Tuesday, May 5, 2009

മറക്കാനാവാത്തവര്‍ 11 - മറിയക്കുട്ടിയമ്മ.

റിയക്കുട്ടിയമ്മ എന്റെ നാട്ടുകാരിയാണ്. ഏറ്റുമാനൂരെ എന്റെ തറവാടിനടുത്താണ് മറിയക്കുട്ടിയമ്മയുടെ വീട്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ എല്ലാ ഞായറാഴ്ചയും ഞാന്‍ മറിയക്കുട്ടിയമ്മയെ കാണും. എന്റെ വീടിന്റെ മുറ്റത്തോ, പറമ്പിലോ ഞാന്‍ നില്‍ക്കുമ്പോഴാവും കത്രിച്ചേടത്തി(മറിയക്കുട്ടിയമ്മയുടെ അനുജത്തി) യും മറിയക്കുട്ടിയമ്മയുംവെട്ടിമുകള്‍ പള്ളിയില്‍ പോവുന്നത്. എന്നെ വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ചേ മറിയക്കുട്ടിയമ്മ പോവൂ. ഞാന്‍ ആദ്യമായി വര്‍ത്തമാനം പറഞ്ഞ, എന്നോട് കൂടുതല്‍ അടുപ്പം കാണിച്ച കുണുക്കിട്ട, ആദ്യത്തെ വനിത മറിയക്കുട്ടിയമ്മയാണെന്നു തോന്നുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന അമ്മമാരുടെ ഒരു നിര തന്നെ കാണാമായിരുന്നു. അടുക്കിട്ട് ഉടുത്ത മുണ്ടും, ചട്ടയും, ഞൊറിഞ്ഞുടുത്ത കവിണിയുമൊക്കെ എനിയ്ക്കന്ന് കൌതുകമായിരുന്നു. താഴത്തേടത്തെ തങ്കച്ചന്റെ അമ്മച്ചി(മറ്റൊരു അയല്‍ക്കാരി) പാലു തരാന്‍ വരുമ്പോള്‍ ഞാനും പ്രിയച്ചേച്ചിയും അടുക്കിട്ട് മുണ്ടുടുക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കുമായിരുന്നു. വീട്ടില്‍ പിന്നെ ‘അടുക്കിന്റെ ’ പരീക്ഷണങ്ങളായിരുന്നു. പക്ഷേ, ഒരിയ്ക്കലും ഞങ്ങള്‍ക്ക് നന്നായി അടുക്കിട്ട് മുണ്ടുടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
നെടിയകാലായിലെ മറിയാമ്മപ്പെമ്പിളയും എല്ലാദിവസവും വീട്ടില്‍ വന്ന് കഞ്ഞി കുടിച്ചിരുന്ന കത്രിയും കുട്ടിക്കിടാത്തിയുമൊക്കെ അടുക്കിട്ട് മുണ്ടുടുത്തിരുന്നവരായിരുന്നു എങ്കിലും മറിയക്കുട്ടിയമ്മയാണ് എന്റെ
മനസ്സിലെ ക്രൈസ്തവ വനിതയുടെ ഉദാത്ത മാതൃക. കൈയ്യില്‍ കൊന്തയും പിടിച്ച് പള്ളിയിലേയ്ക്ക് പോകുന്ന മറിയക്കുട്ടിയമ്മയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. എന്നോടും നല്ല വാത്സല്യം കാട്ടിയിരുന്നു, മറിയക്കുട്ടിയമ്മ.
ഞങ്ങളുടെ റേഷന്‍ കടയുടെ തൊട്ടടുത്തായിരുന്നു, മറിയക്കുട്ടിയമ്മയുടെ വീട്. ഞാനും പ്രിയച്ചേച്ചിയും പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ അപ്പുച്ചേട്ടന്റെ റേഷന്‍ കടയില്‍ പോകുമ്പോള്‍ മറിയക്കുട്ടിയമ്മയെ കാണും . അവര്‍ ഞങ്ങളെ കണ്ടാല്‍ ഓടി വന്ന് കുശലം ചോദിക്കും.
