Wednesday, July 30, 2008

കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പുകള്‍. മറക്കാനാവാത്തവര്‍ - 4

 സമയത്ത് കിട്ടാത്ത സഹായത്തെക്കുറിച്ച് , എന്റെ അമ്മ ഒരു ചോദ്യം ചോദിക്കാറുണ്ട്. “കുളിരുമ്പോൾ കിട്ടാത്ത പുതപ്പെന്തിനാടീ?” ദൈനം ദിന ജീവിതത്തില്‍ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കുന്നവരെ കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പിനോട് ഞാനും ഉപമിക്കുകയാണ്‍. ഒരു പഴം ചൊല്ലിലെ വാക്കു പ്രയോഗിച്ച് ,അവരുടെ പ്രാധാന്യം കുറക്കുകയല്ല. എന്റെ ജീവിതത്തില്‍ ഇന്നോളം പ്രത്യക്ഷമായും പരോക്ഷമായും സഹായത്തിനെത്തിയിട്ടുള്ള ഓരോരുത്തരെയും നന്ദിപൂര്‍വം സ്മരിക്കാനും ഞാൻ ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ.
മറക്കാനാവാത്ത ഒത്തിരി മുഖങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഒരിക്കല്‍ പോലും കാണാത്തവരും ഉണ്ടാവാം. ഒരു കൈ സഹായം ചെയ്ത്, ഒന്നും പ്രതീക്ഷിക്കാതെ മറഞ്ഞു പോയവര്‍. ഓര്‍മ്മയിലെത്തുന്ന നൂറു കണക്കിന് മുഖങ്ങളുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ‘നന്ദി’ രേഖപ്പെടുത്താനായില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വേദനിച്ചിട്ടുമുണ്ട്.
കുട്ടിക്കാലത്ത്, എന്റെ അനിയന്‍, സുനിലിന് ‘ ചോറുകോടുക്കാന്‍ ’ഗുരുവായൂരമ്പലത്തില്‍ പോയതും
ഞാന്‍ ആള്‍ക്കൂട്ടത്തില്‍ പെട്ടതും , കരയുന്ന എന്നെ കൈപിടിച്ച് കൊണ്ട്, ഒരാള്‍ വന്നതുമൊക്കെ
മുതിര്‍ന്നവര്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.
അന്നു മുതലിങ്ങോട്ട് എത്രയെത്ര കടപ്പാടുകള്‍? വിദ്യാഭ്യാസ കാലഘട്ടത്തില്‍, പിന്നീട്, അധ്യാപിക, പത്രപ്രവര്‍ത്തക,  പൊതുപ്രവര്‍ത്തക, രാഷ്ട്രീയ പ്രവർത്തക, ജനപ്രതിനിധി എന്നിങ്ങനെ  എല്ലാ നിലകളിലും  ജീവിത യാത്രയില്‍ എനിയ്ക്ക് ഒരുപാട് സഹായങ്ങള്‍ നല്‍കിയവരുണ്ട്. “നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ.”
1994-ല്‍മകൻ കണ്ണന് ഒന്നര വയസ്സുള്ളപ്പോൾ ഒരു ബസ്സപകടം,തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന്, മുടി മുറിച്ചു.( അന്നു വീണത് വിദ്യയാക്കിയതാണ് എന്റെ ബോബ് ചെയ്ത മുടി.) 2004 ലും 2008 മാര്‍ച്ചിലും,ഏറ്റവും ഒടുവില്‍ ഇന്നലെ(ജൂലൈ-30)
