എന്റെ ഏക സഹോദരിയുടെ[പ്രിയച്ചേച്ചി]ഭര്‍ത്താവ് മധുച്ചേട്ടന്‍ സൌദിയില്‍ നിന്നും വന്നപ്പോള്‍ എനിക്ക് ഒരു നല്ല ഓട്ടോഗ്രാഫ് ബുക്ക് കൊണ്ടുവന്നു.എം.എ.ഫൈനലിയറാണ് ഞാനന്ന്.പിറ്റേന്ന് തന്നെ ഞാന്‍ ആ ഓട്ടോഗ്രാഫ് ബുക്കുമായാണ് കോളജിലെത്തിയത്.പരീക്ഷയടുക്കാറായി.ചില കൂട്ടുകാരൊക്കെ പുതിയ ആ പുസ്തകത്താളുകളില്‍ അവരുടെ സ്നേഹലിപികള്‍ സമ്മാനിച്ചു.ഉച്ച കഴിഞ്ഞ് ഞങ്ങള്‍ പത്തു കുട്ടികള്‍ ഗുരു നിത്യ ചൈതന്യ യതിയെ കാണാന്‍ പോയി.പ്രശസ്ത പത്രപ്രവര്‍ത്തകനായ കൌമുദി വിശ്വംഭരന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് അനുസ്മരണ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.ശ്രീ വിശ്വംഭരന്റെ പുത്രന്‍ ബിന്നിയും ഞങ്ങളുടെ ക്ലാസിലായിരുന്നു.ഗുരുവിനൊപ്പം കുറച്ചു സമയം ചിലവഴിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ “ഗുരു ഒരു ഓട്ടോഗ്രാഫ്”.അദ്ദേഹം സന്തോഷത്തോടെ ബുക്ക് വാങ്ങി കുറിച്ചു.
“ലതികേ, ലതിക തേക്കും,തേന്മാവും മരുതിയുമൊന്നുമല്ല..പൂവണിയാനും ഫലങ്ങള്‍ കായ്ക്കാനും മാത്രം ശരീരം സ്വീകരിച്ചിരിക്കുന്ന കാരുണ്യമായിരിക്കണം. ലതികയെ കാണുമ്പോള്‍ ദൈവം പറയുന്നുണ്ടാവും.
‘ഹാ ലതിക! എന്റെ ലതിക!‘ എത്ര നല്ല ദൈവം,എത്ര നല്ല ലതിക”
നാളെ രാവിലെ നിന്റെ വീട്ടില്‍ വന്നാല്‍ നല്ല ദോശയും ചമ്മന്തിയും തരുമോ എന്നായി ഗുരു. എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.ഗുരുവും ശ്രീമതി നാന്‍സി യീല്‍ഡിങ്ങും ശ്രീ ഹരിയും അടങ്ങുന്ന സംഘം അങ്ങനെ പിറ്റേന്നു കാലത്ത് എന്റെ വീട്ടിലെത്തി ദോശയും ചായയുമൊക്കെ കഴിച്ചു യാത്രയായി.ഗുരുവുമായി ആദ്യം കണ്ടപ്പോള്‍ കിട്ടിയ അപ്രതീക്ഷിതമായ സ്നേഹവും അടുപ്പവും,ആ കുറിപ്പുമൊക്കെ എന്നില്‍ എന്തെന്നില്ലാത്ത സന്തോഷമുളവാക്കി. തലേന്നാള്‍ ഗുരു എന്നെക്കൊണ്ട്, ചില ലേഖനങ്ങള്‍ ഉച്ചത്തില്‍ വായിപ്പിച്ചു കേട്ടു. നിന്റെ കയ്യക്ഷരം എങ്ങനുണ്ട് എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.‘ തെറ്റില്ലാതെ വേഗത്തില്‍ എഴുതാം. പക്ഷേ, കയ്യക്ഷരം വലിയ മെച്ചമില്ല ഗുരൂ‘ ഗുരു പുഞ്ചിരിച്ചു.
