Tuesday, November 4, 2008

കരടിയെപ്പേടിച്ച് കാടിറങ്ങിയ കണ്ണന്‍.

റമ്പിക്കുളം സലിം അലി മെമ്മോറിയല്‍ മ്യൂസിയത്തിന്റെ മുന്‍പില്‍ വച്ചാണ്, ഞാന്‍ ആദ്യമായി
കണ്ണനെ കാണുന്നത്. വെറുതേ പറമ്പിക്കുളത്ത് രണ്ടു ദിവസം താമസിക്കാനാണ് ഞങ്ങള്‍ എത്തിയത്.
സുഭാഷ് ചേട്ടന്റെ ബാല്യകാല സുഹൃത്തും ഫോറസ്റ്റ് ഗാര്‍ഡുമായ ശ്രീ. വിശ്വംഭരന്‍ (വിച്ചു) അന്ന് പറമ്പിക്കുളത്തുണ്ടായിരുന്നു. വിശ്വംഭരനാണ് ഞങ്ങള്‍ക്ക് കണ്ണനെ പരിചയപ്പെടുത്തിത്തന്നതും.
അകലെ നിന്ന് ഞങ്ങളെ കണ്ടെങ്കിലും ഞങ്ങളെ അഭിമുഖീകരിക്കാന്‍ അയാള്‍ പാടുപെടുന്നതു പോലെ തോന്നി. അടുത്തെത്തിയപ്പോഴാണ് കണ്ണന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഒരു കണ്ണും , മൂക്കിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട ഒരു ഹതഭാഗ്യനായിരുന്നു കണ്ണന്‍. ഏറ്റവും വിലക്കുറഞ്ഞതും ഒട്ടും ഭംഗിയില്ലാത്തതുമായ കൃത്രിമാവയവങ്ങള്‍ മൂക്കിന്റെയും കണ്ണിന്റെയും സ്ഥാനത്തുണ്ട്. എങ്കിലുംഅല്പം ഭീതി പരത്തുന്ന ഒരു കാഴ്ച...ആ മുഖത്താകെ പരിഭ്രമം.
കണ്ണന്റെ കഥ ഞങ്ങളോട് പറഞ്ഞു തുടങ്ങിയത് വിച്ചുവായിരുന്നു. ആദിവാസിക്ക്
കാടും കാട്ടുമൃഗങ്ങളും മലദൈവങ്ങളെപ്പോലെ തന്നെയെന്ന് ഉറച്ചു വിശ്വസിച്ചിരുന്നയാളാണ് കണ്ണന്‍.
വിറകെടുക്കാനും കാട്ടുതേനെടുക്കാനും കിഴങ്ങും പഴങ്ങളുമൊക്കെ സമാഹാരിക്കാനും, വനം വകുപ്പുകാര്‍ നിര്‍ദ്ദേശിക്കുന്ന ഏതു പണിയെടുക്കാനും അയാള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ധൈര്യം കൂടെപ്പിറപ്പാണെന്നു വിശ്വസിച്ചിരുന്നു കണ്ണന്‍.
പതിനെട്ടാമത്തെ വയസ്സില്‍ ഒരു ഒറ്റയാന്റെ മുന്നില്‍ പെട്ട കണ്ണന് ചില്ലറ പരിക്കുകള്‍ പറ്റി, മനസ്സൊന്ന് പതറിയെങ്കിലും ആ സംഭവം അയാള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നത്രേ. വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഭാര്യയോടൊത്ത് വിറകൊടിക്കാന്‍ പോയ കണ്ണന്റെ മുന്‍പില്‍ ഒരു കരടി വന്നു പെട്ടു. അല്പമകലെയായിരുന്ന ഭാര്യയോട്, ‘നീ എന്നെ നോക്കണ്ട, ഓടി രക്ഷപ്പെട്ടോ.’ എന്നു പറഞ്ഞ്, കൈയിലിരുന്ന വിറകു മുട്ടികൊണ്ട് കരടിയുടെ മുഖത്തടിച്ച് കണ്ണന്‍ അന്ന് രക്ഷപ്പെട്ടു. പിന്നീട് കണ്ണനും മൂത്ത മകനും ഒരു വരയന്‍ കടുവയില്‍ നിന്നും ചെറിയ പരിക്കുകള്‍ ഏറ്റു വാങ്ങി.
എന്നാല്‍ കണ്ണന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നത് 1998 ആഗസ്റ്റ് 14-നാണ്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങുന്ന ബഹളത്തിനിടയില്‍ ഈ വനരോദനം അധികമാരും ശ്രദ്ധിച്ചു കാണില്ല.
പതിവു പോലെ വനത്തില്‍ (വനം വകുപ്പ് ഏല്പിച്ച) പണിക്കു പോയി മടങ്ങുകയായിരുന്നു , കണ്ണനും സഹപ്രവര്‍ത്തകരും. എവിടെനിന്നോ ഒരു കരടി മുന്നില്‍ ചാടി. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം കണ്ണന്‍ പകച്ചുനിന്നു. കയ്യിലിരുന്ന കത്തിയുടെ കാര്യം പോലും മറന്നു. പെട്ടെന്ന് കരടി കണ്ണന്റെ മുഖത്തു കടിച്ചു. ഇതിനിടെ അയാളുടെ ഒരു കൈ കരടിയുടെ വായിലായി. ഏതാനും നിമിഷങ്ങള്‍ കരടിയും കണ്ണനും ജീവിതത്തിനും മരണത്തിനുമിടയില്‍..... കരടിയുടെ നാവു പിടിച്ചു വലിച്ചതും മറുകൈയിലെ കത്തികൊണ്ട് അതിന്റെ മുഖത്ത് ആഞ്ഞു വെട്ടിയതും കണ്ണന് ഓര്‍മ്മയുണ്ട്.
പിന്നിലായിരുന്ന കൂട്ടുകാര്‍ ഓടി വന്നപ്പോള്‍ മുഖത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട് ബോധരഹിതനായിക്കിടക്കുന്ന കണ്ണനെയാണ് കണ്ടത്.
കണ്ണൻ ഒന്നര മാസത്തെ ആശുപത്രി ജീവിതം കഴിഞ്ഞെത്തിയത് ഒരു കണ്ണും മൂക്കിന്റെ ഒരു പകുതിയും നഷ്ടപ്പെട്ട വിധത്തിലാണ്. എന്നും അസുഖങ്ങള്‍... വീണ്ടും കണ്ണനൊരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു.
കണ്ണന്റെ കഥ കേട്ട് ഞങ്ങള്‍ മരവിച്ചിരുന്നു പോയി. കണ്ണനെ കണ്ട് അല്പം ഭയത്തോടെ എന്റെ മടിയിലിരുന്ന എന്റെ മകന്‍ കണ്ണന്‍ (അന്ന് അഞ്ച് വയസ്സ്) ഈ കഥ മുഴുവനും കേട്ടിരുന്നത് ഞാനോര്‍ക്കുന്നു. ഞങ്ങളെ കണ്ണന്‍ അയാളുടെ വീട്ടില്‍ കൊണ്ടുപോയി. ആദിവാസികള്‍ക്കായി അധികം അകലെയല്ലാതെ പണിതിരുന്ന കോളനിയില്‍ ഭാര്യ ജമീലയും ഇളയ പെണ്‍കുഞ്ഞും ഉണ്ടായിരുന്നു.
മൂത്ത മകന്‍ അന്ന് പത്താം ക്ലാസ് കഴിഞ്ഞിരുന്നു.ആ കുട്ടി കാട്ടിലെ പണിക്കു പോയിത്തുടങ്ങിയിരുന്നു. ഇടയ്ക്കുള്ള രണ്ട് പെണ്മക്കള്‍ പാലക്കാട്ടെ ആദിവാസി ഹോസ്റ്റലില്‍ നിന്നാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. പണ്ട് വീരശൂര പരാക്രമിയായിരുന്ന കണ്ണന് ഒരാള്‍ കൂട്ടില്ലാതെ പുറത്തിറങ്ങാന്‍ പോലും ഭയം. ഞങ്ങള്‍ അവിടെ നിന്ന രണ്ടു ദിവസവും കണ്ണന്‍ ഞങ്ങളുടെ കൂടെ ഒത്തിരി സമയം ചെലവഴിച്ചു.
‘സാറന്മാര്‍ പറമ്പിക്കുളത്ത് വരുമ്പോള്‍ മൃഗങ്ങളെ കണ്ടില്ലെങ്കില്‍ നിരാശ. ഒന്നിനെപ്പോലും കാണാനിടയാകരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.’ കണ്ണന്‍ പറഞ്ഞു.
തനിയ്ക്കറിയാവുന്ന കാട്ടറിവുകള്‍ കണ്ണന്‍ ഞങ്ങള്‍ക്ക് പങ്കിട്ടപ്പോള്‍ അസുഖമെല്ലാം മറന്ന് ആ മുഖം പ്രസന്നമാകുന്നത് ഞാനിന്നും ഓര്‍ക്കുന്നു.കൊച്ചു കണ്ണന് ഭയമൊക്കെ മാറി കണ്ണനുമായി ചങ്ങാത്തമായി.
ഇടക്കെപ്പോഴോ കണ്ണന്‍ നഷ്ട സ്വപ്നങ്ങളെക്കുറിച്ച് വാചാലനായി. “ജീവിച്ച് മതിയായി. കണ്ണും മൂക്കുമൊക്കെപ്പോയവനെ ആര്‍ക്കു വേണം? ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാവര്‍ക്കും ഭാരം.പണിയൊന്നും ചെയ്യാനാവുന്നില്ല. മടുത്തു. മലദൈവങ്ങളുടെ വിളിയും കാത്തിരിക്കുകയാണ് ഞാന്‍.”
ഒരു വൃദ്ധന്റെ ഭാവത്തോടെ കണ്ണനിത് പറയുമ്പോള്‍ ഞങ്ങളെല്ലാവരും അയാളെ ആശ്വസിപ്പിക്കാനാവാതെ വിഷമിച്ചു.
ആ യാത്രയില്‍ സുഖ ദു:ഖ സമ്മിശ്രമായ ഒരുപാട്  അനുഭവങ്ങളുമായി മകനോടൊപ്പം തിരിച്ചു പോരുമ്പോള്‍ ഒരു നൊമ്പരമായി കണ്ണനും ഞങ്ങളുടെ മനസ്സില്‍ കുടിയേറിയിരുന്നു.
മൂന്ന് വര്‍ഷത്തിനുശേഷം ഒരു പറമ്പിക്കുളം യാത്ര കൂടി ഞങ്ങള്‍ക്ക് തരപ്പെട്ടു. കുടുംബാംഗങ്ങളെക്കൂടാതെ പത്തു പതിനഞ്ചുപേരും കൂടിയുള്ള ഒരു വലിയ സംഘമായിരുന്നു അന്ന്. 
          ഞങ്ങള്‍ കണ്ണന്റെ കാര്യം എല്ലാവരോടും പറഞ്ഞു . ഇക്കുറി, വിച്ചു, പറമ്പിക്കുളത്തില്ലായിരുന്നു. എങ്കിലും കണ്ണന്‍ ഞങ്ങളുടെ അറിയിപ്പനുസരിച്ച് സലിം അലി മെമ്മോറിയല്‍ മ്യൂസിയത്തിനടുത്ത് വന്നു. സഹ യാത്രികര്‍ കാണാത്ത കാഴ്ചകള്‍ക്കു വേണ്ടി ഞങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണനോടുള്ള അവസാനത്തെ യാത്രചോദിക്കലാവുമെന്ന് ഞാന്‍ കരുതിയില്ല. വര്‍ഷങ്ങള്‍ ഒന്നു രണ്ടെണ്ണം കൂടി കടന്നു പോയപ്പോള്‍ വിച്ചു പറഞ്ഞാണ് അറിഞ്ഞത്, കണ്ണന്‍ യാത്രയായെന്ന്.
മുഖസൌന്ദര്യത്തിനും അംഗലാവണ്യത്തിനും പണക്കൊഴുപ്പിനുമൊന്നും ഒരു പ്രസക്തിയുമില്ലാത്ത ലോകത്തേയ്ക്ക് കണ്ണന്‍ കാടിറങ്ങിയ വിവരം പിന്നീടാണ് വിച്ചുവും അറിഞ്ഞത്. പ്രാര്‍ത്ഥന പോലെ കണ്ണനെ മരണം വിളിച്ചിറക്കിക്കൊണ്ടു പോയി. ഒരു പക്ഷേ, ചിലർക്കെങ്കിലും  ആശ്വാസം പകര്‍ന്ന ദേഹ വിയോഗം...