രാത്രി 11.45നും കാറപകടങ്ങള്‍. ഓരോ അപകടത്തിലും,  വാഹനം മാറ്റി വര്‍ക്ക് ഷോപ്പിലാക്കാന്‍, പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍, വിവരം വീട്ടിലറിയിക്കാന്‍.. എല്ലാം ഒരുപാട് പേര്‍ സഹായിച്ചു. സത്യം പറഞ്ഞാല്‍ ഇനി കണ്ടാല്‍ തിരിച്ചറിയാത്ത, വിലാസം പോലുമറിയാത്ത ഫോണ്‍ നമ്പര്‍ അറിയാത്ത
ആളുകളാണധികവും.
ജൂലൈ 28നു ഡല്‍ഹിയില്‍ പോയ ഞാന്‍ ഇന്നലെ രാത്രി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍
ഭര്‍ത്താവ്(സുഭാഷ് ചേട്ടന്‍) എന്നെ കാത്തു നില്പുണ്ടായിരുന്നു. മകനും എന്റെ മാതാപിതാക്കളും കാത്തിരിക്കുന്ന കോട്ടയത്തെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍.
മഴ തകര്‍ത്തു പെയ്യുന്നു. ‘ ലതീ ,നമുക്കു ചെറായിയിലേക്കു പോയാലോ’? സുഭാഷ് ചേട്ടന്‍ .     .കണ്ണനും അച്ഛനമ്മമാരും എന്നെ പ്രതീക്ഷിച്ചിരിക്കും എന്ന ചിന്ത എന്നെ അലട്ടി. അതാവും, എന്റെ മറുപടി ഒരു നിമിഷം വൈകി  ‘വേണ്ട, എന്തും വരട്ടെ, നമുക്കു കോട്ടയത്തേക്കു തന്നെ പോകാം’
ചേട്ടന്‍ .
‘തുള്ളിക്കൊരു കുടം’ എന്നു പറയുമ്പോലെയുള്ള പേമാരി. ഫോണ്‍കോളുകള്‍ വരുന്നത് പോലും വേഗം അവസാനിപ്പിച്ച്, ഞാനും വഴി ശ്രദ്ധിക്കുകയായിരുന്നു. മഴ വകവയ്ക്കാതെ എതിരേ പാഞ്ഞു വന്ന ഒന്നുരണ്ട് വാഹനങ്ങളുടെ വരവ് നങ്ങളെ ഭയപ്പേടുത്തി. തലയോലപ്പറമ്പിലെത്തിയപ്പോള്‍ മഴ ഒന്നു ശമിച്ചതുപോലെ. പക്ഷേ വീണ്ടും മഴ ശക്തിപ്പെട്ടു. തലപ്പാറയിലെ ഡിവൈഡര്‍ അറിയാതെ പോയോ, കാണാതെ പോയോ എന്നറിയില്ല, കാര്‍ ഇടിച്ചു നിന്നു. വിജനമായ വഴി. പതിനൊന്നേമുക്കാലായിക്കാണും. സീറ്റ് ബല്‍റ്റിട്ടിരുന്നതിനാല്‍ ഞങ്ങ ള്‍ രണ്ടുപേരും സീറ്റില്‍ തന്നെയുണ്ട്. “എനിക്കൊന്നുമില്ല, എനിക്കൊന്നുമില്ല”. എന്നു പറഞ്ഞ്, പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, ഞങ്ങള്‍.നല്ല ഇടിയാണ്. വണ്ടിക്കു കാര്യമായ കൂഴപ്പമുണ്ടാകും. ഞാന്‍ ഡോര്‍
തുറക്കാന്‍ ശ്രമിച്ചു തുറക്കാനാവുന്നില്ല. “എന്റെ വായില്‍..” ചേട്ടനു വാചകം പൂര്‍ത്തിയാക്കാനാവുന്നില്ല.
ഒരു നിമിഷം ഞാന്‍ പതറി. “സാരമില്ലാ,അല്പം പൊട്ടിയിട്ടുണ്ട്.” എന്നെ ആശ്വസിപ്പിക്കുന്ന മറുപടി.