അധികം വൈകാതെ എന്റെ ഒരു കത്ത്,(സാമാന്യം നീണ്ടത്) ഗുരു നിത്യ ചൈതന്യ യതി, നാരായണ ഗുരുകുലം,ഫേണ്‍ഹില്‍ പി.ഒ, നീലഗിരി, തമിഴ് നാട്. എന്ന വിലാസത്തില്‍ ഊട്ടിയിലെത്തി. നാലാം പക്കം ഒത്തിരി സ്നേഹവുമായി ഹ്രസ്വമായ ഒരു കത്ത്. തുടക്കത്തിലെ പ്രിയ മകള്‍ എന്ന സംബോധനയും സസ്നേഹം ഗുരു. എന്ന വാക്കുകളും Nithya എന്ന കയ്യൊപ്പും മാത്രം ഗുരുവിന്റെ കൈപ്പടയില്‍. ബാക്കിയൊക്കെ മറ്റാരോ എഴുതിയിരിക്കുന്നു. കത്തയക്കലും മറുപടിയെഴുത്തും അനസ്യൂതം തുടര്‍ന്നു. ഒരുനാള്‍ നീലഗിരിയിള്‍ നിന്നുമെത്തിയ കത്തില്‍ ഒരു ചോദ്യം ‘മോളെ, നീയെന്നാണിങ്ങോട്ടു വരിക?‘പോകാന്‍ എന്റെ മനസ്സ് കൊതിച്ചു.എം.എ.പരീക്ഷ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഒരു പാരലല്‍ കോളജില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പരീക്ഷയോടനുബന്ധിച്ചുള്ള വൈവയും കഴിഞ്ഞിട്ടില്ല. എന്തായാലും ഒരു കൊല്ലത്തിനകം എന്റെ ആദ്യ ഗുരുകുലയാത്ര തരപ്പെട്ടു.
ഞാനും അച്ചനും എത്തുമ്പോള്‍, ഗുരു സായാഹ്ന സവാരിക്കിറങ്ങുകയായിരുന്നു.കൂടെ കുറച്ചു പേരുണ്ട്. അതിലേറെ കുട്ടികളും.
കുട്ടികളെല്ലാം തമിഴ് മക്കള്‍.അവരുടെ തലയില്‍ വെള്ളമൊഴിച്ചിട്ടു ദിവസങ്ങളായതു പോലെ. എന്റെ നോട്ടം കണ്ടാവാം, മഞ്ഞനിക്കര ഗ്രാമത്തിലെ ജലക്ഷാമത്തെക്കുറിച്ചും മറ്റും ഗുരു എന്നോട് പറഞ്ഞു.ഗുരുകുലത്തിലെ മഴവെള്ള സംഭരണിയില്‍ നിന്നും കുറച്ചു ഗ്രാമവാസികള്‍ക്കും അന്നേ ശുദ്ധജലം നല്‍കിയിരുന്നു. നമ്മുടെ നാട്ടിലെപ്പോലെ നാഴികക്ക് നാല്പതു വട്ടം കുളിയൊന്നും ഇവിടത്തുകാര്‍ക്കില്ലെന്നും മനസ്സിലായപ്പോള്‍, വെയിലുകൊണ്ടു കരിഞ്ഞ മുഖങ്ങളും വിണ്ടു കീറാന്‍ തുടങ്ങുന്ന ചുണ്ടുകളുമുള്ള ആ ഓമനകളെ വാത്സല്യത്തോടെ ഗുരു നയിക്കുന്നതു കണ്ടപ്പോള്‍ എനിക്കും അവരോട് ഒരുപാട് സ്നേഹം തോന്നി.
ഞങ്ങള്‍ തണുപ്പിനെ അവഗണിച്ച് മുന്നോട്ട്.. അങ്ങകലെ മലനിരകള്‍ ചൂണ്ടിയും ഇടക്കൊക്കെ നടത്തം നിര്‍ത്തി തേയിലക്കാടിനെ നോക്കിയും നീലാകാശത്തില്‍അസ്തമയത്തിന്റെ അരുണാഭ പടരുന്നതുകാട്ടിയും ഗുരു എനിക്കുവേണ്ടി വിവരണങ്ങള്‍ നല്‍കി.ആ നടപ്പ് ‘അമ്മ മരം‘ വരെ നീണ്ടു. ഗ്രാമവാസികള്‍ക്കു സങ്കടം പറയാനുള്ള പ്രായമായ ഒരു ‘സില്‍വര്‍ ഓക്ക്’മരമാണ് അമ്മമരം. അതിനടുത്ത് ഒന്നുരണ്ട് വിളക്കുകളുണ്ട്. കുട്ടികള്‍ അമ്മമരത്തെ കെട്ടിപ്പിടിച്ച് എന്നോടും “അക്കാ ഇങ്ങനെ” എന്നു പറഞ്ഞു. വൃദ്ധനായ ഒരാള്‍ അവിടെ നിന്നിരുന്നു. അദ്ദേഹംഗുരുവിനെക്കണ്ട് കൈ നീട്ടി. ഗുരു തന്റെ ജുബ്ബായുടെ പോക്കറ്റില്‍ കിടന്ന മുഴുവന്‍ നോട്ടുകളും ആ പാവത്തിനു സസന്തോഷം കൊടുത്തു. ആ കണ്ണുകളില്‍ അദ്ഭുതവുംസന്തോഷവും..