Monday, October 13, 2008

മറക്കാനാവാത്തവര്‍ .7. പ്രൊഫ. ജോണ്‍സി ജേക്കബ്

ഒരു പഴയ ചിത്രം . (എന്റെ ആല്‍ബത്തില്‍ നിന്നും)

കാവി മുക്കിയ പരുക്കന്‍ ഖദറണിഞ്ഞ ഒരു കോളജ് പ്രൊഫസര്‍.
പ്രകൃതി സംരക്ഷണത്തിനു വേണ്ടി ഒത്തിരി പോരാടി,
മണ്ണിനെയും മരങ്ങളെയും മലകളെയും മനുഷ്യരെയും സ്നേഹിച്ച് സ്നേഹിച്ച്,
ഇതാ യാത്രയായി.
വ്യത്യസ്തനായ ഒരാള്‍ കൂടി വിടപറഞ്ഞു.
പ്രോഫ. ജോണ്‍ സി ജേക്കബ്.
ഇന്നലത്തെ പത്രങ്ങളിലൂടെയേ അറിയാന്‍ കഴിഞ്ഞുള്ളൂ.സംസ്കാരവും കഴിഞ്ഞു.
ഗുരു നിത്യ ചൈതന്യ യതിയുടെ ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് 1988ലാണ് അദ്ദേഹത്തെ
പരിചയപ്പെട്ടത്.
പ്രകൃതിയെ നോവിക്കുന്ന ഒരു പ്രവൃത്തിക്കും കൂട്ടു നില്‍ക്കാത്ത ഒരാള്‍.
അത്തരം പോരാട്ടങ്ങളില്‍ ഒരിക്കലും അദ്ദേഹത്തിന് വിട്ടു വീഴ്ച്കയില്ലായിരുന്നു.
ലാളിത്യത്തിന്റെ സഹചാരിയായിരുന്നു, പയ്യന്നൂര്‍ കോളജിലെ ജന്തുശാസ്ത്ര വിഭാഗം തലവനായിരുന്ന പ്രൊ.ജോണ്‍സി.
ആശയങ്ങള്‍ പങ്കിടാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
പേപ്പറിന്റെ നിലവാരം മെച്ചമായിരുന്നില്ലെങ്കിലും,
അതിലെ
ആശയങ്ങള്‍ക്ക് നല്ല നിലവാരമായിരുന്നു.
മൈന, സൂചിമുഖി, ആന്‍ ഖ്,പ്രസാദം എന്നിവ.
ഞാന്‍ പരിചയപ്പെട്ട കാലത്ത് ‘ആന്‍ ഖ്’പ്രചാരത്തിലുണ്ടായിരുന്നു.
വളരെക്കാലം ജോണ്‍സിയങ്കിള്‍ എനിക്ക് ആന്‍ ഖ് കൃത്യമായി അയച്ചു തന്നിരുന്നു.
തൊണ്ണൂറ്റിയഞ്ചില്‍ എറണാകുളത്തു നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ്സില്‍ വച്ച് യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടു.
അന്നും പരിസ്തിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം വാചാലനായതോര്‍ക്കുന്നു.
ഞാന്‍ ഗുരു നിത്യയുടെ ആശ്രമത്തിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പുത്രി(വളര്‍ത്തുമകള്‍) മേബിള്‍,
ഏതാനും ദിവസം അവിടെ വന്നു താമസിച്ചിരുന്നു. എല്ലാവരോടും പെട്ടെന്നടുക്കുന്ന അവള്‍ ഒരു പൂമ്പാറ്റയെപ്പോലെ ഒരാഴ്ച അവിടെ പാറി നടന്നത് ഞാന്‍ മറന്നിട്ടില്ല. അവള്‍ക്ക് എന്നോടും നല്ല സ്നേഹമായിരുന്നു.
മേബിള്‍(മീര) വിവാഹിതയായി എന്ന് അദ്ദേഹം പിന്നീട് കണ്ടപ്പോള്‍ പറഞ്ഞു.
ഇപ്പോള്‍ എവിടെയാണോ ആവോ.
ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ചില സായന്തനങ്ങളില്‍ ഗുരുവും
ജോണ്‍സിയങ്കിളും പ്രകൃതിഭംഗി നുകര്‍ന്ന്, വിദ്യാര്‍ഥികളായ ഞങ്ങളോട് പ്രകൃതി സ്നേഹ സംവാദം നടത്തി, മെല്ലെ മെല്ലെ നടന്നു നീങ്ങിയിരുന്നതും ഓര്‍മ്മ വരുന്നു.
സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്നിരയിലുണ്ടായിരുന്ന പ്രൊ. ജോണ്‍സി നേച്ചര്‍ ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചു. അവയുടെ നേതൃത്വത്തില്‍ നിരവധി പ്രകൃതി സഹവാസങ്ങള്‍ നടന്നിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളും ഈ പ്രകൃതിസ്നേഹിക്കു ലഭിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ‘വനമിത്ര’ പുരസ്കാര ജേതാവ് (2005) പ്രൊഫ. ജോണ്‍സിയാണ്.
ഉറങ്ങുന്ന താഴ്വരകള്‍,പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും എന്നീ പുസ്തകങ്ങള്‍ രചിച്ചു.
പത്തു പന്ത്രണ്ട് വര്‍ഷമായി എനിക്ക് അദ്ദേഹവുമായി ആശയവിനിമയമേ ഇല്ലാതായി.
പണ്ടൊക്കെ വല്ലപ്പോഴും കത്തുകള്‍ അയച്ചിരുന്നു.
പ്രൊ.ജോണ്‍സി, എടാട്ട് പി. ഒ എന്ന വിലാസത്തില്‍.
ഇപ്പോള്‍ ഒരു കുറ്റബോധം. പരിസ്ഥിതിയുടെ ആ വലിയ ആചാര്യനെക്കുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ സന്ദര്‍ശിക്കാനോ തിരക്കിനിടയില്‍(ഒരു ബുദ്ധിമുട്ടുമില്ലാത്ത കാര്യമായിരുന്നിട്ടും) ഞാന്‍ മിനക്കെട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍. പല തവണ കണ്ണൂര്‍ക്ക് പോയി.
പയ്യന്നൂര്‍ക്കാരെ കാണുമ്പോള്‍ പ്രൊ. ജോണ്‍സിയെക്കുറിച്ചു ചോദിക്കും.
അതിനപ്പുറം ഒന്നുമുണ്ടായില്ല.
അടുത്ത കണ്ണൂര്‍ യാത്രയില്‍ ഏടാട്ട് പോകണം എന്നു വിചാരിക്കുന്നു.
പ്രോഫ. ജോണ്‍സിയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഒരുപിടി സ്നേഹമലരുകളര്‍പ്പിക്കുന്നു.

Saturday, September 13, 2008

റമ്പാച്ചന്‍ : മറക്കാനാവാത്തവര്‍-6


എണ്‍പതുകളുടെ അവസാനം, ഞാന്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു.
പല ഷാപ്പു സമരങ്ങളിലും സന്ദര്‍ശകയായി. അന്നൊക്കെ സമരം നയിച്ചിരുന്നത് അധികവും സ്ത്രീകളായിരുന്നു. പാമ്പാടിയിലെ പി.സി.യോഹന്നാന്‍ റമ്പാനെ ഞാനാദ്യമായിക്കാണുന്നത് , അത്തരം ഒരു സമരപ്പന്തലിലാണ്.
കറുത്ത ളോഹയും, കറുത്ത തലമുണ്ടുമിട്ട ആ താടിക്കാരന്‍ പാതിരിയോട് എനിക്ക് വലിയ ബഹുമാനം തോന്നി. സമരപ്പന്തലില്‍ മുദ്രാവാക്യം വിളിക്കുന്ന അമ്മമാരേയും കുഞ്ഞുങ്ങളേയും ആശ്വസിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.പിന്നീട് 93-ല്‍ ഞാനുള്‍പ്പെടെ ഏറ്റെടുത്ത ഒരു സമരത്തില്‍ നിത്യ സന്ദര്‍ശ്കകനായി റമ്പാച്ചന്‍. പരിചയപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം.
ഹൃദ്യമായ പെരുമാറ്റം. സമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ആദ്ധ്യാത്മികാ‍ചാര്യനുമൊക്കെയായിരുന്ന റമ്പാച്ചന്‍ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു.
കോട്ടയം പട്ടണത്തില്‍ നിന്നും കെ.കെ.റോഡിലൂടെ പതിനാറ് കിലോമിറ്റര്‍ യാത്ര ചെയ്താല്‍ പാമ്പാടിയിലെത്താം. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ ആലാമ്പള്ളി. വലത്തോട്ട്, കറുകച്ചാല്‍ റൂട്ടില്‍ കുറച്ചുപോയി വീണ്ടും വലത്തോട്ട് മൂന്നു കിലൊമീറ്റര്‍ പിന്നിട്ടാല്‍ മനോഹരമായ ഒരു കുന്നു കാണാം. പൊത്തന്‍പുറം കുന്ന്.പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലെ വിശുദ്ധനായ പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ,പ്രകൃതി രമണീയമായ പ്രദേശം. തന്റെ പതിനാലാമത്തെ വയസ്സില്‍ പാമ്പാടിത്തിരുമേനിയുടെ മുഖ്യ ശിഷ്യനാവാന്‍ യോഗം ലഭിച്ച വ്യക്തിയാണ് റമ്പാച്ചന്‍. പാമ്പാടിത്തിരുമേനി അവസാനമായി വൈദിക പട്ടം നല്‍കിയതും റമ്പാച്ചനാണത്രേ. പതിറ്റാണ്ടുകളോളം ഗുരുവിന്റെ വാത്സല്യമേറ്റു വാങ്ങിയ റമ്പാച്ചന്‍ അവസാനകാലത്ത് തിരുമേനിയെ രാവും പകലും പരിചരിച്ചു. പമ്പാടിത്തിരുമേനിയുടെ അന്ത്യം വരെ ആ പരിചരണം തുടര്‍ന്നു.
ഗുരുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയാണ് യോഹന്നാന്‍ എന്ന വൈദികന്‍ പിന്നെ ജീവിച്ചത്. പമ്പാടിത്തിരുമേനിയുടെ മരണത്തിന്റെ മുപ്പതാം നാള്‍ അഭയഭവന്‍ എന്ന അനാഥാലയം രൂപംകൊണ്ടു. ഇന്നവിടെ 65 അന്തേവാസികളുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ച്, ദാനമായി ലഭിക്കുന്ന നെല്ല് തലച്ചുമടേ കൊണ്ടുവന്നാണ് ഈ വൈദികന്‍ അന്നൊക്കെ അന്തേവാസികളെ പോറ്റിയത്. കുട്ടികള്‍ക്കു വേണ്ടി ആശാഭവന്‍ പിന്നീട് രൂപംകൊണ്ടു.
ഐ.ടി.സി, പാമ്പാടി കെ.ജി.കോളജ്, ബി.എം.എം.സ്കൂള്‍ എന്നിവയും റമ്പാച്ചന്‍ തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളാണ്. ഏറ്റവും ഒടുവില്‍, എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ആശാകിരണ്‍.
കേരളത്തിലെ അനാഥാലയങ്ങളുടെ ഏകോപനസമിതിയായ ഓള്‍ കേരളാ ഓര്‍ഫനേജ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് റമ്പാച്ചനാണ്. ഇതൊന്നും അദ്ദേഹം ഭൂഷണമാക്കുന്നില്ല, എന്നു മാത്രമല്ല, അവകാശ സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കും താനും.
ആദ്ധ്യാത്മിക സ്ഥാനമാനങ്ങള്‍ക്കു പോലും വടംവലി നടക്കുന്ന ഈ മണ്ണില്‍ , മെത്രാന്‍ പദവിയോ മറ്റ് ആദ്ധ്യാത്മിക സ്ഥാനമാനങ്ങളോ സ്വപ്നത്തില്‍ പോലും ഇദ്ദേഹം ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. നേരം വെളുത്താലുടനേ, പൊത്തന്‍ പുറത്തെ സ്ഥാപനങ്ങളിലെ അന്തേവാസികളെ ആശ്വസിപ്പിക്കുക, അവര്‍ക്ക് പ്രതീക്ഷ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതനാണ് റമ്പാച്ചന്‍.
സഹായം തേടി വരുന്നവരെ ഒരിക്കല്‍ പോലും വെറുംകയ്യോടെ മടക്കാത്ത ദാനശീലനായിരുന്നു റമ്പാച്ചന്‍. ഒരു പൊതുവേദിയില്‍, ഒരു വിധവയുടെ ദയനീയസ്ഥിതിയെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചതിന്റെ പിറ്റേന്ന്, എന്നെക്കൂടി കൂട്ടി, ആ വിധവയ്ക്ക് സഹായം എത്തിക്കാന്‍ റമ്പാച്ചന്‍ തുനിഞ്ഞപ്പോള്‍ വിധവയോടൊപ്പം എന്റെ മനസ്സും കൃതാര്‍ത്ഥമായി. ഇങ്ങനെ എത്രയെത്ര പാവങ്ങളെ സഹായിക്കന്‍ അദ്ദേഹത്തിനു കഴിഞ്ഞു! ഉള്ളവനോടു വാങ്ങി, കിട്ടിയതിനു രസീതും, കൊടുത്തതിനു കണക്കും വച്ച്,
നൂറ് ശതമാനം സത്യസന്ധത തെളിയിച്ച് നീങ്ങിയ മഹാന്‍. അഭിനവ സന്യാസി സമൂഹത്തിലെ വേറിട്ട വ്യക്തിത്വം, അതായിരുന്നു റമ്പാച്ചന്‍.
സന്യാസിമാരും വൈദികരും സുഖലോലുപരെന്നു പറയുന്നതിന്നപവാദമായിരുന്നു, യോഹന്നാന്‍ റമ്പാന്‍. ദയറാപ്പള്ളിയോടനുബന്ധിച്ചുള്ള കൊച്ചു വീട്ടിലെ ഏറ്റവും ചെറിയ മുറികളിലൊന്നില്‍ ഏറ്റം ദരിദ്രനായാണ് റമ്പാച്ചന്‍ ജീവിച്ചത്. പള്ളി, പൊതുജന സേവനം, സഭാപ്രവര്‍ത്തനം, വിദ്യാലയ നടത്തിപ്പ്, രോഗീ സന്ദര്‍ശനം തുടങ്ങിയ ജോലികളില്‍ കര്‍മ്മനിരതനായിരുന്ന ആ വൈദികന്‍ രാവേറെച്ചെല്ലും വരെ ഉറക്കമിളച്ചും വെളുപ്പിനെ നാലിനെഴുന്നേറ്റും പുതിയ വൈദിക തലമുറക്കു മാതൃകയായി. തിരുവോണനാളിലും ആ പതിവ് ആവര്‍ത്തിച്ചു. അവിട്ടത്തിലെ പ്രഭാതം അദ്ദേഹത്തെ ഉണര്‍ത്താന്‍ അനുവദിച്ചില്ലെന്നു മാത്രം.
എല്ലാറ്റിന്റെയും വിപണനം പോലെ ഭക്തിയെയും വിപണിയിലെത്തിക്കാന്‍ മടിയില്ലാത്ത ഈ കൊച്ചു കേരളത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ റമ്പാച്ചനെ നമ്മുടെ ആളുകള്‍ വേണ്ടവിധത്തില്‍ അറിയാതെ പോയതും അദ്ദേഹത്തിന്റെ നന്മകൊണ്ട് തന്നെ.

