എന്റെ അമ്മയുടെ അമ്മയെ ഞങ്ങള്‍ വല്യമ്മച്ചി എന്നാണ്. വിളിച്ചിരുന്നത്.
വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ എണ്‍പത്തി നാലാം വയസ്സിലാണ് വല്യമ്മച്ചി മരിച്ചത്.
എങ്കിലും വല്യമ്മച്ചിയുടെ ഓര്‍മ്മകള്‍ മരിയ്ക്കുന്നില്ല.
അമ്മയുടെ തറവാട്ടില്‍,കൊച്ചുപേരമ്മ(ഈയിടെ അന്തരിച്ച എന്റെ അമ്മുപ്പേരമ്മ) യുടെ
കൂടെയാണ്, വല്യമ്മച്ചി താമസിച്ചിരുന്നത്.
ഇടയ്ക്കൊക്കെ വല്യമ്മച്ചി ഞങ്ങളുടെ വീട്ടില്‍ തങ്ങും.
പശുക്കളെ വളര്‍ത്തിയും പാലു കറന്ന് കൊടുത്തും
ആരോഗ്യമുള്ള കാലത്തോളം പണിയെടുത്തിരുന്നു, വല്യമ്മച്ചി.
ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്ക് വരുമ്പോള്‍ പരിപ്പുവടയോ ഉഴുന്നു വടയോ കൊണ്ടുവന്നിരുന്നു.
വെള്ള മുണ്ടും മാറു മറയ്ക്കാന്‍ ഒരു വലിയ രണ്ടാം മുണ്ടും. ഇതായിരുന്നു വല്യമ്മച്ചിയുടെ വേഷം. വല്യമ്മച്ചിയുടെ തൂങ്ങിക്കിടക്കുന്ന അമ്മിഞ്ഞയും കാതും ഞങ്ങള്‍
കുട്ടികള്‍ക്ക് അല്‍ഭുതക്കാഴ്ചയായിരുന്നു.
കുരീക്കാട്ടിലെ പാറുവമ്മൂമ്മയ്ക്കും കേശവപ്പണിയ്ക്കന്റെ അമ്മയ്ക്കും വല്യമ്മച്ചിയെപ്പോലെ അര്‍ദ്ധ നഗ്ന വേഷമായിരുന്നു. പക്ഷേ ബോഡീസും ബ്ലൌസും ധരിച്ചിരുന്ന
സ്തീകളെക്കാള്‍ സുന്ദരമായി വലിയ തോര്‍ത്തുമുണ്ടുകൊണ്ട്
അവരെല്ലാവരും മാറു മറച്ചിരുന്നു.
അലക്കുകാരന്‍ മാധവന്‍ സുന്ദരമായി അലക്കിത്തേച്ചു
കൊണ്ടുവരുന്ന മുണ്ടും തോര്‍ത്തും ഒന്ന് ഉടച്ചിട്ടേ
വല്യമ്മച്ചി ഉടുക്കൂ. അത്ര പത്രാസൊന്നും തനിയ്ക്കു വേണ്ട എന്നു പറയും.
ഞങ്ങള്‍ അന്നു താമസിച്ചിരുന്ന
ചെറിയ ഓടു വീട്ടില്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍
മൂന്നു കുട്ടികളും അച്ഛനും അമ്മയും കിടന്നിരുന്നത്.
പിന്നില്‍ നെടു നീളത്തിലുള്ള അടുക്കള മുറിയില്‍ കുറുകെ
ഒരു അരിപ്പെട്ടിയുണ്ടായിരുന്നു. അതിന്റെ മുകളില്‍
ഒരു പായ വിരിച്ചായിരുന്നു, വല്യമ്മച്ചിയുടെ കിടപ്പ്.
അച്ഛനോ മറ്റു പുരുഷന്മാരോ ഇരിയ്ക്കുന്നിടത്തേയ്ക്ക് വരിക
പോലുമില്ലായിരുന്നു വല്യമ്മച്ചി. സദാ സമയവും അടുക്കളയുടെ
ഒരു മൂലയിലിരുന്ന് ജോലി ചെയ്യും. അന്ന് ഞങ്ങളുടെ
പറമ്പില്‍ ഒരു വരിയ്ക്കപ്ലാവുണ്ടായിരുന്നു. അതില്‍ വിരിയുന്ന
ചക്കകള്‍ അസാധാരണമായ വലുപ്പമുള്ളവയായിരുന്നു.