അച്ചന്‍ അടുത്ത ദിവസം മടങ്ങി. ഗുരുകുലത്തില്‍ പ്രഭാതഭക്ഷണം 11 മണി കഴിഞ്ഞാണ്. എങ്കിലും ഗുരു എനിക്ക് അടുത്തുള്ള മലയാളിയായ കുട്ടേട്ടന്റെ കടയില്‍ നിന്നും ചൂട് ദോശ വരുത്തിത്തന്നു. ‘മോളേ രണ്ട് ദിവസം കഴിഞ്ഞാല്‍ ഇതുണ്ടാവില്ല. ഇവിടത്തെ ‘ബ്രഞ്ച് ‘നീയും ശീലമാക്കുക.‘ അങ്ങനെ കഴിച്ചും, കളിച്ചും, ചിരിച്ചും,ചിന്തിച്ചും ഞാന്‍ അവിടെക്കൂടി.പത്ര പാരായണം പോലും നിര്‍ത്തിവച്ച കാലം..പ്രഭാത-സായാഹ്നങ്ങളിലെ ക്ലാസ്സുകളില്‍ ദൈവ ദശകവും ആത്മോപദേശശതകവും അനുകമ്പാദശകവും ദര്‍ശനമാലയുമൊക്കെ കടന്നു വന്നു.ശ്രീനാരായണ ഗുരുദേവ കൃതികളിലേക്കൊരു എത്തിനോട്ടം.ഒരു ദിവസം യാജ്ഞവല്‍ക്യനാണെങ്കില്‍,മറ്റൊരു ദിവസം യുങ്ങും ഫ്രോയിഡും. ഇന്നു രാമായണമെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ബൈബിളും ഖുറാനും. മറ്റൊരുദിവസം ഭഗവദ് ഗീതാ വ്യാഖ്യാനം.65-വയസ്സയപ്പോള്‍ ഗുരുവിന്റെ 65-)മത്തെ പുസ്തകം പ്രകാശനം ചെയ്തു.
ആനുകാലികങ്ങളിലും മറ്റും ഗുരു നിത്യേന അയച്ചു കൊടുക്കുന്ന ലേഖനങ്ങള്‍ കേട്ടെഴുതിക്കൊടുക്കാന്‍ ഇടക്കിടക്കു എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. ഗുരു സ്നേഹിക്കുന്ന, ഗുരുവിനെ സ്നേഹിക്കുന്ന ഒത്തിരിപ്പേരുമായുള്ള സൌഹൃദം. വായന,പഠനം,എഴുത്ത്,പാചകം,സംഗീതാസ്വാദനം,സത്സംഗം,കൃഷിപ്പണി,ഗുരുവിനോടൊപ്പമുള്ള സവാരി-എല്ലാത്തിനും അന്ന് സമയമുണ്ടായിരുന്നു.ഇടക്ക് നടക്കുന്ന സംഗീത സെമിനാര്‍ ഗായകരെയും സംഗീതാസ്വാദകരെയും ഗുരുകുലത്തിലേക്കാകര്‍ഷിച്ചു.വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ‘ഗുരുപൂജ’(നടരാജഗുരുവിന്റെ സ്മരണ)ക്ക്,ഗ്രാമവാസികള്‍ക്കെല്ലാം
ഭക്ഷണം നള്‍കുന്നു. യതിയുമായി ,ഗുരുകുലവുമായി അടുപ്പമുള്ള വ്യക്തികളും കുടുംബങ്ങളും ആത്മീയ ഗുരുക്കന്മാരും(ജാതിമതഭേദമെന്യേ)ഒത്തു ചേരുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്.
ആയിടക്ക്, ഗുരുവിന് ഞാന്‍ വിവേകാനന്ദ സാഹിത്യ സര്‍വസ്വം ഓരോ ദിവസവും കുറച്ചു വീതം വായിച്ചു കൊടുത്തിരുന്നു.നരേന്ദ്രന്‍ വീട്ടുകാരെ ഓര്‍ക്കുന്ന ഒരു ഭാഗം പരാമര്‍ശിക്കപ്പെട്ട അന്ന് ഗുരു എന്നോട് അത്തരം ആശങ്കകള്‍ നിനക്കുണ്ടോ എന്നരാഞ്ഞു.
