Monday, October 13, 2008

മറക്കാനാവാത്തവര്‍ .7. പ്രൊഫ. ജോണ്‍സി ജേക്കബ്

ഒരു പഴയ ചിത്രം . (എന്റെ ആല്‍ബത്തില്‍ നിന്നും)

കാവി മുക്കിയ പരുക്കന്‍ ഖദറണിഞ്ഞ ഒരു കോളജ് പ്രൊഫസര്‍.
പ്രകൃതി സംരക്ഷണത്തിനു വേണ്ടി ഒത്തിരി പോരാടി,
മണ്ണിനെയും മരങ്ങളെയും മലകളെയും മനുഷ്യരെയും സ്നേഹിച്ച് സ്നേഹിച്ച്,
ഇതാ യാത്രയായി.
വ്യത്യസ്തനായ ഒരാള്‍ കൂടി വിടപറഞ്ഞു.
പ്രോഫ. ജോണ്‍ സി ജേക്കബ്.
ഇന്നലത്തെ പത്രങ്ങളിലൂടെയേ അറിയാന്‍ കഴിഞ്ഞുള്ളൂ.സംസ്കാരവും കഴിഞ്ഞു.
ഗുരു നിത്യ ചൈതന്യ യതിയുടെ ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് 1988ലാണ് അദ്ദേഹത്തെ
പരിചയപ്പെട്ടത്.
പ്രകൃതിയെ നോവിക്കുന്ന ഒരു പ്രവൃത്തിക്കും കൂട്ടു നില്‍ക്കാത്ത ഒരാള്‍.
അത്തരം പോരാട്ടങ്ങളില്‍ ഒരിക്കലും അദ്ദേഹത്തിന് വിട്ടു വീഴ്ച്കയില്ലായിരുന്നു.
ലാളിത്യത്തിന്റെ സഹചാരിയായിരുന്നു, പയ്യന്നൂര്‍ കോളജിലെ ജന്തുശാസ്ത്ര വിഭാഗം തലവനായിരുന്ന പ്രൊ.ജോണ്‍സി.
ആശയങ്ങള്‍ പങ്കിടാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
പേപ്പറിന്റെ നിലവാരം മെച്ചമായിരുന്നില്ലെങ്കിലും,
അതിലെ
ആശയങ്ങള്‍ക്ക് നല്ല നിലവാരമായിരുന്നു.
മൈന, സൂചിമുഖി, ആന്‍ ഖ്,പ്രസാദം എന്നിവ.
ഞാന്‍ പരിചയപ്പെട്ട കാലത്ത് ‘ആന്‍ ഖ്’പ്രചാരത്തിലുണ്ടായിരുന്നു.
വളരെക്കാലം ജോണ്‍സിയങ്കിള്‍ എനിക്ക് ആന്‍ ഖ് കൃത്യമായി അയച്ചു തന്നിരുന്നു.
തൊണ്ണൂറ്റിയഞ്ചില്‍ എറണാകുളത്തു നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ്സില്‍ വച്ച് യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടു.
അന്നും പരിസ്തിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം വാചാലനായതോര്‍ക്കുന്നു.
ഞാന്‍ ഗുരു നിത്യയുടെ ആശ്രമത്തിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പുത്രി(വളര്‍ത്തുമകള്‍) മേബിള്‍,
ഏതാനും ദിവസം അവിടെ വന്നു താമസിച്ചിരുന്നു. എല്ലാവരോടും പെട്ടെന്നടുക്കുന്ന അവള്‍ ഒരു പൂമ്പാറ്റയെപ്പോലെ ഒരാഴ്ച അവിടെ പാറി നടന്നത് ഞാന്‍ മറന്നിട്ടില്ല. അവള്‍ക്ക് എന്നോടും നല്ല സ്നേഹമായിരുന്നു.
മേബിള്‍(മീര) വിവാഹിതയായി എന്ന് അദ്ദേഹം പിന്നീട് കണ്ടപ്പോള്‍ പറഞ്ഞു.
ഇപ്പോള്‍ എവിടെയാണോ ആവോ.
ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ചില സായന്തനങ്ങളില്‍ ഗുരുവും
ജോണ്‍സിയങ്കിളും പ്രകൃതിഭംഗി നുകര്‍ന്ന്, വിദ്യാര്‍ഥികളായ ഞങ്ങളോട് പ്രകൃതി സ്നേഹ സംവാദം നടത്തി, മെല്ലെ മെല്ലെ നടന്നു നീങ്ങിയിരുന്നതും ഓര്‍മ്മ വരുന്നു.
സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്നിരയിലുണ്ടായിരുന്ന പ്രൊ. ജോണ്‍സി നേച്ചര്‍ ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചു. അവയുടെ നേതൃത്വത്തില്‍ നിരവധി പ്രകൃതി സഹവാസങ്ങള്‍ നടന്നിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങളും ഈ പ്രകൃതിസ്നേഹിക്കു ലഭിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ‘വനമിത്ര’ പുരസ്കാര ജേതാവ് (2005) പ്രൊഫ. ജോണ്‍സിയാണ്.
ഉറങ്ങുന്ന താഴ്വരകള്‍,പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും എന്നീ പുസ്തകങ്ങള്‍ രചിച്ചു.
പത്തു പന്ത്രണ്ട് വര്‍ഷമായി എനിക്ക് അദ്ദേഹവുമായി ആശയവിനിമയമേ ഇല്ലാതായി.
പണ്ടൊക്കെ വല്ലപ്പോഴും കത്തുകള്‍ അയച്ചിരുന്നു.
പ്രൊ.ജോണ്‍സി, എടാട്ട് പി. ഒ എന്ന വിലാസത്തില്‍.
ഇപ്പോള്‍ ഒരു കുറ്റബോധം. പരിസ്ഥിതിയുടെ ആ വലിയ ആചാര്യനെക്കുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ സന്ദര്‍ശിക്കാനോ തിരക്കിനിടയില്‍(ഒരു ബുദ്ധിമുട്ടുമില്ലാത്ത കാര്യമായിരുന്നിട്ടും) ഞാന്‍ മിനക്കെട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍. പല തവണ കണ്ണൂര്‍ക്ക് പോയി.
പയ്യന്നൂര്‍ക്കാരെ കാണുമ്പോള്‍ പ്രൊ. ജോണ്‍സിയെക്കുറിച്ചു ചോദിക്കും.
അതിനപ്പുറം ഒന്നുമുണ്ടായില്ല.
അടുത്ത കണ്ണൂര്‍ യാത്രയില്‍ ഏടാട്ട് പോകണം എന്നു വിചാരിക്കുന്നു.
പ്രോഫ. ജോണ്‍സിയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഒരുപിടി സ്നേഹമലരുകളര്‍പ്പിക്കുന്നു.