ആരെക്കൊണ്ടെങ്കിലും ചക്ക പറിപ്പിച്ച്,
വല്യമ്മച്ചി തന്നെ അത് ചെറു കഷണങ്ങളാക്കും. നാലിലൊന്നോ,
എട്ടിലൊന്നോ ആക്കിയ കഷണങ്ങള്‍ അയല്പക്കത്തെ വീടുകളില്‍
എത്തിക്കുന്നത്, എന്റെയും ചേച്ചിയുടെയും ജോലിയായിരുന്നു.
വടക്കേതിലെ കല്യാണിയമ്മയും നെടിയകാലായിലെ മേരിച്ചേച്ചിയുമൊക്കെ ചക്കയുടെ കഷണം കാണുമ്പോഴേ ചോദിക്കും. “പാപ്പിയമ്മ വന്നിട്ടുണ്ടല്ലേ” എന്ന്.
വല്യമ്മച്ചി ഏതു ജോലി ചെയ്യുന്നതു കാണാനും ഒരു കലയുണ്ടായിരുന്നു.
ചക്ക വെട്ടുമ്പോള്‍ തന്നെ മടല്‍
പശുവിനു കൊടുക്കാന്‍ പരുവത്തില്‍ നുറുക്കിയിടും.
ഓരോ ചുളയും ഒരുക്കുമ്പോള്‍ കുരുവിന്റെ പാട കളയും .
പാടയും ചകിണിയും ഒരു ഭാഗത്ത്, കുരു ഒരിടത്ത്, ഒരുക്കിയ ചുള വേറൊരിടത്ത്.
എല്ലാത്തിനും ഒരു അടുക്കും ചിട്ടയും.
വല്യമ്മച്ചി ഒരുക്കിക്കൊടുത്ത്, അമ്മയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്
ഉണ്ടാക്കുന്ന ചക്കപ്പുഴുക്കിന്റെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.
കപ്പ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും
പറിച്ച് അയല്‍ക്കാര്‍ക്കൊക്കെ വിതരണം ചെയ്യാന്‍ വല്യമ്മച്ചിയ്ക്ക് ഇഷ്ടമായിരുന്നു.
കടയില്‍ നിന്നും വാങ്ങുന്ന പച്ചക്കറിയിനങ്ങളോട് വല്യമ്മച്ചിയ്ക്ക്
ഒരു മമതയുമില്ലായിരുന്നു. വല്യമ്മച്ചി വരുമ്പോള്‍
താളു തോരന്‍, ചേമ്പു പുളിങ്കറി, ചേനത്തീയല്‍, ചേന മെഴുക്കുപുരട്ടി, ചിരയവിയല്‍, ചീരത്തോരന്‍,ചക്കക്കുരൂം മാങ്ങയും, ചക്കക്കുരു തോരന്‍, മെഴുക്കു പുരട്ടി, കൂഞ്ഞില്‍തോരന്‍,ഇടിച്ചക്കത്തോരന്‍, വാഴയ്ക്കാത്തോരന്‍, മാങ്ങാക്കിച്ചടി.....
തുടങ്ങിയ നമ്മുടെ സ്വന്തം വീട്ടിലെ അസംസ്കൃത വിഭവങ്ങളുടെ കറികള്‍ മാറി മാറി അനുഭവിച്ചിരുന്നു. കറിയ്ക്കൊരുക്കുന്നതിലൂടെ അതി രാവിലെ തന്നെ
വല്യമ്മച്ചി ഉച്ചയ്ക്ക് എന്തു കറിയാണെന്നു പ്രഖ്യാപിയ്ക്കും.
വീട്ടില്‍ പശുവും ആടുമൊക്കെ ഉള്ള സമയമാണന്ന്.