അടുത്ത ദിവസം ഗുരു എന്നെ ഒരു ബാങ്ക് ഓഫീസറുടെ അടുത്തേക്ക് എനിക്കു ഒട്ടും പരിചയമില്ലാത്ത അക്കൌണ്ടന്‍സി പഠിപ്പിക്കാനയച്ചു. അന്നന്നത്തെ വരവുചെലവു കണക്കുകള്‍ എഴുതാന്‍ അങ്ങനെ ഞാന്‍ നിയോഗിക്കപ്പെട്ടു. ഒരാഴ്ച്ച കഴിഞ്ഞ്,ഗുരു രണ്ടായിരം രൂപയുടെ ഒരു ചെക്കും, ഒരു കത്തും എന്റെ അച്ചനയച്ചു. കത്തിലെ വാചകം’പ്രിയ പരമേശ്വരന്‍ നായര്‍, ലതികമോളുടെ കര്‍മ്മ വല്ലരിയില്‍ പൂത്ത കുറച്ചു പൂക്കളയക്കുന്നു’ എന്നായിരുന്നു. കരുതല്‍ എല്ലാവരോടുമുണ്ടായിരുന്നു ഗുരുവിന്.പാചകവും സംഗീതവും തത്വചിന്തയും ആസ്വദിച്ചിരുന്നുഗുരു.വിശ്വ സാഹിത്യകാരന്മാരും ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളും, ഗുരുവിന്റെ ദൌര്‍ബല്യമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഓരോ ദിവസവും കിട്ടുന്ന നൂറോളം വരുന്ന കത്തുകള്‍ക്കും അന്നുതന്നെ തീര്‍പ്പു കല്‍പ്പിക്കുന്ന ഗുരു..കത്തുകളില്‍ ആത്മഹത്യാ കുറിപ്പുകള്‍ പോലും ഉണ്ടായെന്നു വരാം.കൊച്ചു കൂട്ടുകാരുമായി സ്നേഹ സംവാദം കത്തിലൂടെ നടത്താന്‍ ഗുരു വിദഗ്ദ്ധനായിരുന്നു.സ്നേഹസംവാദത്തിന്റെ വക്താവായിരുന്നു ഗുരു. കലാ ബോധവും പൂര്‍ണ്ണത(perfection) യും ഒരുപോലെ സമ്മേളിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഗുരുവിന്റേത്.ഞങ്ങള്‍ കുട്ടികളോട് എത്ര വാത്സല്യം ആയിരുന്നു ഗുരുവിന്.
ഗുരുകുലത്തില്‍ നിന്നു നോക്കിയാല്‍ മേട്ടുപ്പാളയത്ത് നിന്നും നീലഗിരിയിലേക്ക് കൂകി വിളിച്ചു പോകുന്ന കൊച്ചു തീവണ്ടി കാണാം.ഒരു ദിവസം ഗുരു ഞങ്ങളെ ആ ട്രെയിനില്‍ കയറ്റി കൂനൂര്‍ക്ക് കൊണ്ടുപോയി, തിരികെ വന്നു. എന്റെ പിറന്നാള്‍ ദിനത്തില്‍ കൈ നിറയെ സമ്മാനങ്ങള്‍ തന്നു.കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ വിദ്യ പകര്‍ന്നു തന്നു.ഗുരു ആയിടക്കു വീണ പടിക്കാന്‍ തുടങ്ങിയത് എന്നെ അല്‍ഭുതപ്പെടുത്തി.കേരളത്തിലെ യുവാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലിക്കും മുന്‍പേ ഗുരുവും ഗുരുകുലവും
ആ സൌകര്യം പ്രയോജനപ്പെടുത്തി.
അന്നന്നു വേണ്ട ആഹാരം അന്നന്നു ഞങ്ങള്‍ക്കു തരേണമേ...എന്ന ക്രൈസ്തവ പ്രാര്‍ധനയും അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്ന ദൈവദശകത്തിലെ വരികളും ഗുരുകുലത്തില്‍ വളരെ പ്രസക്തമായിരുന്നു.പുസ്തകങ്ങളുടെ റോയല്‍റ്റിയും മറ്റു വരുമാനങ്ങളുമൊക്കെ അന്നന്നത്തെ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു.വരുന്നവര്‍ക്കെല്ലാം ഭക്ഷണം, താമസ സൌകര്യം, ഇല്ലാത്തവര്‍ക്ക് വണ്ടിക്കൂലി പോലും ഗുരു കൊടുത്തു.