Monday, September 8, 2008

അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5




ഡോ. കമലാസനന്‍ പിള്ളയെ ഞാന്‍ പരിചയപ്പെട്ടത്, രണ്ട് മാസം മുമ്പ് വയനാട്ടില്‍ നടന്ന ഒരു ജൈവകൃഷി ക്യാമ്പില്‍ വച്ചാണ്. ‘അസോള-ജൈവകൃഷിക്കൊരു മാതൃക’ എന്ന വിഷയം കൈകാര്യം ചെയ്യാനെത്തിയതാണദ്ദേഹം. വിരസമായേക്കാവുന്ന ഒരു വിഷയം. ഇരുന്നൂറ് പ്രതിനിധികളെ വിസ്മയിപ്പിച്ചുകൊണ്ട് ഡോ. കമലാസനന്‍ പിള്ള താരമായി. അദ്ദേഹത്തിന് വിഷയത്തോടുള്ള താല്പര്യം പലരിലും അസൂയയുളവാക്കുവാനുതകും വിധമായിരുന്നു.. ഈ ഭൂമി മലയാളത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാന്‍ അത്ഭുതപ്പെട്ടു.
രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുര്യോഗങ്ങളെക്കുറിച്ചു സൂചിപ്പിച്ച ശേഷം ‘അസോള’യെക്കുറിച്ചായി സംസാരം. അസോള പശുവിനു തീറ്റിയായിക്കൊടുക്കുന്ന ഒരുതരം പായലാണെന്നായിരുന്നു എന്റെ വിചാരം. അത് വെള്ളത്തിലല്ലേ കാണുന്നത്. ബിരുദത്തിന് സസ്യശാസ്ത്രം എടുത്തെന്നു പറഞ്ഞിട്ടെന്താ? അസോളയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലല്ലോ . എന്റെ ചിന്ത കാടു കയറാന്‍ തുടങ്ങുമ്പോള്‍ ഡോ. കമലാസനന്‍ പിള്ള കൂടുതല്‍ വാചാലനായി.
അസോള കാഴ്ചക്കു പായല്‍ പോലിരിക്കുമെങ്കിലും ഇതൊരുതരം പന്നല്‍ച്ചെടി(Fern) ആണ്. ഈ വാക്ക്
ഗ്രീക്ക് ഭാഷയിലെ അസോ(Aso), ഒളിയ (Ollya) എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രേ ഉണ്ടായത്. അര്‍ഥം യഥാക്രമം ഉണക്കുക, നശിക്കുക. അസോള എന്നാല്‍ ഉണങ്ങുമ്പോള്‍ നശിച്ചു പോകുന്നതെന്നര്‍ത്ഥം. 1783ല്‍ ജെ. ബി ലാമാര്‍ക്ക് ഈ ചെടിക്ക് അസോള എന്നു പേരിട്ടു. ഒരു ജൈവ വളമെന്ന നിലയില്‍ അസോളച്ചെടി വളര്‍ത്താന്‍ തുടങ്ങിയത് വിയറ്റ്നാംകാരാണ്.1957ല്‍ ലവാന്‍ എന്ന ഗ്രാമത്തില്‍. ഡോ.കമലാസനന്‍പിള്ള അസോളയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയീരിക്കുന്നു. അസോളയുടെ നിറം, അസോളയുടെ മണം, അതിന്റെ ഗുണഗണങ്ങള്‍, എല്ലാമെല്ലാം.
ആടുമാടുകള്‍ക്കു മാത്രമല്ല കോഴിക്കും താറാവിനുമൊക്കെ ഇതു അത്യുത്തമമായ തീറ്റിയാണത്രേ. അസോള കൊടുത്താല്‍ പാലും മുട്ടയുമൊക്കെ കാണക്കാണെ വര്‍ദ്ധിക്കുമത്രെ. അസോളയുടെ രുചി പശുക്കള്‍ക്ക് ഏറെ പ്രിയമാണ്. ‘ശ്ശോ, ഒരു പശുവായി ജനിച്ചില്ലല്ലോ.’ എന്നു നിരാശപ്പെടുത്തുന്ന പോലെ , കൊതിപ്പിക്കുന്ന വിവരണം. പക്ഷേ, അങ്ങനെ ആരെങ്കിലും ചിന്തിച്ചെങ്കില്‍ അവര്‍ക്കെല്ലാം പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട്, അദ്ദേഹം പിന്നീടെപ്പോഴോ പറഞ്ഞു. ‘ അസോള നന്നായി കഴുകിയാല്‍ നമുക്കും തിന്നാം, പച്ചക്കും, വേവിച്ചും ഒക്കെയാവാം. എനിക്കതങ്ങ് ‘ക്ഷ’പിടിച്ചു.

ജൈവ കൃഷിക്കാര്‍ക്ക് പ്രതീക്ഷയായ ഒരു സസ്യം നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തതില്‍
ഡോ. കമലാസനന്‍ പിള്ളയ്ക്കുള്ള പങ്ക് നിസ്തുലമാണ്. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനും ബയോഗാസ് ഉല്പാദനത്തിനും എന്നു വേണ്ട, എല്ലാറ്റിനും അസോളയ്ക്ക് തനതായ പങ്കുണ്ടത്രേ. അസോളക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം നല്‍കിയതും പിള്ളതന്നെ.

കമലാസനന്‍ പിള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അസോളയുമായുള്ള ചങ്ങാത്തം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. ‍ ജലാശയങ്ങളില്‍ പണ്ട് ധാരാളമായി കണ്ടിരുന്ന അസോള കാലഹരണപ്പെട്ടു പോവാതിരിക്കനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അസോള എവിടെക്കണ്ടാലും ശേഖരിച്ച്, വളര്‍ത്താനും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.


സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണങ്ങളുമൊക്കെ
നടത്തിയെങ്കിലും ഇടയ്ക്ക്, ജീവിതത്തിന്റെ രണ്ടട്ടവും കൂട്ടിമുട്ടിക്കാന്‍ മദ്രാസ് ഫെര്‍ട്ടലൈസേര്‍സിലെ ജോലി ,പി.എച്ച്.ഡി.യ്ക്കു ശേഷം കേരളാ യൂണിവേഴ്സിറ്റിയിലെ ഫാം ഇന്‍ ചാര്‍ജ്- ഉദ്യോഗം എല്ലാം പരീക്ഷിച്ചു. എന്നാലും, കമലാസനന്‍ പിള്ളയുടെ ചിന്ത എന്നും അസോളയെക്കുറിച്ചായിരുന്നു.
വീട്ടില്‍ പണ്ട് പിതാവ് വളര്‍ത്തിയിരുന്ന പശുവിന് അസോള, തീറ്റിയായി നല്‍കിയതും പാലിന്റെ അളവ്
കാലവിളംബമെന്യേ വര്‍ദ്ധിച്ചതുമൊക്കെ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ ഡോ.പിള്ള പറഞ്ഞു.
ഇന്ന് ജൈവ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും അസോള അന്യമല്ല. ഈ പരിചയപ്പെടുത്തലിനും പിള്ള സ്പര്‍ശമുണ്ട്. നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും മലയാളികള്‍ക്ക് അസോള പരിചയപ്പെടുത്താന്‍ ഡോ.പിള്ള നന്നായി പരിശ്രമിച്ചു.

അസോളയുടെ സന്തത സഹചാരിയായ ഡോ. പിള്ള , കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നാര്‍ഡപ്പ് (NARDEP) ടെക്നോളജി റിസോര്‍സ് സെന്ററിലാണ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഗവേഷണത്തിലൂടെ അസോള ഒരു കാലിത്തീറ്റയെന്ന നിലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.
പിറ്റേന്നു കാലത്ത് അസോള വളര്‍ത്തുന്ന വിധം അദ്ദേഹം ക്യാമ്പംഗങ്ങളെ കാട്ടിക്കൊടുത്തു. കുഴി കുത്തി, അതിനു മുകളില്‍ സില്പാളിന്‍ ഷീറ്റ് വിരിച്ച് അതില്‍ അസോളക്കൃഷിക്കു വേണ്ട ബെഡ്ഡ് തയ്യാറാക്കാനും അതില്‍ അസോളയിടാനും അതാ ഡോ പിള്ള തന്നെ മുന്നില്‍. ഒടുവില്‍, ‘ഇനി ഏഴു ദിവസം കഴിഞ്ഞാല്‍ ഇതില്‍ നിന്നും അസോള വാരിയെടുക്കാം’ എന്നു പറഞ്ഞ് മണ്ണും ചാണകവും പുരണ്ട കൈകള്‍ കഴുകുമ്പോള്‍ ഡോ. പിള്ളയുടെ മുഖത്ത് സംതൃപ്തി. ആ ചിരി കണ്ടു നിന്നവരിലേക്കും പകര്‍ന്നു.
ചെയ്യുന്ന ജോലിയോടും, പറയുന്ന കാര്യങ്ങളോടും ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള ഒരാള്‍.. എനിക്കു മാത്രമല്ല ആക്യാമ്പിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും കമലാസനന്‍ പിള്ളയെക്കുറിച്ച് അങ്ങനെ തന്നെ
തോന്നി.
ഇന്റെര്‍നെറ്റില്‍ ഡോ.കമലാസനന്‍പിള്ളയുടെ പ്രബന്ധങ്ങള്‍ കണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാനുള്ള മനസികാവസ്ഥയിലല്ലത്രേ അദ്ദേഹം. കന്യാകുമാരിയിലെ കര്‍ഷകര്‍, കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജൈവ കര്‍ഷകരും ക്ഷീര കര്‍ഷകരും അസോളയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടട്ടെ. കമലാസനന്‍ പിള്ള ആശിക്കുന്നു.
ക്ഷീര വികസന വകുപ്പും നാര്‍ഡപ്പും സഹകരിച്ചുള്ള ഒരു പദ്ധതി ഇപ്പോള്‍ കേരളമൊട്ടാകെ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്‍പതിനായിരത്തോളം അസോള കര്‍ഷകരുണ്ടത്രേ. പിള്ളയ്ക്കു വരുന്ന കത്തുകളും, ഇ-മെയിലുലളും ഫോണുമൊക്കെ നാനാതുറയിലുമുള്ള കര്‍ഷകരുടേതും ഗവേഷണ വിദ്യാര്‍ത്ഥികളുടേതുമാണ്.സസ്യശാസ്ത്രത്തില്‍ ഗ്ഗവേഷണം നടത്തുന്നവര്‍ക്ക് ഒരത്താണിയാണിദ്ദേഹം. കുട്ടികള്‍ ഈ അദ്ധ്യാപകനെ അസോള സാറെന്നു വിളിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം ഈ അപര നാമമാണെന്ന് പിള്ള പറയുന്നു.അസോളയുടെ കാര്യം പറയുമ്പോള്‍ പിള്ള പൂര്‍വാധികം വിനീതനാവുന്നു.
“അസോളയില്ലായിരുന്നെങ്കില്‍, ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല, അസോളയാണെനിക്കെല്ലാം”
ഭാര്യ വസന്തകുമാരി,വിദ്യാര്‍ത്ഥികളായ മക്കള്‍ ശിവകുമാര്‍,ലക്ഷ്മി,എന്നിവര്‍ക്കൊപ്പം അസോളയെയും മനസ്സില്‍ തൊട്ട് സ്നേഹിക്കാന്‍ കമലാസനന്‍ പിള്ളയ്ക്കു കഴിയുന്നു. താനെഴുതിയ പുസ്തകത്തിന് പിള്ള പേരു കൊടുത്തിരിക്കുന്നത് ‘അസോള- അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച’ എന്നാണ്. ഇങ്ങനെയൊരു വ്യത്യസ്തനായ പിള്ളയെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യണം. അല്ലെങ്കിലും, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും ഈ തിരിച്ചറിവ് ഉണ്ടാവുക തന്നെ ചെയ്യും. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന, ഡോ.കമലാസനന്‍ പിള്ള അതിനര്‍ഹനാണ്.