28 comments:

Anonymous said...

ലതി said...

പ്രൊഫ. ജോണ്‍സിയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഒരുപിടി സ്നേഹമലരുകളര്‍പ്പിക്കുന്നു.
October 13, 2008 10:13 AM
------------------------------------
വരവൂരാൻ said...

ഒരു നല്ല മനുഷ്യനെ കുറിച്ച്‌,ഒരു നല്ല വിവരണം. ആശംസകൾ
October 13, 2008 10:59 AM
-------------------------------------
വേണു venu said...

മണ്ണിനെയും മരങ്ങളെയും മലകളെയും മനുഷ്യരെയും സ്നേഹിച്ച പ്രോഫ. ജോണ്‍ സി ജേക്കബിനെ ഓര്‍മ്മിക്കുന്ന ഈ ലേഖനം അദ്ദേഹത്തിനര്‍ഹിക്കുന്ന ആദരാജ്ഞലി തന്നെ.
ആ വലിയ മനുഷ്യ സ്നേഹിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ലതിയോടൊപ്പം എന്‍റേയും ആദരാജ്ഞലികള്‍.!
October 13, 2008 1:05 PM
-------------------------------------
നിരക്ഷരന്‍ said...

ആദരാജ്ഞലികള്‍. ഒരുപാട് നല്ല മനുഷ്യരെപ്പറ്റി ചേച്ചിയുടെ ബ്ലോഗിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.
October 13, 2008 5:34 PM
--------------------------------------
വിദുരര്‍ said...

ലതി, നന്നായി ഈ ഓര്‍മ്മക്കുറിപ്പ്‌.

ഒരു കുറിപ്പ്‌ ഞാനും എഴുതി വെച്ചിരുന്നു അത്‌ ഇനി വേണോ എന്നൊരു സംശയം.

വിയോജിപ്പുണ്ടായിരുന്നു ചില കാര്യങ്ങളിലും, എങ്കിലും.
വല്ലാത്തൊരു ജീവതമായിരുന്നു അദ്ദേഹത്തിന്റേത്‌.

വല്ലാത്ത സ്‌നേഹമുള്ള മനുഷ്യന്‍

എഴുത്തുകള്‍ക്കൊക്കെ നല്ല സ്‌നേഹത്തോടെ പ്രതികരിക്കുന്ന, കുഞ്ഞു കൂട്ടികള്‍ക്ക്‌ കൂട്ടൂകാരനെ പോലെ മറുപടി അയക്കുന്ന മലയാളിയായ അവസാനത്തെ കാരണവരാവാം ഇത്‌.

