Monday, July 14, 2008

സമര്‍പ്പണം


ബ്ലോഗ് ഞാന്‍ ഗുരു നിത്യചൈതന്യയതിക്ക് സമര്‍പ്പിക്കുകയാണ്.അദ്ദേഹം 1988-ല്‍,മറക്കാനാവാത്തവര്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അക്കാലത്ത് ഞാന്‍ ഗുരുവിനോടൊപ്പം ഫേണ്‍ഹില്‍[Fernhill]നാരായണഗുരുകുലത്തിലുണ്ട്.പുസ്തകം അച്ചടിച്ച് വന്നാലുടന്‍ അത് ചൂടോടെ വായിച്ച് കേള്‍ക്കുന്നത് ഗുരുവിന് ഒരു ഹരം തന്നെയായിരുന്നു.രാവിലേയും വൈകുന്നേരവും പ്രാര്‍ധനയ്ക്കു ശേഷമുള്ള ക്ലാസിനുപിന്നാലെ ഓരോ അദ്ധ്യായം വായിക്കുന്ന ജോലി എനിക്കായിരുന്നു.
* സരോജിനി
* വിനയാന്വിതനായ ഒരു മഹാ ഗുരു
* ജോണച്ചന്‍
* ജോണ്‍ സ്പിയേഴ്സ്
* മംഗളാനന്ദ സ്വാമി
* പ്രേം കുടീരത്തിലെ സജ്ജനങ്ങള്‍
* സന്യാസാശ്രമങ്ങളില്‍
* രണ്ട് അസാധാരണ യോഗിമാര്‍
* നിത്യാനന്ദ സ്വാമിജി
* പെഗ്ഗി ലേക് ഗ്രേസ്
* പള്ളുരുത്തി സുഭാഷ് ചന്ദ്രന്‍
ഇങ്ങനെ പതിനൊന്ന് അദ്ധ്യായങ്ങളാണ് ആ ചെറിയ പുസ്തകത്തില്‍ ഉണ്ടായിരുന്നത്.പുസ്തകം വായിച്ചു തീര്‍ന്ന ദിവസം ഗുരു എന്നോട് ചോദിച്ചു “മോളേ,നിനക്ക് ഇങ്ങനെ മറക്കാനാവാത്തവരായി ആരെങ്കിലുമുണ്ടോ?ഉണ്ടെങ്കില്‍ എഴുതൂ”.അടുത്ത ദിവസം തന്നെ,ഞാന്‍ ഒരിക്കല്‍ പരിചയപ്പെട്ട ഒരു അമ്മൂമ്മയേക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി,മടിച്ച് മടിച്ച് ഗുരുവിന്റെ വായനാ മുറിയില്‍ ചെന്നു.ഗുരു ആ കുറിപ്പ് എന്നെക്കൊണ്ട് തന്നെ വായിപ്പിച്ചു.വായിച്ചു നിര്‍ത്തിയ ഉടന്‍ ഞാന്‍ ആശങ്കയോടെ ഗുരുവിന്റെ മുഖത്തേക്കു നോക്കി.”കൊള്ളാം മോളെ,ഈ എഴുത്ത് നന്നായിട്ടുണ്ട്”.എനിക്ക് ആശ്വാസമായി.

അതന്നത്തെ സംഭവം.ഞാന്‍ എഴുതിയ ആ കുറിപ്പ് സൂക്ഷിച്ച് വച്ചിരുന്നെങ്കിലും എപ്പോഴോ നഷ്ടപ്പെട്ടു.നമ്മുടെയൊക്കെ ജീവിതത്തില്‍ മറക്കാനാവാത്ത ഒത്തിരി മുഖങ്ങളില്ലേ?ചിലര്‍ ഒരു മിന്നായം പോലെ മിന്നിമറഞ്ഞു പോയവരാകാം,മറ്റ് ചിലര്‍ ജീവിത യാത്രയില്‍ നമ്മെ സ്വാധീനിച്ചവരാകാം.പരിചയിച്ച കാലഘട്ടത്തിനു ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും ചിലരെയൊക്കെ നമുക്ക് മറക്കാനേ പറ്റില്ല.നമുക്ക് അവരോട് തോന്നുന്ന അടുപ്പം നമ്മെപ്പോലെ അവരുമായി ഇടപഴകുന്ന നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കുപോലും തോന്നിയെന്നും വരില്ല.ഇവിടെ എനിക്ക് മറക്കാനാവാത്ത അനേകം ആളുകളില്‍ ചിലരെക്കുറിച്ച് എഴുതട്ടേ...