Wednesday, July 30, 2008

കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പുകള്‍. മറക്കാനാവാത്തവര്‍ - 4

 സമയത്ത് കിട്ടാത്ത സഹായത്തെക്കുറിച്ച് , എന്റെ അമ്മ ഒരു ചോദ്യം ചോദിക്കാറുണ്ട്. “കുളിരുമ്പോൾ കിട്ടാത്ത പുതപ്പെന്തിനാടീ?” ദൈനം ദിന ജീവിതത്തില്‍ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കുന്നവരെ കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പിനോട് ഞാനും ഉപമിക്കുകയാണ്‍. ഒരു പഴം ചൊല്ലിലെ വാക്കു പ്രയോഗിച്ച് ,അവരുടെ പ്രാധാന്യം കുറക്കുകയല്ല. എന്റെ ജീവിതത്തില്‍ ഇന്നോളം പ്രത്യക്ഷമായും പരോക്ഷമായും സഹായത്തിനെത്തിയിട്ടുള്ള ഓരോരുത്തരെയും നന്ദിപൂര്‍വം സ്മരിക്കാനും ഞാൻ ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ.
മറക്കാനാവാത്ത ഒത്തിരി മുഖങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഒരിക്കല്‍ പോലും കാണാത്തവരും ഉണ്ടാവാം. ഒരു കൈ സഹായം ചെയ്ത്, ഒന്നും പ്രതീക്ഷിക്കാതെ മറഞ്ഞു പോയവര്‍. ഓര്‍മ്മയിലെത്തുന്ന നൂറു കണക്കിന് മുഖങ്ങളുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ‘നന്ദി’ രേഖപ്പെടുത്താനായില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വേദനിച്ചിട്ടുമുണ്ട്.
കുട്ടിക്കാലത്ത്, എന്റെ അനിയന്‍, സുനിലിന് ‘ ചോറുകോടുക്കാന്‍ ’ഗുരുവായൂരമ്പലത്തില്‍ പോയതും
ഞാന്‍ ആള്‍ക്കൂട്ടത്തില്‍ പെട്ടതും , കരയുന്ന എന്നെ കൈപിടിച്ച് കൊണ്ട്, ഒരാള്‍ വന്നതുമൊക്കെ
മുതിര്‍ന്നവര്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.
അന്നു മുതലിങ്ങോട്ട് എത്രയെത്ര കടപ്പാടുകള്‍? വിദ്യാഭ്യാസ കാലഘട്ടത്തില്‍, പിന്നീട്, അധ്യാപിക, പത്രപ്രവര്‍ത്തക,  പൊതുപ്രവര്‍ത്തക, രാഷ്ട്രീയ പ്രവർത്തക, ജനപ്രതിനിധി എന്നിങ്ങനെ  എല്ലാ നിലകളിലും  ജീവിത യാത്രയില്‍ എനിയ്ക്ക് ഒരുപാട് സഹായങ്ങള്‍ നല്‍കിയവരുണ്ട്. “നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ.”
1994-ല്‍മകൻ കണ്ണന് ഒന്നര വയസ്സുള്ളപ്പോൾ ഒരു ബസ്സപകടം,തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന്, മുടി മുറിച്ചു.( അന്നു വീണത് വിദ്യയാക്കിയതാണ് എന്റെ ബോബ് ചെയ്ത മുടി.) 2004 ലും 2008 മാര്‍ച്ചിലും,ഏറ്റവും ഒടുവില്‍ ഇന്നലെ(ജൂലൈ-30)
രാത്രി 11.45നും കാറപകടങ്ങള്‍. ഓരോ അപകടത്തിലും,  വാഹനം മാറ്റി വര്‍ക്ക് ഷോപ്പിലാക്കാന്‍, പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍, വിവരം വീട്ടിലറിയിക്കാന്‍.. എല്ലാം ഒരുപാട് പേര്‍ സഹായിച്ചു. സത്യം പറഞ്ഞാല്‍ ഇനി കണ്ടാല്‍ തിരിച്ചറിയാത്ത, വിലാസം പോലുമറിയാത്ത ഫോണ്‍ നമ്പര്‍ അറിയാത്ത
ആളുകളാണധികവും.
ജൂലൈ 28നു ഡല്‍ഹിയില്‍ പോയ ഞാന്‍ ഇന്നലെ രാത്രി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍
ഭര്‍ത്താവ്(സുഭാഷ് ചേട്ടന്‍) എന്നെ കാത്തു നില്പുണ്ടായിരുന്നു. മകനും എന്റെ മാതാപിതാക്കളും കാത്തിരിക്കുന്ന കോട്ടയത്തെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍.
മഴ തകര്‍ത്തു പെയ്യുന്നു. ‘ ലതീ ,നമുക്കു ചെറായിയിലേക്കു പോയാലോ’? സുഭാഷ് ചേട്ടന്‍ .     .കണ്ണനും അച്ഛനമ്മമാരും എന്നെ പ്രതീക്ഷിച്ചിരിക്കും എന്ന ചിന്ത എന്നെ അലട്ടി. അതാവും, എന്റെ മറുപടി ഒരു നിമിഷം വൈകി  ‘വേണ്ട, എന്തും വരട്ടെ, നമുക്കു കോട്ടയത്തേക്കു തന്നെ പോകാം’
ചേട്ടന്‍ .
‘തുള്ളിക്കൊരു കുടം’ എന്നു പറയുമ്പോലെയുള്ള പേമാരി. ഫോണ്‍കോളുകള്‍ വരുന്നത് പോലും വേഗം അവസാനിപ്പിച്ച്, ഞാനും വഴി ശ്രദ്ധിക്കുകയായിരുന്നു. മഴ വകവയ്ക്കാതെ എതിരേ പാഞ്ഞു വന്ന ഒന്നുരണ്ട് വാഹനങ്ങളുടെ വരവ് നങ്ങളെ ഭയപ്പേടുത്തി. തലയോലപ്പറമ്പിലെത്തിയപ്പോള്‍ മഴ ഒന്നു ശമിച്ചതുപോലെ. പക്ഷേ വീണ്ടും മഴ ശക്തിപ്പെട്ടു. തലപ്പാറയിലെ ഡിവൈഡര്‍ അറിയാതെ പോയോ, കാണാതെ പോയോ എന്നറിയില്ല, കാര്‍ ഇടിച്ചു നിന്നു. വിജനമായ വഴി. പതിനൊന്നേമുക്കാലായിക്കാണും. സീറ്റ് ബല്‍റ്റിട്ടിരുന്നതിനാല്‍ ഞങ്ങ ള്‍ രണ്ടുപേരും സീറ്റില്‍ തന്നെയുണ്ട്. “എനിക്കൊന്നുമില്ല, എനിക്കൊന്നുമില്ല”. എന്നു പറഞ്ഞ്, പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, ഞങ്ങള്‍.നല്ല ഇടിയാണ്. വണ്ടിക്കു കാര്യമായ കൂഴപ്പമുണ്ടാകും. ഞാന്‍ ഡോര്‍
തുറക്കാന്‍ ശ്രമിച്ചു തുറക്കാനാവുന്നില്ല. “എന്റെ വായില്‍..” ചേട്ടനു വാചകം പൂര്‍ത്തിയാക്കാനാവുന്നില്ല.
ഒരു നിമിഷം ഞാന്‍ പതറി. “സാരമില്ലാ,അല്പം പൊട്ടിയിട്ടുണ്ട്.” എന്നെ ആശ്വസിപ്പിക്കുന്ന മറുപടി.
ഞങ്ങളുടെ രണ്ടു പേരുടേയും മോബൈല്‍ ഫോണുകള്‍ എന്റെ കൈയിലായിരുന്നു. രണ്ടും തെറിച്ചു പോയി. ഒന്നെന്റെ കൈയില്‍ കിട്ടി.ഞാന്‍ ഏറ്റുമാനൂരുള്ള എന്റെ സഹോദരനെ വിളിച്ചു. എടുക്കുന്നില്ല.
പെട്ടെന്നാണ്, കോട്ടയം ഭാഗത്തുനിന്നും ഒരു കാര്‍ വന്നു നിന്നത്.ഞങ്ങള്‍ക്കാശ്വാസമായി.
കാറിന്റെ കിടപ്പു കണ്ടാല്‍ ഇപ്പോഴത്തെ കാലത്ത് ആരും വണ്ടി നിര്‍ത്താതെ പൊയ്ക്കളയും. ഭാഗ്യം,
ഉടനേ എറണാകുളം ഭാഗത്തുനിന്നും മറ്റൊരു കാറും വന്നു നിന്നു.“വണ്ടി റിവേര്‍സ് എടുക്കാമോ?” ആദ്യം
വന്ന വാഹനത്തിലെ ചെറുപ്പക്കാര്‍ ചേട്ടനോട് ചോദിച്ചു. ശ്രമം വിഫലമായി. “ഇറങ്ങ്, ഞാന്‍ നോക്കാം.” ഒരാള്‍ പറഞ്ഞു. ചേട്ടനിറങ്ങി, വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും രണ്ടു കാറുകള്‍കൂടി വഴിയില്‍ ഒതുക്കി അതിലെ ആളുകളെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു. ഞാനിരുന്ന വശത്തെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന്, എന്നെയും ഇറക്കി. നെഞ്ചിന്റെ ഇടതുഭാഗത്ത് ഭയങ്കര വേദന.
എങ്കിലും ഒന്നും പറ്റിയില്ലല്ലോ. ഞാന്‍ ഈശ്വരനു നന്ദി പറഞ്ഞു.“ ലതികചേച്ചിയാണോ? ”എന്നു ചോദിച്ച് ആദ്യത്തെ വണ്ടിയിലെ ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു.എനിക്ക് മനസ്സിലായില്ലെങ്കിലും അയാള്‍ എന്നോടു പറഞ്ഞു. “ചേട്ടന്റെ വായില്‍ മുറിവുണ്ട്. നിങ്ങള്‍ ഒരു വണ്ടിയേല്‍ ഹോസ്പിറ്റലില്‍ പൊയ്ക്കോ. ഞങ്ങള്‍ വണ്ടി നീക്കിയിട്ടോളാം.ദാ എന്റെ ഫോണ്‍ നമ്പരും തരാം”. പിന്നെ മൂന്നു മിനിറ്റോളം വന്നവരെല്ലാവരും കൂടി വഴിയുടെ നടുക്കു കിടക്കുന്ന കാര്‍ നീക്കനുള്ള ശ്രമമായിരുന്നു. മഴ വകവക്കാതെയുള്ള ഉദ്യ്യമം.
അപ്പോള്‍ അതാ ഒരു ടാറ്റാ സുമോ വന്നു നില്‍ക്കുന്നു. നാലഞ്ചു ചെറുപ്പക്കാര്‍. അവരും കൂടി കാര്‍ നീക്കാന്‍.“ ക്ലെച്ച് ജാമായി. ഒരു രക്ഷയുമില്ല.” ആരോ പറഞ്ഞു. എന്തായാലും മൂന്നു നാലു മിനിറ്റു കള്‍കൊണ്ട് അവര്‍ കാര്‍ സൈഡിലൊതുക്കി.‘ ഞങ്ങള്‍ പാലായിലേക്കാ. നിങ്ങളെ കോട്ടയത്താക്കാം.’മാരുതിയില്‍ വന്ന ദമ്പതികള്‍ പറഞ്ഞു. ‘ ഞങ്ങള്‍ പൂവരണിക്കാരാ ,ഒരു പ്രശ്നവുമില്ല, ആശുപത്രിയില്‍ കൊണ്ടുപോയിട്ട് വീട്ടിലാക്കാം. ’ മറ്റൊരു കൂട്ടര്‍.
“ദേ ചേട്ടാ, താക്കോല്‍, ഇനി നില്‍ക്കാതെ ആശുപത്രിയില്‍ പോകാം” എനിക്കു നമ്പര്‍ തന്ന ബോബി എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.“ ഞങ്ങള്‍ ദീപികയിലെ ജീവനക്കാരാ, കോട്ടയത്തിറക്കാം.”ലഗേജൊക്കെ എടുത്തോ”. റ്റാറ്റാ സുമോയില്‍ നിന്നിറങ്ങിയവര്‍ പറഞ്ഞു. “ഞാന്‍ എറണാകുളത്തേക്കാ,എന്നാ ഇവരുടെ കൂടെ പൊക്കോ” ബോബി പറഞ്ഞു. മറ്റു രണ്ടു വണ്ടിക്കാരും ആശ്വാസ വാക്കുകള്‍ പറഞ്ഞ്, ലഗേജും മറ്റും മാറ്റാന്‍ സഹായിച്ചു.ബോബിയോടും, പേരറിയാത്ത മറ്റെല്ലാവരോറ്റും യാത്ര പറഞ്ഞ്, ദീപികയിലെ ജീവനക്കാരുടെ വാഹനത്തില്‍ കയറുമ്പോള്‍ എന്റെ ആശങ്ക ചേട്ടന്റെ വായിലെ മുറിവിനെക്കുറിച്ചായിരുന്നു. “മുട്ടുച്ചിറയില്‍ പോണോ, ഏറ്റുമാനൂര്‍ പോകണോ”?
അവര്‍ തിരക്കി.“ ഏറ്റുമാനൂര്‍ മതി. നിങ്ങള്‍ക്കപ്പോള്‍ പോകാലോ. ചേട്ടന്‍ പറഞ്ഞു.”
“അതൊന്നും പ്രശ്നമല്ല. അവിടെച്ചെല്ലട്ടെ.” മറ്റൊരാള്‍.
വൈകാതെ ഞങ്ങള്‍ ഏറ്റുമാനൂര്‍ വിമലാ ആശുപത്രിയിലെത്തി. ഞാന്‍ എന്റെ സഹോദരനെ വീണ്ടും വിളിച്ചപ്പോള്‍ അവനെ കിട്ടി. ഇതിനിടെ വീട്ടില്‍ വിളിച്ചതിനാല്‍ മോനും അടുത്ത വീട്ടിലെ ഷിനോയും കാറില്‍ പുറപ്പെട്ടിട്ടുണ്ടായിരുന്നു.
കാറിന്റെ സ്റ്റിയറിങ്ങിലിടിച്ച് ചേട്ടന്റെ പല്ലിനും മോണക്കുമിടയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മൂന്ന് തുന്നല്‍ മാത്രം.
മറ്റ് കാര്യമായ കുഴപ്പങ്ങള്‍ രണ്ടു പേര്‍ക്കുമില്ല. വീട്ടില്‍ നിന്നും ആളെത്തിയപ്പോള്‍ ആ ചെറുപ്പക്കാര്‍ യാത്ര പറഞ്ഞു. ഫിലിപ്പോസ് എന്നയാള്‍ കാര്‍ഡ് തന്നു.‘ ചേച്ചീ വിവരം ഈ നമ്പരില്‍ വിളിച്ചു പറയണേ’. ആ കാര്‍ഡ് വാങ്ങി, ഞാന്‍ നന്ദി പറഞ്ഞു. വീട്ടില്‍ വന്ന്, എന്റെ മാതാപിതാക്കളെ സമാധാനിപ്പിച്ച്,ഞങ്ങള്‍ കിടക്കുമ്പോള്‍ നേരം വെളുക്കാറായിരുന്നു. എനിക്ക് ഉറക്കം വന്നില്ല.‘
അപകടത്തില്‍പെട്ടവര്‍ പരസഹായം കിട്ടാതെ രക്തം വാര്‍ന്നു മരിക്കുന്നവര്‍ ....
പരോപകാരം ചെയ്താല്‍ കെണിയാകുമെന്നു ഭയക്കുന്നവര്‍.....സന്മനസ്സുള്ളവരേയും നല്ലപ്രവൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന കാലം... ഇവിടെ ഞങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവം.