എടാട്ട്‌ കുറേ പുസ്‌്‌തകങ്ങളല്ലാതെ ഒന്നും ബാക്കിയില്ല
(മരണതിരക്കില്‍ പ്രധാനപ്പെട്ട പലതും, അതില്‍ നിന്നും ആരൊക്കെയോ എന്തൊക്കെയോ എടുത്തു കൊണ്ടുപോയി)


കുടുംബത്തെക്കുറിച്ചെല്ലാം പറഞ്ഞില്ലെ, അതെല്ലാം ദാരുണാവസ്ഥയിലാണ്‌
കലാശിച്ചത്‌.

പഴയ കുറെ ശിഷ്യന്‍മാര്‍ നന്നായി സഹായിച്ചു.

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതശരീരം കണ്ണൂര്‍ പയ്യമ്പലത്തെ പൊതു ശ്‌‌മാശാനത്തിലാണ്‌ സംസ്‌കരിച്ചത്‌.
October 13, 2008 7:01 PM
October 13, 2008 7:45 PM
------------------------------------
ലതി said...

വരവൂരാന്‍ , വേണു , നിരക്ഷരന്‍ ,
നന്ദി.

വിദുരര്‍ , താങ്കളില്‍ നിന്നും കുറച്ച് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. നന്ദി.ആപോസ്റ്റ് പബ്ലീഷ് ചെയ്യണേ..
October 13, 2008 7:51 PM
------------------------------------
ഗോപക്‌ യു ആര്‍ said...

ആദരാജ്ഞലികള്‍......

thanks for the
valid informations....
October 13, 2008 8:02 PM

Lathika subhash said...

ഈ പോസ്റ്റ് സൃഷ്ടി എന്ന ബ്ലോഗില്‍ നിന്നും ഇങ്ങോട്ട് മാറ്റി.അതെ പ്രൊഫ. ജോണ്‍സിയെ മറക്കാനാവില്ല.

Unknown said...

തീർച്ചയായും ഇതൊരു നല്ല കുറിപ്പ്
നല്ല മനുഷ്യരുടെ ഒർമകൾക്ക് മുമ്പിൽ ഒരായിരം സ്നേഹ പൂക്കൾ വിതറട്ടെ...

ആത്മാന്വേഷി said...

ചേച്ചീ , ഇത്രയും നല്ല മനുഷ്യരുമായുള്ള ബന്ധങ്ങള്‍ തുടരണമായിരുന്നു. ജോണ്‍സിയെ പരിചയപ്പെടുത്തിയതിന് നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആദരാജ്ഞലികള്‍.

പരിചയപ്പെടുത്തിയതിന് നന്ദി.

Ranjith chemmad / ചെമ്മാടൻ said...

അക്ഷരങ്ങളിലൂടെ പരിചയപ്പെടുത്തിയതിന് നന്ദി....

കണ്ണൂരാന്‍ - KANNURAN said...

ജോണ്‍സിയെക്കുറിച്ച് എഴുതണമെന്ന് കരുതിയതായിരുന്നു. കാലത്തിനു മുന്‍പെ നടന്നയാള്‍, പക്ഷെ ഇന്നത്തെ കപടലോകം അദ്ദേഹത്തിനു സമ്മാനിച്ചത് ചതിക്കുഴികള്‍ മാത്രം. അദ്ദേഹം ദത്തെടുത്ത് വളര്‍ത്തിയ രണ്ട് മക്കളോ, മറ്റു ബന്ധുമിത്രാദികളോ ഒന്നും അദ്ദേഹത്തെ സഹായിച്ചില്ല. അദ്ദേഹം തുടങ്ങിയ പല മാസികകളും മറ്റുള്ളവര്‍ കൈയ്യടക്കി. അവസാന കാലത്ത് അരക്കു താഴെ തളര്‍ന്ന് പുറച്ചേരിയിലെ കേശവതീരം ആയുര്‍വേദ ആശുപത്രിയിലായിരുന്നു. കരുണ വറ്റാത്ത ഒരു പറ്റം ശിഷ്യന്മാരുടെ കനിവു കൊണ്ട് വലിയ വിഷമം കൂടാതെ അവിടെ കഴിയാന്‍ അദ്ദേഹത്തിനു പറ്റി. സ്വന്തമായൊരു കിടപ്പാടം പോലുമുണ്ടാക്കാതെയാണ് ജോണ്‍സി നടന്നകന്നതെങ്കിലും, ദക്ഷിണേന്ത്യയില്‍ തന്നെ, പ്രകൃതി ജീവനത്തിന്റെയും, പ്രകൃതി സനേഹത്തിന്റെയും സന്ദേശം പടര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതൊന്നു മാത്രം മതി ആ ജീവിതം ധന്യമാകാന്‍.

