Tuesday, November 4, 2008

കരടിയെപ്പേടിച്ച് കാടിറങ്ങിയ കണ്ണന്‍.

റമ്പിക്കുളം സലിം അലി മെമ്മോറിയല്‍ മ്യൂസിയത്തിന്റെ മുന്‍പില്‍ വച്ചാണ്, ഞാന്‍ ആദ്യമായി
കണ്ണനെ കാണുന്നത്. വെറുതേ പറമ്പിക്കുളത്ത് രണ്ടു ദിവസം താമസിക്കാനാണ് ഞങ്ങള്‍ എത്തിയത്.
സുഭാഷ് ചേട്ടന്റെ ബാല്യകാല സുഹൃത്തും ഫോറസ്റ്റ് ഗാര്‍ഡുമായ ശ്രീ. വിശ്വംഭരന്‍ (വിച്ചു) അന്ന് പറമ്പിക്കുളത്തുണ്ടായിരുന്നു. വിശ്വംഭരനാണ് ഞങ്ങള്‍ക്ക് കണ്ണനെ പരിചയപ്പെടുത്തിത്തന്നതും.
അകലെ നിന്ന് ഞങ്ങളെ കണ്ടെങ്കിലും ഞങ്ങളെ അഭിമുഖീകരിക്കാന്‍ അയാള്‍ പാടുപെടുന്നതു പോലെ തോന്നി. അടുത്തെത്തിയപ്പോഴാണ് കണ്ണന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഒരു കണ്ണും , മൂക്കിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട ഒരു ഹതഭാഗ്യനായിരുന്നു കണ്ണന്‍. ഏറ്റവും വിലക്കുറഞ്ഞതും ഒട്ടും ഭംഗിയില്ലാത്തതുമായ കൃത്രിമാവയവങ്ങള്‍ മൂക്കിന്റെയും കണ്ണിന്റെയും സ്ഥാനത്തുണ്ട്. എങ്കിലുംഅല്പം ഭീതി പരത്തുന്ന ഒരു കാഴ്ച...ആ മുഖത്താകെ പരിഭ്രമം.
കണ്ണന്റെ കഥ ഞങ്ങളോട് പറഞ്ഞു തുടങ്ങിയത് വിച്ചുവായിരുന്നു. ആദിവാസിക്ക്
കാടും കാട്ടുമൃഗങ്ങളും മലദൈവങ്ങളെപ്പോലെ തന്നെയെന്ന് ഉറച്ചു വിശ്വസിച്ചിരുന്നയാളാണ് കണ്ണന്‍.
വിറകെടുക്കാനും കാട്ടുതേനെടുക്കാനും കിഴങ്ങും പഴങ്ങളുമൊക്കെ സമാഹാരിക്കാനും, വനം വകുപ്പുകാര്‍ നിര്‍ദ്ദേശിക്കുന്ന ഏതു പണിയെടുക്കാനും അയാള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ധൈര്യം കൂടെപ്പിറപ്പാണെന്നു വിശ്വസിച്ചിരുന്നു കണ്ണന്‍.
പതിനെട്ടാമത്തെ വയസ്സില്‍ ഒരു ഒറ്റയാന്റെ മുന്നില്‍ പെട്ട കണ്ണന് ചില്ലറ പരിക്കുകള്‍ പറ്റി, മനസ്സൊന്ന് പതറിയെങ്കിലും ആ സംഭവം അയാള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നത്രേ. വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഭാര്യയോടൊത്ത് വിറകൊടിക്കാന്‍ പോയ കണ്ണന്റെ മുന്‍പില്‍ ഒരു കരടി വന്നു പെട്ടു. അല്പമകലെയായിരുന്ന ഭാര്യയോട്, ‘നീ എന്നെ നോക്കണ്ട, ഓടി രക്ഷപ്പെട്ടോ.’ എന്നു പറഞ്ഞ്, കൈയിലിരുന്ന വിറകു മുട്ടികൊണ്ട് കരടിയുടെ മുഖത്തടിച്ച് കണ്ണന്‍ അന്ന് രക്ഷപ്പെട്ടു. പിന്നീട് കണ്ണനും മൂത്ത മകനും ഒരു വരയന്‍ കടുവയില്‍ നിന്നും ചെറിയ പരിക്കുകള്‍ ഏറ്റു വാങ്ങി.
