Monday, February 16, 2009

മറക്കാനാവാത്തവര്‍-10. അഡ്വ.കുമരകംശങ്കുണ്ണിമേനോന്‍

കോട്ടയം വാര്‍ത്തയുടെ മൊബൈല്‍ സന്ദേശം ഏഴാം തിയതി(ഫെബ്രു: 7) രാവിലെ എനിയ്ക്കും ലഭിച്ചു. അഡ്വ. കുമരകം ശങ്കുണ്ണി മേനോന്‍ അന്തരിച്ചു. വിളിച്ച് അന്വേഷിച്ചപ്പോള്‍ വൈകിട്ട് 5 നു സംസ്കാരം നടക്കുമെന്നറിഞ്ഞു. പിന്നീടും പലരും വിളിച്ചു പറഞ്ഞു, ശങ്കുണ്ണിമേനോന്‍സാര്‍ മരിച്ചു എന്ന്. ഞാനും അപ്പോള്‍ഈ ദു:ഖ വാര്‍ത്ത പലരെയും വിളിച്ചറിയിച്ചു.
പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി..... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലേയ്ക്ക് ജനപ്രവാഹം. രാവിലെയാണ് മരിച്ചതെങ്കിലും വൈകിട്ടു തന്നെ സംസ്കാര ചടങ്ങ് നടന്നു.
മൃതശരീരം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെക്കാണാന്‍ അകത്തേയ്ക്കു ചെന്നു.
ശ്രീമതി ഇന്ദു. ബി.നായരോടും( വനിതയുടെ മുന്‍ എഡിറ്റര്‍) തന്റെ പെണ്‍ മക്കളോടുമായി ഓരോന്നു പറഞ്ഞു കരയുകയാണ് അവര്‍.
പതിനാറു വയസ്സില്‍ മേനോന്‍സാറിന്റെ നിഴലായി കൂടിയതാണ്. “ഞാന്‍ ഈ എഴുപതാം കാലത്തും വിളിക്കും മോളേ, എന്റെ ഉണ്ണിച്ചേട്ടനെ... ഉണ്ണിച്ചേട്ടാ, ഉണ്ണിച്ചേട്ടാ.....”. ഒരു വേള അവര്‍ മകളെ വിളിച്ചു ചോദിക്കുന്നതു കേട്ടു, “ അമ്മ ഇന്ന് എവിടെ കിടക്കും മോളേ?”. അസുഖം അദ്ദേഹത്തെ നേരത്തെ ബാധിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതം മൂലമുള്ള ആ വേര്‍പാട് ശ്രീമതി അമ്മിണിയെ (രാജ ലക്ഷ്മി മേനോന്‍) വല്ലാതെ ഉലച്ചു കളഞ്ഞു. വാര്‍ദ്ധക്യമായല്‍ ഒരുമിച്ചുള്ള യാത്രയും ഒരു മുറിയിലുള്ള കിടപ്പുമൊന്നും വലിയ കാര്യമാക്കാത്ത ദമ്പതികള്‍ക്ക് അപവദമായിരുന്നു, ഈ മാതൃകാ ദമ്പതികള്‍.
രഞ്ജിനി സംഗീത സഭയുടെ സംഗീത പരിപാടികള്‍ കേള്‍ക്കാനും, കഥകളി കാണാനും മറ്റും ശങ്കുണ്ണി മേനോന്‍ സാറിന്റെ സഹചാരിയായി അമ്മിണിയമ്മയും ഉണ്ടായിരുന്നു. കലാകാരന്മാരും കേരളത്തിലെ പഴയകാല നേതാക്കളടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുമൊക്കെ ആ അമ്മ വച്ച ഭക്ഷണം കഴിക്കാനിഷ്ടപ്പെട്ടിരുന്നു എന്നും കേട്ടിട്ടുണ്ട്.
കുമരകത്തെ മേനോന്‍ വീട്ടിലെ വിശേഷങ്ങളും ശങ്കുണ്ണിമേനോന്റെ പ്രാഗല്‍ഭ്യത്തെക്കുറിച്ചുമൊക്കെ
ചെറിയ പ്രായത്തിലേ, ഞാന്‍ കേട്ടിരുന്നത് എന്റെ അച്ഛന്റെ കുഞ്ഞമ്മായി(അമ്മിണിയമ്മായി) പറഞ്ഞാണ്. അവരുടെ കസിന്‍ ആയിരുന്നു, ശങ്കുണ്ണി മേനോന്‍ സാര്‍. അടുത്ത കാലത്ത് അദ്ദേഹം
സമകാലിക മലയാളം വാരികയില്‍ എഴുതിത്തുടങ്ങിയ ‘വഴിത്തിരിവുകള്‍’ എന്ന ഓര്‍മ്മക്കുറിപ്പ് വായിച്ചും മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ കഴിഞ്ഞു . എന്തേ ഇതൊക്കെ ഇദ്ദേഹം നേരത്തേ എഴുതാഞ്ഞത് എന്ന്, വഴിത്തിരിവിന്റെ ഓരോ ലക്കവും വായിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട് .പിന്നീട് അനുശോചന സമ്മേളനത്തില്‍ മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അയവിറക്കിയത് ഇപ്പോഴത്തെ കുമരകം പഞ്ചായത്തു പ്രസിഡന്റ് ശ്രീ.ജി.സി. ദാമോദരനായിരുന്നു.