ഒന്നര വര്‍ഷത്തോളം കടന്നു പോയതറിഞ്ഞില്ല. നാട്ടിലെത്തിയശേഷവും ഇടക്കിടക്കു ഞാന്‍ ഗുരുവിനെക്കാണാന്‍ വന്നു പോയി. വിവാഹശേഷം ഭര്‍ത്താവുമായും മകനുണ്ടായ ശേഷം അവനുമൊത്തും ... ഗുരുവിനു അസുഖം വന്നതോടെ കിടപ്പിലായി.എനിക്കു അക്കാലത്ത് വന്ന കത്തിലെ വരികള്‍....‘മോളേ, എഴുതാതിരുന്ന്, എന്റെ വിരലുകള്‍ക്കിടയില്‍ എട്ടുകാലി വല കെട്ടാന്‍ തുടങ്ങി‘ എനിക്കു ഗുരുവയച്ച അവസാനത്തെ കത്തും അതായിരുന്നു.പിന്നെ, നീലഗിരിക്കുന്നില്‍, ഗുരു നിത്യ നിദ്രയിലാണ്ടതറിഞ്ഞ്,(1999 മെയ് 14ന്) ഞാന്‍ എത്തി..ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിലേക്ക് വാര്‍ത്ത സ്വരൂപിക്കാനും നിയോഗം.. ഫോട്ടോ ഗ്രാഫര്‍ ഒപ്പം വന്നു, ഞാനപ്പോള്‍ നിരുത്സാഹപ്പെടുത്തി. എനിക്കറിയാം ഗുരുവിന് ചേതനയില്ലാത്ത ചിത്രങ്ങളോട്
താല്പര്യമില്ലെന്ന്..
ആശ്രമത്തില്‍ ആള്‍ക്കൂട്ടം. അതില്‍ പരിചയക്കാര്‍ ധാരാളം. ഒപ്പം, ഞാനറിയാത്ത, എന്നെയറിയാത്ത ഒത്തിരിപ്പേര്‍.. എല്ലാവരും ഗുരുവിനു പ്രിയപ്പെട്ടവര്‍...എന്റെ മിഴികള്‍ കണ്ണീര്‍ക്കയങ്ങളായി..ഞാന്‍ വരിയില്‍ നില്‍ക്കുകയാണ്. അവസാനമായി ഗുരുവിന്റെ പാദമൊന്നു സ്പര്‍ശിക്കാന്‍...സമയം വൈകിയത്രേ.. ഉച്ചഭാഷിണിയില്‍ മുഴങ്ങിയ ശബ്ദം മുനി നാരായണ പ്രസാദിന്റെതായിരുന്നു.
അകലെ നിന്നു നമിക്കുന്നതാണുത്തമം.. അദ്ദേഹം തുടര്‍ന്നു...ഞാന്‍ തിരക്കില്‍ നിന്നും മാറി .. ദൂരെ നിന്ന് ഗുരുവിനെ മനസ്സാ നമിച്ചു.മഹാനായ ഗുരുവിന്റെ അന്ത്യ യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യറാക്കി, ഗുരു വിശ്രമം തുടങ്ങുമ്പോഴേക്കും ഞാന്‍ ആ കുറിപ്പ് മെയില്‍ ചെയ്തിരുന്നു...
Wednesday, July 16, 2008
Subscribe to:
Post Comments (Atom)
16 comments:
ഭാഗ്യം ചെയ്ത ലതികേച്ചീ..
എന്റെ ‘യാത്ര’ എന്ന ബ്ലോഗിലെ ‘പന്നല്‍മലയിലേക്കു വീണ്ടും‘ എന്ന പോസ്റ്റ് വായിച്ച്
യതിയെക്കുരിച്ച് കൂടുതല്‍ പോസ്റ്റ് ആവശ്യപ്പെട്ട പ്രിയ സഹോദരി ഗീതാഗീതികള്‍ക്ക് സ്നേഹ പൂര്‍വം ഈ പൊസ്റ്റ് സമര്‍പ്പിക്കട്ടെ...
ഒത്തിരി സ്നേഹത്തോടെ
ലതി
ഗുരുവിന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാന്‍ ഭാഗ്യമുണ്ടായല്ലോ....