എന്നാല്‍ കണ്ണന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നത് 1998 ആഗസ്റ്റ് 14-നാണ്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങുന്ന ബഹളത്തിനിടയില്‍ ഈ വനരോദനം അധികമാരും ശ്രദ്ധിച്ചു കാണില്ല.
പതിവു പോലെ വനത്തില്‍ (വനം വകുപ്പ് ഏല്പിച്ച) പണിക്കു പോയി മടങ്ങുകയായിരുന്നു , കണ്ണനും സഹപ്രവര്‍ത്തകരും. എവിടെനിന്നോ ഒരു കരടി മുന്നില്‍ ചാടി. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം കണ്ണന്‍ പകച്ചുനിന്നു. കയ്യിലിരുന്ന കത്തിയുടെ കാര്യം പോലും മറന്നു. പെട്ടെന്ന് കരടി കണ്ണന്റെ മുഖത്തു കടിച്ചു. ഇതിനിടെ അയാളുടെ ഒരു കൈ കരടിയുടെ വായിലായി. ഏതാനും നിമിഷങ്ങള്‍ കരടിയും കണ്ണനും ജീവിതത്തിനും മരണത്തിനുമിടയില്‍..... കരടിയുടെ നാവു പിടിച്ചു വലിച്ചതും മറുകൈയിലെ കത്തികൊണ്ട് അതിന്റെ മുഖത്ത് ആഞ്ഞു വെട്ടിയതും കണ്ണന് ഓര്‍മ്മയുണ്ട്.
പിന്നിലായിരുന്ന കൂട്ടുകാര്‍ ഓടി വന്നപ്പോള്‍ മുഖത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട് ബോധരഹിതനായിക്കിടക്കുന്ന കണ്ണനെയാണ് കണ്ടത്.
കണ്ണൻ ഒന്നര മാസത്തെ ആശുപത്രി ജീവിതം കഴിഞ്ഞെത്തിയത് ഒരു കണ്ണും മൂക്കിന്റെ ഒരു പകുതിയും നഷ്ടപ്പെട്ട വിധത്തിലാണ്. എന്നും അസുഖങ്ങള്‍... വീണ്ടും കണ്ണനൊരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു.
കണ്ണന്റെ കഥ കേട്ട് ഞങ്ങള്‍ മരവിച്ചിരുന്നു പോയി. കണ്ണനെ കണ്ട് അല്പം ഭയത്തോടെ എന്റെ മടിയിലിരുന്ന എന്റെ മകന്‍ കണ്ണന്‍ (അന്ന് അഞ്ച് വയസ്സ്) ഈ കഥ മുഴുവനും കേട്ടിരുന്നത് ഞാനോര്‍ക്കുന്നു. ഞങ്ങളെ കണ്ണന്‍ അയാളുടെ വീട്ടില്‍ കൊണ്ടുപോയി. ആദിവാസികള്‍ക്കായി അധികം അകലെയല്ലാതെ പണിതിരുന്ന കോളനിയില്‍ ഭാര്യ ജമീലയും ഇളയ പെണ്‍കുഞ്ഞും ഉണ്ടായിരുന്നു.
മൂത്ത മകന്‍ അന്ന് പത്താം ക്ലാസ് കഴിഞ്ഞിരുന്നു.ആ കുട്ടി കാട്ടിലെ പണിക്കു പോയിത്തുടങ്ങിയിരുന്നു. ഇടയ്ക്കുള്ള രണ്ട് പെണ്മക്കള്‍ പാലക്കാട്ടെ ആദിവാസി ഹോസ്റ്റലില്‍ നിന്നാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. പണ്ട് വീരശൂര പരാക്രമിയായിരുന്ന കണ്ണന് ഒരാള്‍ കൂട്ടില്ലാതെ പുറത്തിറങ്ങാന്‍ പോലും ഭയം. ഞങ്ങള്‍ അവിടെ നിന്ന രണ്ടു ദിവസവും കണ്ണന്‍ ഞങ്ങളുടെ കൂടെ ഒത്തിരി സമയം ചെലവഴിച്ചു.