അമ്മയുടെ വിശേഷം, അനുജന്റെയും അച്ഛന്റെയും വിശേഷങ്ങള്‍,ആറുമാനൂരെ എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വീട്ടു വിശേഷങ്ങള്‍...എല്ലാം. രാവിലെ കാപ്പിയ്ക്കു കഴിച്ച പലഹാരം മുതല്‍ ഉച്ചയ്ക്ക് ചോറിനു കൂട്ടിയ കറികള്‍ വരെ മറിയക്കുട്ടിയമ്മയ്ക്ക് അറിയണമായിരുന്നു. പത്തു മിനിറ്റ് അങ്ങനെ പോയി ,യാത്ര തുടരുമ്പോള്‍ ചേച്ചി “ ഇന്നു അമ്മേടെ കയ്യീന്ന് നമുക്ക് നല്ലതു കിട്ടും, നീയിങ്ങനെ കാണുന്നവരോടെല്ലാം- പറന്നുപോകുന്ന കാക്കയോടു വരെ വര്‍ത്തമാനം പറഞ്ഞങ്ങനെ നിന്നിട്ടാ”. “ പാവം ആ മറിയക്കുട്ടിയമ്മയാ സമയം കളഞ്ഞത് ,സാരമില്ല .”എന്നു ഞാന്‍ ചേച്ചിയെ ആശ്വസിപ്പിക്കും.
എന്നെ ‘ചക്കി’ എന്നു വിളിച്ച് കളിയാക്കിയിരുന്ന റേഷന്‍ കടക്കാരന്‍ അപ്പൂച്ചേട്ടന്‍ ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ‘ചക്കി വക’ എന്ന് എഴുതിയത് എന്റെ പരിഭവം കാണാനായിരുന്നു. കുട്ടിയായ എനിയ്ക്ക് അത് അപമാനമായി തോന്നിയതും ഞാന്‍ കരഞ്ഞതും “ഈ അപ്പുപ്പിള്ളാച്ചനു വട്ടാ, മക്കളു വിഷമിക്കണ്ടാ ” എന്നു പറഞ്ഞ് മറിയക്കുട്ടിയമ്മ എന്നെ ചിരിപ്പിച്ചു പറഞ്ഞയച്ചതും ഞാന്‍ ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു.
കാലം കടന്നു പോയപ്പോള്‍ ‘ അരിതലച്ച‘’ലെ (അങ്ങനെയാണവരുടെ വീട്ടുപേര്) മറിയക്കുട്ടിയമ്മയെ കാണാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഓട്ടോ റിക്ഷയും മറ്റും വന്നതോടെ എല്ലാവരും അതിലായി യാത്ര. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മറിയക്കുട്ടിയമ്മ വല്ലപ്പോഴും പള്ളിയില്‍ പോയാലായി. പിന്നീട് പള്ളിക്കുന്നേല്‍ പള്ളി പണിതതോടെ മറിയക്കുട്ടിയമ്മയും കൂട്ടരും ഞങ്ങളുടെ വാതില്‍ക്കലൂടെ പോവാതായി.അപൂര്‍വം ചില അവസരങ്ങളില്‍ ഏറ്റുമാനൂര്‍ക്കു നടന്നു പോകുന്ന മറിയക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടില്‍ കയറിയിരുന്നു.കാലം കടന്നു പോയപ്പോള്‍ ഞങ്ങളാരും റേഷന്‍ കടയില്‍ പോകാതായി. വീടിന്റെ തെക്കേ ഭാഗത്തേയ്ക്കു അധികം യാത്രകളുമില്ല. വല്ല മരണ വീടുകളിലും മറ്റുമാണ് നാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്നത്.അങ്ങനെ വല്ലപ്പോഴും മറിയക്കുട്ടിയമ്മയെ കണ്ടാലായി.
പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് , ഒരു പ്രമുഖ ദിനപ്പത്രത്തില്‍ നമ്മുടെ മറിയക്കുട്ടിയമ്മയുടെ ചിത്രത്തോടെ ഒരു ബോക്സ് വാര്‍ത്ത. ബസ്സില്‍ കയറാത്ത മറിയക്കുട്ടിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അപ്പോഴാണ് ഞങ്ങളൊക്കെ ഈ വിവരം അറിയുന്നത്. മറിയക്കുട്ടിയമ്മ ബസ്സില്‍ കയറില്ല. കാറിലും യാത്ര ഇല്ലേയില്ല. വാഹനയാത്ര മറിയക്കുട്ടിയമ്മയ്ക്ക് രോഗവും ക്ലേശവും വരുത്തിവയ്ക്കുമത്രേ. അതിനാല്‍ എത്ര ദൂരെ പോകേണ്ടിവന്നാലും വച്ചുപിടിച്ച് നടക്കാനാണ് മറിയക്കുട്ടിയമ്മയ്ക്ക് ഇഷ്ടം.

