Monday, September 8, 2008

അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5




ഡോ. കമലാസനന്‍ പിള്ളയെ ഞാന്‍ പരിചയപ്പെട്ടത്, രണ്ട് മാസം മുമ്പ് വയനാട്ടില്‍ നടന്ന ഒരു ജൈവകൃഷി ക്യാമ്പില്‍ വച്ചാണ്. ‘അസോള-ജൈവകൃഷിക്കൊരു മാതൃക’ എന്ന വിഷയം കൈകാര്യം ചെയ്യാനെത്തിയതാണദ്ദേഹം. വിരസമായേക്കാവുന്ന ഒരു വിഷയം. ഇരുന്നൂറ് പ്രതിനിധികളെ വിസ്മയിപ്പിച്ചുകൊണ്ട് ഡോ. കമലാസനന്‍ പിള്ള താരമായി. അദ്ദേഹത്തിന് വിഷയത്തോടുള്ള താല്പര്യം പലരിലും അസൂയയുളവാക്കുവാനുതകും വിധമായിരുന്നു.. ഈ ഭൂമി മലയാളത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാന്‍ അത്ഭുതപ്പെട്ടു.
രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുര്യോഗങ്ങളെക്കുറിച്ചു സൂചിപ്പിച്ച ശേഷം ‘അസോള’യെക്കുറിച്ചായി സംസാരം. അസോള പശുവിനു തീറ്റിയായിക്കൊടുക്കുന്ന ഒരുതരം പായലാണെന്നായിരുന്നു എന്റെ വിചാരം. അത് വെള്ളത്തിലല്ലേ കാണുന്നത്. ബിരുദത്തിന് സസ്യശാസ്ത്രം എടുത്തെന്നു പറഞ്ഞിട്ടെന്താ? അസോളയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലല്ലോ . എന്റെ ചിന്ത കാടു കയറാന്‍ തുടങ്ങുമ്പോള്‍ ഡോ. കമലാസനന്‍ പിള്ള കൂടുതല്‍ വാചാലനായി.
അസോള കാഴ്ചക്കു പായല്‍ പോലിരിക്കുമെങ്കിലും ഇതൊരുതരം പന്നല്‍ച്ചെടി(Fern) ആണ്. ഈ വാക്ക്
ഗ്രീക്ക് ഭാഷയിലെ അസോ(Aso), ഒളിയ (Ollya) എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രേ ഉണ്ടായത്. അര്‍ഥം യഥാക്രമം ഉണക്കുക, നശിക്കുക. അസോള എന്നാല്‍ ഉണങ്ങുമ്പോള്‍ നശിച്ചു പോകുന്നതെന്നര്‍ത്ഥം. 1783ല്‍ ജെ. ബി ലാമാര്‍ക്ക് ഈ ചെടിക്ക് അസോള എന്നു പേരിട്ടു. ഒരു ജൈവ വളമെന്ന നിലയില്‍ അസോളച്ചെടി വളര്‍ത്താന്‍ തുടങ്ങിയത് വിയറ്റ്നാംകാരാണ്.1957ല്‍ ലവാന്‍ എന്ന ഗ്രാമത്തില്‍. ഡോ.കമലാസനന്‍പിള്ള അസോളയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയീരിക്കുന്നു. അസോളയുടെ നിറം, അസോളയുടെ മണം, അതിന്റെ ഗുണഗണങ്ങള്‍, എല്ലാമെല്ലാം.
ആടുമാടുകള്‍ക്കു മാത്രമല്ല കോഴിക്കും താറാവിനുമൊക്കെ ഇതു അത്യുത്തമമായ തീറ്റിയാണത്രേ. അസോള കൊടുത്താല്‍ പാലും മുട്ടയുമൊക്കെ കാണക്കാണെ വര്‍ദ്ധിക്കുമത്രെ. അസോളയുടെ രുചി പശുക്കള്‍ക്ക് ഏറെ പ്രിയമാണ്. ‘ശ്ശോ, ഒരു പശുവായി ജനിച്ചില്ലല്ലോ.’ എന്നു നിരാശപ്പെടുത്തുന്ന പോലെ , കൊതിപ്പിക്കുന്ന വിവരണം. പക്ഷേ, അങ്ങനെ ആരെങ്കിലും ചിന്തിച്ചെങ്കില്‍ അവര്‍ക്കെല്ലാം പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട്, അദ്ദേഹം പിന്നീടെപ്പോഴോ പറഞ്ഞു. ‘ അസോള നന്നായി കഴുകിയാല്‍ നമുക്കും തിന്നാം, പച്ചക്കും, വേവിച്ചും ഒക്കെയാവാം. എനിക്കതങ്ങ് ‘ക്ഷ’പിടിച്ചു.