‘സാറന്മാര്‍ പറമ്പിക്കുളത്ത് വരുമ്പോള്‍ മൃഗങ്ങളെ കണ്ടില്ലെങ്കില്‍ നിരാശ. ഒന്നിനെപ്പോലും കാണാനിടയാകരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.’ കണ്ണന്‍ പറഞ്ഞു.
തനിയ്ക്കറിയാവുന്ന കാട്ടറിവുകള്‍ കണ്ണന്‍ ഞങ്ങള്‍ക്ക് പങ്കിട്ടപ്പോള്‍ അസുഖമെല്ലാം മറന്ന് ആ മുഖം പ്രസന്നമാകുന്നത് ഞാനിന്നും ഓര്‍ക്കുന്നു.കൊച്ചു കണ്ണന് ഭയമൊക്കെ മാറി കണ്ണനുമായി ചങ്ങാത്തമായി.
ഇടക്കെപ്പോഴോ കണ്ണന്‍ നഷ്ട സ്വപ്നങ്ങളെക്കുറിച്ച് വാചാലനായി. “ജീവിച്ച് മതിയായി. കണ്ണും മൂക്കുമൊക്കെപ്പോയവനെ ആര്‍ക്കു വേണം? ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാവര്‍ക്കും ഭാരം.പണിയൊന്നും ചെയ്യാനാവുന്നില്ല. മടുത്തു. മലദൈവങ്ങളുടെ വിളിയും കാത്തിരിക്കുകയാണ് ഞാന്‍.”
ഒരു വൃദ്ധന്റെ ഭാവത്തോടെ കണ്ണനിത് പറയുമ്പോള്‍ ഞങ്ങളെല്ലാവരും അയാളെ ആശ്വസിപ്പിക്കാനാവാതെ വിഷമിച്ചു.
ആ യാത്രയില്‍ സുഖ ദു:ഖ സമ്മിശ്രമായ ഒരുപാട്  അനുഭവങ്ങളുമായി മകനോടൊപ്പം തിരിച്ചു പോരുമ്പോള്‍ ഒരു നൊമ്പരമായി കണ്ണനും ഞങ്ങളുടെ മനസ്സില്‍ കുടിയേറിയിരുന്നു.
മൂന്ന് വര്‍ഷത്തിനുശേഷം ഒരു പറമ്പിക്കുളം യാത്ര കൂടി ഞങ്ങള്‍ക്ക് തരപ്പെട്ടു. കുടുംബാംഗങ്ങളെക്കൂടാതെ പത്തു പതിനഞ്ചുപേരും കൂടിയുള്ള ഒരു വലിയ സംഘമായിരുന്നു അന്ന്. 
          ഞങ്ങള്‍ കണ്ണന്റെ കാര്യം എല്ലാവരോടും പറഞ്ഞു . ഇക്കുറി, വിച്ചു, പറമ്പിക്കുളത്തില്ലായിരുന്നു. എങ്കിലും കണ്ണന്‍ ഞങ്ങളുടെ അറിയിപ്പനുസരിച്ച് സലിം അലി മെമ്മോറിയല്‍ മ്യൂസിയത്തിനടുത്ത് വന്നു. സഹ യാത്രികര്‍ കാണാത്ത കാഴ്ചകള്‍ക്കു വേണ്ടി ഞങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണനോടുള്ള അവസാനത്തെ യാത്രചോദിക്കലാവുമെന്ന് ഞാന്‍ കരുതിയില്ല. വര്‍ഷങ്ങള്‍ ഒന്നു രണ്ടെണ്ണം കൂടി കടന്നു പോയപ്പോള്‍ വിച്ചു പറഞ്ഞാണ് അറിഞ്ഞത്, കണ്ണന്‍ യാത്രയായെന്ന്.
മുഖസൌന്ദര്യത്തിനും അംഗലാവണ്യത്തിനും പണക്കൊഴുപ്പിനുമൊന്നും ഒരു പ്രസക്തിയുമില്ലാത്ത ലോകത്തേയ്ക്ക് കണ്ണന്‍ കാടിറങ്ങിയ വിവരം പിന്നീടാണ് വിച്ചുവും അറിഞ്ഞത്. പ്രാര്‍ത്ഥന പോലെ കണ്ണനെ മരണം വിളിച്ചിറക്കിക്കൊണ്ടു പോയി. ഒരു പക്ഷേ, ചിലർക്കെങ്കിലും  ആശ്വാസം പകര്‍ന്ന ദേഹ വിയോഗം...