കുടയും ചൂടി നടന്നു പൊകുന്ന മറിയക്കുട്ടിയമ്മയുടെ ചിത്രം പത്രത്തില്‍ കണ്ടപ്പോള്‍ എനിയ്ക്ക് അഭിമാനം തോന്നി. ഞാന്‍ മറിയക്കുട്ടിയമ്മയെവീട്ടില്‍ ചെന്നു കണ്ട്, കൈയ്യോടെ അഭിനന്ദിച്ചു. അവരുടെ സന്തോഷം ഞാനിന്നും ഓര്‍ക്കുന്നു. മറ്റു ചില പ്രസിദ്ധീകരണങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഒരു വാഹനത്തിലും കയറാതെ, നടന്നു നടന്ന്, കിലോമീറ്ററുകള്‍ താണ്ടി,നമ്മുടെ മറിയക്കുട്ടിയമ്മ
മധ്യ തിരുവിതാംകൂറിലെ ഒട്ടു മിയ്ക്ക പള്ളികളിലും , തന്റെ ബന്ധു വീടുകളിലും ഇങ്ങനെ പോയിരുന്നു.

ഇന്ന് മറിയക്കുട്ടിയമ്മ ജീവിച്ചിരിപ്പില്ല. അഞ്ചാറു കൊല്ലമായി , മറിയക്കുട്ടിയമ്മ യാത്രയായിട്ട്. പക്ഷേ, ഇന്നും ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അടുക്കിട്ട് മുണ്ടുടുത്ത, കവിണി ഞൊറിഞ്ഞുടുത്ത, കാതില്‍ കുണുക്കിട്ട... എന്റെ പ്രിയപ്പെട്ട മറിയക്കുട്ടിയമ്മ. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്ത് മറിയക്കുട്ടിയമ്മയിപ്പോള്‍ ഏതെങ്കിലും പള്ളിയിലെ കുര്‍ബാന കൂടാന്‍ നടപ്പിനു വേഗം കൂട്ടുകയാവും.

9 comments:

Lathika subhash said...

ഇന്ന് മറിയക്കുട്ടിയമ്മ ജീവിച്ചിരിപ്പില്ല. അഞ്ചാറു കൊല്ലമായി , മറിയക്കുട്ടിയമ്മ യാത്രയായിട്ട്. പക്ഷേ, ഇന്നും ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അടുക്കിട്ട് മുണ്ടുടുത്ത, കവിണി ഞൊറിഞ്ഞുടുത്ത, കാതില്‍ കുണുക്കിട്ട... എന്റെ പ്രിയപ്പെട്ട മറിയക്കുട്ടിയമ്മ. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്ത് മറിയക്കുട്ടിയമ്മയിപ്പോള്‍ ഏതെങ്കിലും പള്ളിയിലെ കുര്‍ബാന കൂടാന്‍ നടപ്പിനു വേഗം കൂട്ടുകയാവും.