ജൈവ കൃഷിക്കാര്‍ക്ക് പ്രതീക്ഷയായ ഒരു സസ്യം നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തതില്‍
ഡോ. കമലാസനന്‍ പിള്ളയ്ക്കുള്ള പങ്ക് നിസ്തുലമാണ്. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനും ബയോഗാസ് ഉല്പാദനത്തിനും എന്നു വേണ്ട, എല്ലാറ്റിനും അസോളയ്ക്ക് തനതായ പങ്കുണ്ടത്രേ. അസോളക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം നല്‍കിയതും പിള്ളതന്നെ.

കമലാസനന്‍ പിള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അസോളയുമായുള്ള ചങ്ങാത്തം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. ‍ ജലാശയങ്ങളില്‍ പണ്ട് ധാരാളമായി കണ്ടിരുന്ന അസോള കാലഹരണപ്പെട്ടു പോവാതിരിക്കനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അസോള എവിടെക്കണ്ടാലും ശേഖരിച്ച്, വളര്‍ത്താനും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.


സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണങ്ങളുമൊക്കെ
നടത്തിയെങ്കിലും ഇടയ്ക്ക്, ജീവിതത്തിന്റെ രണ്ടട്ടവും കൂട്ടിമുട്ടിക്കാന്‍ മദ്രാസ് ഫെര്‍ട്ടലൈസേര്‍സിലെ ജോലി ,പി.എച്ച്.ഡി.യ്ക്കു ശേഷം കേരളാ യൂണിവേഴ്സിറ്റിയിലെ ഫാം ഇന്‍ ചാര്‍ജ്- ഉദ്യോഗം എല്ലാം പരീക്ഷിച്ചു. എന്നാലും, കമലാസനന്‍ പിള്ളയുടെ ചിന്ത എന്നും അസോളയെക്കുറിച്ചായിരുന്നു.
വീട്ടില്‍ പണ്ട് പിതാവ് വളര്‍ത്തിയിരുന്ന പശുവിന് അസോള, തീറ്റിയായി നല്‍കിയതും പാലിന്റെ അളവ്
കാലവിളംബമെന്യേ വര്‍ദ്ധിച്ചതുമൊക്കെ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ ഡോ.പിള്ള പറഞ്ഞു.
ഇന്ന് ജൈവ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും അസോള അന്യമല്ല. ഈ പരിചയപ്പെടുത്തലിനും പിള്ള സ്പര്‍ശമുണ്ട്. നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും മലയാളികള്‍ക്ക് അസോള പരിചയപ്പെടുത്താന്‍ ഡോ.പിള്ള നന്നായി പരിശ്രമിച്ചു.