ഞങ്ങളുടെ രണ്ടു പേരുടേയും മോബൈല്‍ ഫോണുകള്‍ എന്റെ കൈയിലായിരുന്നു. രണ്ടും തെറിച്ചു പോയി. ഒന്നെന്റെ കൈയില്‍ കിട്ടി.ഞാന്‍ ഏറ്റുമാനൂരുള്ള എന്റെ സഹോദരനെ വിളിച്ചു. എടുക്കുന്നില്ല.
പെട്ടെന്നാണ്, കോട്ടയം ഭാഗത്തുനിന്നും ഒരു കാര്‍ വന്നു നിന്നത്.ഞങ്ങള്‍ക്കാശ്വാസമായി.
കാറിന്റെ കിടപ്പു കണ്ടാല്‍ ഇപ്പോഴത്തെ കാലത്ത് ആരും വണ്ടി നിര്‍ത്താതെ പൊയ്ക്കളയും. ഭാഗ്യം,
ഉടനേ എറണാകുളം ഭാഗത്തുനിന്നും മറ്റൊരു കാറും വന്നു നിന്നു.“വണ്ടി റിവേര്‍സ് എടുക്കാമോ?” ആദ്യം
വന്ന വാഹനത്തിലെ ചെറുപ്പക്കാര്‍ ചേട്ടനോട് ചോദിച്ചു. ശ്രമം വിഫലമായി. “ഇറങ്ങ്, ഞാന്‍ നോക്കാം.” ഒരാള്‍ പറഞ്ഞു. ചേട്ടനിറങ്ങി, വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും രണ്ടു കാറുകള്‍കൂടി വഴിയില്‍ ഒതുക്കി അതിലെ ആളുകളെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു. ഞാനിരുന്ന വശത്തെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന്, എന്നെയും ഇറക്കി. നെഞ്ചിന്റെ ഇടതുഭാഗത്ത് ഭയങ്കര വേദന.
എങ്കിലും ഒന്നും പറ്റിയില്ലല്ലോ. ഞാന്‍ ഈശ്വരനു നന്ദി പറഞ്ഞു.“ ലതികചേച്ചിയാണോ? ”എന്നു ചോദിച്ച് ആദ്യത്തെ വണ്ടിയിലെ ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു.എനിക്ക് മനസ്സിലായില്ലെങ്കിലും അയാള്‍ എന്നോടു പറഞ്ഞു. “ചേട്ടന്റെ വായില്‍ മുറിവുണ്ട്. നിങ്ങള്‍ ഒരു വണ്ടിയേല്‍ ഹോസ്പിറ്റലില്‍ പൊയ്ക്കോ. ഞങ്ങള്‍ വണ്ടി നീക്കിയിട്ടോളാം.ദാ എന്റെ ഫോണ്‍ നമ്പരും തരാം”. പിന്നെ മൂന്നു മിനിറ്റോളം വന്നവരെല്ലാവരും കൂടി വഴിയുടെ നടുക്കു കിടക്കുന്ന കാര്‍ നീക്കനുള്ള ശ്രമമായിരുന്നു. മഴ വകവക്കാതെയുള്ള ഉദ്യ്യമം.
അപ്പോള്‍ അതാ ഒരു ടാറ്റാ സുമോ വന്നു നില്‍ക്കുന്നു. നാലഞ്ചു ചെറുപ്പക്കാര്‍. അവരും കൂടി കാര്‍ നീക്കാന്‍.“ ക്ലെച്ച് ജാമായി. ഒരു രക്ഷയുമില്ല.” ആരോ പറഞ്ഞു. എന്തായാലും മൂന്നു നാലു മിനിറ്റു കള്‍കൊണ്ട് അവര്‍ കാര്‍ സൈഡിലൊതുക്കി.‘ ഞങ്ങള്‍ പാലായിലേക്കാ. നിങ്ങളെ കോട്ടയത്താക്കാം.’മാരുതിയില്‍ വന്ന ദമ്പതികള്‍ പറഞ്ഞു. ‘ ഞങ്ങള്‍ പൂവരണിക്കാരാ ,ഒരു പ്രശ്നവുമില്ല, ആശുപത്രിയില്‍ കൊണ്ടുപോയിട്ട് വീട്ടിലാക്കാം. ’ മറ്റൊരു കൂട്ടര്‍.
