Monday, July 21, 2008

മറക്കാനാവാത്തവര്‍ ‍-2 ആര്‍ക്കും വേണ്ടാത്തവള്‍

ഞാന്‍ ഡിഗ്രി പരീക്ഷ കഴിഞ്ഞ്,ഫലം പ്രതീക്ഷിച്ചിരിക്കുന്ന കാലം.നാട്ടിലെ ഒരു ചെറിയ പാരലല്‍ കോളജില്‍

സ്കൂള്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ എടുക്കുന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു.എന്റെ ഗ്രാമത്തില്‍ നിന്നും ബസ്സില്‍ ടൌണിലിറങ്ങി, ട്യൂഷന്‍ സെന്ററിലേക്ക് കുറച്ചു ദൂരം നടക്കണം. പതിവു പോലെ ഞാന്‍ ക്ലാസ് കഴിഞ്ഞ്, ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്.വഴി ടാറു ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ പണിക്കാരുടെ പച്ചക്കൊടിയുടേയും ചുവപ്പുകൊടിയുടേയും നിയന്ത്രണത്തില്‍ നില്‍ക്കുകയും നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു.വഴിയില്‍ക്കൂടി നടക്കാനും ബുദ്ധിമുട്ടുള്ള സമയം.പെട്ടെന്നാണ്,എണ്‍പതു കഴിഞ്ഞ ഒരു അമ്മൂമ്മയുടെ രൂപമെന്റെ ശ്രദ്ധയില്‍ പെട്ടത്.ഒരു കയ്യില്‍
ഒരു തുണി സഞ്ചിയും മറു കയ്യില്‍ ഊന്നു വടിയും.ഞാന്‍ അടുത്തു ചെന്നു. നടന്നു ക്ഷീണിച്ചിരിക്കുന്നു.
“കുഞ്ഞേ, എന്നെ ആ കവല വരെ ഒന്നാക്കാമോ?” ദൈന്യത നിറഞ്ഞ ചോദ്യം. ഞാന്‍ അവരുടെ സഞ്ചി വാങ്ങി.ഒഴിഞ്ഞ കൈ കൊണ്ട് അമ്മൂമ്മ എന്റെ ഇടതു കയ്യില്‍ മുറുകെ പിടിച്ചു . ഞങ്ങള്‍ മുന്നോട്ടു നീങ്ങി.
“കുഞ്ഞെവിടെ പോകുവാ?” “ പിള്ളേരെ പടിപ്പിക്കാന്‍ പോയതാ..”.ഞാന്‍ മറുപടി നല്‍കി.
“അമ്മൂമ്മയുടെ വീടോ?”
“പള്ളീടപ്പുറത്താ, ടീച്ചറെ. (ടീച്ചര്‍ വിളി കേട്ട്, ഞാന്‍ ചെറുതായിപ്പോകും പോലെ..) ആശുപത്രീലാരുന്നു. സോക്കേടു കുറഞ്ഞിട്ടും ആരും വന്നില്ല. ഡോക്കിട്ടറാഎനിക്കു വണ്ടിക്കാശു തന്നത്.”
“സാരമില്ല ഞാന്‍ ഓട്ടോ പിടിച്ചു തരാം.”
അമ്മൂമ്മക്കു പോകേണ്ടത്, മറ്റൊരു വശത്തേക്കാ‍യിരുന്നു.എന്നും ആ വഴി പോകുന്ന ഞാന്‍ ഈ അമ്മൂമ്മയുമായി പോകുന്നതു കണ്ട്, പലരുടെയും നോട്ടം ഞങ്ങളിലേക്കു വരുന്നത് കണ്ട്,എന്റെ അപക്വ മനസ്സില്‍ അല്പം ജാള്യത. അമ്മൂമ്മ എന്റെ കൈയ്യിലെ പിടി മുറുക്കിക്കൊണ്ടേയിരുന്നു.
സംസാരിച്ചു കൊണ്ടേയിരിക്കുകയാണവര്‍.മകന്‍, മരുമകള്‍, അവരുടെ സ്നേഹക്കുറവ്,ആശുപത്രിയിലാക്കിയിട്ട് , പതിയെ പതിയെ ഉപേക്ഷിച്ചത്.. എല്ലാം.
ഇടക്ക് അമ്മൂമ്മ ഒരു ചോദ്യം.“ടീച്ചറേ, എന്നെ ഏതെങ്കിലും ഒരു അനാദാലയത്തിലാക്കി തരാമോ?”
“അയ്യോ, അതൊന്നും വേണ്ട , വീട്ടിപ്പോയാല്‍ മതി കേട്ടോ”.
“ഞാന്‍ അവര്‍ക്ക് ശല്യമാ. എനിക്കിഷ്ടമില്ല പോവാന്‍.ആര്‍ക്കും വേണ്ടാത്തവളാ... ടീച്ചറേ, എന്നെ അനാദാലയത്തീ വിടുവോ?”
അമ്മൂമ്മ വീണ്ടും ചോദിച്ചു.
“ഞാന്‍ അന്വേഷിക്കാം.ഇന്നു വീട്ടില്‍ പോയി നില്‍ക്ക്.”
ഞാന്‍ സമാധാനിപ്പിച്ചു.ഞങ്ങള്‍ ജങ്ഷനിലെത്തി.ഇന്നത്തെപ്പോലെ ഞങ്ങളുടെ പട്ടണത്തില്‍