അസോളയുടെ സന്തത സഹചാരിയായ ഡോ. പിള്ള , കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നാര്‍ഡപ്പ് (NARDEP) ടെക്നോളജി റിസോര്‍സ് സെന്ററിലാണ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഗവേഷണത്തിലൂടെ അസോള ഒരു കാലിത്തീറ്റയെന്ന നിലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.
പിറ്റേന്നു കാലത്ത് അസോള വളര്‍ത്തുന്ന വിധം അദ്ദേഹം ക്യാമ്പംഗങ്ങളെ കാട്ടിക്കൊടുത്തു. കുഴി കുത്തി, അതിനു മുകളില്‍ സില്പാളിന്‍ ഷീറ്റ് വിരിച്ച് അതില്‍ അസോളക്കൃഷിക്കു വേണ്ട ബെഡ്ഡ് തയ്യാറാക്കാനും അതില്‍ അസോളയിടാനും അതാ ഡോ പിള്ള തന്നെ മുന്നില്‍. ഒടുവില്‍, ‘ഇനി ഏഴു ദിവസം കഴിഞ്ഞാല്‍ ഇതില്‍ നിന്നും അസോള വാരിയെടുക്കാം’ എന്നു പറഞ്ഞ് മണ്ണും ചാണകവും പുരണ്ട കൈകള്‍ കഴുകുമ്പോള്‍ ഡോ. പിള്ളയുടെ മുഖത്ത് സംതൃപ്തി. ആ ചിരി കണ്ടു നിന്നവരിലേക്കും പകര്‍ന്നു.
ചെയ്യുന്ന ജോലിയോടും, പറയുന്ന കാര്യങ്ങളോടും ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള ഒരാള്‍.. എനിക്കു മാത്രമല്ല ആക്യാമ്പിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും കമലാസനന്‍ പിള്ളയെക്കുറിച്ച് അങ്ങനെ തന്നെ
തോന്നി.
ഇന്റെര്‍നെറ്റില്‍ ഡോ.കമലാസനന്‍പിള്ളയുടെ പ്രബന്ധങ്ങള്‍ കണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാനുള്ള മനസികാവസ്ഥയിലല്ലത്രേ അദ്ദേഹം. കന്യാകുമാരിയിലെ കര്‍ഷകര്‍, കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജൈവ കര്‍ഷകരും ക്ഷീര കര്‍ഷകരും അസോളയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടട്ടെ. കമലാസനന്‍ പിള്ള ആശിക്കുന്നു.
ക്ഷീര വികസന വകുപ്പും നാര്‍ഡപ്പും സഹകരിച്ചുള്ള ഒരു പദ്ധതി ഇപ്പോള്‍ കേരളമൊട്ടാകെ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്‍പതിനായിരത്തോളം അസോള കര്‍ഷകരുണ്ടത്രേ. പിള്ളയ്ക്കു വരുന്ന കത്തുകളും, ഇ-മെയിലുലളും ഫോണുമൊക്കെ നാനാതുറയിലുമുള്ള കര്‍ഷകരുടേതും ഗവേഷണ വിദ്യാര്‍ത്ഥികളുടേതുമാണ്.സസ്യശാസ്ത്രത്തില്‍ ഗ്ഗവേഷണം നടത്തുന്നവര്‍ക്ക് ഒരത്താണിയാണിദ്ദേഹം. കുട്ടികള്‍ ഈ അദ്ധ്യാപകനെ അസോള സാറെന്നു വിളിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം ഈ അപര നാമമാണെന്ന് പിള്ള പറയുന്നു.അസോളയുടെ കാര്യം പറയുമ്പോള്‍ പിള്ള പൂര്‍വാധികം വിനീതനാവുന്നു.
“അസോളയില്ലായിരുന്നെങ്കില്‍, ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല, അസോളയാണെനിക്കെല്ലാം”
ഭാര്യ വസന്തകുമാരി,വിദ്യാര്‍ത്ഥികളായ മക്കള്‍ ശിവകുമാര്‍,ലക്ഷ്മി,എന്നിവര്‍ക്കൊപ്പം അസോളയെയും മനസ്സില്‍ തൊട്ട് സ്നേഹിക്കാന്‍ കമലാസനന്‍ പിള്ളയ്ക്കു കഴിയുന്നു. താനെഴുതിയ പുസ്തകത്തിന് പിള്ള പേരു കൊടുത്തിരിക്കുന്നത് ‘അസോള- അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച’ എന്നാണ്. ഇങ്ങനെയൊരു വ്യത്യസ്തനായ പിള്ളയെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യണം. അല്ലെങ്കിലും, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും ഈ തിരിച്ചറിവ് ഉണ്ടാവുക തന്നെ ചെയ്യും. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന, ഡോ.കമലാസനന്‍ പിള്ള അതിനര്‍ഹനാണ്.