“ ഇത്ര വലിയ ഇടിയിടിച്ചിട്ടും ഇത്രയൊക്കെയേ സംഭവിച്ചുള്ളല്ലോ,” എന്നു ഞങ്ങളെ സമാധാനിപ്പിച്ച്, ഞങ്ങളെ സഹായിച്ച ആ നല്ല മനുഷ്യരെ ഇനിക്കണ്ടാല്‍ മനസ്സിലാവില്ലല്ലോ എന്നതായിരുന്നു എന്റെ വിഷമം. രാവിലെ തന്നെ ബോബിയെയും ഫിലിപ്പോസിനെയും വിളിച്ച് ഞാനാ ആശങ്ക പങ്കിട്ടു.ഞങ്ങള്‍ക്ക് ചേച്ചിയെ അറിയാം. എന്നു പറഞ്ഞ് അവര്‍ എന്നെ വീണ്ടും ആശ്വസിപ്പിച്ചു.

Tuesday, July 22, 2008

മറക്കാനാവാത്തവര്‍-3.ചന്ദ്രേട്ടന്‍‍.

“പ്രിയരേ,
എന്തിനോ വേണ്ടി,
എന്തൊക്കെയോ ചെയ്യുന്ന നമുക്ക്
വ്യക്തി-കുടുംബ-സാമൂഹ്യ
ജീവിതത്തില്‍ സമതുലിതാവസ്ത
തെറ്റുന്നുവോ?-ഒരു തോന്നല്‍,
ഇതു നിയന്ത്രിക്കാന്‍,
ജീവിതയാത്രയില്‍ സത്യമറിയാന്‍
‘ജ്ഞാനപ്പാന’ സഹായകമാകുമെന്നു
വിശ്വസിക്കുന്നു.
സദയം സ്വീകരിച്ചാലും!
സ്നേഹാദരങ്ങളോടെ,
(കെ.എ.ചന്ദ്രന്‍)”
ഇക്കഴിഞ്ഞ ജനുവരിയില്‍ പാലക്കാട് വച്ച്, ശ്രീ.കെ.എ.ചന്ദ്രനെ ഒരു പൊതു പരിപാടിയില്‍ വച്ച്
വീണ്ടും കാണാനിടയായി.ഗുരുവായൂരപ്പന്റെ മുഖച്ചിത്രമുള്ള ഒരു ചെറിയ പുസ്തകമദ്ദേഹം എനിക്കു തന്നു.
മൂന്നാലു വര്‍ഷം മുന്‍പ്, ‘ഗാന്ധിസൂക്തങ്ങള്‍’ തന്നത് ഞാന്‍ ഓര്‍ത്തു. ഇത് ജ്ഞാനപ്പാനയാണ്.ഞാന്‍
നന്ദി പറഞ്ഞു.മടക്കയാത്രയില്‍ ഞാനാ ചെറിയ പുസ്തകം തുറന്നു നോക്കിയപ്പോള്‍, ചന്ദ്രേട്ടന്റെ കയ്യൊപ്പോടെയുള്ള ഒരു ചെറിയ കുറിപ്പൊരു കടലാസ്സില്‍. ആ കുറിപ്പാണു മുകളില്‍.
പുസ്തകത്തിന്റെ പിന്നില്‍ ഗാന്ധിജിയുടെ നിഴല്‍ചിത്രം.അതിനു മുകളില്‍
“ആദര്‍ശമില്ലാത്ത രാഷ്ടീയം
അദ്ധ്വാനമില്ലാതെയുള്ള സമ്പത്ത്
മനുഷ്യത്തമില്ലാത്തശാസ്ത്രം
സദാചാരബോധമില്ലാത്ത വ്യാപാരം
സ്വഭാവശുദ്ധിയില്ലാത്ത വിദ്യാഭ്യാസം
ത്യാഗമില്ലാതെയുള്ള പ്രാര്‍ത്ധന
ആത്മാര്‍ത്ധതയില്ലാത്ത സന്തോഷം
ഇവ അത്യന്തം അപകടകരമാണ്.”
-ഗാന്ധിജി.
ഞാന്‍ കുട്ടിക്കാലം മുതല്‍ വായിച്ചിട്ടുള്ള ജ്ഞാനപ്പാനയും നമ്മളൊക്കെ കേട്ടു മറന്ന ഗാന്ധി സൂക്തവുമാണെങ്കിലും എനിക്ക് ചന്ദ്രേട്ടനോടുള്ള സ്നേഹാദരങ്ങളുടെ ആക്കം കൂടി. ഒരിക്കല്‍ക്കൂടി ഞാന്‍ ജ്ഞാനപ്പാന മനസ്സിരുത്തിച്ചൊല്ലി.അന്നുമുതലാ ചെറിയ പുസ്തകം എന്നോടൊപ്പം എന്റെ ബാഗില്‍ക്കിടന്ന് യാത്ര ചെയ്യുന്നു.എന്റെ അച്ചന്റെ ഒരു ബന്ധു ക്ഷേത്രങ്ങളില്‍ ജ്ഞാനപ്പാന പാരായണം ചെയ്യുന്നയാളാണ്. അദ്ദേഹം ചൊല്ലിക്കൊടുക്കുന്നതും (താളമേളങ്ങളുടെ അകമ്പടിയോടെ)
കൂടെയുള്ളവര്‍ ഏറ്റുചൊല്ലുന്നതും മറ്റും കുട്ടിക്കാലത്തേ മനസ്സില്‍ പതിഞ്ഞിരുന്നു.

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതുംഭവാന്‍.
.........................................................
പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്
തന്നത്താനഭിമാനിച്ചു പിന്നേടം
തന്നത്താനറിയാതെ കഴിയുന്നു
ഇത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ.
............................................................
അമ്മക്കും പുനരച്ചനും ഭാര്യക്കും
ഉണ്മാന്‍പോലും കൊടുക്കുന്നില്ലാചിലര്‍
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍ പോലും കാണുന്നില്ലാചിലര്‍
...................................................................
അര്‍ത്ധമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാമനസ്സിന്നൊരു കാലം
..................................................................
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും
വന്നുവോണം കഴിഞ്ഞു വിഷുവെന്നും
വന്നില്ലല്ലൊതിരുവാതിരയെന്നും
...............................................
ഉണ്ണിയുണ്ടായിവേള്‍പ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവുഞാനെന്നും
.........................................................
ഇത്ധമോരോന്നുചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവംശിവ!ശിവ!
...........................................................
കൂടിയല്ല പിറക്കുന്നനേരത്ത്
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃധാ?
.......................................................
സജ്ജനങ്ങളെ കാണുന്നനേരത്ത്
ലജ്ജകൂടാതെ വീണു നമിക്കണം
......................................................
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍
പ്രാരാബ്ദങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍
പതിച്ചീടുന്നു ദേഹമൊരേടത്ത്.
....................................................
എല്ലാംചിന്തിപ്പിക്കുന്ന വരികള്‍..............
ഞാനാവരികളെല്ലാം തന്നെ ഹൃദിസ്തമാക്കിയത് എനിക്ക് ചന്ദ്രേട്ടനീ പുസ്തകം തന്നതിനാലാണ്.അശാന്തമായ എന്റെ മനസ്സിന് സമാധാനം നല്‍കാന്‍ പര്യാപ്തമാണതിലെ പല വരികളും...യാത്ര ചെയ്യുമ്പോള്‍ മനസ്സിലും, ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ശബ്ദത്തിലും ഞാ‍നാ വരികള്‍
ചൊല്ലാറുണ്ട്.
രാഷ്ടീയനേതാവ്,എം.എല്‍.എ,ഗാന്ധിയന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ
പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളയാളാണ് ചന്ദ്രേട്ടന്‍.എന്നോട് വലിയ ആത്മ ബന്ധമൊന്നും ഉള്ള ആളല്ല ചന്ദ്രേട്ടന്‍. ഔപചാരികതയുടെ പേരിലുള്ള പരിചയവും അടുപ്പവും മാത്രം.
“ചന്ദ്രേട്ടനെങ്ങനാ രാഷ്ടീയക്കാരനായത്?”
ഞാന്‍ ഒരിക്കല്‍ ചോദിച്ചു.
“ഞാന്‍ ഹൈസ്കൂളില്‍ പടിക്കുന്ന കാലം.ജവഹര്‍ലാല്‍ നെഹ്രുജി ഞ്ങ്ങളുടെ സ്കൂളില്‍ വരുന്നു. (ചിറ്റൂര്‍. ഗവ;സ്കൂള്‍) ഞാന്‍ രാവിലെ മുതല്‍ വരിയില്‍ നിന്നിട്ടും ഉച്ചക്കു ശേഷം വന്നവര്‍ പോലും മുന്‍പില്‍ കയറി.
മുന്‍പിലെത്താനുള്ള വഴിയെക്കുറിച്ച് ആരാഞ്ഞപ്പോഴാ, അറിഞ്ഞത്, രാഷ്ടീയത്തില്‍ പ്രവര്‍ത്തിക്കുന്നവരാ അവരെന്ന്. ആ വാശിക്കാ, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.”
ചിറ്റൂരുനിന്നും ഒരു തവണയും കൊല്ലങ്കോട് നിന്നും രണ്ടുതവണയും കേരളനിയമസഭയിലെത്തിയ ഇദ്ദേഹം നല്ലൊരു സഹകാരിയാണ്.നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട് എന്നതല്ല ചന്ദ്രേട്ടന്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കാനുള്ള കാരണം. “നാടോടുമ്പോള്‍ നടുവെ ഓടണം” എന്ന ചൊല്ല്
പലതിനെയും ന്യായീകരിക്കാനായുധമാക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട ഒരാള്‍.. അതാണ് ചന്ദ്രേട്ടന്‍.ഇത്തരം ഒരു ചെറു കൈത്തിരി കത്തിച്ച് മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹത്തെ
വിമര്‍ശിക്കുന്നവരുമുണ്ടാകാം.പക്ഷേ, പര നിന്ദ ഗൌനിക്കാതെ അദ്ദേഹം തനിക്കു ശരിയെന്നു തോന്നുന്നത് ചെയ്തു കൊണ്ടേയിരിക്കുന്നു.എന്തായാലും, പരുക്കന്‍ ഖദറണിഞ്ഞ്, നാടു നീളെ നന്മ പ്രചരിപ്പിക്കാന്‍ , കുട്ടികള്‍ക്കും വലിയവര്‍ക്കും നന്മയുടെ ലഖുലേഖകള്‍ സൌജന്യമായി വിതരണം ചെയ്യുന്ന ചന്ദ്രേട്ടന്റെ വിശാല മനസ്സിനെ ഞാന്‍ നമിക്കുന്നു. അതിനായി അദ്ദേഹത്തെ സഹായിക്കുന്ന സുമനസ്സുകളെ സ്മരിക്കുന്നു.