“ദേ ചേട്ടാ, താക്കോല്‍, ഇനി നില്‍ക്കാതെ ആശുപത്രിയില്‍ പോകാം” എനിക്കു നമ്പര്‍ തന്ന ബോബി എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.“ ഞങ്ങള്‍ ദീപികയിലെ ജീവനക്കാരാ, കോട്ടയത്തിറക്കാം.”ലഗേജൊക്കെ എടുത്തോ”. റ്റാറ്റാ സുമോയില്‍ നിന്നിറങ്ങിയവര്‍ പറഞ്ഞു. “ഞാന്‍ എറണാകുളത്തേക്കാ,എന്നാ ഇവരുടെ കൂടെ പൊക്കോ” ബോബി പറഞ്ഞു. മറ്റു രണ്ടു വണ്ടിക്കാരും ആശ്വാസ വാക്കുകള്‍ പറഞ്ഞ്, ലഗേജും മറ്റും മാറ്റാന്‍ സഹായിച്ചു.ബോബിയോടും, പേരറിയാത്ത മറ്റെല്ലാവരോറ്റും യാത്ര പറഞ്ഞ്, ദീപികയിലെ ജീവനക്കാരുടെ വാഹനത്തില്‍ കയറുമ്പോള്‍ എന്റെ ആശങ്ക ചേട്ടന്റെ വായിലെ മുറിവിനെക്കുറിച്ചായിരുന്നു. “മുട്ടുച്ചിറയില്‍ പോണോ, ഏറ്റുമാനൂര്‍ പോകണോ”?
അവര്‍ തിരക്കി.“ ഏറ്റുമാനൂര്‍ മതി. നിങ്ങള്‍ക്കപ്പോള്‍ പോകാലോ. ചേട്ടന്‍ പറഞ്ഞു.”
“അതൊന്നും പ്രശ്നമല്ല. അവിടെച്ചെല്ലട്ടെ.” മറ്റൊരാള്‍.
വൈകാതെ ഞങ്ങള്‍ ഏറ്റുമാനൂര്‍ വിമലാ ആശുപത്രിയിലെത്തി. ഞാന്‍ എന്റെ സഹോദരനെ വീണ്ടും വിളിച്ചപ്പോള്‍ അവനെ കിട്ടി. ഇതിനിടെ വീട്ടില്‍ വിളിച്ചതിനാല്‍ മോനും അടുത്ത വീട്ടിലെ ഷിനോയും കാറില്‍ പുറപ്പെട്ടിട്ടുണ്ടായിരുന്നു.
കാറിന്റെ സ്റ്റിയറിങ്ങിലിടിച്ച് ചേട്ടന്റെ പല്ലിനും മോണക്കുമിടയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മൂന്ന് തുന്നല്‍ മാത്രം.
മറ്റ് കാര്യമായ കുഴപ്പങ്ങള്‍ രണ്ടു പേര്‍ക്കുമില്ല. വീട്ടില്‍ നിന്നും ആളെത്തിയപ്പോള്‍ ആ ചെറുപ്പക്കാര്‍ യാത്ര പറഞ്ഞു. ഫിലിപ്പോസ് എന്നയാള്‍ കാര്‍ഡ് തന്നു.‘ ചേച്ചീ വിവരം ഈ നമ്പരില്‍ വിളിച്ചു പറയണേ’. ആ കാര്‍ഡ് വാങ്ങി, ഞാന്‍ നന്ദി പറഞ്ഞു. വീട്ടില്‍ വന്ന്, എന്റെ മാതാപിതാക്കളെ സമാധാനിപ്പിച്ച്,ഞങ്ങള്‍ കിടക്കുമ്പോള്‍ നേരം വെളുക്കാറായിരുന്നു. എനിക്ക് ഉറക്കം വന്നില്ല.‘
അപകടത്തില്‍പെട്ടവര്‍ പരസഹായം കിട്ടാതെ രക്തം വാര്‍ന്നു മരിക്കുന്നവര്‍ ....
പരോപകാരം ചെയ്താല്‍ കെണിയാകുമെന്നു ഭയക്കുന്നവര്‍.....സന്മനസ്സുള്ളവരേയും നല്ലപ്രവൃത്തിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന കാലം... ഇവിടെ ഞങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവം.

