Monday, May 11, 2009

മറക്കാനാവാത്തവര്‍-13എന്റെ സ്വീറ്റ് 92



“ഹലോ ലതികമോളാണോ”
“ആരാ, എന്റെ സ്വീറ്റ് 92 ആണോ?”
“പിന്നെ അല്ലാതാരാ ഈ പാതിരായ്ക്ക് വിളിയ്ക്കുക”
കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ഇടയ്ക്കിടെ എന്നെ രാത്രി വളരെ വൈകി വിളിയ്ക്കുന്ന ഈ അമ്മയെ ഞാന്‍ സ്വീറ്റ് 92 എന്നാണിപ്പോള്‍ വിളിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വീറ്റ് 91 എന്നും അതിനു മുന്‍പ് സ്വീറ്റ് 90 എന്നും വിളിച്ചിരുന്നു. ഈ അമ്മയ്യുടെ പേര് തങ്കം ജേക്കബ് എന്നാണ്.
ഒറ്റയ്ക്കൊരു വീട്ടില്‍ താമസിയ്ക്കുന്ന ഒരു വൃദ്ധയെന്ന നിലയിലല്ല ഈ അമ്മ എന്നെ വൈകി വിളിയ്ക്കുന്നത്. എന്റെ എല്ലാ തിരക്കും കഴിഞ്ഞ്, കൂടുതല്‍ സംസാരിയ്ക്കുന്നതിനു വേണ്ടിയാണ്.അയ്മനത്തു പോയാല്‍ ഈ അമ്മയെ സ്ന്ദര്‍ശിക്കാന്‍ ഞാനും ശ്രമിയ്ക്കാറുണ്ട്.
ഗാന്ധിജിയെ കാണാന്‍ മുംബൈയിലെ ബിര്‍ളാ മന്ദിരത്തില്‍ പോയിരുന്നതിനെക്കുറിച്ച് അമ്മയെന്നോട് പറഞ്ഞത് ഇത്തരമൊരു ടെലിഫോണ്‍ സംഭാഷണത്തിലാണ്. ബിര്‍ളായുടെ പുത്രി, ശാന്തി ബിര്‍ളാ തന്റെ വിദ്യാര്‍ത്ഥിനിയായിരുന്നപ്പൊള്‍ സഹാദ്ധ്യാപികമാരുമായി കൂടെക്കൂടെ ഗാന്ധിജിയെക്കാണാന്‍ പോയിരുന്നത്രേ.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃ, കെ .എം‍. മുന്‍ഷി, ഡോ.എസ്. രാധാകൃഷ്ണന്‍, മഹാകവി രവീന്ദ്രനാഥ് ടാഗോര്‍, സരോജിനി നായിഡു, സക്കീര്‍ ഹുസ്സൈന്‍, രാജഗോപാലാചാരി, ജെ.സി ബോസ്, ഇന്ദിരാ ഗാന്ധി, പനമ്പള്ളി ഗോവിന്ദമേനോന്‍ തുടങ്ങിയ പ്രഗല്‍ഭമതികളുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിഈ അമ്മ പറയുന്നു.
ഇവര്‍ ഇപ്പോള്‍ താമസ്സിക്കുന്നത് അയ്മനം(അരുന്ധതീ റോയ് ഫെയിം) ഗ്രാമത്തിലെ പാണ്ഡവത്ത് കുന്നങ്കേരില്‍ വീട്ടിലാണ്. കാര്‍ഡമം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പരേതനായ ഡോ. കെ.ടി ജേക്കബിന്റെ ഭാര്യയാണ് ഇവര്‍. മുംബൈലെയും കുല്‍ക്കട്ടയിലെയും പ്രശസ്തമായ സ്കൂളുകളിലും കോളജുകളിലും ജോലിനോക്കിയ ഇവര്‍ വിരമിക്കുമ്പോള്‍ കല്‍ക്കട്ട ഗവ:വിമന്‍സ് കോളജില്‍ അദ്ധ്യാപികയായിരുന്നു.മകന്‍ രഞ്ജിത്തിന് ബാംഗ്ലൂരില്‍ ബിസിനസ്സാണ്. മകള്‍ ഷീല അമേരിക്കയില്‍ പരിസ്തിതി സംരക്ഷണ വകുപ്പില്‍ ജോലി നോക്കുന്നു.