13 comments:

ഹരീഷ് തൊടുപുഴ said...

അസോള എന്നത് കാലികള്‍ക്ക് കൊടുക്കുവാനുള്ള തീറ്റയാണെന്നും, ജലാശയങ്ങളില്‍ വളര്‍ത്താവുന്ന ഒരുതരം പന്നല്‍ചെടിയാണെന്നും കര്‍ഷകശ്രീയില്‍ നിന്നും വായിച്ചറിവുണ്ടായിരുന്നു. അസോളയെയും, ഡോ.പിള്ളയെയും പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. വളരെ പക്വതയോടുകൂടി എഴുതിയ ഈ ലേഖനത്തിന് എന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍...

ജിജ സുബ്രഹ്മണ്യൻ said...

ക്ഷീര വികസന വകുപ്പ് അസോള കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സ്കീം നടപ്പാക്കുന്നുണ്ട്.50 രൂപ രെജിസ്റ്റ്രേഷന്‍ ഫീസ് അടച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ 350 രൂപ വില വരുന്ന സാധനങ്ങള്‍ ( അസോള വിത്ത്,കൃഷി ചെയ്യാനുള്ള സില്പോളിന്‍ ഷീറ്റ്,അസോഫോസ്,അസോഫെര്‍ട് എന്നീ വളങ്ങള്‍,ഫില്‍റ്റര്‍ .....) ഇവ കര്‍ഷകര്‍ക്കു നല്‍കുന്നു.എറണാകുളം ജില്ലയില്‍ ഏതാനും വര്‍ഷങ്ങള്‍ ആയി കമലാസനന്‍ പിള്ളയാണു കൃഷി ചെയ്യാനുള്ള അസംകൃത പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്നത്.

അസോള പശുക്കള്‍ക്കും മുയലിനും ആടിനും കോഴിക്കും എല്ലാം നല്‍കാം..അസോളയും മുട്ടയും തോരന്‍ ഉണ്ടാക്കിയാല്‍ നല്ല റ്റേസ്റ്റ് ആണു.പരീക്ഷിച്ചു നോക്കാവുന്നതാണു.

അസോള കൃഷി ചെയ്യുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഓരോ ബ്ലോക്കിലും പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസുമായോ മില്‍മാ സംഘങ്ങളുമായോ ബന്ധപ്പെടുക..

അനില്‍@ബ്ലോഗ് // anil said...

നല്ല പോസ്റ്റ്.
ഇതിന്റെ വിഡിയോ എന്റെ കയ്യിലുണ്ട്.
ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ്‍ ഇതു കേരളത്തില്‍ വ്യാപകമാവാത്തത് എന്നു കണ്ടെത്തെണ്ടിയിരിക്കുന്നു. പ്രത്യേകിച്ചു കാലിത്തീറ്റക്കും മറ്റും ഇത്ര വിലകൂടിയ കാലത്ത്.

പരീക്ഷിച്ചവര്‍ക്കു തൃപ്തികരമല്ലാത്ത ഫലങ്ങളാണ് കിട്ടുന്നതെന്നും ശ്രുതിയുണ്ട്.

അസോള ചട്ണി ഉണ്ടാക്കാന്‍ ഉപയോഗിക്കാം എന്നും ഈയിടെ കേട്ടു.

ശ്രീ said...

അസോളയെക്കുറിച്ച് ഇത്ര വിശദമായി അറിവില്ലായിരുന്നു.
നന്ദി ചേച്ചീ, ഈ പോസ്റ്റിലൂടെ ഡോ. കമലഹാസന്‍ പിള്ളയെ വിശദമായി പരിചയപ്പെടുത്തിയതിന്...
:)

വേണു venu said...

അസോളയെക്കുറിച്ച് വിശദമായ അറിവ് നല്‍കിയതിന്‍ നന്ദി.
അസോള സാറിനും, സാറിനെയും അസോളയേയും ചുരുങ്ങിയ വാക്കുകളില്‍ പരിചയപ്പെടുത്തിയ ലതിക്കും ,അഭിനന്ദനങ്ങള്‍.!

smitha adharsh said...

good post
really informative..