Lathika subhash said...

ഗോപക്,Najeeb Chennamangallur,
വഴിപോക്കന്‍, രെണ്‍ജിത് ചെമ്മാട് നന്ദി.
ആത്മാന്വേഷി,ശരിയാണ്,നല്ല മനുഷ്യരുമായുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തണം. കണ്ണൂരാന്‍,ഒത്തിരി നന്ദി, കുറച്ചു കാര്യങ്ങള്‍ പറഞ്ഞതിന്.പ്രൊ.ജോണ്‍സിയുടെ അവസാന നാളുകളെക്കുറിച്ച് ഞാന്‍ അറിയാതെ പോയി.സ്വാര്‍ത്ഥ നേട്ടങ്ങളുണ്ടാക്കാത്ത ഇത്തരം സാമൂഹിക പ്രവര്‍ത്തകരുടെയൊക്കെ ഗതി ഇതു തന്നെയാവും.താങ്കള്‍ എഴുതണമെന്നു വിചാരിച്ച കുറിപ്പ് പോസ്റ്റ് ചെയ്യണേ.

smitha adharsh said...

ആദരാഞ്ജലികള്‍..
മുന്നേ അദ്ദേഹത്തെപ്പറ്റി അറിയാനിട കിട്ടിയില്ല എന്നതില്‍ ഖേദിക്കുന്നു...

siva // ശിവ said...

ഇവരെയൊക്കെ ഓര്‍ക്കുന്നുവല്ലോ...ഇതുപോലെയുള്ളവരൊക്കെ ഇവിടെ ജീവിച്ചിരുന്നുവെന്ന് മനസ്സിലാകുന്നത് ഇതൊക്കെ വായിക്കുമ്പോഴാണ്...അദ്ദേഹത്തിന് എന്റെയും ആദരാജ്ഞലികള്‍...

ജിജ സുബ്രഹ്മണ്യൻ said...

പ്രൊഫ. ജോണ്‍ സി യെ പരിചയപ്പെടുത്തിയതില്‍ നന്ദി..അദ്ദേഹത്തിനു ആദരാഞ്ജലികള്‍

അനില്‍@ബ്ലോഗ് // anil said...

ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി.

പലരേയും ഇവിടെ നിന്നും പരിചയപ്പെടുന്നു. നന്ദി

മുസാഫിര്‍ said...

തീര്‍ച്ചയായും ഓര്‍ക്കപ്പെടേണ്ട ഒരു മനുഷ്യസ്നേഹി തന്നെ.ഇദ്ദേഹത്തെക്കുറിച്ച് അധികമൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.സ്വഭാവം വെച്ച് അധികം പബ്ലിസിറ്റിയൊന്നും ഇഷ്ടപ്പെട്ട് കാണാന്‍ വഴിയില്ല അല്ലെ ?

Lathika subhash said...

സ്മിതാ, നന്ദി.
ശിവാ,ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?
കാന്താരിക്കുട്ടീ, വന്നതിനു നന്ദി.
അനില്‍ @ ബ്ലോഗ്‍,ഇനിയും(ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരും) ഒത്തിരി പേരുണ്ട്. നന്ദി, അഭിപ്രായത്തിന്.

Lathika subhash said...

മുസാഫിര്‍,ശരിയാണ്.പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളായതുകൊണ്ടാവും അദ്ദേഹത്തെ പുതിയ തലമുറ കൂടുതല്‍ അറിയാതെ പോയത്.

ഷാനവാസ് കൊനാരത്ത് said...

ഇന്ന് ആദ്യമായി ഈ ബ്ലോഗിലെത്തി. ആശംസകള്‍...

Lathika subhash said...

ഷാനവാസ്,
വന്നതിനു നന്ദി.

വിദുരര്‍ said...

ഒപ്പം വായിക്കുക : സ്ഥാപനങ്ങളില്‍ നിന്നും ഇറങ്ങിപോയ ഒരാള്‍

monu said...

marakkanavathavarey kurichu oru blog adhyamayittanu kanunnathu.

ee blog enney orupadu chinthipikkunnu..

Lathika subhash said...

വിദുരര്‍,
ഇങ്ങനെയൊരു പോസ്റ്റ് ....
മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി,
അതിലെ വിവരങ്ങള്‍.
ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
പ്രൊ.ജോണ്‍സി ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇത്തരമൊരു കുറിപ്പ് പ്രസക്തമാണ്.