എനിയ്ക്ക് ഈ അമ്മയോട് ഇത്ര അടുപ്പം തോന്നാന്‍ കാരണമെന്തെന്നോ? നമ്മുടെ നാട്ടിലെ വൃദ്ധമാതാപിതാക്കള്‍ ഏകാന്തതയെ ഭയപ്പെടുമ്പോള്‍ ഈ അമ്മ ഒറ്റയ്ക്കുള്ള ജീവിതം (ആഗ്രഹിച്ചതല്ലെങ്കിലും) നന്നായി ആസ്വദിക്കുന്നു. 1994-ല്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ കുറച്ചുനാള്‍ മകളോടൊപ്പം അമേരിക്കയില്‍ താമസ്സമാക്കിയെങ്കിലും തങ്കം ജേക്കബ് നാട്ടിലേയ്ക്കു പോന്നു. 1996-ല്‍ വീണ് തുടയെല്ലൊടിഞ്ഞതോടെ വാക്കറില്ലാതെ നടക്കാനാവാത്ത സ്ഥിതിയിലായി. ഇപ്പോള്‍ തങ്കം ജേക്കബ് സ്വന്തം നാട്ടില്‍ അറിയപ്പെടുന്നതു തന്നെ കാലൊടിഞ്ഞ അമ്മച്ചി എന്നാണ്.പകല്‍ ഒരു അയല്‍ക്കാരി സഹായത്തിനെത്തും.
സ്വീറ്റ് 92 ന്റെ ഇഷ്ട വിനോദംഎഴുത്തും വായനയുമാണ്. വായിക്കുന്നതൊക്കെ കുറിച്ചു വയ്ക്കും. ഇടയ്ക്കിടയ്ക്ക് പ്രാര്‍ത്ഥനയ്ക്കും ധാരാളം സമയം നീക്കി വയ്ക്കുന്ന ഈ അമ്മയ്ക്ക് പകലുറക്കമില്ല.ചെറുപ്പത്തിലേ നാടു വിട്ട് അന്യ ദേശങ്ങളിലായിരുന്നതിനാല്‍ എഴുത്തെല്ലാം ഇം ഗ്ലീഷിലാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഭരണാധിപന്മാര്‍ക്കും ഈ അമ്മ കത്തെഴുതാറുണ്ട്. ശ്രീ.വാജ് പേയ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ മുതിര്‍ന്ന പൌരന്മാരുടെ ട്രെയിന്‍ യാത്രാ ആനുകൂല്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. കാലവിളംബമെന്യേ ഫലമുണ്ടായി. പൊതുക്കാര്യത്തിനു വേണ്ടിയുള്ള അമ്മയുടെ കത്തെഴുത്ത് ഇന്നും തുടരുന്നു. പ്രാദേശികം മുതല്‍ ദേശീയം വരെയുള്ള വിഷയങ്ങള്‍ ഈ അമ്മയുടെ തൂലികയ്ക്ക് വിഷയമാകാറുണ്ട്.
കോലഞ്ചേരി മഴുവന്നൂര്‍ ഗ്രാമത്തിലെ മാടപ്പറമ്പില്‍ വീട്ടിലെ പത്തുമക്കളിലൊരുവളായി ജനിച്ച അമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ തീരില്ല.ഇടക്കിടയ്ക്കു ചോദിയ്ക്കും കൊച്ചിനു സമയമുണ്ടോ എന്ന്. റിസേര്‍ച്ചിന് ഗൈഡായിരുന്ന അദ്ധ്യാപകനുമായി ഏഴു വര്‍ഷം നീണ്ട പ്രണയം, വിവാഹം.. എല്ലാം ഈ അമ്മ മണി മണിയായി പറഞ്ഞു ചിരിയ്ക്കും. ആരോടും പരിഭവമില്ല. ആരുടേയും ദോഷം പറയാറുമില്ല. സന്തോഷം മാത്രം.