രണ്ടു പതിറ്റാണ്ടായി ശങ്കുണ്ണി മേനോന്‍ സാറിനെ എനിയ്ക്കും നന്നായി അറിയാമായിരുന്നു. തലയെടുപ്പുള്ള ഒരു നേതാവായല്ല അദ്ദേഹം എന്നോടു പെരുമാറിയിരുന്നത്. പൊതു വേദികളും സദസ്സുകളുമൊക്കെ പങ്കിടുമ്പോള്‍, നല്‍കുന്ന പ്രോത്സാഹനങ്ങളും നല്ല വാക്കുകളും ഞാന്‍ എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ തറവാട്ടില്‍ താമസിച്ച്, . ഹൈസ്കൂളില്‍ പോയിരുന്നപ്പോള്‍ രണ്ടു വര്‍ഷം കേവലം രണ്ട് മുണ്ടും ഷര്‍ട്ടും മാത്രം ഉപയോഗിച്ചിരുന്ന ഉണ്ണിച്ചേട്ടനെക്കുറിച്ച്, ആറുമാനൂരോ പരിസരത്തോ പാര്‍ട്ടി യോഗങ്ങള്‍ക്കു വരുമ്പോള്‍ സുഹൃത്തുക്കളുമായി പെങ്ങളുടെ വീട്ടില്‍ ചായ കഴിക്കാനെത്തുന്ന ആങ്ങളയെക്കുറിച്ച്- കുഞ്ഞമ്മായി പറഞ്ഞ നല്ല വാക്കുകള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. വക്കീല്‍ വേഷത്തില്‍ കളക്ട്രേറ്റ് അങ്കണത്തിന്റെ ഓരം ചേര്‍ന്ന് കോടതിയിലേയ്ക്ക് തലയെടുപ്പോടെ നടന്നു നീങ്ങുന്ന മേനോന്‍സാറിനെ ബഹുമാനപുരസ്സരം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കാണുമ്പോഴൊക്കെ കുശലം പറഞ്ഞിരുന്ന അദ്ദേഹത്തിന്, രാഷ്ടീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് ഏറെപ്പറയാനുണ്ടായിരുന്നു. കലയും സാഹിത്യവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. മരണത്തിന്റെ തലേന്നും മേനോന്‍ സാര്‍ കോടതിയില്‍ പോയിരുന്നു .ഒരുപാട് സ്നേഹിതരും , ശിഷ്യ ഗണങ്ങളും കക്ഷികളും ഉണ്ടായിരുന്ന , കര്‍മ്മ നിരതനായ ആ പ്രതിഭയെ മരണം മാടി വിളിച്ചുകൊണ്ട് പോയപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം പ്രസ്ഥാനത്തില്‍ എല്ല്
ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യരുടെ ഒരു പ്രവാഹമായിരുന്നു. മേനോന്‍സാറുമായുണ്ടായിരുന്ന പരിചയത്തെക്കുറിച്ച് പലരും വാചാലരായി. മുനിസിപ്പല്‍ ശ്മശാനത്തില്‍ മതാചാരപ്രകാരമുള്ള ചടങ്ങുകളൊന്നുമില്ലാതെ, ആ ഭൌതിക ശരീരം ഓര്‍മ്മയായി. എങ്കിലും തലയെടുപ്പുള്ള, വക്കീല്‍ വേഷ ധാരിയായ മേനോന്‍സാര്‍ എന്റെ മനസ്സില്‍ മറക്കാനാവാതെ നിലകൊള്ളുകതന്നെ ചെയ്യും

6 comments:

Lathika subhash said...

പതിറ്റാണ്ടുകളായി കോട്ടയത്തെ വേദികളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന അഡ്വ.കുമരകം ശങ്കുണ്ണി മേനോന്‍ ഫെബ്രുവരി ഏഴിന് അന്തരിച്ചു. ഞാന്‍ ഈ പോസ്റ്റ് അന്നു തന്നെ എഴുതിത്തുടങ്ങിയെങ്കിലും ഒരാഴ്ച യാത്രയിലായിപ്പോയതിനാല്‍ ഇപ്പൊഴാ പൂര്‍ത്തിയാക്കിയത്.ശങ്കുണ്ണിമേനോന്‍സാറിന് ആദരാഞ്ജലികള്‍!

കാപ്പിലാന്‍ said...

ആദരാഞ്ജലികള്‍

Kunjipenne - കുഞ്ഞിപെണ്ണ് said...

അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി

പാവപ്പെട്ടവൻ said...

ആദരാഞ്ജലികള്‍

വികടശിരോമണി said...

പരേതന് ആദരാഞ്ജലികൾ.
തനിക്കനിവാര്യമായവ മാത്രമോർക്കുന്നവരുടെ കൂട്ടത്തിൽ,ഇത്തരം മനുഷ്യരുടെ ഓർമ്മകളെ കളയാതെ ചേർത്തുവെക്കുന്ന ലതിക്ക് എല്ലാ ഭാവുകങ്ങളും.

ഹന്‍ല്ലലത്ത് Hanllalath said...

... ആദരാഞ്ജലികള്‍...