“ ഇത്ര വലിയ ഇടിയിടിച്ചിട്ടും ഇത്രയൊക്കെയേ സംഭവിച്ചുള്ളല്ലോ,” എന്നു ഞങ്ങളെ സമാധാനിപ്പിച്ച്, ഞങ്ങളെ സഹായിച്ച ആ നല്ല മനുഷ്യരെ ഇനിക്കണ്ടാല്‍ മനസ്സിലാവില്ലല്ലോ എന്നതായിരുന്നു എന്റെ വിഷമം. രാവിലെ തന്നെ ബോബിയെയും ഫിലിപ്പോസിനെയും വിളിച്ച് ഞാനാ ആശങ്ക പങ്കിട്ടു.ഞങ്ങള്‍ക്ക് ചേച്ചിയെ അറിയാം. എന്നു പറഞ്ഞ് അവര്‍ എന്നെ വീണ്ടും ആശ്വസിപ്പിച്ചു.

18 comments:

Lathika subhash said...

മറക്കാനാവാത്തവര്‍ എന്ന ബ്ലോഗില്‍, ഇത്തരം ഒരു പോസ്റ്റിടേണ്ടിവരും എന്നു വിചാരിച്ചില്ല. ഇന്നലെ ഞങ്ങള്‍ക്കുണ്ടായ അപകടത്തില്‍ സഹായത്തിനെത്തിയ സുമനസ്സുകളാണ് പ്രേരണ.
പരസഹായത്തിനുമടിയില്ലാത്തഎല്ലാവര്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

Sarija NS said...

നന്ദി ലതി ചേച്ചി,
ഭാര്യയുടെ മുറിവേറ്റ ശരീരവുമായി ഒരു യുവാവ് വഴി വക്കില്‍ നിന്നു കെഞ്ചിയ വാര്‍ത്ത വായിച്ച് ലോകത്തോട് മുഴുവന്‍ വിദ്വേഷവും മനസ്സില്‍ വല്ലാത്തൊരസസ്വഥതയുമായി നടക്കുകയായിരുന്നു ഞാന്‍. ഈ അനുഭവം എന്‍‌റെ മനസ്സിനെ തണുപ്പിക്കുന്നു

ഗോപക്‌ യു ആര്‍ said...

ellaa manassilum
karuna undaavatte!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മറക്കാന്‍ പറ്റാത്ത അനുഭവം തന്നെ

siva // ശിവ said...

ചിലപ്പോള്‍ ജീവിതത്തില്‍ ഇങ്ങനൊയെക്കെ അപ്രതീക്ഷിത സഹായവുമായെത്തുന്ന ഒരുപാട് നല്ല മനുഷ്യരുണ്ട്...മനസ്സില്‍ നിറയെ നന്മ മാത്രമുള്ളവര്‍...

അജയ്‌ ശ്രീശാന്ത്‌.. said...

ദൈവത്തെ കാണാനില്ലാവില്ലെന്ന്‌
പലരും പരാതിപ്പെടുന്നു...
എന്നാല്‍ ആപത്തില്‍
സഹായിക്കാനെത്തുന്നവരില്‍
പലപ്പോഴും നമുക്ക്‌ ദൈവത്തെ
കാണാന്‍ കഴിയുന്നു...
തീര്‍ത്തും അപരിചിതരായവര്‍
നമ്മെ അപകടത്തില്‍
നിന്ന്‌ കരകയറ്റുമ്പോള്‍
അവരുടെ മുഖത്ത്‌
നാം കാണുന്ന നന്മ..
അതാണ്‌ ദൈവത്തിന്റെ സ്വത്വം...
ഹൃദയഹാരിയായ അനുഭവം..
ലതച്ചേച്ചീ.. നല്ല എഴുത്തും....

വേണു venu said...

ലതി, അനുഭവം ശരിക്കും പങ്കു വച്ചിരിക്കുന്നു.
ഇതുപോലെ അങ്ങുമിങ്ങും ജീവിച്ചിരിക്കുന്ന നന്മ്കളാല്‍ ‌ ഭൂമിയില്‍ ഇപ്പോഴും മഴ പെയ്യുന്നു.മരങ്ങളില്‍ പുഷ്പങ്ങളുണ്ടാകുന്നു.!