സാധുക്കള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യാനും ഇവര്‍ മുന്‍പന്തിയിലഉണ്ട്‍. സന്ദര്‍ശകര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പര്യാപ്തമായ ഉത്സാഹം ഈ അമ്മയുടെ കൈയില്‍ എപ്പോഴുമുണ്ട്. മാധവിക്കുട്ടി(കമലാ സുരയ്യ)യും മേരി റോയിയും അടക്കം പല മേഖലയിലുമുള്ള വ്യക്തിത്വങ്ങള്‍ ഇവര്‍ക്ക് സുഹൃത്തുക്കളാണ്.അരുന്ധതീ റോയ് അയ്മനത്തു വന്നാല്‍ ബന്ധു കൂടിയായ തങ്കം ജേക്കബിനെ കാണാനെത്തും.
ആരോഗ്യം വക വയ്ക്കാതെ തന്നെ ഈ അമ്മ യാത്ര ചെയ്യാറുമുണ്ട്. അടുത്ത മാസം ആറു ദിവസത്തെയ്ക്ക് മകളുടെ മകള്‍ വരുന്നതും കാത്തിരിയ്ക്കുകയാണ് ഈ മുത്തശ്സി. കൂട്ടുകൂടി യാത്ര ചെയ്യാന്‍.അതേ തങ്കം ജേക്കബിന് ജൂലൈ 22നു 93 തികയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

Tuesday, May 5, 2009

മറക്കാനാവാത്തവര്‍ 11 - മറിയക്കുട്ടിയമ്മ.

റിയക്കുട്ടിയമ്മ എന്റെ നാട്ടുകാരിയാണ്. ഏറ്റുമാനൂരെ എന്റെ തറവാടിനടുത്താണ് മറിയക്കുട്ടിയമ്മയുടെ വീട്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ എല്ലാ ഞായറാഴ്ചയും ഞാന്‍ മറിയക്കുട്ടിയമ്മയെ കാണും. എന്റെ വീടിന്റെ മുറ്റത്തോ, പറമ്പിലോ ഞാന്‍ നില്‍ക്കുമ്പോഴാവും കത്രിച്ചേടത്തി(മറിയക്കുട്ടിയമ്മയുടെ അനുജത്തി) യും മറിയക്കുട്ടിയമ്മയുംവെട്ടിമുകള്‍ പള്ളിയില്‍ പോവുന്നത്. എന്നെ വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ചേ മറിയക്കുട്ടിയമ്മ പോവൂ. ഞാന്‍ ആദ്യമായി വര്‍ത്തമാനം പറഞ്ഞ, എന്നോട് കൂടുതല്‍ അടുപ്പം കാണിച്ച കുണുക്കിട്ട, ആദ്യത്തെ വനിത മറിയക്കുട്ടിയമ്മയാണെന്നു തോന്നുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന അമ്മമാരുടെ ഒരു നിര തന്നെ കാണാമായിരുന്നു. അടുക്കിട്ട് ഉടുത്ത മുണ്ടും, ചട്ടയും, ഞൊറിഞ്ഞുടുത്ത കവിണിയുമൊക്കെ എനിയ്ക്കന്ന് കൌതുകമായിരുന്നു. താഴത്തേടത്തെ തങ്കച്ചന്റെ അമ്മച്ചി(മറ്റൊരു അയല്‍ക്കാരി) പാലു തരാന്‍ വരുമ്പോള്‍ ഞാനും പ്രിയച്ചേച്ചിയും അടുക്കിട്ട് മുണ്ടുടുക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കുമായിരുന്നു. വീട്ടില്‍ പിന്നെ ‘അടുക്കിന്റെ ’ പരീക്ഷണങ്ങളായിരുന്നു. പക്ഷേ, ഒരിയ്ക്കലും ഞങ്ങള്‍ക്ക് നന്നായി അടുക്കിട്ട് മുണ്ടുടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
നെടിയകാലായിലെ മറിയാമ്മപ്പെമ്പിളയും എല്ലാദിവസവും വീട്ടില്‍ വന്ന് കഞ്ഞി കുടിച്ചിരുന്ന കത്രിയും കുട്ടിക്കിടാത്തിയുമൊക്കെ അടുക്കിട്ട് മുണ്ടുടുത്തിരുന്നവരായിരുന്നു എങ്കിലും മറിയക്കുട്ടിയമ്മയാണ് എന്റെ
മനസ്സിലെ ക്രൈസ്തവ വനിതയുടെ ഉദാത്ത മാതൃക. കൈയ്യില്‍ കൊന്തയും പിടിച്ച് പള്ളിയിലേയ്ക്ക് പോകുന്ന മറിയക്കുട്ടിയമ്മയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. എന്നോടും നല്ല വാത്സല്യം കാട്ടിയിരുന്നു, മറിയക്കുട്ടിയമ്മ.