ഓട്ടോ റിക്ഷകള്‍ അധികമില്ല.അവിടെ ഒരു പൊലീസ്സുകാരന്‍ നില്‍ക്കുന്നു’
എനിക്കാശ്വാസമായി. ഞാന്‍ അദ്ദേഹത്തോട് വിവരം പറഞ്ഞു.
“സാറേ കാശെന്റെ കയ്യിലുണ്ട്.ലാംബട്രാ (ഓട്ടോ) പിടിച്ച് തന്നാല്‍ മതി.”. അമ്മൂമ്മ.
എനിക്കു സമാധാനമായി. പൊലീസുകാരന് ബാദ്ധ്യതയാവില്ലല്ലോ.ഉടനേ പൊലീസുകാരന്‍ അമ്മൂമ്മയോട് വിവരങ്ങള്‍ ചോദിച്ച് ഒരാളെ ഓട്ടോ പിടിക്കാ‍ന്‍ ഏര്‍പ്പാടാക്കി.ഓട്ടോ വന്നപ്പോള്‍ അമ്മൂമ്മയെ അതില്‍ കയറ്റി,സഞ്ചിയും കയ്യിലേല്‍പ്പിച്ചു. “ടീച്ചറേ എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ ”.അമ്മൂമ്മ വീണ്ടും ചോദിച്ചു .മറുപടിയൊന്നും പറയാതെ ഞാന്‍ നിസ്സഹായയായി നില്‍ക്കുമ്പോഴേയ്ക്കും ഓട്ടോ നീങ്ങിക്കഴിഞ്ഞു.
മുന്നോട്ട് നടക്കുമ്പോള്‍,മനസ്സിനു വല്ലാത്തൊരു വിങ്ങല്‍........പൊതുസ്തലത്തായതിനാല്‍,എനിക്ക് ആ അമ്മൂമ്മയെ ശരിക്കൊന്നാശ്വസിപ്പിക്കുവാന്‍ പോലും കഴിഞ്ഞില്ല.ടീനേജിന്റെ കടമ്പ കഷ്ടിച്ച് പിന്നിട്ട ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയ്ക്കു മുന്‍പില്‍ 4 ദശദിന ക്യാമ്പുകളില്‍ പങ്കെടുത്ത ഒരു നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയറുടെ [N.S.S Volunteer]സഹാനുഭൂതിയും ചുറുചുറുക്കുമൊക്കെ നിഷ്പ്രഭമായിപ്പോയതു പോലെ. “ടീച്ചറേ എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ?” എന്ന ചോദ്യം
എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
വീട്ടില്‍ ചെന്ന് അമ്മയോടും ചേച്ചിയോടും വിവരം പറഞ്ഞു. രണ്ടു പേരും സഹതാപത്തോടെ എല്ലാം കേട്ടെങ്കിലുംഎനിക്കുള്ള വക കയ്യോടെ കിട്ടി. “ഓട്ടോയില്‍ കയറ്റി ഇങ്ങോട്ടു കൊണ്ടു വന്നില്ലല്ലോ. സമാധാനം..” അമ്മ .
“ആ കാഴ്ച ഒന്നു കാണാനൊത്തില്ലല്ലോ. അമ്മൂമ്മേടേം ടീച്ചറിന്റേം വരവ്.. ഒരു ടീച്ചര്‍ വന്നിരിക്കുന്നു..”
ചേച്ചിയുടെ കമന്റ്.
രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ട്യൂഷന്‍ ക്ലാസ്സില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കു നടക്കുകയാണ്.
എതിര്‍വശത്തുനിന്നും ഒരു ചെത്തുകാരന്‍ (കള്ളു ചെത്തുന്നയാള്‍) വരുന്നു. എന്നെനോക്കി അദ്ദേഹം പുഞ്ചിരിച്ചു. മിക്കവാറും ഞാന്‍ കാണാറുള്ള ആളാണത്.ഞാനും ചിരിച്ചു.
“രണ്ടുദിവസം മുന്‍പു മോളൊരു വല്യമ്മയെ കൈ പിടിച്ചു കൊണ്ടു പോയില്ലേ! ആ വല്യമ്മ പിറ്റേദിവസം തന്നെ മരിച്ചു പോയി. ഞങ്ങടടുത്താ അവരുടെ വീട്.”
ഒന്നും പറയാനാവാതെ ഞാനവിടെത്തന്നെ നിന്നു പോയി.
“ഞാന്‍ പറഞ്ഞന്നേയുള്ളൂ, കുഞ്ഞു പൊയ്ക്കോ..”
ചെത്തുകാരന്‍ നടന്നുനീങ്ങി..ഞാനും നടന്നു തുടങ്ങി.ദൈന്യതയും നിസ്സഹായതയും നിരാശയും ഒരുമിച്ചുള്ള ആ മുഖഭാവം വീണ്ടും എന്നെ വേട്ടയാടാന്‍ തുടങ്ങി..ഒപ്പം ആ ക്ഷീണിച്ച ശബ്ദവും..
“..... എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ? . . .

