയിലൂടെ ഞങ്ങൾ കണ്ടു. അമ്പാടി  വെളിയിലിരുന്നു പുസ്തകം വായിക്കുന്നുണ്ടായിരുന്നു. അമ്പാടിയോട് ഞങ്ങള്‍ ഒരുപാടു നേരം  വർത്തമാനംപറഞ്ഞു. മാഷച്ഛന്‍  മാത്രമായിരുന്നു, ഞങ്ങളുടെ വിഷയം. രാത്രിയിൽ തന്നെ ഞങ്ങൾ പോന്നു. കോട്ടയത്തുനിന്നും അടുത്തദിവസം വിണ്ടും ഞാൻ ആശുപത്രിയിലെത്തി. മാഷച്ഛൻ ക്ഷീണിതനായിരുന്നു. എങ്കിലും പ്രസന്ന വദനനായിരുന്നു. മുനമ്പത്തെ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്. ഞാനും സുഭാഷ്‌  ചേട്ടനും  ഒരുപാടു നേരം അവിടെയിരുന്നു. മാഷച്ഛൻ പല വിഷയങ്ങളും സംസാരിച്ചു. മക്കളെക്കുറിച്ച്, പേരക്കിടാങ്ങളെക്കുറിച്ച്, ഞങ്ങളുടെ മകൻ കണ്ണനെക്കുറിച്ച്, ഞങ്ങളുടെ രണ്ടു പേരുടേയും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാവിയെക്കുറിച്ച്, ഇടത് വലത് പക്ഷങ്ങളെക്കുറിച്ച്... എല്ലാം.... ആരോടും  നേരിട്ട് സ്നേഹം പ്രകടിപ്പിക്കാത്ത, അദ്ദേഹത്തിന്റെ മനസ്സു നിറയെ സ്നേഹമായിരുന്നു. സ്നേഹിക്കുന്നവരോടെല്ലാം ഇത്രയധികം കരുതലുണ്ടോ എന്നു തോന്നിപ്പോയ നിമിഷങ്ങൾ. അന്നുതന്നെ ഞാന്‍ കോട്ടയത്തേക്ക് തിരികെ പോയി.

എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അച്ഛന്‍ എല്ലാവരെയും വിട്ട് യാത്രയായി. കേവലം പത്ത് വര്‍ഷം  കൊണ്ട് എനിക്കൊരുപാട് സ്നേഹം പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട മാഷച്ഛന്‍ !    ഇപ്പോഴും ഞങ്ങള്‍ മുനമ്പത്തെ പോണത്ത് വീട്ടില്‍ പോകാറുണ്ട്. അവിടത്തെ അമ്മയും മക്കളുമൊരുമിച്ചു ഭക്ഷണം കഴിക്കാറുമുണ്ട്‌. പക്ഷേ മാഷച്ഛനില്ലാത്ത ഊണ്  മേശ എന്നെ - അല്ല ഞങ്ങളെ എല്ലാവരെയും വേദനിപ്പിക്കുന്നു.