17 comments:

Lathika subhash said...

മുഖസൌന്ദര്യത്തിനും അംഗലാവണ്യത്തിനും പണക്കൊഴുപ്പിനുമൊന്നും ഒരു പ്രസക്തിയുമില്ലാത്ത ലോകത്തേയ്ക്ക് കണ്ണന്‍ കാടിറങ്ങിയ വിവരം പിന്നീടാണ് ആരോ പറഞ്ഞ് വിച്ചുവും വിച്ചു പറഞ്ഞ് ഞങ്ങളും അറിഞ്ഞത്.

ഒരു പറമ്പിക്കുളം യാത്രയ്ക്കിടെ പരിചയപ്പെട്ട കണ്ണനെക്കുറിച്ക്.

Unknown said...

കണ്ണൻ മനസ്സിൽ ഒരു വിങ്ങലായി നിറയുന്നു.
ആധുനിക മനുഷ്യന്റെ പരക്കം പാച്ചലിൽ ഇങ്ങനെ കാണാതെ പോകുന്ന എത്ര എത്ര കാഴ്ച്ചകൾ ചേച്ചി

നിരക്ഷരൻ said...

പത്രത്തില്‍ കണ്ണനെപ്പറ്റി ചേച്ചി എഴുതിയിരുന്നത് ഒരിക്കല്‍ കാണിച്ചുതന്നത് ഓര്‍മ്മ വന്നു.

ശ്രീഅളോക് said...

............
............
............
............

ഭൂമിപുത്രി said...

വളരെ വ്യത്യസ്ഥമായൊരനുഭവം പങ്കുവെച്ചതിൻ നന്ദിയുണ്ട് ലതി.

Jayasree Lakshmy Kumar said...

മുൻപ് ഈ ന്യൂസ് വായിച്ച പോലൊരു ഓർമ്മ. കഷ്ടം എന്നല്ലാതെന്തു പറയാൻ.

മുസാഫിര്‍ said...

പാവം കണ്ണന്‍,കാട്ടിലും നാട്ടിലും ജീവിക്കാനായില്ല.

ചാക്കോച്ചി said...

മറക്കാനാവാത്തവര്‍ കുറെ നാളുകള്‍ ആയിട്ടു കൃത്യമായി വായിക്കുന്നുണ്ടായിരുന്നു.
ലളിതമായ വാക്കുകളിലുടെ വിശിഷ്ട്യമായ വ്യക്തിതങ്ങളെ വായനക്കാരന്റെ ഹൃദയഭിത്തികളില്‍ ഒരിക്കലും മാഞ്ഞു പോകാതെ വരച്ചു ചേര്‍ക്കുവാന്‍ ചേച്ചിക്ക് സാധിക്കുന്നുണ്ട് ...
അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.

murmur........,,,,, said...

nice.........

ശ്രീ said...

കണ്ണനെക്കുറിച്ചുള്ള ഈ പോസ്റ്റ് മനസ്സില്‍ കൊണ്ടു, ലതി ചേച്ചീ... ജീവിയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഇവരെപ്പോലെയുള്ള പാവങ്ങളെ ആരറിയുന്നു?

1998 ആഗസ്റ്റ്-സെപ്തംബര്‍ സമയത്ത് ഞാനും (എന്റെ ജീവിതത്തിലെ ആദ്യ ദൂരയാത്ര) പറമ്പിക്കുളം സന്ദര്‍ശിച്ചിരുന്നു.

പെണ്‍കൊടി said...

വായിച്ചു..

- പെണ്‍കൊടി...

പെണ്‍കൊടി said...

പാവം കണ്ണന്‍..

മാണിക്യം said...

കണ്ണനെ മുന്നില്‍ കണ്ടതു പോലെ തോന്നി,
അത്രയ്ക്ക് സൂക്ഷ്മമായി ലതി വിവരിച്ചു,
നിര്‍മലമായ ഹൃദയത്തിനുടയവരാണ് മിക്ക ആദിവസികളും.വലിയ വലിയ ആഗ്രഹങ്ങളില്ലാത്ത പച്ചമനുഷ്യര്‍!

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്
‘ദൈവത്തിന്റെ സ്വന്തം കാട്ടില്‍’കണ്ണന്‍
ആഘോഷമായിആടി പാടി കഴിയുന്നുണ്ടാവും..
ലതി നന്ദി കണ്ണനെ പരിചയപ്പെടുത്തിയതിന്.

ജെ പി വെട്ടിയാട്ടില്‍ said...

congratulations for better writing
wish u a merry xmas
N
happy new year 2009

Sureshkumar Punjhayil said...

Nannayirikkunnu. Bhavukangal.

Sapna Anu B.George said...

പുതുവത്സരാശംസകള്‍...

siva // ശിവ said...

വായിച്ചു തുടങ്ങിയപ്പോള്‍ അയാളെ കാണണമെന്നു തോന്നി.... എന്നാല്‍ അവസാനം ആയപ്പോഴേയ്ക്കും....ഇതൊക്കെ വിഷമകരം....