Monday, July 21, 2008

മറക്കാനാവാത്തവര്‍ ‍-2 ആര്‍ക്കും വേണ്ടാത്തവള്‍

ഞാന്‍ ഡിഗ്രി പരീക്ഷ കഴിഞ്ഞ്,ഫലം പ്രതീക്ഷിച്ചിരിക്കുന്ന കാലം.നാട്ടിലെ ഒരു ചെറിയ പാരലല്‍ കോളജില്‍

സ്കൂള്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ എടുക്കുന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു.എന്റെ ഗ്രാമത്തില്‍ നിന്നും ബസ്സില്‍ ടൌണിലിറങ്ങി, ട്യൂഷന്‍ സെന്ററിലേക്ക് കുറച്ചു ദൂരം നടക്കണം. പതിവു പോലെ ഞാന്‍ ക്ലാസ് കഴിഞ്ഞ്, ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്.വഴി ടാറു ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ പണിക്കാരുടെ പച്ചക്കൊടിയുടേയും ചുവപ്പുകൊടിയുടേയും നിയന്ത്രണത്തില്‍ നില്‍ക്കുകയും നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു.വഴിയില്‍ക്കൂടി നടക്കാനും ബുദ്ധിമുട്ടുള്ള സമയം.പെട്ടെന്നാണ്,എണ്‍പതു കഴിഞ്ഞ ഒരു അമ്മൂമ്മയുടെ രൂപമെന്റെ ശ്രദ്ധയില്‍ പെട്ടത്.ഒരു കയ്യില്‍
ഒരു തുണി സഞ്ചിയും മറു കയ്യില്‍ ഊന്നു വടിയും.ഞാന്‍ അടുത്തു ചെന്നു. നടന്നു ക്ഷീണിച്ചിരിക്കുന്നു.
“കുഞ്ഞേ, എന്നെ ആ കവല വരെ ഒന്നാക്കാമോ?” ദൈന്യത നിറഞ്ഞ ചോദ്യം. ഞാന്‍ അവരുടെ സഞ്ചി വാങ്ങി.ഒഴിഞ്ഞ കൈ കൊണ്ട് അമ്മൂമ്മ എന്റെ ഇടതു കയ്യില്‍ മുറുകെ പിടിച്ചു . ഞങ്ങള്‍ മുന്നോട്ടു നീങ്ങി.
“കുഞ്ഞെവിടെ പോകുവാ?” “ പിള്ളേരെ പടിപ്പിക്കാന്‍ പോയതാ..”.ഞാന്‍ മറുപടി നല്‍കി.
“അമ്മൂമ്മയുടെ വീടോ?”
“പള്ളീടപ്പുറത്താ, ടീച്ചറെ. (ടീച്ചര്‍ വിളി കേട്ട്, ഞാന്‍ ചെറുതായിപ്പോകും പോലെ..) ആശുപത്രീലാരുന്നു. സോക്കേടു കുറഞ്ഞിട്ടും ആരും വന്നില്ല. ഡോക്കിട്ടറാഎനിക്കു വണ്ടിക്കാശു തന്നത്.”
“സാരമില്ല ഞാന്‍ ഓട്ടോ പിടിച്ചു തരാം.”
അമ്മൂമ്മക്കു പോകേണ്ടത്, മറ്റൊരു വശത്തേക്കാ‍യിരുന്നു.എന്നും ആ വഴി പോകുന്ന ഞാന്‍ ഈ അമ്മൂമ്മയുമായി പോകുന്നതു കണ്ട്, പലരുടെയും നോട്ടം ഞങ്ങളിലേക്കു വരുന്നത് കണ്ട്,എന്റെ അപക്വ മനസ്സില്‍ അല്പം ജാള്യത. അമ്മൂമ്മ എന്റെ കൈയ്യിലെ പിടി മുറുക്കിക്കൊണ്ടേയിരുന്നു.
സംസാരിച്ചു കൊണ്ടേയിരിക്കുകയാണവര്‍.മകന്‍, മരുമകള്‍, അവരുടെ സ്നേഹക്കുറവ്,ആശുപത്രിയിലാക്കിയിട്ട് , പതിയെ പതിയെ ഉപേക്ഷിച്ചത്.. എല്ലാം.
ഇടക്ക് അമ്മൂമ്മ ഒരു ചോദ്യം.“ടീച്ചറേ, എന്നെ ഏതെങ്കിലും ഒരു അനാദാലയത്തിലാക്കി തരാമോ?”
“അയ്യോ, അതൊന്നും വേണ്ട , വീട്ടിപ്പോയാല്‍ മതി കേട്ടോ”.
“ഞാന്‍ അവര്‍ക്ക് ശല്യമാ. എനിക്കിഷ്ടമില്ല പോവാന്‍.ആര്‍ക്കും വേണ്ടാത്തവളാ... ടീച്ചറേ, എന്നെ അനാദാലയത്തീ വിടുവോ?”
അമ്മൂമ്മ വീണ്ടും ചോദിച്ചു.
“ഞാന്‍ അന്വേഷിക്കാം.ഇന്നു വീട്ടില്‍ പോയി നില്‍ക്ക്.”
ഞാന്‍ സമാധാനിപ്പിച്ചു.ഞങ്ങള്‍ ജങ്ഷനിലെത്തി.ഇന്നത്തെപ്പോലെ ഞങ്ങളുടെ പട്ടണത്തില്‍
ഓട്ടോ റിക്ഷകള്‍ അധികമില്ല.അവിടെ ഒരു പൊലീസ്സുകാരന്‍ നില്‍ക്കുന്നു’
എനിക്കാശ്വാസമായി. ഞാന്‍ അദ്ദേഹത്തോട് വിവരം പറഞ്ഞു.
“സാറേ കാശെന്റെ കയ്യിലുണ്ട്.ലാംബട്രാ (ഓട്ടോ) പിടിച്ച് തന്നാല്‍ മതി.”. അമ്മൂമ്മ.
എനിക്കു സമാധാനമായി. പൊലീസുകാരന് ബാദ്ധ്യതയാവില്ലല്ലോ.ഉടനേ പൊലീസുകാരന്‍ അമ്മൂമ്മയോട് വിവരങ്ങള്‍ ചോദിച്ച് ഒരാളെ ഓട്ടോ പിടിക്കാ‍ന്‍ ഏര്‍പ്പാടാക്കി.ഓട്ടോ വന്നപ്പോള്‍ അമ്മൂമ്മയെ അതില്‍ കയറ്റി,സഞ്ചിയും കയ്യിലേല്‍പ്പിച്ചു. “ടീച്ചറേ എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ ”.അമ്മൂമ്മ വീണ്ടും ചോദിച്ചു .മറുപടിയൊന്നും പറയാതെ ഞാന്‍ നിസ്സഹായയായി നില്‍ക്കുമ്പോഴേയ്ക്കും ഓട്ടോ നീങ്ങിക്കഴിഞ്ഞു.
മുന്നോട്ട് നടക്കുമ്പോള്‍,മനസ്സിനു വല്ലാത്തൊരു വിങ്ങല്‍........പൊതുസ്തലത്തായതിനാല്‍,എനിക്ക് ആ അമ്മൂമ്മയെ ശരിക്കൊന്നാശ്വസിപ്പിക്കുവാന്‍ പോലും കഴിഞ്ഞില്ല.ടീനേജിന്റെ കടമ്പ കഷ്ടിച്ച് പിന്നിട്ട ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയ്ക്കു മുന്‍പില്‍ 4 ദശദിന ക്യാമ്പുകളില്‍ പങ്കെടുത്ത ഒരു നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയറുടെ [N.S.S Volunteer]സഹാനുഭൂതിയും ചുറുചുറുക്കുമൊക്കെ നിഷ്പ്രഭമായിപ്പോയതു പോലെ. “ടീച്ചറേ എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ?” എന്ന ചോദ്യം
എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
വീട്ടില്‍ ചെന്ന് അമ്മയോടും ചേച്ചിയോടും വിവരം പറഞ്ഞു. രണ്ടു പേരും സഹതാപത്തോടെ എല്ലാം കേട്ടെങ്കിലുംഎനിക്കുള്ള വക കയ്യോടെ കിട്ടി. “ഓട്ടോയില്‍ കയറ്റി ഇങ്ങോട്ടു കൊണ്ടു വന്നില്ലല്ലോ. സമാധാനം..” അമ്മ .
“ആ കാഴ്ച ഒന്നു കാണാനൊത്തില്ലല്ലോ. അമ്മൂമ്മേടേം ടീച്ചറിന്റേം വരവ്.. ഒരു ടീച്ചര്‍ വന്നിരിക്കുന്നു..”
ചേച്ചിയുടെ കമന്റ്.
രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ട്യൂഷന്‍ ക്ലാസ്സില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കു നടക്കുകയാണ്.
എതിര്‍വശത്തുനിന്നും ഒരു ചെത്തുകാരന്‍ (കള്ളു ചെത്തുന്നയാള്‍) വരുന്നു. എന്നെനോക്കി അദ്ദേഹം പുഞ്ചിരിച്ചു. മിക്കവാറും ഞാന്‍ കാണാറുള്ള ആളാണത്.ഞാനും ചിരിച്ചു.
“രണ്ടുദിവസം മുന്‍പു മോളൊരു വല്യമ്മയെ കൈ പിടിച്ചു കൊണ്ടു പോയില്ലേ! ആ വല്യമ്മ പിറ്റേദിവസം തന്നെ മരിച്ചു പോയി. ഞങ്ങടടുത്താ അവരുടെ വീട്.”
ഒന്നും പറയാനാവാതെ ഞാനവിടെത്തന്നെ നിന്നു പോയി.
“ഞാന്‍ പറഞ്ഞന്നേയുള്ളൂ, കുഞ്ഞു പൊയ്ക്കോ..”
ചെത്തുകാരന്‍ നടന്നുനീങ്ങി..ഞാനും നടന്നു തുടങ്ങി.ദൈന്യതയും നിസ്സഹായതയും നിരാശയും ഒരുമിച്ചുള്ള ആ മുഖഭാവം വീണ്ടും എന്നെ വേട്ടയാടാന്‍ തുടങ്ങി..ഒപ്പം ആ ക്ഷീണിച്ച ശബ്ദവും..
“..... എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ? . . .