ഗുരുവിന്റെ പുസ്തകത്തിന്റെ ഹ്രസ്വമായ ആമുഖം ഇങ്ങനെയാണവസാനിക്കുന്നത് “ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്ന എന്റെ രഹസ്യങ്ങള്‍ക്കു പകരം വായനക്കാരില്‍ നിന്നും അവര്‍ക്ക് മറക്കാനാവാത്തവരെപ്പറ്റി അവരും എഴുതിക്കണ്ടാല്‍ ഈ ലേഖകന്‍ കൃതകൃത്യനാകും”.ഇത്രമാത്രം ആമുഖമായി സൂചിപ്പിച്ചുകൊണ്ട്,ഈ ബ്ലോഗ് ഞാന്‍ എന്റെ പ്രിയ ഗുരു നിത്യയ്ക്ക് സമര്‍പ്പിക്കട്ടെ..

12 comments:

കണ്ണൂരാന്‍ - KANNURAN said...

എഴുതൂ മറക്കാനാവാത്തവരെക്കുറിച്ച്...

CHANTHU said...

ഗുരു നിത്യചൈതന്യയതിയെക്കുറിച്ച്‌ കുറേ കേട്ടറിഞ്ഞിട്ടുണ്ട്‌, അദ്ദേഹത്തെ വായിച്ചിട്ടുണ്ട്‌, അടുത്തറിഞ്ഞിട്ടില്ല. കൂടുതല്‍ പറയൂ..

Sathees Makkoth | Asha Revamma said...

നല്ല തുടക്കം. തുടരൂ

നിരക്ഷരൻ said...

ചേച്ചിക്ക് മറക്കാനാവാത്തവരോ എടുത്ത് പറയാന്‍ പറ്റിയവരോ ആയിട്ട് ഒരുപാട് പേര്‍ ഉണ്ടാകും, ഗുരു നിത്യ അടക്കം. എന്റെ കാര്യം ഞാനൊന്ന് ആലോചിച്ച് നോക്കി. ഹേയ്...ആരുമില്ല അങ്ങിനെ എടുത്ത് പറയാന്‍.

ഇല്ലാത്തവന് ഉള്ളവന്‍ കൊടുക്കണമെന്നാണല്ലോ ? ചേച്ചിയുടെ പോസ്റ്റുകള്‍ തരൂ...ഞാന്‍ കാത്തിരിക്കുന്നു :) :)

പാമരന്‍ said...

ഗുരുവിനോടു നേരിട്ടു സംവദിക്കാന്‍ പറ്റിയത്‌ ഒരു മഹഭാഗ്യം തന്നെ. പോസ്റ്റുകള്‍ പോരട്ടെ.

ശ്രീ said...

എഴുതൂ ചേച്ചീ...
:)

കാപ്പിലാന്‍ said...

മറവിയുടെ മാറാപ്പില്‍ വലിച്ചു മുറുക്കാതെ തുറന്നു വിടുക എല്ലാ മധുരിക്കുന്നതും ,കയ്ക്കുന്നതുമായ ഓര്‍മ്മകളെ ..വായിക്കുവാന്‍ ,അറിയുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു ..ആശംസകള്‍

കുഞ്ഞന്‍ said...

ഗുരുവിന്റെ കൂടെയുണ്ടായിരുന്ന ആ കാലഘട്ടത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കൂ..അത് ഞങ്ങള്‍ക്കും ഒരനുഭൂതിയാകട്ടെ..ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓര്‍മ്മകള്‍പാറിക്കളിക്കട്ടെ...

ആശംസകള്‍

siva // ശിവ said...

ഇതു വായിച്ചപ്പോള്‍ ഞാനും ഒരു നിമിഷം ആലോചിച്ചു...എന്റെ ജീവിതത്തില്‍ അങ്ങനെ ആരെങ്കിലുമുണ്ടോയെന്ന്...ഒരുപാട് പേരുണ്ട്...ജീവിതം ഇവിടെ അവസാനിച്ചു എന്നെ കരുതി നിന്നപ്പോഴൊക്കെ എന്നെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നവര്‍...

ഈ പോസ്റ്റ് കാരണം ഞാന്‍ അവരെയൊക്കെ ഒരിക്കല്‍ കൂടി ഓര്‍ത്തു...

സസ്നേഹം,

ശിവ.

Raji Chandrasekhar said...

മറക്കാനാവാത്തവരെ ഓര്‍ക്കാം...

sanuwandoor said...

lathika chechikku.,
njan