അതുങ്ങള്‍ക്ക് കിറു കൃത്യ സമയത്ത് പിണ്ണാക്ക്,
പുളിയരി കുറുക്കിയത്, വൈക്കോല്‍, പ്ലാവില, പുല്ല് എന്നിവ കിട്ടുന്നതും
വല്യമ്മച്ചി വരുമ്പോളാവും.
പെണ്‍ കുട്ടികള്‍ അടുക്കും ചിട്ടയുമായി ജോലി ചെയ്യണം,
ഒരു ഉള്ളി പൊളിച്ചാല്‍ അതിന്റെ തൊലി എടുത്തു കളഞ്ഞിട്ടു വേണം
അടുത്ത ജോലിയ്ക്കു പോകാന്‍. രാവിലെ എഴുന്നേറ്റിട്ടല്ല, എന്തുണ്ടാക്കണമെന്നു ചിന്തിയ്ക്കേണ്ടത്. തലേന്നാള്‍ ഒക്കെ നിശ്ചയിച്ചു വയ്ക്കണം.രാത്രി എത്ര വൈകിയാലും ഊണു കഴിഞ്ഞ് പാത്രങ്ങള്‍ മുഴുവന്‍ കഴുകി, അടുക്കള വൃത്തിയായി അടിച്ചു തുടച്ചിടണം.
എല്ലാ പണികളും വല്യമ്മച്ചിയുടെ നിയന്ത്രണത്തില്‍ തന്നെ പൂര്‍ത്തിയാക്കുമ്പോള്‍ ചേച്ചിയോടും എന്നോടും പറയും.
“മകളേ, പ്രിയേ.. വല്യമ്മച്ചിയോടു പിണക്കം തോന്നരുത്,
ഒരു തേങ്ങകൂടി പൊതിച്ചിട്ടാല്‍ രാവിലെ നിങ്ങടെ അമ്മയ്ക്ക് ജോലി എളുപ്പമാവും.
ലതീ, മക്കള്‍ക്ക് പറ്റുമെങ്കില്‍ ആചേരയില്‍ (വിറകിടാനുള്ള മച്ച്) കയറി രണ്ട് വിറകെടുത്ത് കൊത്തിക്കീറി യിട്ടിട്ട് പോയി കിടന്നോളൂ. നിങ്ങടെ അമ്മയ്ക്ക് അല്ലെങ്കില്‍ രാവിലെ കഷ്ടപ്പാടാകും”.
“ഈ വല്യമ്മച്ചീടെ ഒരു കാര്യം” എന്നു പറഞ്ഞ് ഞാനും
ചേച്ചിയും എല്ലാം അനുസരിയ്ക്കും.
അപ്പോഴേയ്ക്കും വല്യമ്മച്ചി പായ വിരിച്ചു തുടങ്ങും.
പിന്നെ ഒരു ചെറിയ ജോലിയുണ്ട്.
വല്യമ്മച്ചിയുടെ കാല്‍ മുട്ടുകളില്‍ കുഴമ്പിട്ടു കൊടുക്കല്‍.
അതു കഴിഞ്ഞാല്‍ ഒരുമ്മയും ഒരനുഗ്രഹവും.
“ഇനിയെന്റെ മക്കളു പോയി കിടന്നോളിന്‍ ”എന്നൊരുനിര്‍ദ്ദേശവും.
ഞങ്ങളെ വല്യമ്മച്ചി ഒരിയ്ക്കലും വഴക്കു പറഞ്ഞിരുന്നില്ല.
പക്ഷേ, വീട്ടില്‍ വരുമ്പോഴൊക്കെ അടുക്കളയാകുന്ന
സാമ്രാജ്യത്തിന്റെ ഒരു കോണിലിരുന്ന്, കിരീടമോ ചെങ്കോലോ
ഇല്ലാതെ ഞങ്ങളുടെ വല്യമ്മച്ചി എന്നെയും ചേച്ചിയെയും നീറ്റിലും നിലയ്ക്കും നിര്‍ത്താതെ പണിയെടുപ്പിച്ചിരുന്നു.