Wednesday, July 16, 2008

മറക്കാനാവാത്തവര്‍ - 1 ഗുരു നിത്യ

ന്റെ ഏക സഹോദരിയുടെ[പ്രിയച്ചേച്ചി]ഭര്‍ത്താവ് മധുച്ചേട്ടന്‍ സൌദിയില്‍ നിന്നും വന്നപ്പോള്‍ എനിക്ക് ഒരു നല്ല ഓട്ടോഗ്രാഫ് ബുക്ക് കൊണ്ടുവന്നു.എം.എ.ഫൈനലിയറാണ് ഞാനന്ന്.പിറ്റേന്ന് തന്നെ ഞാന്‍ ആ ഓട്ടോഗ്രാഫ് ബുക്കുമായാണ് കോളജിലെത്തിയത്.പരീക്ഷയടുക്കാറായി.ചില കൂട്ടുകാരൊക്കെ പുതിയ ആ പുസ്തകത്താളുകളില്‍ അവരുടെ സ്നേഹലിപികള്‍ സമ്മാനിച്ചു.ഉച്ച കഴിഞ്ഞ് ഞങ്ങള്‍ പത്തു കുട്ടികള്‍ ഗുരു നിത്യ ചൈതന്യ യതിയെ കാണാന്‍ പോയി.പ്രശസ്ത പത്രപ്രവര്‍ത്തകനായ കൌമുദി വിശ്വംഭരന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് അനുസ്മരണ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.ശ്രീ വിശ്വംഭരന്റെ പുത്രന്‍ ബിന്നിയും ഞങ്ങളുടെ ക്ലാസിലായിരുന്നു.ഗുരുവിനൊപ്പം കുറച്ചു സമയം ചിലവഴിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ “ഗുരു ഒരു ഓട്ടോഗ്രാഫ്”.അദ്ദേഹം സന്തോഷത്തോടെ ബുക്ക് വാങ്ങി കുറിച്ചു.

“ലതികേ, ലതിക തേക്കും,തേന്മാവും മരുതിയുമൊന്നുമല്ല..പൂവണിയാനും ഫലങ്ങള്‍ കായ്ക്കാനും മാത്രം ശരീരം സ്വീകരിച്ചിരിക്കുന്ന കാരുണ്യമായിരിക്കണം. ലതികയെ കാണുമ്പോള്‍ ദൈവം പറയുന്നുണ്ടാവും.
‘ഹാ ലതിക! എന്റെ ലതിക!‘ എത്ര നല്ല ദൈവം,എത്ര നല്ല ലതിക”

നാളെ രാവിലെ നിന്റെ വീട്ടില്‍ വന്നാല്‍ നല്ല ദോശയും ചമ്മന്തിയും തരുമോ എന്നായി ഗുരു. എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.ഗുരുവും ശ്രീമതി നാന്‍സി യീല്‍ഡിങ്ങും ശ്രീ ഹരിയും അടങ്ങുന്ന സംഘം അങ്ങനെ പിറ്റേന്നു കാലത്ത് എന്റെ വീട്ടിലെത്തി ദോശയും ചായയുമൊക്കെ കഴിച്ചു യാത്രയായി.ഗുരുവുമായി ആദ്യം കണ്ടപ്പോള്‍ കിട്ടിയ അപ്രതീക്ഷിതമായ സ്നേഹവും അടുപ്പവും,ആ കുറിപ്പുമൊക്കെ എന്നില്‍ എന്തെന്നില്ലാത്ത സന്തോഷമുളവാക്കി. തലേന്നാള്‍ ഗുരു എന്നെക്കൊണ്ട്, ചില ലേഖനങ്ങള്‍ ഉച്ചത്തില്‍ വായിപ്പിച്ചു കേട്ടു. നിന്റെ കയ്യക്ഷരം എങ്ങനുണ്ട് എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.‘ തെറ്റില്ലാതെ വേഗത്തില്‍ എഴുതാം. പക്ഷേ, കയ്യക്ഷരം വലിയ മെച്ചമില്ല ഗുരൂ‘ ഗുരു പുഞ്ചിരിച്ചു.

അധികം വൈകാതെ എന്റെ ഒരു കത്ത്,(സാമാന്യം നീണ്ടത്) ഗുരു നിത്യ ചൈതന്യ യതി, നാ‍രായണ ഗുരുകുലം,ഫേണ്‍ഹില്‍ പി.ഒ, നീലഗിരി, തമിഴ് നാട്. എന്ന വിലാസത്തില്‍ ഊട്ടിയിലെത്തി. നാലാം പക്കം ഒത്തിരി സ്നേഹവുമായി ഹ്രസ്വമായ ഒരു കത്ത്. തുടക്കത്തിലെ പ്രിയ മകള്‍ എന്ന സംബോധനയും സസ്നേഹം ഗുരു. എന്ന വാക്കുകളും Nithya എന്ന കയ്യൊപ്പും മാത്രം ഗുരുവിന്റെ കൈപ്പടയില്‍. ബാക്കിയൊക്കെ മറ്റാരോ എഴുതിയിരിക്കുന്നു. കത്തയക്കലും മറുപടിയെഴുത്തും അനസ്യൂതം തുടര്‍ന്നു. ഒരുനാള്‍ നീലഗിരിയിള്‍ നിന്നുമെത്തിയ കത്തില്‍ ഒരു ചോദ്യം ‘മോളെ, നീയെന്നാണിങ്ങോട്ടു വരിക?‘പോകാന്‍ എന്റെ മനസ്സ് കൊതിച്ചു.എം.എ.പരീക്ഷ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഒരു പാരലല്‍ കോളജില്‍ പഠിപ്പിക്കാന്‍ ‍തുടങ്ങിയിരുന്നു. പരീക്ഷയോടനുബന്ധിച്ചുള്ള വൈവയും കഴിഞ്ഞിട്ടില്ല. എന്തായാലും ഒരു കൊല്ലത്തിനകം എന്റെ ആദ്യ ഗുരുകുലയാത്ര തരപ്പെട്ടു.

ഞാനും അച്ചനും എത്തുമ്പോള്‍, ഗുരു സായാഹ്ന സവാരിക്കിറങ്ങുകയായിരുന്നു.കൂടെ കുറച്ചു പേരുണ്ട്. അതിലേറെ കുട്ടികളും.
കുട്ടികളെല്ലാം തമിഴ് മക്കള്‍.അവരുടെ തലയില്‍ വെള്ളമൊഴിച്ചിട്ടു ദിവസങ്ങളായതു പോലെ. എന്റെ നോട്ടം കണ്ടാവാം, മഞ്ഞനിക്കര ഗ്രാമത്തിലെ ജലക്ഷാമത്തെക്കുറിച്ചും മറ്റും ഗുരു എന്നോട് പറഞ്ഞു.ഗുരുകുലത്തിലെ മഴവെള്ള സംഭരണിയില്‍ നിന്നും കുറച്ചു ഗ്രാമവാസികള്‍ക്കും അന്നേ ശുദ്ധജലം നല്‍കിയിരുന്നു. നമ്മുടെ നാട്ടിലെപ്പോലെ നാഴികക്ക് നാല്പതു വട്ടം കുളിയൊന്നും ഇവിടത്തുകാര്‍ക്കില്ലെന്നും മനസ്സിലായപ്പോള്‍, വെയിലുകൊണ്ടു കരിഞ്ഞ മുഖങ്ങളും വിണ്ടു കീറാന്‍ തുടങ്ങുന്ന ചുണ്ടുകളുമുള്ള ആ ഓമനകളെ വാത്സല്യത്തോടെ ഗുരു നയിക്കുന്നതു കണ്ടപ്പോള്‍ എനിക്കും അവരോട് ഒരുപാട് സ്നേഹം തോന്നി.

ഞങ്ങള്‍ തണുപ്പിനെ അവഗണിച്ച് മുന്നോട്ട്.. അങ്ങകലെ മലനിരകള്‍ ചൂണ്ടിയും ഇടക്കൊക്കെ നടത്തം നിര്‍ത്തി തേയിലക്കാടിനെ നോക്കിയും നീലാകാശത്തില്‍അസ്തമയത്തിന്റെ അരുണാഭ പടരുന്നതുകാട്ടിയും ഗുരു എനിക്കുവേണ്ടി വിവരണങ്ങള്‍ നല്‍കി.ആ നടപ്പ് ‘അമ്മ മരം‘ വരെ നീണ്ടു. ഗ്രാമവാസികള്‍ക്കു സങ്കടം പറയാനുള്ള പ്രായമായ ഒരു ‘സില്‍വര്‍ ഓക്ക്’മരമാണ് അമ്മമരം. അതിനടുത്ത് ഒന്നുരണ്ട് വിളക്കുകളുണ്ട്. കുട്ടികള്‍ അമ്മമരത്തെ കെട്ടിപ്പിടിച്ച് എന്നോടും “അക്കാ ഇങ്ങനെ” എന്നു പറഞ്ഞു. വൃദ്ധനായ ഒരാള്‍ അവിടെ നിന്നിരുന്നു. അദ്ദേഹംഗുരുവിനെക്കണ്ട് കൈ നീട്ടി. ഗുരു തന്റെ ജുബ്ബായുടെ പോക്കറ്റില്‍ കിടന്ന മുഴുവന്‍ നോട്ടുകളും ആ പാവത്തിനു സസന്തോഷം കൊടുത്തു. ആ കണ്ണുകളില്‍ അദ്ഭുതവുംസന്തോഷവും..

അച്ചന്‍ അടുത്ത ദിവസം മടങ്ങി. ഗുരുകുലത്തില്‍ പ്രഭാതഭക്ഷണം 11 മണി കഴിഞ്ഞാണ്. എങ്കിലും ഗുരു എനിക്ക് അടുത്തുള്ള മലയാളിയായ കുട്ടേട്ടന്റെ കടയില്‍ നിന്നും ചൂട് ദോ‍ശ വരുത്തിത്തന്നു. ‘മോളേ രണ്ട് ദിവസം കഴിഞ്ഞാല്‍ ഇതുണ്ടാവില്ല. ഇവിടത്തെ ‘ബ്രഞ്ച് ‘നീയും ശീലമാക്കുക.‘ അങ്ങനെ കഴിച്ചും, കളിച്ചും, ചിരിച്ചും,ചിന്തിച്ചും ഞാന്‍ അവിടെക്കൂടി.പത്ര പാരായണം പോലും നിര്‍ത്തിവച്ച കാലം..പ്രഭാത-സായാഹ്നങ്ങളിലെ ക്ലാസ്സുകളില്‍ ദൈവ ദശകവും ആത്മോപദേശശതകവും അനുകമ്പാദശകവും ദര്‍ശനമാലയുമൊക്കെ കടന്നു വന്നു.ശ്രീനാരായണ ഗുരുദേവ കൃതികളിലേക്കൊരു എത്തിനോട്ടം.ഒരു ദിവസം യാജ്ഞവല്‍ക്യനാണെങ്കില്‍,മറ്റൊരു ദിവസം യുങ്ങും ഫ്രോയിഡും. ഇന്നു രാമായണമെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ബൈബിളും ഖുറാനും. മറ്റൊരുദിവസം ഭഗവദ് ഗീതാ വ്യാഖ്യാനം.65-വയസ്സയപ്പോള്‍ ഗുരുവിന്റെ 65-)മത്തെ പുസ്തകം പ്രകാശനം ചെയ്തു.

ആനുകാലികങ്ങളിലും മറ്റും ഗുരു നിത്യേന അയച്ചു കൊടുക്കുന്ന ലേഖനങ്ങള്‍ കേട്ടെഴുതിക്കൊടുക്കാന്‍ ഇടക്കിടക്കു എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. ഗുരു സ്നേഹിക്കുന്ന, ഗുരുവിനെ സ്നേഹിക്കുന്ന ഒത്തിരിപ്പേരുമായുള്ള സൌഹൃദം. വായന,പഠനം,എഴുത്ത്,പാചകം,സംഗീതാസ്വാദനം,സത്സംഗം,കൃഷിപ്പണി,ഗുരുവിനോടൊപ്പമുള്ള സവാരി-എല്ലാത്തിനും അന്ന് സമയമുണ്ടായിരുന്നു.ഇടക്ക് നടക്കുന്ന സംഗീത സെമിനാര്‍ ഗായകരെയും സംഗീതാസ്വാദകരെയും ഗുരുകുലത്തിലേക്കാകര്‍ഷിച്ചു.വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ‘ഗുരുപൂജ’(നടരാജഗുരുവിന്റെ സ്മരണ)ക്ക്,ഗ്രാമവാസികള്‍ക്കെല്ലാം
ഭക്ഷണം നള്‍കുന്നു. യതിയുമായി ,ഗുരുകുലവുമായി അടുപ്പമുള്ള വ്യക്തികളും കുടുംബങ്ങളും ആത്മീയ ഗുരുക്കന്മാരും(ജാതിമതഭേദമെന്യേ)ഒത്തു ചേരുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്.

ആയിടക്ക്, ഗുരുവിന് ഞാന്‍ വിവേകാനന്ദ സാഹിത്യ സര്‍വസ്വം ഓരോ ദിവസവും കുറച്ചു വീതം വായിച്ചു കൊടുത്തിരുന്നു.നരേന്ദ്രന്‍ വീട്ടുകാരെ ഓര്‍ക്കുന്ന ഒരു ഭാഗം പരാമര്‍ശിക്കപ്പെട്ട അന്ന് ഗുരു എന്നോട് അത്തരം ആശങ്കകള്‍ നിനക്കുണ്ടോ എന്നരാഞ്ഞു.