ഞങ്ങളുടെ റേഷന്‍ കടയുടെ തൊട്ടടുത്തായിരുന്നു, മറിയക്കുട്ടിയമ്മയുടെ വീട്. ഞാനും പ്രിയച്ചേച്ചിയും പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ അപ്പുച്ചേട്ടന്റെ റേഷന്‍ കടയില്‍ പോകുമ്പോള്‍ മറിയക്കുട്ടിയമ്മയെ കാണും . അവര്‍ ഞങ്ങളെ കണ്ടാല്‍ ഓടി വന്ന് കുശലം ചോദിക്കും.
അമ്മയുടെ വിശേഷം, അനുജന്റെയും അച്ഛന്റെയും വിശേഷങ്ങള്‍,ആറുമാനൂരെ എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വീട്ടു വിശേഷങ്ങള്‍...എല്ലാം. രാവിലെ കാപ്പിയ്ക്കു കഴിച്ച പലഹാരം മുതല്‍ ഉച്ചയ്ക്ക് ചോറിനു കൂട്ടിയ കറികള്‍ വരെ മറിയക്കുട്ടിയമ്മയ്ക്ക് അറിയണമായിരുന്നു. പത്തു മിനിറ്റ് അങ്ങനെ പോയി ,യാത്ര തുടരുമ്പോള്‍ ചേച്ചി “ ഇന്നു അമ്മേടെ കയ്യീന്ന് നമുക്ക് നല്ലതു കിട്ടും, നീയിങ്ങനെ കാണുന്നവരോടെല്ലാം- പറന്നുപോകുന്ന കാക്കയോടു വരെ വര്‍ത്തമാനം പറഞ്ഞങ്ങനെ നിന്നിട്ടാ”. “ പാവം ആ മറിയക്കുട്ടിയമ്മയാ സമയം കളഞ്ഞത് ,സാരമില്ല .”എന്നു ഞാന്‍ ചേച്ചിയെ ആശ്വസിപ്പിക്കും.
എന്നെ ‘ചക്കി’ എന്നു വിളിച്ച് കളിയാക്കിയിരുന്ന റേഷന്‍ കടക്കാരന്‍ അപ്പൂച്ചേട്ടന്‍ ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ‘ചക്കി വക’ എന്ന് എഴുതിയത് എന്റെ പരിഭവം കാണാനായിരുന്നു. കുട്ടിയായ എനിയ്ക്ക് അത് അപമാനമായി തോന്നിയതും ഞാന്‍ കരഞ്ഞതും “ഈ അപ്പുപ്പിള്ളാച്ചനു വട്ടാ, മക്കളു വിഷമിക്കണ്ടാ ” എന്നു പറഞ്ഞ് മറിയക്കുട്ടിയമ്മ എന്നെ ചിരിപ്പിച്ചു പറഞ്ഞയച്ചതും ഞാന്‍ ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു.