സുസ്മേര വദനയായി, ഞങ്ങളെ പുകഴ്തിയും പ്രോത്സാഹിപ്പിച്ചും വല്യമ്മച്ചി ഞങ്ങളെ ഓരോരോവീട്ടു ജോലികള്‍ ഏല്പിച്ചുകൊണ്ടേയിരുന്നു.
കണ്ണിമാങ്ങാ അച്ചാറിടാനും കപ്പ ഉണക്കാനും (വെള്ളുകപ്പ, ഉപ്പേരിക്കപ്പ, അവലുകപ്പ, വറ്റല്‍ - അങ്ങനെ വിവിധയിനം ഉണക്കുണ്ടായിരുന്നു)ചക്കപ്പഴം വരട്ടാനുമൊക്കെ വല്യമ്മച്ചീടെ സാന്നിദ്ധ്യം അമ്മയും ഞങ്ങളും ഇഷ്ടപ്പെട്ടിരുന്നു.
വല്യമ്മച്ചി വിശേഷം പറഞ്ഞാല്‍ തീരില്ല.
എം. എ രണ്ടാം വര്‍ഷം ഞാന്‍ ഹോസ്റ്റലിലായിരുന്നു താമസം.
എല്ലാ വെള്ളിയാഴ്ചയും വീട്ടില്‍ വരും.
ഒരു വെള്ളിയാഴ്ച വന്നപ്പോള്‍ വല്യമ്മച്ചി തീരെ സുഖമില്ലാതെ
കുഞ്ഞമ്മാവന്റെ വീട്ടിലാണെന്നറിഞ്ഞു.
എന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ല.
ചെന്നു കണ്ടപ്പോള്‍ വിഷമം തോന്നി. വല്യമ്മച്ചിയ്ക്ക് എഴുന്നേല്‍ക്കാനാവില്ല.
മുഖത്തെ പ്രസരിപ്പ് കുറഞ്ഞു.
കുറച്ചുനാള്‍ അങ്ങനെ കിടന്നു.കുഞ്ഞമ്മാവനും അമ്മായിയും മൂന്ന് ആണ്മക്കളുമാണവിടെയുള്ളത്.
രോഗ ശയ്യയിലായ വല്യമ്മച്ചിയെ പരിചരിക്കാന്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ചേച്ചിയും,
ശനിയും ഞായറും, ഞാനും പൊയ്ക്കൊണ്ടിരുന്നു.
മലിന വസ്ത്രങ്ങളൊക്കെ മാറ്റി തുടച്ച് കിടത്തുമ്പോള്‍വേദന കടിച്ചമര്‍ത്തിയും
വല്യമ്മച്ചി ചിരിയ്ക്കുമായിരുന്നു.
കാഴ്ചമങ്ങിയ കണ്ണുകള്‍ ഞങ്ങളുടെ കൈകള്‍ക്കു വേണ്ടി പരതും.
കയ്യ് പിടിച്ച് ഉമ്മ തരാനുള്ള പരതലാണത്.....
ഒരു തിങ്കളാഴ്ച ഞാന്‍ കോളജിലേയ്ക്ക് പോവാനൊരുങ്ങിയപ്പോള്‍ വല്യമ്മച്ചിയ്ക്ക് അസുഖം കൂടുതലാണെന്നറിഞ്ഞു.
ഓടിയെത്തിയപ്പോള്‍ മുതിര്‍ന്നവരൊക്കെ പറഞ്ഞു, സാരമില്ലെന്ന്.
വല്യമ്മച്ചിയും എന്നെ ആശ്വസിപ്പിച്ചു.
“മക്കള്‍ പൊയ്ക്കോ. ഇന്ന് ഹോസ്റ്റലില്‍ തങ്ങാതെ വന്നാല്‍ മതി.”
ഹോസ്റ്റലില്‍ തങ്ങാതെ ഞാന്‍ വീടെത്തിയപ്പോഴേയ്ക്കും വല്യമ്മച്ചി യാത്രയായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഞങ്ങളൊക്കെ ജനിയ്ക്കും മുന്‍പേ യാത്രയായ അപ്പൂപ്പന്റെ അടുത്തേയ്ക്ക്...