Lathika subhash said...

Monu,
നന്ദി.

അരുണ്‍ കരിമുട്ടം said...

നല്ല ബ്ലോഗ്.പലരുടെയും നന്മയും കഴിവും അറിയുന്നത് വളരെ താമസിച്ചാണ്,അത് അപ്പോള്‍ തന്നെ മറ്റുള്ളവരെ അറിയിക്കാന്‍ ഈ ബ്ലോഗ് ഉപകരിക്കുന്നുണ്ടല്ലോ.നല്ലത്

Lathika subhash said...

അരുണ്‍ ,വന്ന് നല്ല വാക്കുകള്‍ കുറിച്ചതിനു നന്ദി.

നരിക്കുന്നൻ said...

ആ നല്ല മനുഷ്യനെ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി. ഒരുപാട് നല്ല മനുഷ്യനെ പരിചയപ്പെടുകയും ആ ഓർമ്മകൾ ബൂലോഗത്തിനു മുമ്പിൽ തുറന്ന് വെക്കുകയും ചെയ്യുന്ന ചേച്ചിയുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല കുറിപ്പ്, ഇങ്ങനെ മറക്കാനാവാത്തവര്‍ക്കായി ഒരു ബ്ലോഗു തുടങ്ങിയത് തന്നെ നല്ല ആശയമാണ്

Lathika subhash said...

നരിക്കുന്നാ, കിച്ചു,ചിന്നു, ഒത്തിരി നന്ദി.

സന്തോഷ്. said...

പ്രിയപ്പെട്ട ലതി,
പോസ്റ്റ് വായിച്ചു.മാഷിനെ അടുത്തറിയാവുന്നവരെപ്പറ്റി അറിയാന്‍ കഴിയുന്നതില്‍ സന്തോഷം..
വിദുരരെ ഞാന്‍ കഴിഞ്ഞയാഴ്ച എടാട്ട് മാഷിന്‍റെ വീട്ടില്‍ വച്ച് പരിചയപ്പെട്ടിരുന്നു.
വീശ്വസാഹോദര്യ പ്രസാദം മാസിക മാഷ് നിര്‍ത്തിയെങ്കിലും പ്രതിഷ്ഠാനം കൂട്ടായ്മ നീലനിന്നു പോകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് പ്രതിഷ്ഠാനം സുഹൃത്തുക്കളൊക്കെ എവിടെയായാലും ബന്ധപ്പെടുകയും കൂട്ടായ്മ നിലനിര്‍ത്തൂകയും ചെയ്യണം. പ്രതിഷ്ഠാനത്തിനായി ന്യൂസ് ലെറ്റര്‍ തുടങ്ങാനും മാഷിന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള ഒരുക്കത്തിലാണ് അംഗങ്ങള്‍..
ജോണ്‍സിയുടെ സന്ദേശം കഴിയുന്നിടത്തൊക്കെ എത്തിക്കാം.. എവിടെയിരുന്നായാലും ബന്ധപ്പെടാന്‍ ശ്രമീക്കുക. നമ്മുടെയൊക്കെ, തിരക്കുകളെന്ന ജാഡ എന്നു തീരും...

ഇടയ്ക്ക് കണ്ടപ്പോള്‍ എടുത്ത ജോണ്‍സിയുടെ ചില ഫോട്ടോ ഇവിടെ ചേര്‍ക്കുന്നു..

http://www.flickr.com/photos/santhoshc/2957586779/
http://www.flickr.com/photos/santhoshc/2957587117/
http://www.flickr.com/photos/santhoshc/2957588295/

http://www.flickr.com/groups/kearala_clicks/discuss/72157605774735583/page4/#comment72157608051455423

Lathika subhash said...

സന്തോഷ്,
ആ നല്ല ചിത്രങ്ങള്‍ക്കു നന്ദി.ചില ചിത്രങ്ങള്‍ ഗുരു നിത്യയെ ഓര്‍മ്മിപ്പിക്കുന്നത്.
കൂട്ടായ്മകളെക്കുറിച്ചൊക്കെ പണ്ട് പ്രൊഫ.ജോണ്‍സി പറഞ്ഞ അറിവുകള്‍ മാത്രമേ എനിയ്ക്കുള്ളൂ. ഇനിയെങ്കിലും പ്രൊഫ.ജോണ്‍സിയുടെ സന്ദേശം കഴിയുന്നിടത്തൊക്കെ എത്തിക്കാന്‍ എന്നാലാവും വിധം ഞാനും സഹകരിക്കാം.
ആശംസകള്‍....