അരുണ്‍ കരിമുട്ടം said...

അടുത്ത ബന്ധുക്കളെ പോലും മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത്,
ആള്‍ക്കാരെ മറക്കാതെ ഓര്‍ത്ത് വയ്ക്കുന്ന ഈ മനസ്സിന്‌ അഭിനന്ദനങ്ങള്‍

siva // ശിവ said...

കാതില്‍ കുണിക്കിടുന്ന അമ്മൂമ്മമാര്‍ എന്റെ നാട്ടിലും ഉണ്ട്....എന്നാലും ഇത്രയും ശീലങ്ങളുള്ള ഒരമ്മൂമ്മ ഇല്ല....വായിക്കുമ്പോള്‍ ആ രൂപം മനസ്സില്‍ തെളിഞ്ഞു വരുന്നുമുണ്ട്....ഇവരൊയൊക്കെ ഓര്‍ക്കുന്ന ആ നല്ല മനസ്സിന് നന്ദി.....

Rare Rose said...

മറിയക്കുട്ടിയമ്മയെ പരിചയപ്പെടുത്തിയതിനു നന്ദീ ട്ടോ..ഒരു രണ്ടു ചുവടു പോലും നടക്കാന്‍ മടിക്കുന്നയിക്കാലത്ത് നടന്നു തന്നെ എല്ലായിടത്തും പോയിരുന്ന മറിയക്കുട്ടിയമ്മ അത്ഭുതപ്പെടുത്തി..:)

ചാണക്യന്‍ said...

മറിയക്കുട്ടിയമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു...

ശ്രീ said...

മറിയക്കുട്ടിയമ്മയെ പരിചയപ്പെടുത്തിത്തന്നതിനു നന്ദി ചേച്ചീ... ബസ്സിലും കാറിലും ഒന്നും യാത്ര ചെയ്യാത്ത അപൂര്‍വ്വം ചിലരുണ്ടെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ...

അനില്‍@ബ്ലോഗ് // anil said...

ശരീരം അനങ്ങാത്തതാണ് ഇന്നത്തെ ആരോഗ്യ പ്രശ്നങ്ങളുടെ മുഖ്യ ഹേതു.മറിയക്കുട്ടിയമ്മയെപ്പോലെയുള്ളവര്‍ ആരോഗ്യത്തോടെ ജീവിച്ചു കാണും.

smitha adharsh said...

മറിയക്കുട്ടിയമ്മയെ നേരിട്ട് കണ്ട പോലെ...
ഈ ഓര്‍മ്മകള്‍ക്ക് എന്നും ജീവന്‍ ഉണ്ടാകട്ടെ...
നല്ല പോസ്റ്റ്‌..

murmur........,,,,, said...

ചേച്ചി ഞാനും ഒരു എട്ടുമനുര്‍ക്കാരിയാണ്‌ മാടപാട് അടുത്താണ് വീട്., ., ഇന്നലെയാണ്‌ ഈ ബ്ലോഗ്‌ കണ്ടത്, പക്ഷെ എനിക്ക് ഇ കത്രി ചേടത്തിയെ മാത്രമേ പരിചയം ഉള്ളു, അത് കൊണ്ട് ഇന്ന് അമ്മയോട് ചോദിച്ചിട്ട് comment ഇടം എന്ന് കരുതി., പല ബ്ലോഗുകളും വയിക്കരുന്ദ്‌ എങ്കിലും സ്വന്തം നാട്ടിലെ ഒരു കഥാപാത്രത്തെ പഅട്ടി വായിച്ചപ്പോള്‍ വല്ലാത്ത നൊസ്റ്റാള്‍ജിയ ., അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല എങ്കിലും മനോഹരമായിരിക്കുന്നു.,