OAB/ഒഎബി said...

ദൈവം മനുഷ്യനോട് പറയുന്നു. നീ സൂക്ഷിച്ച് നോക്കിയാല്‍ ചില സമയങ്ങളില്‍ നിനക്കെന്നെ കാണാം.
അതെ... ഞാനും കുറേ സ്തലങ്ങളില്‍, സന്ദറ്ഭങ്ങളീല്‍ ദൈവത്തെ കണ്ടിരുന്നു. കുളിരുമ്പോള്‍ കിട്ടേണ്ടതു പുതപ്പ് തന്നെയാകുന്നു. അത് നല്‍കിയവര് ആരായാലും എന്റെ വക പ്രത്യേക നന്ദി. ഈ പോസ്റ്റിനും.

smitha adharsh said...

സഹായിക്കാനുള്ള മനസ്സു വറ്റി പോകാത്തവരും അവശേഷിക്കുന്നുണ്ട് അല്ലെ?

smitha adharsh said...

ഞാനും ഇവിടെ വൈകിയാണ് വന്നത്...അപ്പൊ,നമുക്കു പരസ്പരം ക്ഷമിക്കാം..

Sapna Anu B.George said...

ഒരു കോട്ടയം കാരിയുടെ ആശംസകള്‍

Unknown said...

നല്ല മനുഷ്യർ ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടു.
ദൈവം കരുണാമയൻ തന്നെ.

ആശംസകൾ

നജീബ്

ഗീത said...

നന്മ നിറഞ്ഞ മാലാഖമാര്‍ നമ്മുടെയിടയില്‍ ഇപ്പോഴുമുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ കുളിരുകോരിയിടുന്നു. ഒപ്പം, ആ അപകടത്തില്‍ നിന്ന് ഒന്നും പറ്റാതെ രക്ഷപ്പെടുത്തിയതിന് ഈശ്വരനോടൊരു നന്ദിവാക്കും.ഈശ്വരാ..

നിസ്സാരന്‍ said...

“ആദര്‍ശമില്ലാത്ത രാഷ്ടീയം
അദ്ധ്വാനമില്ലാതെയുള്ള സമ്പത്ത്
മനുഷ്യത്തമില്ലാത്തശാസ്ത്രം
സദാചാരബോധമില്ലാത്ത വ്യാപാരം
സ്വഭാവശുദ്ധിയില്ലാത്ത വിദ്യാഭ്യാസം
ത്യാഗമില്ലാതെയുള്ള പ്രാര്‍ത്ധന
ആത്മാര്‍ത്ധതയില്ലാത്ത സന്തോഷം
ഇവ അത്യന്തം അപകടകരമാണ്.”
-ഗാന്ധിജി.
ee varikal nan kadamedukkunnu

നിസ്സാരന്‍ said...

“ആദര്‍ശമില്ലാത്ത രാഷ്ടീയം
അദ്ധ്വാനമില്ലാതെയുള്ള സമ്പത്ത്
മനുഷ്യത്തമില്ലാത്തശാസ്ത്രം
സദാചാരബോധമില്ലാത്ത വ്യാപാരം
സ്വഭാവശുദ്ധിയില്ലാത്ത വിദ്യാഭ്യാസം
ത്യാഗമില്ലാതെയുള്ള പ്രാര്‍ത്ധന
ആത്മാര്‍ത്ധതയില്ലാത്ത സന്തോഷം
ഇവ അത്യന്തം അപകടകരമാണ്.”
-ഗാന്ധിജി.
ee varikal nan kadamedukkunnu

Manikandan said...
This comment has been removed by the author.
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്മയുള്ള ഒരു ലോകം ഇപ്പോഴും എല്ലായിടത്തുമുണ്ട്..

ശ്രീ said...

റീ പോസ്റ്റിങ് ആണല്ലേ?

മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ അപൂര്‍വ്വമെങ്കിലും ബാക്കിയുണ്ട് എന്ന് തെളിയിയ്ക്കുന്ന ചുരുക്കം സംഭവങ്ങളിലൊന്ന്.