Kunjipenne - കുഞ്ഞിപെണ്ണ് said...

അസോള എന്ന് യാതൃശ്ചികമായി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു..
കമന്റും കൂടി വായിച്ചു കവിഞ്ഞപ്പം എല്ലാം പൂറ്ണ്ണമായി. നന്ദി.

Sureshkumar Punjhayil said...

Good work... Best wishes...!!!

നിരക്ഷരൻ said...

കമലാസനന്‍ പിള്ള സാര്‍ എനിക്കും മറക്കാനാവാത്ത വ്യക്തി തന്നെ. ജൈവകൃഷി ക്യാമ്പ് കഴിഞ്ഞ് കണ്ടുമുട്ടിയ ഉടനെ തന്നെ അദ്ദേഹത്തെപ്പറ്റി ചേച്ചി പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. അദ്ദേഹത്തിന്റെ കന്യാകുമാരിയിലെ ആ ഗ്രാമങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ പറ്റിയിരുന്നെങ്കില്‍ !

ഈ പോസ്റ്റ് അസോളയെന്തെന്നറിയാത്തവര്‍ക്കും, കമലാസനന്‍ പിള്ള ആരാണെന്നറിയാത്തവര്‍ക്കും ഒരു നല്ല വഴികാട്ടിതന്നെ. ആശംസകള്‍...

ഓണാംശംസകളും....

റിയാസ് കൊടുങ്ങല്ലൂര്‍ said...

നല്ല പോസ്റ്റ് ഉപകാരപ്രദം,
അടുത്തതിനായി കാക്കുന്നു

saneepadma said...

nalla upakarapradamaya lekhanam.
hardavamaya abhinadanangal..

saneepadma said...

nalla upakarapradamaya lekhanam.
hardavamaya abhinadanangal..

Anonymous said...

ഡോക്ടർ കമലാസനൻ പിള്ള എന്നെ വളരെയധികം സ്വാധീനിച്ച ഒരു മഹത് വ്യക്തിത്വം
ആദ്യമായി പരിചയപ്പെടുന്നത്
മിൽക്ക് യുടെ കിടാരി പാർക്ക് എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് അതിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മോടി പിടിപ്പിക്കുന്നതിന് ഭാഗമായി ഡയറി ഫാമിന് മുൻവശത്തായി കുറേ അസോള ടാങ്കുകൾ നിർമിക്കുന്നതിൻ്റ ഭാഗമായി ഒരു മനുഷ്യൻ ഒറ്റയ്ക്ക് വൈകുന്നേരം ഏറെ വൈകി അതിനുശേഷം
അസോള ടാങ്ക് നിർമ്മിക്കാനായി കുഴി എടുക്കുന്ന ഒരു പ്രായമായ കർഷകനെ ആണ് ഞാൻ കണ്ടത് പ്രായമുള്ള ഒരാൾ രാത്രിയിൽ ഒറ്റയ്ക്ക് നിന്ന് ജോലി ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹത്തിനെ സഹായിക്കണം എന്ന് തോന്നി ഒപ്പo .കൂടി തുടർന്നുള്ള പരിചയ ത്തിൻ്റെഭാഗമായി ഇന്ന് കാണുന്ന ആറ്റിങ്ങൽ ഫാം ടൂറിസതിൻ്റെ ഉൽഭവo അദ്ദേഹത്തിൻ്റെ ഐഡിയയാണ്. തുടർന്ന് ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി യുടെ ഉപദേഷ്ടാവായതും. അതിൻറെ വളർച്ചയ്ക്കും
മിൽകോ ഇന്നവേറ്റീവ് പ്രോജക്ടുകളുടെ തലവനായി ആ സ്ഥാപനത്തിന് ഇന്ന് ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിനും ഡോക്ടർ കമലാസനൻ പിള്ള യുടെ പങ്ക് വളരെ വലുതാണ് .
HE IS MY GREATEST ROLL MODEL