Saturday, February 7, 2009
Subscribe to:
Post Comments (Atom)
11 comments:
പാപ്പിയമ്മോ, എവിടാണിപ്പോള്‍?
പത്രാസൊട്ടും ഇഷ്ടപ്പെടാത്ത പാപ്പിയമ്മ-
ആണുങ്ങള്‍ ഇരിയ്ക്കുന്നിടത്ത് അവരുടെ ഒപ്പം ഇരിയ്ക്കാന്‍ മടിയ്ക്കുന്ന, പാപ്പിയമ്മയെക്കുറിച്ച്
ദേ, ഞാന്‍ ബ്ലോഗിലെഴുതി.
വല്യമ്മച്ചി മോളിലിരുന്നു് സന്തോഷിക്കുന്നുണ്ടാവും, കൊച്ചുമോള്‍ എന്നെപ്പറ്റി ബ്ലോഗിലെഴുതിയല്ലോന്നോര്‍ത്ത്.
ഓര്‍മകളില്‍ തനതു ചാരുതയോടെ ,ഇനി ആര്ക്കും ആവര്‍ത്തികാനവതവിധം കടന്നു പോയവര്‍ ..
ഇഷ്ടമായി പോസ്റ്റ്
Ithu vaayichappol njanente Ammoommaye orthupoyi. Ee atutha kaalathanu marichathu. Avarellam avarude vesham abhinayichu katannupoyi.
മറക്കാനാവാത്ത ഓര്‍മ്മകള്‍ തന്നെ...
എന്തു നല്ല ഓര്‍മ്മ.....എന്റെ അച്ന്റെ അമ്മയും ഇതുപോലെ തന്നെ..വല്യമ്മച്ചി പറയും “ ക്ഴുത്തോളം തൂങുന്ന കാതും വയറു വരെ എത്തുന്ന അമ്മിഞ്ഞയും ആണു ചെറുപ്പത്തില്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന സൌന്ദര്യ ലക്ഷണം”എന്ന്....
അനഘക്കുട്ടിയുടെ അമ്മ..
ബിന്ദു മഹേഷ്...
എനിക്കും ഉണ്ടായിരുന്നു ലതിചേച്ചി ഇതുപോലൊരു വല്യമ്മച്ചി .
...കാഴ്ച മങ്ങിയ കണ്ണുകള്‍ ഉമ്മ തരാന്‍ കൈകള്‍ക്കായി പരതുന്നത് വായിച്ചപ്പോള്‍
എന്റെ ഉമ്മാമ്മ തന്നിരുന്ന ഉമ്മകള്‍ ഓര്‍മ്മ വന്നു...
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു വല്യമ്മച്ചി - അച്ഛന്റെ അമ്മ. ചക്ക പുഴുക്കും കടുമാങ്ങ അച്ചാറും ഉണ്ടാക്കി തന്നിരുന്ന , കപ്പ ഉണക്കുകള്‍ ഉത്സവം ആക്കിയിരുന്ന ഞങ്ങളുടെ പങ്കിഅമ്മ
നിങ്ങൾ അവരെ ഓർക്കുന്നുണ്ടല്ലോ അതു തന്നെൽ വലിയ കാര്യം...
പാവം വല്യമ്മച്ചി...
വല്യമ്മച്ചിയെ വായിച്ചു കണ്ണ് നിറഞ്ഞു എന്റെ തട്ടക്കൊഴ അമ്മേനെ (മമ്മീടെ അമ്മ ) ഓര്‍മ്മ വന്നു
അമ്മേം ഇങ്ങനെ തന്നെ ആയിരുന്നു .... ഒരു മിനിറ്റു പോലും വെറുതെ ഇരുന്നു കണ്ടിട്ടില്ല.
മീനു ( മമ്മീടെ ചേച്ചീടെ മോള്‍ ) പറയാറുണ്ടായിരുന്നു , തട്ടക്കൊഴ അമ്മേനെ കാണണേല്‍ വല്ല തെങ്ങിന്റെ ചോട്ടിലോ വാഴേടെ മൂട്ടിലോ നോക്കണ മെന്നു .
എഴുത്തുനു നന്ദി ...
Post a Comment