ഇതില്‍ പറഞ്ഞിരിക്കുന്ന സില്‍വര്‍ ഓക്ക് മരമുണ്ടല്ലോ...അതെ എനിക്ക് ഏറെ ഇഷ്ടമാണ്...
സസ്നേഹം,
ശിവ.
പാമരന്റെ കമന്റിന് താഴെ അറിയുന്ന എല്ലാ ഭാഷകളിലും ഒപ്പുവെയ്ക്കുന്നു.
“ഭാഗ്യവന്തം പ്രസൂയേധാ
മാ ശൂരം മാ ച പണ്ഡിതം” .... എന്നാണല്ലോ !!
ഇതൊരു പ്ലസന്റ് സര്‍പ്രൈസ് ആയിരിക്കുന്നു. 88ലോ മറ്റോ ആണ് ഗുരുവിനെ കുറിച്ച് കൂടുതല്‍ കേള്‍ക്കുന്നത്. അന്നുമുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു.
ഇതെനിക്ക് സമര്‍പ്പിക്കുകയും കൂടി ചെയ്ത പ്രിയലതിക്ക് അകമഴിഞ്ഞ നന്ദി.
സന്തോഷം ലതി. താരാട്ടു കേള്‍ക്കാന്‍ വന്നതിലും സന്തോഷം.
(ഇപ്പോള്‍ തീരെ സമയം കുറവ്. ഒന്നും വായിച്ചെത്തുന്നില്ല)
പാമരന്‍ പറഞ്ഞതാണ്
അതിന്റെ ശരി!
പുണ്യ ജന്മത്തെ കണ്ടും
കേട്ടും അറിയാന്‍ ഭാഗ്യം ലഭിച്ച
ലതി ഇന്ന് അതു പങ്കുവച്ചപ്പോള്‍
അതിയായ സന്തോഷം.
സ്നേഹാശംസകളോടേ മാണിക്യം.
ചേച്ചി..
ഇതു വായിച്ചപ്പോള്‍ എനിക്കു സന്തോഷം തോന്നുന്നു..അതുമതി എനിക്ക്..!
ചേച്ചിടെ ഭാഗ്യമാണ് ഗുരുവിന്റെ അനുഗ്രഹം
വാങ്ങാന്‍ സാധിച്ചത്.
ഗുരുപൂര്‍ണ്ണിമാ സമയത്തെ ഈ ഗുരുസ്മൃതികള്‍ നന്നായിരിക്കുന്നു.
chechikku kittiya bhaagyam ... oralpamengilum guruvine ariyaan sadhichu ... nandi....
July 24, 2008 5:50 PM
-------------------------------
pasting my crack word's comment here from the link post.
ലതിക ചേച്ചീ
ചിന്താ സുരഭിയിലെത്തിയതിന് ആദ്യമേ നന്ദി.
നിത്യചൈതന്യ യതി എന്ന മഹാ ഋഷിയുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ചതിനും നന്ദി
സ്നേഹപൂര്‍വ്വം...
വിപിന്‍
കുട്ടിക്കാലത്ത് പത്രത്തിലെ ഗുരു നിത്യചൈതന്യയതിയുടെ കോളം വായിക്കുമായിരുന്നു. ഈ ലേഖനം വായിച്ചപ്പോള്‍ ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ കുട്ടി ആയപോലെ മനസ്സു തുടിക്കുന്നു. അന്ന് വീട്ടില്‍ പത്രം ഇല്ലായിരുന്നു. നാട്ടിലെ എല്ലാ ചായകടകളിലും പോയി പത്രം എടുത്തു അരികെ നിന്നു വായിക്കുന്ന കുട്ടിശ്രീയെ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി!
അതില്‍ ആദ്യം വായിക്കുന്നത് നിത്യചൈതന്യയതിയുടെ കോളവും! അതെല്ലാം ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് വര്‍ക്കല ഗുരുകുലത്തില്‍ ഞാന്‍ അന്വേഷിച്ചു, പക്ഷേ കിട്ടിയില്ല.
Blessed are you; The fragrance of the flower will never die ….it's eternal.
യതിയുടെ രചനകല്ള്‍ pdf xലഭ്യമാണോ??
യതിയുടെ രചനകല്ള്‍ pdf xലഭ്യമാണോ??
ഇപ്പോഴാണ് ഈ വായനാ അനുഭവത്തിന് ഭാഗ്യം കിട്ടിയത്. ഒരുപാട് സ്നേഹം ഇവിടെ കിടക്കട്ടെ.
Post a Comment