അടുത്ത ദിവസം ഗുരു എന്നെ ഒരു ബാങ്ക് ഓഫീസറുടെ അടുത്തേക്ക് എനിക്കു ഒട്ടും പരിചയമില്ലാത്ത അക്കൌണ്ടന്‍സി പഠിപ്പിക്കാനയച്ചു. അന്നന്നത്തെ വരവുചെലവു കണക്കുകള്‍ എഴുതാന്‍ അങ്ങനെ ഞാന്‍ നിയോഗിക്കപ്പെട്ടു. ഒരാഴ്ച്ച കഴിഞ്ഞ്,ഗുരു രണ്ടായിരം രൂപയുടെ ഒരു ചെക്കും, ഒരു കത്തും എന്റെ അച്ചനയച്ചു. കത്തിലെ വാചകം’പ്രിയ പരമേശ്വരന്‍ നായര്‍, ലതികമോളുടെ കര്‍മ്മ വല്ലരിയില്‍ പൂത്ത കുറച്ചു പൂക്കളയക്കുന്നു’ എന്നായിരുന്നു. കരുതല്‍ എല്ലാവരോടുമുണ്ടായിരുന്നു ഗുരുവിന്.പാചകവും സംഗീതവും തത്വചിന്തയും ആസ്വദിച്ചിരുന്നുഗുരു.വിശ്വ സാഹിത്യകാരന്മാരും ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളും, ഗുരുവിന്റെ ദൌര്‍ബല്യമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഓരോ ദിവസവും കിട്ടുന്ന നൂറോളം വരുന്ന കത്തുകള്‍ക്കും അന്നുതന്നെ തീര്‍പ്പു കല്‍പ്പിക്കുന്ന ഗുരു..കത്തുകളില്‍ ആത്മഹത്യാ കുറിപ്പുകള്‍ പോലും ഉണ്ടായെന്നു വരാം.കൊച്ചു കൂട്ടുകാരുമായി സ്നേഹ സംവാദം കത്തിലൂടെ നടത്താന്‍ ഗുരു വിദഗ്ദ്ധനായിരുന്നു.സ്നേഹസംവാദത്തിന്റെ വക്താവായിരുന്നു ഗുരു. കലാ ബോധവും പൂര്‍ണ്ണത(perfection) യും ഒരുപോലെ സമ്മേളിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഗുരുവിന്റേത്.ഞങ്ങള്‍ കുട്ടികളോട് എത്ര വാത്സല്യം ആയിരുന്നു ഗുരുവിന്.
ഗുരുകുലത്തില്‍ നിന്നു നോക്കിയാല്‍ മേട്ടുപ്പാളയത്ത് നിന്നും നീലഗിരിയിലേക്ക് കൂകി വിളിച്ചു പോകുന്ന കൊച്ചു തീവണ്ടി കാണാം.ഒരു ദിവസം ഗുരു ഞങ്ങളെ ആ ട്രെയിനില്‍ കയറ്റി കൂനൂര്‍ക്ക് കൊണ്ടുപോയി, തിരികെ വന്നു. എന്റെ പിറന്നാള്‍ ദിനത്തില്‍ കൈ നിറയെ സമ്മാനങ്ങള്‍ തന്നു.കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ വിദ്യ പകര്‍ന്നു തന്നു.ഗുരു ആയിടക്കു വീണ പടിക്കാന്‍ തുടങ്ങിയത് എന്നെ അല്‍ഭുതപ്പെടുത്തി.കേരളത്തിലെ യുവാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലിക്കും മുന്‍പേ ഗുരുവും ഗുരുകുലവും
ആ സൌകര്യം പ്രയോജനപ്പെടുത്തി.

അന്നന്നു വേണ്ട ആഹാരം അന്നന്നു ഞങ്ങള്‍ക്കു തരേണമേ...എന്ന ക്രൈസ്തവ പ്രാര്‍ധനയും അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്ന ദൈവദശകത്തിലെ വരികളും ഗുരുകുലത്തില്‍ വളരെ പ്രസക്തമായിരുന്നു.പുസ്തകങ്ങളുടെ റോയല്‍റ്റിയും മറ്റു വരുമാനങ്ങളുമൊക്കെ അന്നന്നത്തെ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു.വരുന്നവര്‍ക്കെല്ലാം ഭക്ഷണം, താമസ സൌകര്യം, ഇല്ലാത്തവര്‍ക്ക് വണ്ടിക്കൂലി പോലും ഗുരു കൊടുത്തു.

ഒന്നര വര്‍ഷത്തോളം കടന്നു പോയതറിഞ്ഞില്ല. നാട്ടിലെത്തിയശേഷവും ഇടക്കിടക്കു ഞാന്‍ ഗുരുവിനെക്കാണാന്‍ വന്നു പോയി. വിവാഹശേഷം ഭര്‍ത്താവുമായും മകനുണ്ടായ ശേഷം അവനുമൊത്തും ... ഗുരുവിനു അസുഖം വന്നതോടെ കിടപ്പിലായി.എനിക്കു അക്കാലത്ത് വന്ന കത്തിലെ വരികള്‍....‘മോളേ, എഴുതാതിരുന്ന്, എന്റെ വിരലുകള്‍ക്കിടയില്‍ എട്ടുകാലി വല കെട്ടാന്‍ തുടങ്ങി‘ എനിക്കു ഗുരുവയച്ച അവസാനത്തെ കത്തും അതായിരുന്നു.പിന്നെ, നീലഗിരിക്കുന്നില്‍, ഗുരു നിത്യ നിദ്രയിലാണ്ടതറിഞ്ഞ്,(1999 മെയ് 14ന്) ഞാന്‍ എത്തി..ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിലേക്ക് വാര്‍ത്ത സ്വരൂപിക്കാനും നിയോഗം.. ഫോട്ടോ ഗ്രാഫര്‍ ഒപ്പം വന്നു, ഞാനപ്പോള്‍ നിരുത്സാഹപ്പെടുത്തി. എനിക്കറിയാം ഗുരുവിന് ചേതനയില്ലാത്ത ചിത്രങ്ങളോട്
താല്പര്യമില്ലെന്ന്..

ആശ്രമത്തില്‍ ആള്‍ക്കൂട്ടം. അതില്‍ പരിചയക്കാര്‍ ധാരാളം. ഒപ്പം, ഞാനറിയാത്ത, എന്നെയറിയാത്ത ഒത്തിരിപ്പേര്‍.. എല്ലാവരും ഗുരുവിനു പ്രിയപ്പെട്ടവര്‍...എന്റെ മിഴികള്‍ കണ്ണീര്‍ക്കയങ്ങളായി..ഞാന്‍ വരിയില്‍ നില്‍ക്കുകയാണ്. അവസാനമായി ഗുരുവിന്റെ പാദമൊന്നു സ്പര്‍ശിക്കാന്‍...സമയം വൈകിയത്രേ.. ഉച്ചഭാഷിണിയില്‍ മുഴങ്ങിയ ശബ്ദം മുനി നാരായണ പ്രസാദിന്റെതായിരുന്നു.

അകലെ നിന്നു നമിക്കുന്നതാണുത്തമം.. അദ്ദേഹം തുടര്‍ന്നു...ഞാന്‍ തിരക്കില്‍ നിന്നും മാറി .. ദൂരെ നിന്ന് ഗുരുവിനെ മനസ്സാ നമിച്ചു.മഹാനായ ഗുരുവിന്റെ അന്ത്യ യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യറാക്കി, ഗുരു വിശ്രമം തുടങ്ങുമ്പോഴേക്കും ഞാന്‍ ആ കുറിപ്പ് മെയില്‍ ചെയ്തിരുന്നു...

Monday, July 14, 2008

സമര്‍പ്പണം


ബ്ലോഗ് ഞാന്‍ ഗുരു നിത്യചൈതന്യയതിക്ക് സമര്‍പ്പിക്കുകയാണ്.അദ്ദേഹം 1988-ല്‍,മറക്കാനാവാത്തവര്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അക്കാലത്ത് ഞാന്‍ ഗുരുവിനോടൊപ്പം ഫേണ്‍ഹില്‍[Fernhill]നാരായണഗുരുകുലത്തിലുണ്ട്.പുസ്തകം അച്ചടിച്ച് വന്നാലുടന്‍ അത് ചൂടോടെ വായിച്ച് കേള്‍ക്കുന്നത് ഗുരുവിന് ഒരു ഹരം തന്നെയായിരുന്നു.രാവിലേയും വൈകുന്നേരവും പ്രാര്‍ധനയ്ക്കു ശേഷമുള്ള ക്ലാസിനുപിന്നാലെ ഓരോ അദ്ധ്യായം വായിക്കുന്ന ജോലി എനിക്കായിരുന്നു.
* സരോജിനി
* വിനയാന്വിതനായ ഒരു മഹാ ഗുരു
* ജോണച്ചന്‍
* ജോണ്‍ സ്പിയേഴ്സ്
* മംഗളാനന്ദ സ്വാമി
* പ്രേം കുടീരത്തിലെ സജ്ജനങ്ങള്‍
* സന്യാസാശ്രമങ്ങളില്‍
* രണ്ട് അസാധാരണ യോഗിമാര്‍
* നിത്യാനന്ദ സ്വാമിജി
* പെഗ്ഗി ലേക് ഗ്രേസ്
* പള്ളുരുത്തി സുഭാഷ് ചന്ദ്രന്‍
ഇങ്ങനെ പതിനൊന്ന് അദ്ധ്യായങ്ങളാണ് ആ ചെറിയ പുസ്തകത്തില്‍ ഉണ്ടായിരുന്നത്.പുസ്തകം വായിച്ചു തീര്‍ന്ന ദിവസം ഗുരു എന്നോട് ചോദിച്ചു “മോളേ,നിനക്ക് ഇങ്ങനെ മറക്കാനാവാത്തവരായി ആരെങ്കിലുമുണ്ടോ?ഉണ്ടെങ്കില്‍ എഴുതൂ”.അടുത്ത ദിവസം തന്നെ,ഞാന്‍ ഒരിക്കല്‍ പരിചയപ്പെട്ട ഒരു അമ്മൂമ്മയേക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി,മടിച്ച് മടിച്ച് ഗുരുവിന്റെ വായനാ മുറിയില്‍ ചെന്നു.ഗുരു ആ കുറിപ്പ് എന്നെക്കൊണ്ട് തന്നെ വായിപ്പിച്ചു.വായിച്ചു നിര്‍ത്തിയ ഉടന്‍ ഞാന്‍ ആശങ്കയോടെ ഗുരുവിന്റെ മുഖത്തേക്കു നോക്കി.”കൊള്ളാം മോളെ,ഈ എഴുത്ത് നന്നായിട്ടുണ്ട്”.എനിക്ക് ആശ്വാസമായി.

അതന്നത്തെ സംഭവം.ഞാന്‍ എഴുതിയ ആ കുറിപ്പ് സൂക്ഷിച്ച് വച്ചിരുന്നെങ്കിലും എപ്പോഴോ നഷ്ടപ്പെട്ടു.നമ്മുടെയൊക്കെ ജീവിതത്തില്‍ മറക്കാനാവാത്ത ഒത്തിരി മുഖങ്ങളില്ലേ?ചിലര്‍ ഒരു മിന്നായം പോലെ മിന്നിമറഞ്ഞു പോയവരാകാം,മറ്റ് ചിലര്‍ ജീവിത യാത്രയില്‍ നമ്മെ സ്വാധീനിച്ചവരാകാം.പരിചയിച്ച കാലഘട്ടത്തിനു ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും ചിലരെയൊക്കെ നമുക്ക് മറക്കാനേ പറ്റില്ല.നമുക്ക് അവരോട് തോന്നുന്ന അടുപ്പം നമ്മെപ്പോലെ അവരുമായി ഇടപഴകുന്ന നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കുപോലും തോന്നിയെന്നും വരില്ല.ഇവിടെ എനിക്ക് മറക്കാനാവാത്ത അനേകം ആളുകളില്‍ ചിലരെക്കുറിച്ച് എഴുതട്ടേ...

ഗുരുവിന്റെ പുസ്തകത്തിന്റെ ഹ്രസ്വമായ ആമുഖം ഇങ്ങനെയാണവസാനിക്കുന്നത് “ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്ന എന്റെ രഹസ്യങ്ങള്‍ക്കു പകരം വായനക്കാരില്‍ നിന്നും അവര്‍ക്ക് മറക്കാനാവാത്തവരെപ്പറ്റി അവരും എഴുതിക്കണ്ടാല്‍ ഈ ലേഖകന്‍ കൃതകൃത്യനാകും”.ഇത്രമാത്രം ആമുഖമായി സൂചിപ്പിച്ചുകൊണ്ട്,ഈ ബ്ലോഗ് ഞാന്‍ എന്റെ പ്രിയ ഗുരു നിത്യയ്ക്ക് സമര്‍പ്പിക്കട്ടെ..