കാലം കടന്നു പോയപ്പോള്‍ ‘ അരിതലച്ച‘’ലെ (അങ്ങനെയാണവരുടെ വീട്ടുപേര്) മറിയക്കുട്ടിയമ്മയെ കാണാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഓട്ടോ റിക്ഷയും മറ്റും വന്നതോടെ എല്ലാവരും അതിലായി യാത്ര. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മറിയക്കുട്ടിയമ്മ വല്ലപ്പോഴും പള്ളിയില്‍ പോയാലായി. പിന്നീട് പള്ളിക്കുന്നേല്‍ പള്ളി പണിതതോടെ മറിയക്കുട്ടിയമ്മയും കൂട്ടരും ഞങ്ങളുടെ വാതില്‍ക്കലൂടെ പോവാതായി.അപൂര്‍വം ചില അവസരങ്ങളില്‍ ഏറ്റുമാനൂര്‍ക്കു നടന്നു പോകുന്ന മറിയക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടില്‍ കയറിയിരുന്നു.കാലം കടന്നു പോയപ്പോള്‍ ഞങ്ങളാരും റേഷന്‍ കടയില്‍ പോകാതായി. വീടിന്റെ തെക്കേ ഭാഗത്തേയ്ക്കു അധികം യാത്രകളുമില്ല. വല്ല മരണ വീടുകളിലും മറ്റുമാണ് നാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്നത്.അങ്ങനെ വല്ലപ്പോഴും മറിയക്കുട്ടിയമ്മയെ കണ്ടാലായി.
പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് , ഒരു പ്രമുഖ ദിനപ്പത്രത്തില്‍ നമ്മുടെ മറിയക്കുട്ടിയമ്മയുടെ ചിത്രത്തോടെ ഒരു ബോക്സ് വാര്‍ത്ത. ബസ്സില്‍ കയറാത്ത മറിയക്കുട്ടിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അപ്പോഴാണ് ഞങ്ങളൊക്കെ ഈ വിവരം അറിയുന്നത്. മറിയക്കുട്ടിയമ്മ ബസ്സില്‍ കയറില്ല. കാറിലും യാത്ര ഇല്ലേയില്ല. വാഹനയാത്ര മറിയക്കുട്ടിയമ്മയ്ക്ക് രോഗവും ക്ലേശവും വരുത്തിവയ്ക്കുമത്രേ. അതിനാല്‍ എത്ര ദൂരെ പോകേണ്ടിവന്നാലും വച്ചുപിടിച്ച് നടക്കാനാണ് മറിയക്കുട്ടിയമ്മയ്ക്ക് ഇഷ്ടം.

കുടയും ചൂടി നടന്നു പൊകുന്ന മറിയക്കുട്ടിയമ്മയുടെ ചിത്രം പത്രത്തില്‍ കണ്ടപ്പോള്‍ എനിയ്ക്ക് അഭിമാനം തോന്നി. ഞാന്‍ മറിയക്കുട്ടിയമ്മയെവീട്ടില്‍ ചെന്നു കണ്ട്, കൈയ്യോടെ അഭിനന്ദിച്ചു. അവരുടെ സന്തോഷം ഞാനിന്നും ഓര്‍ക്കുന്നു. മറ്റു ചില പ്രസിദ്ധീകരണങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഒരു വാഹനത്തിലും കയറാതെ, നടന്നു നടന്ന്, കിലോമീറ്ററുകള്‍ താണ്ടി,നമ്മുടെ മറിയക്കുട്ടിയമ്മ
മധ്യ തിരുവിതാംകൂറിലെ ഒട്ടു മിയ്ക്ക പള്ളികളിലും , തന്റെ ബന്ധു വീടുകളിലും ഇങ്ങനെ പോയിരുന്നു.

ഇന്ന് മറിയക്കുട്ടിയമ്മ ജീവിച്ചിരിപ്പില്ല. അഞ്ചാറു കൊല്ലമായി , മറിയക്കുട്ടിയമ്മ യാത്രയായിട്ട്. പക്ഷേ, ഇന്നും ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അടുക്കിട്ട് മുണ്ടുടുത്ത, കവിണി ഞൊറിഞ്ഞുടുത്ത, കാതില്‍ കുണുക്കിട്ട... എന്റെ പ്രിയപ്പെട്ട മറിയക്കുട്ടിയമ്മ. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്ത് മറിയക്കുട്ടിയമ്മയിപ്പോള്‍ ഏതെങ്കിലും പള്ളിയിലെ കുര്‍ബാന കൂടാന്‍ നടപ്പിനു വേഗം കൂട്ടുകയാവും.