8 comments:

Lathika subhash said...

മറക്കനാവാത്തവര്‍ എന്ന ബ്ലോഗില്‍,ആദ്യത്തെ പോസ്റ്റില്‍(സമര്‍പ്പണം) ഞാന്‍ പറഞ്ഞ കുറിപ്പ്. ഗുരുവിനെഎഴുതിക്കാണിച്ചത്..)നഷ്ടപ്പെട്ടെങ്കിലും.
ഓര്‍മ്മയില്‍നിന്ന്,വീണ്ടും കുറിച്ചത്.. ഒരു മിന്നായം പോലെവന്നു പോയ..ഒരു നൊമ്പരമായി ഓര്‍മ്മയിലെത്താറുള്ള ആ അമ്മൂമ്മ.....

ഹരീഷ് തൊടുപുഴ said...

കൊള്ളാം ചേച്ചീ, നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍...

മാണിക്യം said...

മനുഷ്യമനസ്സിലെ
മൃദുലവികാരങ്ങള്‍ തികച്ചും
നഷ്ടമാവുകയും ഓരോരുത്തരും കൂടുതല്‍ കൂടുതല്‍ ‘നല്ല നിലയിലേയ്ക് ’കുതിക്കുകയും ചെയ്യുമ്പോള്‍ നഷ്ടമാവുന്നത് എന്തോക്കെയാണ്?
നഷ്ടപെടുത്തുന്നതു എന്തൊക്കെയാണ്?
ഒരു മനുഷ്യായുസ്സ് മുഴുവന്‍ മക്കള്‍ക്കും വീടീനും വേണ്ടി ചിലവിട്ട ആ അമ്മുമ്മയെ ലതിയുടെ വാക്കിലൂടെ ഞാന്‍ കണ്ടു...
ഓരോ ദിവസം കഴിയുമ്പോഴും
ബന്ധങ്ങല്ലൂടെ ഇഴയടുപ്പം കുറയുകയാണൊ?
സംസ്കാരം മൂല്യങ്ങളെ കടപിഴുത് എറിയുന്നതാണൊ? ഉത്തരമുണ്ടൊ?

OAB/ഒഎബി said...

ലതീ നന്നായെഴുതി. കൂടുതല്‍ പറയണമെന്നുണ്ട്.
ഇനിയൊരിക്കലാവം.

നന്ദി.
ഒഎബി.

siva // ശിവ said...

വായിച്ചപ്പോള്‍ വിഷമം തോന്നി...പാവം അമ്മൂമ്മ...ആ മരണം തന്നെ നല്ലതെന്ന് തോന്നുന്നു...ആരും സ്നേഹിക്കാനും സംരക്ഷിക്കാനുമില്ലാതെ വരുന്ന അവസ്ഥ ദയനീയമാണ്...

സസ്നേഹം,

ശിവ.

നിരക്ഷരൻ said...

:(
നമ്മള്‍ ഈ തലമുറയില്‍ ഉള്ളവര്‍ ഒരു അനാഥാലയത്തില്‍ പോകാനുള്ള സെറ്റപ്പൊക്കെ സ്വയം ഉണ്ടാക്കിയിട്ടാല്‍ ഭാവിയില്‍ ഇങ്ങനെ ആരോടും ചോദിക്കേണ്ടിവരില്ല. മക്കള്‍ക്കും പേരക്കിടാങ്ങള്‍ക്കും വേണ്ടി കരുതി വെക്കുന്നതിനിടയില്‍ ഒരു ആനാധാലയത്തിലേക്കുള്ള അപേക്ഷാഫോമാകട്ടെ നമ്മുടെ സ്വന്തം സമ്പാദ്യം.

കാണാനിടയാകല്ലെ ഇത്തരം അമ്മൂമ്മമാരെ എന്ന് ഒരു ഒളിച്ചോട്ടത്തിന്റെ ഭാഷയേ എന്റെ കയ്യിലുള്ളൂ...

കാളിയമ്പി said...

ചില സമയത്ത് ലോകം മുഴുവന്‍ ഋണാത്മകമായി തോന്നും. എല്ലാറ്റിനോടും ദേഷ്യവും ഇതൊന്നും ശരിയാവില്ല എന്നെ ഭാവവും. നിങ്ങളുടെ പോസ്റ്റുകള്‍ അത്തരം ചിന്തകളേയെല്ലാം തൂത്തുമാറ്റി ഒരു പുതിയ വെളിച്ചം മനസ്സിനു തരുന്നവയാണ്. മലയാളം ബ്ലോഗുകളില്‍ എണ്ണം പറഞ്ഞവ.
ഈ മനസ്സിനേയും എഴുത്തിനേയും ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ.

VINOD said...

Dear Friend ,
An article which makes people think of waht is humanity and remainds us how helpless we are at many points of life
Congratulations for such powerful writing

Vinod